യഥാര്‍ത്ഥ സഭ

എന്താണ് സഭ? ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്ന വേര്‍തിരിക്കപ്പെട്ട സമൂഹമാണ് സഭ. സ്വര്‍ഗ്ഗത്തില്‍ ചെന്നിട്ടല്ല ഈ വേര്‍പെടുത്തല്‍. മറിച്ച്, ഈ ലോകത്തില്‍ത്തന്നെയാണ് ദൈവം വേര്‍തിരിക്കുന്നത്.

യഥാര്‍ത്ഥ സഭ

ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്ന വേര്‍തിരിക്കപ്പെട്ട സമൂഹമാണ് സഭ.

        എന്താണ് സഭ? പുരോഹിതരാണ് സഭയെന്നു കരുതുന്നവരാണ് ഇന്നു ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും. സഭാദ്ധ്യക്ഷന്‍മാര്‍ക്കു തെറ്റുപറ്റാം എന്നാല്‍ സഭയ്ക്കു തെറ്റുപറ്റുകയില്ല എന്നാണ് സഭാവിശ്വാസികളുടെ വിശ്വാസം. അങ്ങനെയെങ്കില്‍ കൗണ്‍സിലാണോ സഭ? ആണെങ്കില്‍ ആ സഭയുടെ അധികാരി ആര്‍? പരിശുദ്ധാത്മാവാണോ അതോ സഭാദ്ധ്യക്ഷനാണോ? സഭയെക്കുറിച്ചുള്ള യേശുക്രിസ്തുവിന്‍റെ കാഴ്ചപ്പാട് എന്താണ്? യേശുക്രിസ്തു സഭ രൂപീകരിച്ചതെങ്ങനെ?

        യേശുക്രിസ്തു സഭ രൂപീകരിച്ചത് യേശുക്രിസ്തു ആയിരുന്ന യൂദാസഭയില്‍നിന്നും ദൈവജനത്തെ പുറത്തുകൊണ്ടുവന്നിട്ടാണ്. പുറത്തുവരാത്തത് സഭയല്ല. ലോകത്തില്‍നിന്നും മനുഷ്യന്‍റെ അടിമത്തത്തില്‍നിന്നും ലൗകികമായ എല്ലാ അവസ്ഥകളില്‍നിന്നും പുറത്തുവരാതെ സഭയില്ല. യേശുക്രിസ്തുവിനെ പന്ത്രണ്ടാം വയസ്സില്‍ പരിശുദ്ധ അമ്മ സഭയ്ക്കു പുറത്തു കൊണ്ടുവന്നു. നിയമത്തിന്‍റെ ആധിപത്യമുള്ള സഭയില്‍ നിര്‍ത്തിക്കൊണ്ട് ജ്ഞാനം കൊടുക്കുക സാധ്യമല്ലാത്തതിനാലാണ് പരിശുദ്ധ അമ്മ അവനെ അന്നത്തെ സഭയ്ക്കു പുറത്തു കൊണ്ടുവന്നത്. അപ്പസ്തോലന്‍മാരെ മൂന്നുകൊല്ലം കൂടെനിര്‍ത്തി യേശുക്രിസ്തു പഠിപ്പിച്ചിട്ടും അവര്‍ക്കു ജ്ഞാനം ലഭിച്ചില്ല. അതുകൊണ്ടാണ് യേശുക്രിസ്തുവിന്‍റെ പീഡാസഹനവേളയില്‍ അവര്‍ അവനെവിട്ട് ഓടിപ്പോയത്. അവരെ പുറത്തു കൊണ്ടുവന്ന് ജ്ഞാനം കൊടുത്തു. ജ്ഞാനം ലഭിച്ചപ്പോള്‍ പരിശുദ്ധാത്മാവിനെ കിട്ടി. അങ്ങനെ വേര്‍തിരിക്കപ്പെട്ട ഗണമാണ് സഭ.

