പ്രത്യാഗമനം ചെയ്യുന്ന ദൈവപുത്രന്‍ ഇമ്മാനുഏല്‍ സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന തന്‍റെ ശക്തിവഴി നമ്മുടെ - തന്‍റെ പ്രിയപ്പെട്ടവരുടെ - ദുര്‍ബ്ബലശരീരങ്ങളെ തന്‍റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും...
മനുഷ്യരെല്ലാവരും പാപികളാണെന്ന് വിശുദ്ധഗ്രന്ഥം പ്രഖ്യാപിക്കുന്നു (ഗലാ. 3/22). നാം പാപത്തില്‍നിന്നു രക്ഷ നേടണം. നമ്മുടെ ശരീരം രോഗത്തിനും വാര്‍ദ്ധക്യത്തിനും മരണത്തിനും അധീനമാണ്. നാം മരണത്തില്‍നിന്നു രക്ഷനേടണം, അമര്‍ത്യരാകണം. നാം പ്രപഞ്ചത്തിന്‍റെ നിയമത്തിന് വിധേയരാണ്. ഇതില്‍നിന്നും നാം രക്ഷനേടണം. ജഡനിയമങ്ങള്‍ നമ്മുടെ ആത്മാവിനെതിരെ പടവെട്ടിക്കൊണ്ടിരിക്കുന്നു. നാം ജഡനിയമങ്ങളില്‍നിന്നു രക്ഷനേടണം. സാത്താന്‍റെ അധീശത്വത്തിലുള്ള ലോകരാജ്യം നമ്മെ കെണിയില്‍ കുടുക്കാന്‍ സദാ പരിശ്രമിക്കുന്നു. നാം ലോകമോഹങ്ങളില്‍നിന്നും ആസക്തികളില്‍നിന്നും രക്ഷ നേടണം. ചുരുക്കത്തില്‍, ദൈവം നമ്മെ ആദത്തില്‍ സൃഷ്ടിച്ചപ്പോള്‍ നമുക്കു നല്‍കിയിരുന്ന ദൈവികഛായയും, അവിടുത്തെ അനന്തതയുടെ സാദൃശ്യവും, നിത്യജീവനും, സൃഷ്ടികളുടെമേലുള്ള ആധിപത്യവും, ദൈവമഹത്വവും വീണ്ടെടുത്ത്, ദൈവത്തോടൊത്തു വസിക്കുന്നതാണ് യഥാര്‍ത്ഥ രക്ഷ. ഈ രക്ഷയാണ് ദൈവപിതാവ് തരുന്ന പൂര്‍ണ്ണമായ രക്ഷ.
ദൈവമക്കള്‍ക്കു രക്ഷ നല്‍കുകയെന്നതാണ് ദൈവം അവിടുത്തെ പുത്രന്‍ യേശുക്രിസ്തുവിനെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം. യേശുക്രിസ്തുവാണ് ഏകരക്ഷകന്‍. മറ്റാരിലും ദൈവം നല്‍കുന്ന രക്ഷയില്ല. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തു പരിശുദ്ധ അമ്മയില്‍നിന്നും ശരീരംസ്വീകരിച്ച് (യോഹ. 1/14) ഈ ലോകത്തില്‍ പിറന്ന്, ദൈവരാജ്യം പ്രസംഗിച്ച്, നമ്മുടെ പാപങ്ങളെല്ലാം ഏറ്റെടുത്ത്, ആ പാപത്തിന്‍റെ ശിക്ഷ സ്വന്തംശരീരത്തില്‍ ഏറ്റുവാങ്ങി മരിച്ചു. അങ്ങനെ യേശുക്രിസ്തു പാപമോചനത്തിന്‍റെ രക്ഷ നമുക്കു വാങ്ങിത്തന്നു.
എന്നാല്‍, രക്ഷയുടെ പൂര്‍ണ്ണത നല്‍കാന്‍ താന്‍ വീണ്ടും വരുമെന്ന് വാഗ്ദാനം നല്‍കിയിട്ട്, 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തു. താന്‍ ചെയ്ത പ്രവൃത്തികള്‍ തുടരാനും, തന്നിലൂടെ ജനത്തിനു ലഭിച്ച കൃപ നഷ്ടപ്പെടാതെ സംവഹിക്കാനും, താന്‍ തിരികെവരുമ്പോള്‍ ദൈവപിതാവിനു സമര്‍പ്പിക്കാന്‍ ഒരു ഗണത്തെ രൂപപ്പെടുത്താനും, തന്നില്‍ വിശ്വസിച്ചവര്‍ക്ക് അവിടുന്ന് പരിശുദ്ധാത്മാവിനെ നല്‍കി.
ഇതാ, കാലത്തിന്‍റെ പൂര്‍ണ്ണതയില്‍, എല്ലാ പ്രവചനങ്ങളും പൂര്‍ത്തിയാകുന്ന ഈ സമയത്ത് യേശുക്രിസ്തു ശരീരംധരിച്ച് വീണ്ടും വന്നിരിക്കുന്നു. അവിടുന്ന് യഥാകാലം തന്‍റെ മഹത്വത്തില്‍ പ്രത്യാഗമനം ചെയ്യും അഥവാ, വെളിപ്പെടും. യേശുക്രിസ്തു വീണ്ടും വരുന്നത് പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംഷാപൂര്‍വ്വം കാത്തിരിക്കുന്ന ഗണത്തെ രക്ഷിക്കാനാണ് (ഹെബ്രാ. 9/28). ഈ രക്ഷയ്ക്കുവേണ്ടി പരിശുദ്ധാത്മാവ് ആരെയാണോ മുദ്രിതമാക്കിയിരിക്കുന്നത് ആ ഗണത്തെയാണ് അവിടുന്ന് രക്ഷിക്കുക (എഫേ. 1/13, 4/30). ജിവന്‍റെ ഗ്രന്ഥത്തില്‍ പേരുള്ളവരെയാണ് ദൈവപുത്രന്‍ രക്ഷിക്കുക (ദാനി. 12/1, വെളി. 21/27). എല്ലാ പാപങ്ങളില്‍നിന്നുമകന്ന്, ഹൃദയത്തില്‍ വിഗ്രഹങ്ങളൊന്നുമില്ലാതെ സ്നേഹത്തില്‍ നിഷ്കളങ്കരും പരിശുദ്ധരുമായിത്തീര്‍ന്നവരെ രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വീണ്ടും വരുന്നത്.
