ആരാണ് ദൈവത്തിന്റെ പരിശുദ്ധര്‍?

ഇമ്മാനുഏലിനാല്‍ അമര്‍ത്യരാക്കപ്പെട്ട്, നിത്യജീവന്‍ അവകാശമായി ലഭിക്കുന്നവരാണ് ദൈവത്തിന്‍റെ പരിശുദ്ധര്‍. നിത്യം ജീവിച്ചിരിക്കുന്നവരാണ് ദൈവത്തിന്‍റെ പരിശുദ്ധര്‍. മരണമുള്ളവര്‍ പരിശുദ്ധരല്ല.

ആരാണ് ദൈവത്തിന്റെ പരിശുദ്ധര്‍?

        വിശുദ്ധര്‍ എന്ന് സഭകള്‍ വാഴ്ത്തുന്നത് ആരെയാണ്? ദൈവസന്നിധിയില്‍ വിശുദ്ധരായി ജീവിച്ചു മരിച്ചവരാണ്, അതായത്, മരണശേഷം ചെന്നുപ്രവേശിക്കുന്ന ഒരു ദൈവരാജ്യത്തിന് യോഗ്യരാണ് എന്നു സഭ കരുതുന്ന ചിലരെയാണ് വിശുദ്ധരായി സഭ വാഴ്ത്തുന്നത്. എന്നാല്‍, വിശുദ്ധര്‍ എന്ന് സഭകള്‍ വാഴ്ത്തുന്നവരാരും ഇതുവരെ ദൈവം വാഗ്ദാനം ചെയ്ത നിത്യജീവന്‍ പ്രാപിച്ചിട്ടില്ല. (സ്വര്‍ഗ്ഗീയമായ ശരീര രക്തങ്ങളോടെ, ദൈവകൃപ (ദൈവികത) നിറഞ്ഞവരായി, ദൈവത്തെപ്പോലെ അനശ്വരരും അമര്‍ത്യരുമായി, ദൈവത്തോടൊത്തു വസിക്കുന്നതാണ് നിത്യജീവന്‍.) ഇതിന് ശരീരം വേണം, പുനരുത്ഥാനവും രൂപാന്തരീകരണവും നടക്കണം. ഇതു യുഗാന്ത്യത്തിലാണ് സംഭവിക്കുക. എന്നാല്‍, 2000 വര്‍ഷം മുമ്പ് ദൈവപുത്രന്‍ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് ദൈവമക്കളുടെ പാപപരിഹാരത്തിനായി മരിക്കാനായിരുന്നു. ദൈവമക്കളുടെ നിത്യജീവനുമായല്ല യേശുക്രിസ്തു 2000 വര്‍ഷം മുമ്പ് ഭുമിയില്‍ വന്നത്. അപ്പോള്‍, യേശുക്രിസ്തു ശരീരം ധരിച്ച് വീണ്ടും വരുമ്പോഴാണ് (1 യോഹ. 4/2) അവന്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു  നിത്യജീവന്‍ നല്‍കുക (1 യോഹ. 5/11-12). ഇതുവരെ മരിച്ചവര്‍ക്കാര്‍ക്കും, അവര്‍ എത്ര വിശുദ്ധരായി ജീവിച്ചവരായാലും നിത്യജീവന്‍ ലഭിച്ചിട്ടില്ല (ഹെബ്രാ. 11/39-40). ഒരു ഗണം രക്ഷയുടെ അവകാശികളാകാനിരിക്കുന്നതായിട്ടാണ് ദൈവവചനം പ്രഖ്യാപിക്കുന്നത് (ഹെബ്രാ. 2/14, 1 പത്രോ. 1/5, ഫിലി. 3/20-21, എഫേ. 1/14). നിത്യജീവന്‍ ലഭിച്ചവരെ യേശുക്രിസ്തു പുതിയ ഭൂമിയില്‍ അവന്‍ തീര്‍ത്ത വാസസ്ഥലങ്ങളിലേയ്ക്കു കൂട്ടിക്കൊണ്ടുപോകണം. ഇതിനായി യേശുക്രിസ്തു ശരീരം ധരിച്ച് വന്നത് ഇപ്പോള്‍ മാത്രമാണ് (1 യോഹ. 4/2). അതിനാല്‍ ഇതുവരെ മരിച്ച വിശ്വാസികളാരും, അവര്‍ എത്രവിശുദ്ധമായ ജീവിതം നയിച്ചവരായിരുന്നെങ്കിലും, ദൈവദര്‍ശനം നല്‍കുന്ന സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിട്ടില്ല.

