എന്താണ് കാലത്തിന്റെ അടയാളങ്ങള്‍

കാലത്തിന്‍റെ അടയാളങ്ങള്‍ എന്നാല്‍, കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ്. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ ദൈവവചനം പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നൽകുന്ന കാലത്തിന്‍റെ അടയാളങ്ങളാണ്.

എന്താണ് കാലത്തിന്റെ അടയാളങ്ങള്‍

കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ് കാലത്തിന്‍റെ അടയാളങ്ങള്‍. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ പരിശുദ്ധ ബൈബിളില്‍ പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നൽകുന്ന കാലത്തിന്‍റെ അടയാളങ്ങളാണ്. കാലത്തിന്‍റെ അടയാളങ്ങള്‍ വിവിധ മേഖലകളില്‍ സംഭവിക്കുന്നു.


മനുഷ്യോല്‍പ്പത്തിമുതല്‍ AD 1950 വരെയുണ്ടായ ശാസ്ത്രസാങ്കേതിക വളര്‍ച്ചയുടെ അനേകായിരം മടങ്ങാണ് 1950നു ശേഷമുള്ള 70 വര്‍ഷത്തെ പുരോഗതി. ഏതൊരു വസ്തുവിന്‍റെയും വേഗത ക്രമാതീതമായി വര്‍ദ്ധിച്ച് ഒരു നിശ്ചിതപരിധി കഴിഞ്ഞാല്‍, അത് തകരുമെന്ന് ശാസ്ത്രംതന്നെ തെളിവു തരുന്നു. ഭൂമിയെ അനേകം തവണ ചുട്ടെരിക്കാന്‍ കഴിയുന്ന ആണവായുധങ്ങളുടെ കിടക്കയിലാണ് മനുഷ്യരാശി ഇന്ന് കിടന്നുറങ്ങുന്നത്. ഈ ഭൂമി മുഴുവന്‍ തരിപ്പണമാകാന്‍, ആത്മനിയന്ത്രണം ഇല്ലാത്ത ഒരു രാഷ്ട്രനേതാവിന്‍റെ ഒരു നിമിഷത്തെ തലതിരിഞ്ഞ ചിന്ത മതി. ഓസോണ്‍പാളികളുടെ തകര്‍ച്ച, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, ഭൂഗര്‍ഭജലശോഷണം, ഹിമപാതം തുടങ്ങിയവമൂലം ശാസ്ത്രലോകംതന്നെ ഭൂമിക്ക് ചരമക്കുറിപ്പ് എഴുതിക്കഴിഞ്ഞിരിക്കുന്നു.


മനുഷ്യന്‍ ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നിരവധി പ്രതിഭാസങ്ങള്‍ അവനുചുറ്റും ഉയര്‍ത്തികൊണ്ട് യുഗാന്ത്യം ആസന്നമാണെന്ന് ദൈവപിതാവു മുന്നറിയിപ്പുകൊടുക്കുന്നു. ചുഴലിക്കൊടുങ്കാറ്റും, ഹിമപാതവും, അതിവൃഷ്ടിയും, സോളാര്‍ സുനാമിയും (CME),  കല്ലുമഴയും, അഗ്നിമഴയും, വരള്‍ച്ചയും, അഗ്നിപര്‍വ്വതസ്ഫോടനങ്ങളും, ഭൂമികുലുക്കവും, സുനാമികളും മനുഷ്യരാശിക്കുള്ള ദൈവപിതാവിന്‍റെ മുന്നറിയിപ്പുകളാണ്. തിരിച്ചുവരാനുള്ള ആഹ്വാനമാണ്. ക്രോധത്തിന്‍റെ ദിനത്തിനുമുമ്പ് ഒരുമിച്ചുകൂടാന്‍ അവിടുന്ന് ആജ്ഞാപിക്കുന്നു (സെഫാ. 2/1-3).


