എന്താണ് ദൈവകൃപ?

ദൈവകൃപ എന്നതു ദൈവികത അല്ലെങ്കില്‍ ദൈവികസ്വഭാവംതന്നെയാണ്. ദൈവരാജ്യത്തിലെ നിത്യജീവനു നമ്മെ യോഗ്യരാക്കുന്നത് ഈ കൃപയാണ്. ഈ കൃപയുടെ നിറവ് നല്‍കാനാണ് യേശുക്രിസ്തു (ഇമ്മാനുഏല്‍) വീണ്ടും വരുന്നത്.

എന്താണ് ദൈവകൃപ?

(തീത്തോ. 2/11-14) - എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്‍റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിര്‍മ്മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു. അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്‍റെയും രക്ഷകനായ യേശുക്രിസ്തുവിന്‍റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍ പോകുന്ന അനുഗ്രഹപൂര്‍ണ്ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.

        ദൈവമക്കളുടെ രക്ഷയ്ക്കായി ദൈവപിതാവിന്‍റെ കൃപ യേശുക്രിസ്തുവഴിയാണ് നല്‍കപ്പെട്ടത്. ദൈവകൃപ എന്നതു ദൈവികത അല്ലെങ്കില്‍ ദൈവികസ്വഭാവംതന്നെയാണ്. ദൈവരാജ്യത്തിലെ നിത്യജീവനു നമ്മെ യോഗ്യരാക്കുന്നത് ഈ കൃപയാണ്. ദൈവരാജ്യത്തിനുവേണ്ടി ഈ കൃപ നിലനിര്‍ത്തുകയാണ് പരിശുദ്ധാത്മാവിന്‍റെ ദൗത്യം. ഈ കൃപയുടെ പരിപാലകന്‍ പരിശുദ്ധാത്മാവാണ്.

        സൃഷ്ടിയില്‍ ദൈവപിതാവ് മനുഷ്യനു നല്‍കിയ അവിടുത്തെ ഛായയും സാദൃശ്യവും അനശ്വരതയും അമര്‍ത്യതയും പാപത്തിന്‍റെ ഫലമായി മനുഷ്യവംശത്തിനു നഷ്ടപ്പെട്ടു. പറുദീസായില്‍ മനുഷ്യനു നല്‍കപ്പെട്ടിരുന്നതും എന്നാല്‍ നഷ്ടപ്പെടുത്തിയതുമായ ആ അവസ്ഥ - ദൈവരാജ്യം - പുനഃസ്ഥാപിക്കുന്ന ദൗത്യമാണ് ദൈവപിതാവ് യേശുക്രിസ്തുവിനെ ഏല്‍പിച്ചത്. പരിശുദ്ധാത്മാവാണ് ഈ പുനഃസ്ഥാപനത്തിന്‍റെ സഹായകന്‍. മനുഷ്യസൃഷ്ടിയില്‍ ദൈവം മനുഷ്യന് എന്തൊക്കെ നല്‍കിയോ അതിന്‍റെ പുനഃസ്ഥാപനമാണ് നിത്യജീവന്‍. കൊടുത്തത് നിത്യജീവന്‍; നഷ്ടപ്പെടുത്തിയത് നിത്യജീവന്‍; പുനഃസ്ഥാപിക്കപ്പെടേണ്ടത് നിത്യജീവന്‍. അതു ദൈവപിതാവിന്‍റെ വാഗ്ദാനമാണ്. അതു പുനഃസ്ഥാപിക്കാന്‍ ദൈവപുത്രനെ അയച്ചു. അതാണ് ദൈവരാജ്യത്തിന്‍റെ പ്രവൃത്തി.