        വാഗ്ദാനം ചെയ്യപ്പെട്ട നിത്യജീവനും (1 യോഹ. 2/25) ദൈവം വാഗ്ദാനം ചെയ്ത പുതിയ ഭൂമിയിലെ (2 പത്രോ. 3/13) ദൈവപിതാവ് നിര്‍മ്മിച്ച നഗരിയും (ഹെബ്രാ. 11/10) ആരും ഇതുവരെ പ്രാപിച്ചിട്ടില്ല. വിശ്വാസത്തിലൂടെ നീതീകരിക്കപ്പെട്ട പ്രവാചകരും നീതിമാന്‍മാരുമൊക്കെ അംഗീകാരം പ്രാപിക്കുക മാത്രമേ ചെയ്തുള്ളൂ (ഹെബ്രാ. 11/13, 11/39-40). അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരുന്ന രക്ഷ പ്രാപിക്കേണ്ടവരാണ് ദൈവത്തിന്‍റെ വാഗ്ദാനം ആദ്യം പ്രാപിക്കേണ്ടത് (ഹെബ്രാ. 11/40). ഇവരാണ് ദൈവത്തിന്‍റെ ആദ്യജാതര്‍.

        ദൈവപിതാവിന്‍റെ ആദ്യജാതരാണ് ദൈവത്തിന്‍റെ പരിശുദ്ധര്‍ എന്നു വിളിക്കപ്പെടുന്നതെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ 2/23). ആദ്യജാതരുടെ സമൂഹത്തെക്കുറിച്ചു ദൈവവചനം പരാമര്‍ശിക്കുന്നു (ഹെബ്രാ. 12/22-24). ഇത് മനുഷ്യരുടെ ആദ്യജാതരല്ല, മറിച്ച് ദൈവപിതാവിന്‍റെ ആദ്യജാതരാണ്. ദൈവപിതാവിനെപ്പോലെ പരിപൂര്‍ണ്ണരാക്കപ്പെട്ടവരായി (മത്താ. 5/48) രണ്ടുപേര്‍ മാത്രമേ പിതാവില്‍നിന്നു ജനിച്ചിട്ടുള്ളൂ - പരിശുദ്ധ അമ്മയും, യേശുക്രിസ്തുവും (കൊളോ. 1/15-19, ഹെബ്രാ. 5/8-10). ഈ പരിപൂര്‍ണ്ണത ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉണ്ടാകണം. ദൈവപുത്രന്‍ യേശുക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കുമുമ്പു നേടിത്തന്ന പാപമോചനത്തിന്‍റെ രക്ഷ സ്വീകരിച്ചുകൊണ്ടുതന്നെ, അവന്‍ നല്‍കുന്ന ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന രക്ഷ പ്രത്യാശിച്ചുകൊണ്ട്, ശരീരംധരിച്ചു വീണ്ടും വരുന്ന ദൈവപുത്രനെ രക്ഷകനായി കാത്തിരിക്കുകയും, ഇമ്മാനുഏല്‍ എന്ന അവന്‍റെ നാമത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഇവര്‍.  ദൈവപിതാവിനെ എന്‍റെ പിതാവേ എന്ന് ഹൃദയത്തില്‍നിന്നു വിളിക്കുകയും ഇമ്മാനുഏലിനോടും പരിശുദ്ധ അമ്മയോടുംകൂടെ തങ്ങളെ താമസിപ്പിക്കാമെന്ന് ദൈവം വാഗ്ദാനം നല്‍കിയിരിക്കുകയും ചെയ്യുന്ന ഗണമാണ് ദൈവത്തിന്‍റെ ആദ്യജാതര്‍. തങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് തങ്ങളെ സന്ദര്‍ശിക്കുമെന്നും അപ്പോള്‍ തങ്ങള്‍ അവിടുത്തെപ്പോലെയാകുമെന്നും അവിടുത്തെ കാണുമെന്നും പ്രത്യാശിച്ച് അവിടുത്തെ കാത്തിരിക്കുന്നവരാണ് ഈ ആദ്യജാതര്‍ (1 യോഹ. 3/1-3).


