നിയമത്തിന്റെ പ്രസക്തിയും പരിമിതിയും

ഒരുവന്‍ ഈ വിശ്വാസത്താല്‍ സകലനിയമങ്ങളെയും അതിജീവിക്കുകയും വിശ്വാസത്തിന്‍റെ പ്രവൃത്തികള്‍ പുറപ്പെടുവിക്കുകയും ചെയ്യുമ്പോഴാണ് അവന്‍ വാഗ്ദാനങ്ങള്‍ പ്രാപിക്കാന്‍ യോഗ്യനാകുന്നത്.

നിയമത്തിന്റെ പ്രസക്തിയും പരിമിതിയും

ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ ഒരുവന് എന്ത് യോഗ്യതയാണ് വേണ്ടത്നിയമത്തിന്‍റെ അനുസരണത്തിലൂടെ രക്ഷ നേടാമെന്ന് വലിയൊരു വിഭാഗം കരുതുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് ലോകത്ത് നിരവധി തരത്തിലുള്ള നിയമങ്ങളുണ്ട്. ഓരോ ദിവസവും പുതിയ നിയമങ്ങള്‍ രൂപപ്പെട്ടുകൊണ്ടുമിരിക്കുന്നു. പ്രകൃതിയുടെ നിയമങ്ങള്‍, രാഷ്ട്രനിയമങ്ങള്‍, അന്താരാഷ്ട്രനിയമങ്ങള്‍, സാമൂഹ്യനിയമങ്ങള്‍, ധാര്‍മ്മികനിയമങ്ങള്‍, സാംസ്കാരികനിയമങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, കുടുംബനിയമങ്ങള്‍, മതനിയമങ്ങള്‍ ഇങ്ങനെ നിയമങ്ങളുടെ പട്ടിക നീളുന്നു. നിയമങ്ങളില്ലാതെ ഒരു മേഖലയും പ്രവര്‍ത്തിക്കില്ല എന്ന നിലയിലായിരിക്കുന്നു. നിയമംമൂലം അടിമത്തം അനുഭവിക്കുന്ന ഒരു ഗണം ഇന്നുണ്ട്. നിയമം അടിച്ചേല്‍പിക്കാന്‍ വെമ്പുന്ന മറ്റൊരു ഗണവും ഉണ്ട്. നിയമലംഘനത്താലും നിയമങ്ങളുടെ പോരായ്മകളാലും ക്രോധത്താല്‍ നിറയുന്ന മറ്റൊരു ഗണത്തെയും ഇന്ന് സമൂഹത്തില്‍ കാണാം. പ്രാപഞ്ചിക-ഭൗമിക നിയമങ്ങളെ പ്രയോജനപ്പെടുത്തി ശാസ്ത്രം വളരെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും, ഈ നിയമങ്ങളുടെ ആക്രോശത്തിനു മുമ്പില്‍ മനുഷ്യന്‍ ഇപ്പോഴും നിസ്സഹായനാണ്. മറ്റു ചിലര്‍ ഈ പ്രപഞ്ചനിയമങ്ങള്‍ക്ക് ദൈവത്വം കല്‍പിച്ച് അവയെ വൃഥാ ആരാധിക്കുന്നു. അവയെ പ്രീതിപ്പെടുത്താന്‍ ബലികളും കാഴ്ചകളും അര്‍പ്പിക്കുന്നു.