        ദൈവരാജ്യത്തിന്‍റെ പ്രവൃത്തി നിത്യജീവനുവേണ്ടിയുള്ള പ്രവൃത്തിയാണ്. ദൈവരാജ്യത്തിലെ നിത്യജീവനു (ദൈവത്തോടൊത്തുള്ള വാസം) നമ്മെ യോഗ്യരാക്കുന്നതാണ് ദൈവത്തിന്‍റെ കൃപ. ദൈവികസ്വഭാവമായ കൃപ നമ്മില്‍ നിറയുന്നത് ദൈവവചനത്തിലൂടെയാണ്. സജീവവും സനാതനവുമായ ദൈവവചനമെന്ന ബീജത്താല്‍ നാം വീണ്ടും ജനിക്കണം (1 പത്രോ. 1/23). ദൈവവചനം ആരുടെ പക്കലേക്കു വന്നുവോ അവരെ അവന്‍ ദൈവങ്ങള്‍ എന്നു വിളിച്ചു (യോഹ. 10/35). ദൈവമക്കളില്‍ പൂര്‍ത്തിയാകാനിരിക്കുന്നതാണ് ഈ പ്രവചനം. ഈ അവസ്ഥ നമ്മില്‍ പൂര്‍ത്തിയായാല്‍ ദൈവരാജ്യം നമ്മില്‍ പൂര്‍ത്തിയായി. നിത്യജീവനു നാം യോഗ്യരാകും.

        സത്യം ആണ് ദൈവത്തിന്‍റെ സത്ത. അതു ജീവനാണ്. അതു വെളിച്ചമാണ്. അതു തേജോമയമാണ്. എല്ലാ ജീവന്‍റെയും ഉറവിടമാണ്. അതു നന്‍മയാണ്. അതു സ്നേഹമാണ്. അതില്‍ അന്ധകാരവും നുണയുമില്ല. ദൈവപിതാവിന്‍റെ ഇതേ സത്തയാണ് പുത്രനായ യേശുക്രിസ്തുവിലേക്ക് ദൈവപിതാവ് കൊടുത്തത്. പുത്രന്‍ അതു നമുക്കു തന്നു. മനുഷ്യന്‍ അതു നഷ്ടപ്പെടുത്തി. അതു പുനഃസ്ഥാപിക്കാനുള്ള പദ്ധതിയാണ് യേശുക്രിസ്തുവിന്‍റെ (ഇമ്മാനുഏലിന്‍റെ) രണ്ടാം വരവ്. മനുഷ്യന്‍ നഷ്ടപ്പെടുത്തുമെന്ന് അറിയാവുന്നതുകൊണ്ട് ദൈവപിതാവ് വചനത്തിന്‍റെ പൂര്‍ണ്ണത മുമ്പേ വെളിപ്പെടുത്തിക്കൊടുത്തില്ല. കൊടുത്തിരുന്നെങ്കില്‍ മനുഷ്യന്‍ അതും വികലമാക്കുമായിരുന്നു; നഷ്ടപ്പെടുത്തുമായിരുന്നു. ഇതുവരെയും നിത്യജീവന്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ അവനില്‍ അതു പുനഃസ്ഥാപിക്കപ്പെട്ടു. അത് ഒരാവശ്യമായിരുന്നില്ല കാരണം യേശുക്രിസ്തു ജീവന്‍ തന്നെയാണ്. നമുക്ക് ഒരു ദൃഷ്ടാന്തമായിട്ടാണ് യേശുക്രിസ്തുവില്‍ ഈ ജീവന്‍ പുനഃസ്ഥാപിക്കപ്പെട്ടത്. മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രനു മാത്രമല്ല മനുഷ്യനും ഇതു ലഭിക്കുമെന്ന് ഉറപ്പുനല്‍കാന്‍ ദൈവപിതാവ് ഏതാനും ചില വിശുദ്ധന്‍മാര്‍ക്കും യേശുക്രിസ്തുവിനൊപ്പം പുനരുത്ഥാനം നല്‍കി. ദൈവവും മനുഷ്യനും ഒരുമിച്ചു പുനരുത്ഥാനം ചെയ്തുകൊണ്ട് അനിഷേധ്യമായ തെളിവുകളോടെ നിത്യജീവനു ദൃഷ്ടാന്തം നല്‍കി (മത്താ. 27/52-53).