ഹോറെബുമലയില്‍ ദൈവപിതാവ് രക്ഷകനെ വാഗ്ദാനം ചെയ്തെങ്കിലും, 1500 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൈവപുത്രന്‍ യേശുക്രിസ്തുവിനെ അവിടുന്നയച്ചത്. ദൈവം നീതിമാനാകയാല്‍ രക്ഷകന്‍റെ വരവിന്‍റെ അടയാളങ്ങള്‍ നൽകിയിരുന്നു. അടയാളങ്ങള്‍ തിരിച്ചറിഞ്ഞവര്‍ ദൈവപുത്രനെ സ്വീകരിച്ചു; തിരിച്ചറിയാത്തവര്‍ തിരസ്കരിച്ചു. ദൈവപുത്രന്‍റെ ദ്വിതീയാഗമനവും യുഗാന്ത്യവും അടയാളങ്ങളിലൂടെ തിരിച്ചറിയാനാണ് ദൈവം ആവശ്യപ്പെടുന്നത് (മത്താ. 24/32-35). ഇവ രണ്ടും രണ്ടുവ്യത്യസ്ത സംഭവങ്ങളാണ്. ലോകവും സഭകളും ഇവ രണ്ടും ഒരു സംഭവമായിക്കാണുന്നതിനാല്‍, അവര്‍ക്ക് ദൈവം നൽകുന്ന അടയാളങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല.


രക്ഷകന്‍റെ ദ്വിതീയാഗമനത്തിന്‍റെ അടയാളങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. യൂഗാന്ത്യത്തിന്‍റെ അടയാളങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അവസാനകാലത്ത് ഇവ ജ്ഞാനികള്‍മാത്രമേ ഗ്രഹിക്കൂ എന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട് (ദാനി. 12/8-10). അടയാളങ്ങളായി ദൈവം കാണിക്കുന്ന കാര്യങ്ങള്‍ സ്വാഭവികപ്രതിഭാസങ്ങളോ, യാദൃശ്ചികസംഭവങ്ങളോ ആയിമാത്രമേ ജ്ഞാനമില്ലാത്തവര്‍ കാണുകയുള്ളൂ. ഭൗതികമായ അറിവിനാല്‍ ഈ അടയാളങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ല. ദൈവം അവിടുന്നു സ്നേഹിക്കുന്നവര്‍ക്കാണ് ജ്ഞാനം നല്കുന്നത്.


സത്യവചനം സഭകളിലും ലോകത്തും അന്യംനിന്നുപോയതുകൊണ്ട് സത്യത്തെ തിരിച്ചറിയാന്‍ ഇന്ന് ആര്‍ക്കും കഴിയുന്നില്ല. നന്മയെ തിന്മയെന്നും പ്രകാശത്തെ അന്ധകാരമെന്നും മധുരത്തെ കയ്പെന്നും ഗണിക്കുന്നവരാല്‍ (ഏശ. 5/20) ലോകം നിറയപ്പെട്ടുകഴിഞ്ഞത് യുഗാന്ത്യത്തിന്‍റെ അടയാളമാണ്. ഈ അടയാളങ്ങള്‍ ഗ്രഹിക്കാനാവാത്തവര്‍, തങ്ങളുടെ ദുരവസ്ഥ മറയ്ക്കാന്‍ പറഞ്ഞുതടിതപ്പുന്ന ഒരു കാര്യമുണ്ട്. കര്‍ത്താവിന്‍റെ ദിനം കള്ളനെപ്പോലെവരുമെന്നും, ആ ദിവസമോ മണിക്കുറോ ദൈവപുത്രനുപോലും അറിയില്ലെന്നുമുള്ള ദൈവവചനങ്ങള്‍ സൗകര്യപൂര്‍വ്വം ഉദ്ധരിച്ച്, യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനവും യുഗാന്ത്യവും സംഭവിക്കുന്ന കാലം അറിയാന്‍ കഴിയില്ലെന്ന് അവര്‍ പഠിപ്പിക്കുന്നു.


എന്നാല്‍, പാപത്തിന്‍റെയും തിന്‍മയുടെയും അന്ധകാരത്തിലായിരിക്കുന്നവര്‍ക്കുമാത്രമാണ് മനുഷ്യപുത്രന്‍ കള്ളനെപ്പോലെ വരുന്നതെന്ന് വചനം വ്യക്തമായി പഠിപ്പിക്കുന്നു (1 തെസ. 5/2-6, വെളി. 3/3). പ്രകാശത്തിന്‍റെയും പകലിന്‍റെയും പുത്രന്‍മാര്‍ക്ക് യുഗാന്ത്യവും അപ്രതീക്ഷിതമായല്ല സംഭവിക്കുക. കാരണം, മനുഷ്യമക്കളെ എങ്ങനെയും നശിപ്പിക്കണം എന്നാഗ്രഹിച്ച് കെണിയൊരിക്കുന്ന ദുഷ്ടനല്ല ദൈവപിതാവ്. മറിച്ച്, മക്കള്‍ രക്ഷപ്രാപിക്കണമെന്ന് ആഗ്രഹിക്കുകയും, അതിനായി ഹൃദയംതുടിച്ച് കാത്തിരിക്കുകയും ചെയ്യുന്ന സ്നേഹപിതാവാണ് അവിടുന്ന്.