         ഇത് ഇങ്ങനെയായിരിക്കണം അങ്ങനെ ആയിരിക്കരുത്, ഇത് ചെയ്യണം അത് ചെയ്യരുത് എന്നതാണ് നിയമം. ഒരു വ്യക്തിയുടെയോ വ്യക്തികളുടെയോ പ്രവൃത്തി മറ്റുള്ളവര്‍ക്ക് ഉപദ്രവമോ, ദോഷമോ, നാശമോ, വേദനയോ ഒക്കെ ഉണ്ടാക്കുമ്പോള്‍, ഭാവിയില്‍ ഉണ്ടാകുന്ന അത്തരം പ്രവൃത്തികളെ പ്രതിരോധിക്കാനും അവ ആവര്‍ത്തിക്കാതിരിക്കാന്‍ ശിക്ഷാനടപടികള്‍ നല്‍കാനുമാണ് നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. അധീശത്വവും, ശക്തിയുമുള്ളവര്‍ സമൂഹത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും അവയെ സാധൂകരിക്കാനും നിയമനിര്‍മ്മാണം നടത്തുന്നു. എന്നാല്‍, ഏതു നിയമവും ലംഘിക്കാന്‍ മനുഷ്യന്‍ പഴുതുകള്‍ കണ്ടെത്തി നിയമലംഘനം നടത്തുന്നു. ഇന്ന് നിലവിലുള്ള ലക്ഷക്കണക്കിന് നിയമങ്ങള്‍ ലോകത്തെ കൂടുതല്‍ നല്ലതോ, സമാധാനപരമോ, സുരക്ഷിതമോ ആക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

         ദൈവത്തിന്‍റെ വചനം നിയമത്തിന്‍റെ പരിമിതിയെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു. മണ്ണില്‍നിന്ന് മെനഞ്ഞെടുക്കപ്പെട്ട മനുഷ്യനില്‍ (ഉല്‍പ. 2/7) ജഡം അധീശത്വം പുലര്‍ത്തി, അവന്‍റെ ചിന്തയും ഭാവനയും ദുഷിച്ച് അവന്‍ പാപത്തിനടിമയായപ്പോള്‍, പാപത്തെക്കുറിച്ച് ബോധ്യം ഉണ്ടാകാന്‍, മോശവഴി നിയമം നല്‍കപ്പെട്ടു (റോമാ 3/20). നിയമം പാപമല്ല. നിയമമില്ലായിരുന്നെങ്കില്‍ നുണവചനം നിറഞ്ഞിരിക്കുന്ന മനുഷ്യന്‍, പാപമെന്തെന്ന് അറിയുമായിരുന്നില്ല (റോമാ 7/7). ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ നിയമം നല്ലതുതന്നെ (1 തിമോ. 1/8). വിശ്വാസം ആവിര്‍ഭവിക്കുന്നതുവരെ മനുഷ്യന് കാവലായത് നിയമമാണ്. മനുഷ്യന്‍ നിയമത്തിന്‍റെ നിയന്ത്രണത്തിലുമായിരുന്നു. (ഗലാ. 3/23-25). എന്നാല്‍ നിയമം നല്‍കപ്പെട്ടത് നീതിമാന്‍മാര്‍ക്കുവേണ്ടിയല്ല, പാപികള്‍ക്കുവേണ്ടിയും, സത്യപ്രബോധനത്തിനു (ദൈവവചനത്തിന്) വിരുദ്ധമായ എല്ലാത്തിനുംവേണ്ടിയാണ് (1 തിമോ. 1/9, 10). വിശ്വാസം ആവിര്‍ഭവിക്കുന്നതുവരെ മാത്രമേ നിയമത്തിന് ആധിപത്യമുള്ളൂ.