        നിത്യജീവന്‍ നമ്മില്‍ പുനഃസ്ഥാപിക്കപ്പെടണമെങ്കില്‍ ദൈവവചനം നമ്മില്‍ പൂര്‍ണ്ണത പ്രാപിക്കണം; സത്യം പൂര്‍ണ്ണത പ്രാപിക്കണം. അതു വെളിച്ചമായിത്തീരണം. അതു ജീവനായിത്തീരണം. നമ്മില്‍ അന്ധകാരവും നുണയും പൂര്‍ണ്ണമായും ഇല്ലാതാകണം. ഈ അവസ്ഥയ്ക്കാണ് കൃപയെന്നു പറയുന്നത്. കൃപയുടെ ആരംഭം ദൈവവചനത്തില്‍നിന്നാണ്, വചനമായ യേശുക്രിസ്തുവില്‍നിന്നു മാത്രമാണ്. കൃപയുടെ പൂര്‍ണ്ണത നിത്യജീവനാണ്. ദൈവവചനം സ്വീകരിക്കാതിരുന്നാലോ ഉപേക്ഷിച്ചാലോ കൃപയില്ല. ഈ കൃപയുടെ നിറവ് നല്‍കാനാണ് യേശുക്രിസ്തു (ഇമ്മാനുഏല്‍) വീണ്ടും വരുന്നത്. കൃപനിറഞ്ഞ ദൈവമക്കളെ സന്ദര്‍ശിക്കാനാണ് ദൈവപിതാവ് വീണ്ടും ഭൂമിയിലേക്കു വരുന്നത്.

ദൈവകൃപയുള്ളവരെ തിരിച്ചറിയാന്‍ അഞ്ച് അടയാളങ്ങള്‍ ദൈവവചനം നമുക്കു തരുന്നു.

1.    യേശുക്രിസ്തു മാത്രമാണ് ഏകരക്ഷകനെന്ന് ഏറ്റുപറയും. കാരണം കൃപയും സത്യവും നല്‍കപ്പെട്ടത് അവന്‍വഴി മാത്രമാണ്. (യോഹ. 1/17) എല്ലായിടത്തും         രക്ഷയുണ്ട് എന്നുപറയുന്നതാണ് നിര്‍മ്മതത്വം (തീത്തോ. 2/11-14)

2.    ലൗകികമോഹങ്ങള്‍ ഉപേക്ഷിക്കും. കാരണം ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ് (യാക്കോ. 4/4).

3.    സമചിത്തതയും ദൈവികനീതിനിഷ്ഠയും ദൈവപിതാവിനോടു ഭക്തിയുമുള്ള ജീവിതം നയിക്കും. കാരണം ഇതുവഴി മാത്രമാണ് കൃപയ്ക്കുള്ള യോഗ്യത നേടാനും         നിലനിര്‍ത്താനും കഴിയുന്നത്. (1 പത്രോ. 1/13)

4.    ഭൂമിയില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്ന ദൈവപിതാവിനെ കാത്തിരിക്കും (ഏശ. 64/4, 2 പത്രോ. 3/12). കാരണം ദൈവപിതാവാണു കൃപയുടെ ഉറവിടം (റോമാ. 12/3-5).

5.    മഹിമപ്രതാപത്തോടെ പ്രത്യാഗമനം ചെയ്യാനിരിക്കുന്ന ഇമ്മാനുഏലിനെ കാത്തിരിക്കും (ഫിലി. 3/20-21, ഹെബ്രാ. 9/28). കാരണം അവനാണു കൃപയുടെ ചാലകം.         നിത്യജീവന്‍ പുനഃസ്ഥാപിക്കപ്പെടുന്നത് അവന്‍റെ രണ്ടാം വരവിലാണ് (1 യോഹ. 5/11-12).

        പരിശുദ്ധാത്മാവ് കഴിഞ്ഞ 2000 കൊല്ലം നടത്തിയ പ്രവൃത്തികളുടെ ആത്യന്തികമായ ലക്ഷ്യം ഈ നിത്യജീവന്‍റെ പുനഃസ്ഥാപനമാണ്; അതിനുവേണ്ടി നല്‍കപ്പെട്ട ദൈവകൃപയുടെ പരിപാലനമാണ്.  ഇമ്മാനുഏലിന്‍റെ പ്രത്യാഗമനത്തില്‍ ലഭിക്കാനിരിക്കുന്ന അപരിമേയമായ കൃപയ്ക്കുവേണ്ടി - കൃപയ്ക്കുമേല്‍ കൃപ - ആകാംക്ഷയോടെ കാത്തിരിക്കുന്ന (യോഹ. 1/17, എഫേ. 2/4-7) ഒരു ഗണത്തിന്‍റെ രൂപീകരണമാണ് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം. അതായത്, ദൈവപിതാവു ഭൂമിയില്‍ പ്രത്യക്ഷനാകുമ്പോള്‍ കുറ്റമറ്റവരും നിര്‍മ്മലരും പരിശുദ്ധരുമായ ഒരു ഗണത്തെ ദൈവപിതാവിനു സമര്‍പ്പിക്കാനാണ് പരിശുദ്ധാത്മാവ് അദ്ധ്വാനിച്ചത്.