അങ്ങനെയെങ്കില്‍, ജ്ഞാനമുള്ളവര്‍ ഈ അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചുതരുമ്പോള്‍ അവ അംഗീകരിക്കുകയും അതിനനുസരിച്ച് ജീവതം വഴിതിരിച്ചുവിടുകയുമാണ് നാം ചെയ്യേണ്ടത്. അതോടൊപ്പംതന്നെ, സംഭവിച്ചുകൊണ്ടിരിക്കുന്ന അടയാളങ്ങള്‍ തിരിച്ചറിയാന്‍വേണ്ട വചനവും ജ്ഞാനവും നാം സ്വന്തമാക്കുകയും വേണം.


യുഗാന്ത്യത്തിന്‍റെ അടയാളങ്ങളായി പറയപ്പെടുന്ന ചിലകാര്യങ്ങള്‍ മുമ്പും സംഭവിച്ചട്ടില്ലേ എന്നസംശയം ഒരുപക്ഷേ ഉയരാം. ഇവിടെ ചില വസ്തുതകള്‍ നാം മനസ്സിലാക്കണം. ഒന്നാമതായി, ഈ പ്രാപഞ്ചിക സംഭവങ്ങള്‍ നമ്മെ (അവസാനകാലത്തു ജീവിച്ചിരിക്കുന്നവരും, ഇവ കാണണമെന്നു ദൈവം ആഗ്രഹിക്കുന്നവരും) കാണിച്ചുതരുമെന്നാണ് ദൈവവചനം പറയുന്നത്. ഈ സംഭവങ്ങള്‍ (പ്രകൃതി ദുരന്തങ്ങള്‍) ആരിലൊക്കെയാണോ നടന്നത് അവര്‍ക്ക് ഇവ അടയാളങ്ങളല്ലല്ലോ. ഇവ കാണുന്ന മറ്റുള്ളവര്‍ക്കാണ് ഇവ അടയാളങ്ങളായി മാറുന്നത്, മാറേണ്ടത്. ലോകത്തു വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ നാം കാണുന്നത് ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ ആധുനിക വാര്‍ത്താമാദ്ധ്യമങ്ങളിലൂടെയാണ്. ഈ മാദ്ധ്യമങ്ങള്‍ വികാസംപ്രാപിച്ചത് ഈ കാലഘട്ടത്തിലാണ്. ഇവയിലൂടെയാണ് ഇത്തരം സംഭവങ്ങള്‍ അടയാളങ്ങളായി ദൈവം നമ്മെ കാണിക്കുന്നത്.

രണ്ടാമതായി, ഈ സംഭവങ്ങളുടെ തീവ്രതയും എണ്ണവും മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഉദാഹരണത്തിന്, ദിവസവും നിരവധി ഭൂകമ്പങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ഒരേസ്ഥലത്ത് 700 ഭൂകമ്പങ്ങള്‍വരെ ഉണ്ടായതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട് (നവംബര്‍ 25, 2011,  എല്‍ സാല്‍വദോര്‍).


മൂന്നാമത്തെ പ്രധാനവസ്തുത, ഈ സംഭവങ്ങളെല്ലാം ഒരുമിച്ചു വരണമെന്നതാണ്. സഭകളിലും, പ്രകൃതിയിലും, ലോകത്തിലുമൊക്കെ സംഭവിക്കുമെന്ന് ദൈവവചനം പ്രഖ്യാപിച്ചരിക്കുന്ന അടയാളങ്ങള്‍ ഒരുമിച്ചു സംഭവിക്കുമ്പോഴാണ് അവ കാലത്തിന്‍റെ അടയാളങ്ങളാകുന്നത്. ഉദാഹരണത്തിന്, സഭയില്‍ ഔദ്യാഗികമായി വിശ്വാസത്യാഗം സംഭവിച്ചത് ഇപ്പോഴാണ്. മറ്റ് അടയാളങ്ങളോടൊപ്പം സഭയിലെ അടയാളങ്ങളും സംഭവിക്കുമ്പോഴാണ് ഇവയെല്ലാം കാലത്തിന്‍റെ അടയാളമാകുന്നത്.