        നിയമം അനുഷ്ടിക്കുന്നതുകൊണ്ട് ആരും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല (റോമാ 3/20). മനുഷ്യനെ ദൈവസന്നിധിയില്‍ നീതീകരിക്കുന്ന ജീവദായകനിയമം അവന് നല്‍പ്പെട്ടിരുന്നെങ്കിലും അവന്‍ അത് നഷ്ടപ്പെടുത്തി (പ്രഭാ. 17/11; ഗലാ. 3/21). നിത്യജീവന്‍റെയും പുതിയ ഭൂമിയിലെ സ്വര്‍ഗ്ഗീയ നഗരിയുടെയും വാഗ്ദാനം ദൈവം നല്‍കിയത് നിയമത്തിന്‍റെ അനുസരണത്തിന്‍റെ അടിസ്ഥാനത്തിലല്ല. എല്ലാ മനുഷ്യരും പാപികളായതിനാലും (ഗലാ. 3/22), മനുഷ്യന്‍ പാപം ചെയ്ത് ദൈവമഹത്വത്തിന് യോഗ്യരല്ലാതായിത്തീര്‍ന്നതിനാലും (റോമാ 3/23), പാപം അവരില്‍ കുടികൊള്ളുന്നതിനാലും നിയമാനുഷ്ഠാനത്തിലൂടെ മനുഷ്യന് നീതീകരണം ലഭിക്കുന്നില്ല. നിയമംവഴി അവസരം കണ്ടെത്തി പാപം എല്ലാവിധ മോഹങ്ങളും മനുഷ്യനില്‍ ജനിപ്പിച്ചു (റോമാ 7/8). അങ്ങനെ പാപം മനുഷ്യനെ ചതിക്കുകയും മരണം നല്‍കുകയും ചെയ്തു (റോമാ 7/11). പാപത്തിന്‍റെ ശക്തിയാണ് നിയമം (1 കോറി. 15/56). എന്നാല്‍ മരണംവരെ മാത്രമേ നിയമത്തിന് ഒരു വ്യക്തിയുടെമേല്‍ അധികാരമുള്ളു.

         എവിടെ നിയമമുണ്ടോ അവിടെ നിയമലംഘനവുമുണ്ട്. നിയമലംഘനം പാപമാണ്. പാപത്തിന്‍റെ ശിക്ഷ മരണമാണ്. എവിടെ നിയമമുണ്ടോ അവിടെ സാത്താനുമുണ്ട്. സാത്താനുണ്ടെങ്കില്‍ നിയമം ലംഘിക്കപ്പെടും, അവിടെ മരണവുമുണ്ടാകും. ഏദന്‍തോട്ടത്തില്‍ നിയമം നല്‍കപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍, സാത്താന് ആദിമാതാപിതാക്കളെക്കൊണ്ട് നിയമം ലംഘിപ്പിച്ച് പാപം ചെയ്യിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു വൃക്ഷത്തിന്‍റെ കനി ഭക്ഷിക്കരുതെന്ന നിയമമുണ്ടായിരുന്നതുകൊണ്ടാണ് സാത്താന് പ്രവേശിക്കാനും മനുഷ്യനെ വഴി തെറ്റിക്കാനും കഴിഞ്ഞത്. നിയമം നിയമലംഘനത്തിനും, നിയമലംഘനം ക്രോധത്തിനും കാരണമാകും.

         ക്ലാസ്സ്മുറിയില്‍ അദ്ധ്യാപകന്‍ കുട്ടികളെ ഭീക്ഷണിപ്പെടുത്താനായി വടി കൊണ്ടുവരുന്നു. ഈ വടി കണ്ടിട്ട് കുട്ടികള്‍ തെറ്റു ചെയ്യാതിരിക്കുന്നു. നല്ല കുട്ടികളാണെങ്കില്‍ വടി ആവശ്യമുണ്ടോ? കുട്ടികള്‍ വീട്ടില്‍നിന്ന് പണം മോഷ്ടിച്ചാല്‍ മാതാപിതാക്കള്‍ അവരെ ശിക്ഷിക്കുന്നു. പിന്നീട് അവര്‍ പണം മോഷ്ടിക്കാത്തത് ശിക്ഷയെ ഭയന്നിട്ടാണ്. എന്നാല്‍ അപ്പന്‍റെ മേശയിലിരിക്കുന്ന പണം തനിക്കുവേണ്ടിമാത്രമല്ല അപ്പന്‍റെ എല്ലാമക്കള്‍ക്കും വേണ്ടിയുള്ളതാണെന്നും അപ്പനെ സഹായിക്കാന്‍ തനിക്കു ബാധ്യതയുണ്ടെന്നും, താന്‍ സമ്പാദിക്കുന്നതുകൂടെ അതിനോടൊപ്പം വയ്ക്കണമെന്നും എപ്പോള്‍ കുട്ടി ചിന്തിക്കാന്‍ തുടങ്ങുന്നുവോ, അപ്പോള്‍മുതല്‍ പണപ്പെട്ടിക്ക് പൂട്ടിന്‍റെ ആവശ്യം ഇല്ലാതാകുന്നു. ശിക്ഷയെ ഭയന്നിട്ടാണ് പാപം ചെയ്യാതിരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നാം മരിക്കും. ദൈവപിതാവിനോടുള്ള സ്നേഹംകൊണ്ടാണ് പാപം ചെയ്യാതിരിക്കുന്നതെങ്കില്‍ നാം ജീവിക്കും. ശിക്ഷയെ ഭയന്നിട്ട് പാപം ചെയ്യാതിരിക്കുന്നതും, നിയമം ഉള്ളതുകൊണ്ട് പാപം ചെയ്യാതിരിക്കുന്നതും, പ്രതിഫലം കിട്ടാന്‍ പാപം ചെയ്യാതിരിക്കുന്നതും, സ്വയംമഹത്വത്തിനുവേണ്ടിയും പരസ്പരമഹത്വത്തിനുവേണ്ടിയും പാപം ചെയ്യാതിരിക്കുന്നതെമെല്ലാം നിയമത്തിന്‍റെ അനുഷ്ഠാനം മാത്രമാണ്.