        യേശുക്രിസ്തുവിന്‍റെ രക്ഷാകരപദ്ധതിയുടെ തുടര്‍ച്ചയും പരിപാലനവുമാണു പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി. അതിനാല്‍, പരിശുദ്ധാത്മാവുള്ള ഒരു വ്യക്തിയില്‍ മുകളില്‍പ്പറഞ്ഞ അഞ്ച് അടയാളങ്ങളുമുണ്ടായിരിക്കും. വരദാനങ്ങള്‍ കിട്ടിയാല്‍, ഒരഭിഷേകം കിട്ടിയാല്‍, പ്രത്യേകമായ സിദ്ധികള്‍ കിട്ടിയാല്‍, കഴിവുകള്‍ കിട്ടിയാല്‍, കൃപ ലഭിച്ചു എന്ന ധാരണ തെറ്റാണ്. അതൊന്നുമല്ല കൃപ. എന്നാല്‍ കൃപയുണ്ടെങ്കില്‍ ഇതെല്ലാം ഉണ്ടുതാനും. ലോകത്തിന്‍റേത് എല്ലാം ഉപേക്ഷിച്ചുവേണം ദൈവകൃപയ്ക്കുവേണ്ടി കാത്തിരിക്കാന്‍. എന്നാല്‍ ലോകത്തിന്‍റേതായിട്ടുള്ളതെല്ലാം സ്വീകരിച്ചുകൊണ്ടാണ് ക്രിസ്തീയസഭകള്‍ ദൈവകൃപയ്ക്ക് ഒരുങ്ങിയത്.

        ഏതു വഴിയിലുടെ സഞ്ചരിച്ചാലും രക്ഷയുണ്ട്; മനുഷ്യന്‍ നന്നായി ജീവിച്ചാല്‍ രക്ഷപ്രാപിക്കും എന്ന ചിന്താഗതിയാണ് നിര്‍മ്മതത്വം. നിര്‍മ്മതത്വവും ലൗകികമോഹങ്ങളും കത്തോലിക്കനും പന്തക്കുസ്താക്കാരനും ഉണ്ട്. അവരുടെ ആത്യന്തികമായ ലക്ഷ്യം ഈ ലോകജീവിതത്തിലെ സുഖസൗകര്യങ്ങളും നേട്ടങ്ങളുമാണ്. ദൈവപുത്രനെ കാത്തിരിക്കുന്ന സമൂഹമാണ് പന്തക്കുസ്താവിഭാഗങ്ങള്‍. എന്നാല്‍ അവര്‍ ദൈവപിതാവിനെ കാത്തിരിക്കുന്നില്ല. പരിശുദ്ധാത്മാവുള്ളവര്‍ നിര്‍മ്മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കും. സമചിത്തതയും നീതിനിഷ്ഠയും ദൈവപിതാവിനോടു സ്നേഹമുള്ള ജീവിതം നയിക്കുന്ന സഭാസമൂഹങ്ങളെ ഒരിടത്തും കാണാനില്ല. എന്തെന്നാല്‍, ദൈവത്തെ സ്നേഹിക്കുന്നവന്‍ അവിടുത്തെ വചനം പാലിക്കും (1 യോഹ. 5/3). പരിശുദ്ധാത്മാവുള്ള സഭാസമൂഹത്തില്‍ മേല്‍പറഞ്ഞ 5 അടയാളങ്ങളും ഉണ്ടായിരിക്കും. ആദിമസഭയില്‍ ഈ 5 അടയാളങ്ങളും ഉണ്ടായിരുന്നു. ദൈവപിതാവു വരുമ്പോള്‍ ഏതെങ്കിലും സഭാസമൂഹത്തിനു തങ്ങളില്‍ മേല്‍പറഞ്ഞ യോഗ്യതകളുള്ള ഇത്രപേര്‍ ഉണ്ടെന്നു കണക്കു സമര്‍പ്പിക്കാന്‍ കഴിയുമോ?













Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us