ശിരസ്സായ യേശുക്രിസ്തുവിലൂടെ (ഇമ്മാനുഏലിലൂടെ) എല്ലാ തിന്‍മകളില്‍നിന്നും മോചിപ്പിക്കപ്പെട്ട് പരിപൂര്‍ണ്ണത പ്രാപിക്കുന്നവരാണ് ആദ്യജാതര്‍ (കൊളോ. 2/10). യഥാര്‍ത്ഥ വെളിച്ചമായ ദൈവവചനത്താല്‍ നിറഞ്ഞ് പ്രശോഭിക്കുന്നവരും (എഫേ. 5/13), പ്രകാശമായിത്തീര്‍ന്നവരുമാണ് ആദ്യജാതര്‍ (മത്താ. 5/14-16). ദൈവപുത്രന്‍ ഇമ്മാനുഏല്‍ സഹോദരങ്ങളെന്നു വിളിക്കുകയും യുഗയുഗാന്തരങ്ങളായി മറഞ്ഞിരുന്ന ദൈവപിതാവിന്‍റെ നാമം വെളിപ്പെടുത്തിക്കൊടുക്കുന്നവരുമാണ് ദൈവത്തിന്‍റെ ആദ്യജാതര്‍ (ഹെബ്രാ. 2/11-12). സാത്താനെയും പിശാചുക്കളെയും തകര്‍ക്കുമെന്ന ദൈവത്തിന്‍റെ വെല്ലുവിളി പൂര്‍ത്തീകരിക്കുന്നവരാണ് ആദ്യജാതര്‍ (ഉല്‍പ. 3/14-15). അതിനാല്‍, സീയോന്‍ മലയിലേക്കും സ്വര്‍ഗ്ഗീയ ജറുസലെമിലേക്കും ജീവന്‍റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്നവരുടെ സമൂഹത്തിലേക്കും വിളിക്കപ്പെട്ട ആദ്യജാതരാണ് പരിശുദ്ധര്‍. അങ്ങനെ ദൈവവചനം നിറഞ്ഞ്, സമ്പൂര്‍ണ്ണ ജ്ഞാനംകൊണ്ട് (പരിശുദ്ധ അമ്മയാല്‍) സ്രഷ്ടാവിന്‍റെ പ്രതിച്ഛായക്കനുസൃതമായി നവീകരിക്കപ്പെടുന്ന മനുഷ്യരായി (കൊളോ. 3/10, ജ്ഞാനം 7/27), പിതാവിനെപ്പോലെ പരിശുദ്ധരായി, ഇമ്മാനുഏലിന്‍റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുന്ന ഗണമാണ് (2 കോറി. 3/17-18, 1 കോറി. 15/52, ഫിലി. 3/20-21) ദൈവത്തിന്‍റെ പരിശുദ്ധര്‍. ഈ പരിശുദ്ധര്‍ക്കാണ് ദൈവപിതാവ് രാജ്യം നല്‍കുമെന്ന് ശപഥം ചെയ്തു പറഞ്ഞിരിക്കുന്നത് (ലൂക്കാ 12/32, ഹെബ്രാ. 6/16-19, ദാനി. 7/27). ഇമ്മാനുഏലിനാല്‍ അമര്‍ത്യരാക്കപ്പെട്ട്, നിത്യജീവന്‍ അവകാശമായി ലഭിക്കുന്നവരാണ് ദൈവത്തിന്‍റെ പരിശുദ്ധര്‍. നിത്യം ജീവിച്ചിരിക്കുന്നവരാണ് ദൈവത്തിന്‍റെ പരിശുദ്ധര്‍. മരണമുള്ളവര്‍ പരിശുദ്ധരല്ല.





Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us