        ദൈവമക്കള്‍ സ്വീകരിക്കുന്നതു മുഴുവന്‍ ദാനമായിരിക്കണമെന്ന് ദൈവപിതാവ് ആഗ്രഹിക്കുന്നു. (എഫേ. 2/8-9). ദാനമായിരിക്കണമെങ്കില്‍ അവിടെ നിയമം ഉണ്ടാകാന്‍ പാടില്ല. എന്തെങ്കിലും തിരികെ കിട്ടണമെന്നുള്ള വ്യവസ്ഥയുടെ പേരിലാണ് ദൈവപിതാവ് ദാനങ്ങള്‍ നല്‍കുന്നതെങ്കില്‍ വ്യവസ്ഥകള്‍ മക്കള്‍ക്ക് പാലിക്കാന്‍ കഴിയാതെവരുമ്പോള്‍ പിതാവും മക്കളും തമ്മില്‍ സ്നേഹത്തിനുപകരം ക്രോധമുണ്ടാകും. നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ദൈവപിതാവ് എന്തെങ്കിലും തരുന്നതെങ്കില്‍ മനുഷ്യന്‍ അവകാശവാദം ഉന്നയിക്കുകയും, ദൈവരാജ്യത്തില്‍ കലാപക്കൊടി ഉയരുകയും ചെയ്യുമായിരുന്നു. എവിടെ പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം സ്വീകരിക്കപ്പെടുന്നുവോ അവിടെ നിയമവുമുണ്ട്. എവിടെ നിയമമുണ്ടോ അവിടെ സാത്താനുമുണ്ട്. നീ, സത്പ്രവൃത്തികള്‍ ചെയ്താല്‍മതി രക്ഷപ്രാപിക്കും എന്നു കരുതുന്ന മറ്റൊരു വിഭാഗം മനുഷ്യരും ഇന്നുണ്ട്. സത്പ്രവൃത്തികള്‍ എന്തൊക്കെയാണ് എന്ന് മനുഷ്യന്‍തന്നെ തീരുമാനിക്കുകയും ചെയ്യുന്നു. തന്‍റെ തന്നെ ചിന്താഗതികള്‍ക്കും, ഈലോകത്തിന്‍റെ ദൃഷ്ടിയില്‍ ഉത്കൃഷ്ടങ്ങളായ മൂല്യങ്ങള്‍ക്കും, തന്‍റെ മോഹസങ്കല്‍പങ്ങള്‍ക്കും അഭിമതമായ പ്രവൃത്തികളെ സത്പ്രവൃത്തികള്‍ എന്ന് അവന്‍ വിളിക്കുന്നു. ഇവയൊക്കെ ചെയ്താല്‍ ദൈവസന്നിധിയില്‍ പ്രീതി നേടാമെന്ന് അവന്‍ വൃഥാ കരുതുന്നു.