        ദൈവം ലോകാരംഭംമുതല്‍ ദൈവത്തിന്‍റെ സ്വന്തംജനത്തെ വേര്‍തിരിച്ച് കൊണ്ടുവന്ന നാള്‍വഴി പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ട ഗണം, ഒരാളാകട്ടെ സമൂഹമാകട്ടെ അതാണ് സഭ. ദൈവപിതാവിന്‍റെ ഇഷ്ടത്തിനനുസരിച്ച്, ദൈവപിതാവിന്‍റെ ഇഷ്ടം ഈ ഭൂമിയില്‍ നിറവേറ്റപ്പെടാന്‍വേണ്ടിയുള്ള ഈ ഭൂമിയിലെ ദൈവികസംവിധാനമാണ് സഭ. സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമായ ഒരു സമൂഹമാണ് സഭ. അതുകൊണ്ടാണ് യേശുക്രിസ്തു അപ്പസ്തോലന്‍മാരെ നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍ എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ചത് (ത്താത്താ. 6/9-13)

        അങ്ങനെയെങ്കില്‍ ഇന്ന് ദൈവത്തിന്‍റെ ഇഷ്ടമനുസരിച്ചുള്ള സഭകള്‍  ഉണ്ടോ എന്ന് ആദ്യം പരിശോധിക്കേണ്ടിയിരിക്കുന്നു. പിന്നീടല്ലേ അവിടെ സത്യമുണ്ടോ (സത്യസഭ) എന്നു പരിശോധിക്കേണ്ടത്.

        സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് യേശുക്രിസ്തുവിന്‍റെ അമ്മയും സഹോദരന്‍മാരും. ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്ന വേര്‍തിരിക്കപ്പെട്ട സമൂഹമാണ് സഭ. സ്വര്‍ഗ്ഗത്തില്‍ ചെന്നിട്ടല്ല ഈ വേര്‍പെടുത്തല്‍. മറിച്ച്, ഈ ലോകത്തില്‍ത്തന്നെയാണ് ദൈവം വേര്‍തിരിക്കുന്നത്. സഭ വേര്‍തിരിക്കപ്പെടുന്നതും, ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നതും എന്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്നു നമ്മെ പഠിപ്പിക്കാനാണ് ദൈവവചനം തന്നിരിക്കുന്നത്. ലിഖിതരൂപത്തില്‍ ദൈവവചനം നമുക്കു തന്നിരുന്നത് ഈ സംവിധാനം രൂപപ്പെടാന്‍വേണ്ടിയാണ്.

        കുറെ ആളുകള്‍ കൂടിച്ചേര്‍ന്ന് യേശുക്രിസ്തുവിന്‍റെ പേരു പറഞ്ഞാല്‍ അതു സഭയാകുകയില്ല. സഭയും ദൈവപിതാവും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. നിങ്ങള്‍ ഭൂമിയില്‍ ആരെയും പിതാവെന്നു വിളിക്കരുത് എന്ന് യേശുക്രിസ്തു പഠിപ്പിച്ചത് അതുകൊണ്ടാണ് (മത്താ. 23/9). ഈ ഭൂമിയിലുള്ള സഭയുടെ പിതാവ് സ്വര്‍ഗ്ഗസ്ഥനായ പിതാവായിരിക്കണം. അത് ദൈവപിതാവിന്‍റെ ഇഷ്ടമാണ്. അത് ദൈവപുത്രന്‍റെ ഇഷ്ടമാണ്. അതുതന്നെയായിരിക്കണം ദൈവപുത്രന്‍ സ്ഥാപിച്ച സഭയുടെ ഇഷ്ടം. ഈ ഭൂമിയില്‍ മനുഷ്യന് പണം ഉണ്ടാക്കി കൊടുക്കാനും വിദ്യാഭ്യാസം കൊടുക്കാനും ജോലി ഉണ്ടാക്കി കൊടുക്കാനും ആയിട്ടല്ല സഭ സ്ഥാപിക്കപ്പെട്ടത്.