അനേകമാളുകള്‍ യേശു വരുന്നു, ലോകം അവസാനിക്കാന്‍പോകുന്നു എന്നൊക്കെ പറഞ്ഞുനടക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ലോകം എപ്പോള്‍ വേണമെങ്കിലും അവസാനിക്കാമോ? ഈ ലോകം ഒന്നുമില്ലായ്മയില്‍നിന്നും സൃഷ്ടിച്ച ദൈവത്തിന്, അതു നശിപ്പിക്കാന്‍ ആരുടെയും അനുവാദം വേണ്ട, ആര്‍ക്കും കണക്കുകൊടുക്കുകയും വേണ്ട. എന്നാലും, തോന്നുമ്പോള്‍ തോന്നിയതുപോലെ, ദൈവം ഈ ഭൂമിയെ നശിപ്പിക്കുകയില്ല. കാരണം, അവിടുന്നു നീതിമാനാണ്, അവിടുത്തെ സ്നേഹിക്കുന്നവര്‍ക്ക് എല്ലാം നന്‍മയ്ക്കായി മാറ്റുന്നവനുമാണ്.


ദൈവത്തിന്‍റെ എല്ലാ പ്രവൃത്തികള്‍ക്കും നിശ്ചയിക്കപ്പെട്ട സമയമുണ്ട് (സഭാ. 3/1). അത് അവിടുത്തെ അനന്തജ്ഞാനത്താലും നീതിയാലും അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു. ഈ നിശ്ചയത്തിന് ദൈവപുത്രനും പരിശുദ്ധാത്മാവും, പരിശുദ്ധ അമ്മയും, സ്വര്‍ഗ്ഗംമുഴുവനും, സാത്താനും, പ്രഞ്ചവും, മനുഷ്യരുമെല്ലാം വിധേയപ്പെട്ടിരിക്കുന്നു. ദൈവാത്മാവിനെ ലഭിച്ചവര്‍ക്കും ജ്ഞാനമുള്ളവര്‍ക്കും ഈ സമയം ഗ്രഹിക്കാന്‍ സാധിക്കും (സഭാ. 8/5).


പരിശുദ്ധ ബൈബിളിലെ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴുകാര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് യുഗാന്ത്യം സംഭവിക്കുക.


1.    ഈ ഭൂമിയില്‍ ജനിക്കണമെന്ന് ദൈവം അനാദിയിലേ നിശ്ചയിച്ച എല്ലാമനുഷ്യരും ജനിച്ചുതീരണം (അപ്പ. 17/26-28, ഏശ. 26/18-19).

2.    ദൈവപുത്രന്‍ യേശുക്രിസ്തു ശരീരംധരിച്ച് വീണ്ടും ഈ ഭൂമിയില്‍ വരണം (യോഹ. 14/1-3).

3.    യേശുക്രിസ്തുവിനു വഴിയൊരുക്കാന്‍ പ്രവാചകര്‍ വീണ്ടും ഈ ഭൂമിയില്‍വരണം (ഏശ. 41/25-28, സഖ. 4/5, മത്താ. 23/34).

4.    അന്തിക്രിസ്തുവായിവരേണ്ട അരാജകത്വത്തിന്‍റെ മനുഷ്യന്‍ ജനിക്കണം (2 തെസ. 2/3-4).

5.    മരിച്ചവര്‍ പുനരുത്ഥാനംചെയ്യണം (ദാനി. 12/2).

6.    മൂന്നാം ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത ലോകമെങ്ങും പ്രസംഗിക്കപ്പെടണം. (ഒന്നും രണ്ടും ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെട്ടുകഴിഞ്ഞു) (മത്താ. 24/14).

7.    ദൈവപുത്രന്‍ യേശുക്രിസ്തു (ഇമ്മാനുഏല്‍) എല്ലാ ഭരണവും ശക്തിയും  അധികാരവും നിര്‍മ്മാര്‍ജ്ജനംചെയ്ത്, രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കണം (1 കോറി. 15/24).