         എന്നാല്‍ ലോകത്തിന് ഉത്കൃഷ്ടമായ ഇത്തരം പ്രവൃത്തികള്‍ ദൈവസന്നിധിയില്‍ നികൃഷ്ടമാണെന്നും (ലൂക്കാ. 16/15), അവയിലൂടെ ആരും ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ പ്രാപിക്കുന്നില്ലായെന്നും ദൈവവചനം മുന്നറിയിപ്പ് നല്‍കുന്നു. ഒരുവന്‍ ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നത് പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് (ഗലാ. 2/16; ഗലാ. 3/11). അത് ദൈവദാനമാണ് (എഫേ. 2/8-9). വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്‍റെ ഭോഷത്തം വഴി രക്ഷിക്കാനാണ് ദൈവപിതാവ് തിരുമനസ്സായത് (1 കോറി. 1/21).

         എന്നാല്‍, ഏകസത്യദൈവത്തിലോ അവിടുത്തെ സജീവവും സനാതനവും സത്യവുമായ ദൈവവചനത്തിലോ, ദൈവത്തിന്‍റെ വാഗ്ദാനങ്ങളിലോ മനുഷ്യന്‍ ഇന്ന് വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥ വിശ്വാസമെന്ത്? വിശ്വാസത്തിന്‍റെ ആവശ്യകത എന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ ബുദ്ധിജീവികള്‍ക്ക് അരോചകമായിരിക്കുന്നു. മാനുഷികതയെ കോരിത്തരിപ്പിക്കുന്ന, മനുഷ്യനെ ദൈവസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന പ്രത്യയശാസ്ത്രങ്ങളും സാംസ്കാരിക സാഹിത്യ ചിന്തകളും ഇന്ന് പ്രബുദ്ധതയുടെ മുഖമുദ്രയായിരിക്കുന്നു. മാനുഷികനിയമങ്ങള്‍ അനുസരിച്ച്, മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ദൈവികമായ നുകം പൊട്ടിച്ചെറിയാന്‍ ശാസ്ത്രസാങ്കേതികവിദ്യകള്‍ നല്‍കുന്ന ശക്തിയാല്‍ ഉന്‍മത്തനായ മനുഷ്യന്‍ വെമ്പല്‍ കൊള്ളുന്നു. ദൈവത്തിന്‍റെ വാഗ്ദാനങ്ങളെ ബാലിശങ്ങളായ അക്കരപ്പച്ചകളായും, കാലഹരണപ്പെട്ട ചിന്താഗതിയുടെ ബാക്കിപത്രങ്ങളായും, ജീവിതവേദനകളില്‍ നിന്നൊളിച്ചോടാന്‍ മനുഷ്യന്‍ വൃഥാ സ്വപ്നം കാണുന്ന മരീചികകളായും, മനുഷ്യമനസ്സിന്‍റെ അഗാധതലങ്ങളുടെ അതിരുവിട്ട കുതിച്ചുപായലായും ഇന്ന് മനുഷ്യന്‍ ചവിട്ടിത്താഴ്ത്തിയിരിക്കുന്നു.

        എന്നാല്‍, വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് (ഹെബ്രാ. 11/1-3). അതായത്, ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം.  ഒരുവന്‍ ഈ വിശ്വാസത്താല്‍ സകലനിയമങ്ങളെയും അതിജീവിക്കുകയും വിശ്വാസത്തിന്‍റെ പ്രവൃത്തികള്‍ പുറപ്പെടുവിക്കുകയും ചെയ്യുമ്പോഴാണ് അവന്‍ വാഗ്ദാനങ്ങള്‍ പ്രാപിക്കാന്‍ യോഗ്യനാകുന്നത്.

Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us