        ദൈവം ഭൂമിയില്‍ ആദ്യം സ്ഥാപിച്ച സഭയാണ് ഷീലോ സഭ. ആ സഭയിലെ പുരോഹിതരായിരുന്ന ഏലിയുടെയും പുത്രന്‍മാരുടെയും നേരെ ദൈവപിതാവ് പ്രകോപിതനായത് എന്തുകൊണ്ടാണ്? ദൈവത്തിനു സമര്‍പ്പിക്കുന്ന കാഴ്ചകളെക്കുറിച്ചുള്ള നിയമംപോലും ആ പുരോഹിതര്‍ നിസ്സാരമായി കരുതി. ദൈവത്തിനു സമര്‍പ്പിക്കുന്ന കാഴ്ചയെപ്പോലും അവര്‍ ആര്‍ത്തിയോടെ വീക്ഷിച്ചു. അത് ദൈവത്തിന്‍റെ ഇഷ്ടത്തിനു വിരുദ്ധമായ പ്രവൃത്തിയായിരുന്നു. അതുകൊണ്ട് ദൈവം സ്ഥാപിച്ച ഭൂമിയിലെ ആദ്യ സഭയെ ദൈവംതന്നെ തകര്‍ത്തുകളഞ്ഞു (ജറെ. 7/12-15).

        ജ്ഞാനമില്ലാതെ സഭയില്ല. പത്രോസിന്‍റെ സഭ നിലനിര്‍ത്തപ്പെടേണ്ടത് ജ്ഞാനത്തിലാണ്. തിന്‍മ സഭയ്ക്കെതിരെ പ്രബലപ്പെടാതെ സഭയെ സംരക്ഷിക്കുന്നത് ജ്ഞാനമാണ് (ജ്ഞാനം 7/30). അതിനാണ് യേശുക്രിസ്തുവിന്‍റെ മരണശേഷം ചിതറിപ്പോയ അപ്പസ്തോലന്‍മാരെ ദൈവത്തിന്‍റെ ജ്ഞാനംമുഴുവന്‍ നിറഞ്ഞിരിക്കുന്ന പരിശുദ്ധ അമ്മ ഒരുമിച്ചുകൂട്ടി ഏകമനസ്സുള്ളവരാക്കി അവരില്‍ ജ്ഞാനം നിറച്ചുകൊടുത്തത്. വിശ്വാസത്തില്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവരുടെ സമൂഹമാണ് സഭ. അതായത്, എല്ലാ ദൈവവചനങ്ങളിലും ഒരേപോലെ വിശ്വസിക്കുകയും പരസ്പരം സഹോദരങ്ങളായി സ്നേഹിക്കുകയും ചെയ്യുന്നവരുടെ സമൂഹമാണ് സഭ.

        എന്നാല്‍, ഇന്നു ക്രിസ്തീയം എന്ന് അവകാശപ്പെടുന്ന സഭകള്‍ ദൈവപിതാവിന്‍റെ ഇഷ്ടമല്ല അന്വേഷിക്കുന്നതെന്നു വ്യക്തമാണ്. അവര്‍ ഒന്നാം പ്രമാണം ലംഘിക്കുകയും ലംഘിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. സഭയുടെ ഇഷ്ടമാണ് ഇന്നു സുപ്രധാനം. സഭാപഠനങ്ങളാണ് ഏറ്റവും ശ്രേഷ്ഠം. അവയാകട്ടെ മിക്കതും ദൈവവചനത്തിനു വിരുദ്ധമാണ്. അവരെക്കുറിച്ച് യേശുക്രിസ്തു വ്യക്തമായി പറയുന്നു: അവര്‍ മാനുഷികപ്രബോധനങ്ങള്‍ (നിയമങ്ങള്‍) പ്രമാണങ്ങളായി പഠിപ്പിക്കുന്നു (മത്താ. 15/6-9). ദൈവേഷ്ടത്തിനു പകരം സഭാതലവന്‍മാരുടെയും, പിതാക്കന്‍മാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന മറ്റു ശ്രേഷ്ഠന്‍മാരുടെയും, ഇടവകപുരോഹിതരുടെയും ഇഷ്ടം ആണ് ഇന്ന് ദൈവജനത്തിനു വലുത്. ദൈവവചനത്തിനെതിരായാലും അവര്‍ക്കു കുഴപ്പമില്ല; സഭാപഠനത്തിനെതിരാകരുത്; സഭയുടെ താല്‍പര്യത്തിന് എതിരാകരുത്. ഇതാണ് ഇന്നത്തെ സഭകളുടെയും നിലപാട്. ദൈവത്തിനും ദൈവവചനത്തിനും വിരുദ്ധമായ ഒരു അസ്തിത്വം അവര്‍ ഉണ്ടാക്കിയിരിക്കുന്നു.


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us