യേശുക്രിസ്തു വീണ്ടും വരുന്നത് എല്ലാവരെയും രക്ഷിക്കാനാണ്, ദൈവം ആരെയും ശിക്ഷിക്കില്ല, എല്ലാവരെയും രക്ഷിക്കും എന്നൊക്കെയുള്ള ഇന്നത്തെ ക്രിസ്തീയസഭകളുടെ പഠനങ്ങള്‍ ദൈവവചനവിരുദ്ധവും സാത്താനില്‍നിന്നുള്ള നുണയുമാണ്. ഈ പഠനത്തിലൂടെ ആകെ നേട്ടം സാത്താനാണ്. കാരണം, ഈ പ്രബോധനത്തിലൂടെ ജനം ദൈവഭയവും ദൈവഭക്തിയുമില്ലാത്തവരായിത്തീര്‍ന്നു. അവര്‍ ദൈവവചനത്തെ തള്ളിക്കളയാനും, ഹൃദയത്തില്‍ വിഗ്രഹങ്ങള്‍ സൂക്ഷിക്കാനും (ദൈവത്തെക്കാളധികം സ്നേഹിക്കപ്പെടുന്ന എന്തും ആരും വിഗ്രഹമാണ്) ദൈവികപ്രവൃത്തികളെ തിരസ്കരിക്കാനും ഇതു കാരണമായിത്തീര്‍ന്നു. ദൈവപിതാവിനെ ഏകസത്യദൈവമായും, യേശുക്രിസ്തുവിനെ ഏകരക്ഷകനായും സ്വീകരിക്കാതിരിക്കാന്‍ ഇത് ഇടയാക്കി. എല്ലാവരും രക്ഷപെടുമെങ്കില്‍ അന്ത്യവിധി എന്ന സത്യംപോലും നിരാകരിക്കേണ്ടിവരും. നാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസ്തൃതമാണെന്നും, അതിലേ കടന്നു നാശത്തിലേക്ക് (നിത്യശിക്ഷയിലേക്ക്) പോകുന്നവര്‍ അനേകമാണെന്നും ദൈവവചനം (മത്താ. 7/13) പ്രഖ്യാപിക്കുന്നു. എല്ലാവരും രക്ഷപ്രാപിക്കില്ലയെന്നു ബോധ്യമാകാന്‍ മറ്റുവചനങ്ങള്‍ ഉദ്ധരിക്കേണ്ടതില്ല.
എന്താണ് ഈ രക്ഷ?
നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാണ് ഈ രക്ഷ (റോമാ 8/23). പ്രത്യാഗമനം ചെയ്യുന്ന ദൈവപുത്രന്‍ യേശുക്രിസ്തു (ഇമ്മാനുഏല്‍) സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന അവിടുത്തെ ശക്തിവഴി നമ്മുടെ - തന്‍റെ പ്രിയപ്പെട്ടവരുടെ - ദുര്‍ബ്ബലശരീരങ്ങളെ അവിടുത്തെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തുന്നതാണ് ഈ രക്ഷ (ഫിലി. 3/20-21). അവന്‍ നമ്മില്‍ അപരിമേയമായ സ്നേഹവും (സ്നേഹത്തിന്‍റെ പൂര്‍ണ്ണത) അപരിമേയമായ കൃപയും (ദൈവികതയുടെ നിറവ്) അപരിമേയമായ ശക്തിയും (ദൈവികശക്തി) അവിടുന്ന് നമ്മില്‍ നിറച്ചുനല്‍കും. ഇത് അവിടുത്തെ വാഗ്ദാനമാണ് (യോഹ. 14/1-3), ദൈവപിതാവിന്‍റെ ശപഥമാണ് (ഹെബ്രാ. 6/16-19).
ഈ രക്ഷ നാമാരും പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ അടുത്തെത്തിയിരിക്കുന്നുവെന്ന് കാലത്തിന്‍റെ അടയാളങ്ങളില്‍നിന്നു മനസ്സിലാക്കാം (റോമാ 13/11-12). ഈ രക്ഷയുടെ സദ്വാര്‍ത്ത ഇപ്പോള്‍ പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതാ നിന്‍റെ രാജാവായ കര്‍ത്താവ് നിന്നെ ഭരിക്കാന്‍ വരുന്നു. സമ്മാനവുമായി അവിടുന്ന് വരുന്നു. നീ അവിടുത്തെ നേരിട്ടുകാണും (ഏശ. 40/9-10, 52/7-8). ഇതാണ് സദ്വാര്‍ത്ത. യുഗയുഗാന്തരങ്ങളായി അബ്രാഹം മുതലുള്ള നീതിമാന്‍മാര്‍ കേള്‍ക്കാന്‍ കൊതിച്ച ഈ സദ്വാര്‍ത്ത ഇതാ ഇപ്പോള്‍ പ്രഘോഷിക്കപ്പെടുന്നു (യോഹ. 8/56).
© 2024. Church of Light Emperor Emmanuel Zion. All rights reserved.