തങ്ങള്‍ യേശുക്രിസ്തു വരുമെന്നു വിശ്വസിക്കുന്നവരാണെന്നും, തങ്ങള്‍ അംഗങ്ങളായിരിക്കുന്ന സഭയുടെ തലവന്‍മാര്‍ യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനം തങ്ങളെ അറിയിക്കുമെന്നും കരുതിയിരിക്കുന്ന നിരവധി ആളുകള്‍ സഭകളിലുണ്ട്. എന്നാല്‍, ദൈവവചനം എന്താണ് നമ്മെ പഠിപ്പിക്കുന്നത്? 2000 വര്‍ഷംമുമ്പ്, യേശുക്രിസ്തുവിന്‍റെ ഒന്നാം ആഗമനത്തില്‍, നിയമവും പ്രവചനങ്ങളുംമുഴുവന്‍ അരച്ചുകലക്കിക്കുടിച്ചുവെന്ന് അഭിമാനിച്ചിരുന്ന പുരോഹിതരുടെയും നിയമജ്ഞരുടെയും ഒരു വന്‍നിര ജറുസലമിലും യൂദായുടെ പരിസരപ്രദേശങ്ങളിലുമുണ്ടായിരുന്നു. അവരാരും രക്ഷകന്‍റെ വരവ് ജനത്തെ അറിയിച്ചില്ലെന്നുമാത്രമല്ല, അവര്‍ അതറിയുകപോലും ചെയ്തില്ല. മറ്റുള്ളവര്‍, അതായത്, പുരോഹിതര്‍ വിലമതിക്കാത്ത സാധാരണ ആട്ടിടയന്‍മാരും, വിജാതീയരെന്ന് അവര്‍ മുദ്രകുത്തിയിരുന്ന കിഴക്കുനിന്നുള്ള ജ്ഞാനികളും, രക്ഷകന്‍റെ ആഗമനം അറിയിച്ചെങ്കിലും ആ വാര്‍ത്ത സ്വീകരിക്കാന്‍ പുരോഹിതര്‍ക്കു മനസ്സില്ലായിരുന്നു. ഇത് നമുക്കൊരു പാഠമാകേണ്ടതിന് പരിശുദ്ധ ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്നു. അതായത്, രക്ഷകന്‍റെ രണ്ടാംവരവ് തിരിച്ചറിയാനും അതു സ്വീകരിക്കാനും സഭാപുരോഹിതര്‍ക്കു ഇന്നു കഴിയില്ല. അവര്‍ ജനത്തെ അതറിയിക്കുകയുമില്ല.


മാത്രമല്ല, തന്‍റെ ദ്വിതീയാഗമനം നിങ്ങളെ സഭാനേതാക്കള്‍ അറിയിക്കുമെന്ന് യേശുക്രിസ്തുവോ, അപ്പസ്തോലന്‍മാരോ ഒരിടത്തും പ്രവചിച്ചിട്ടില്ല. മറിച്ച്, തന്‍റെ ദ്വിതീയാഗമനത്തില്‍ സഭയിലെ അജപാലകര്‍ ദൈവവചനം വളച്ചൊടിച്ച് ജനത്തെ വഴിതെറ്റിക്കുന്നവരാകുമെന്നും (അപ്പ. 20/28-30), സഭയ്ക്ക് വിശ്വാസം നഷ്ടപ്പെടുമെന്നും, അത് അന്തിക്രിസ്തുവിന്‍റെ ഇരിപ്പിടമാകുമെന്നും (2 തെസ. 2/3-4), മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം ഉണ്ടാകില്ലെന്നും (ലൂക്കാ 18/8) ദൈവവചനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുതന്നെ പരിശുദ്ധ അമ്മ ഫാത്തിമായില്‍ നൽകിയ മൂന്നാം രഹസ്യത്തിലും, ലാ സലെറ്റിലെ പ്രവചനത്തിലും, സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസത്യാഗം ചെയ്ത സഭയ്ക്കെങ്ങനെ രക്ഷകന്‍റെ ദ്വിതീയാഗമനം അറിയിക്കാന്‍ കഴിയും?


2000 വര്‍ഷംമുമ്പ് രക്ഷകന്‍റെ ആഗമനം അറിയിച്ചുകൊണ്ട് ദൈവം അവിടുത്തെ ദൂതനെ അയച്ചു. അതേപോലെ സദ്വാര്‍ത്ത പ്രഘോഷിക്കാന്‍, രക്ഷകനായ ഇമ്മാനുഏലിന്‍റെ ദ്വിതീയാഗമനം പ്രഘോഷിച്ചുകൊണ്ട് ദൈവം സദ്വാര്‍ത്താ ദൂതനെ അവസാനകാലത്ത് അയയ്ക്കും. അവിടുത്തെ മക്കള്‍ കാലത്തിന്‍റെ പ്രത്യേകതകള്‍ തിരിച്ചറിയാന്‍ കാലത്തിന്‍റെ അടയാളങ്ങളും അവിടുന്നൊരുക്കിയിട്ടുണ്ട്. അടയാളങ്ങള്‍കണ്ട് നാം ദൈവപുത്രന്‍ ഇമ്മാനുഏലിന്‍റെ ദ്വിതീയാഗമനം വിവേചിച്ചറിയണം.

Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us