അന്ത്യകാലത്തു പ്രസംഗിക്കപ്പെടുന്ന സുവിശേഷം

അന്ത്യകാലത്തു പ്രസംഗിക്കപ്പെടുന്ന സുവിശേഷം

ഇതാ അവസാനകാലത്ത് മാത്രം ഈ ലോകത്തുമുഴങ്ങുന്ന ഈ രാജ്യത്തിന്‍റെ സുവിശേഷം ഇതാ പ്രസംഗിക്കപ്പെടുന്നു. യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിന്‍റെയും യുഗാന്ത്യത്തിന്‍റെയും ദൈവത്തിന്‍റെ പ്രതികാരദിനത്തിന്‍റെയും ദൈവരാജ്യസ്ഥാപനത്തിന്‍റെയും പ്രഘോഷണമാണ് ഈ സുവിശേഷം.


Content: താന്‍ പഠിപ്പിച്ചതെല്ലാം അനുസരിക്കാന്‍ സകലജനതകളെയും പഠിപ്പിക്കാന്‍ യേശുക്രിസ്തു തന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് അപ്പസ്തോലന്‍മാരെ ചുമതലപ്പെടുത്തി (മത്താ. 28:19-20). കഴിഞ്ഞ 2000 വര്‍ഷങ്ങളായി അപ്പസ്തോലന്‍മാരിലൂടെ ലഭിച്ച സുവിശേഷം ഈ ലോകത്ത് സകലജനതകളുടെയും മാനസാന്തരത്തിനായി പ്രസംഗിക്കപ്പെട്ടു. എന്നാല്‍, യേശുക്രിസ്തു ഇപ്രകാരം പ്രവചിച്ചതായി മത്തായി 24:14ല്‍ എഴുതപ്പെട്ടിരിക്കുന്നു.


എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്‍റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും (മത്താ. 24 : 14).


അതായത്, ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെട്ടാല്‍ യുഗാന്ത്യമാകും എന്നാണ് യേശുക്രിസ്തു പ്രസ്താവിച്ചത്. ഇതുവരെ ഒരു സുവിശേഷം പ്രസംഗിക്കപ്പെട്ടു. എന്നാല്‍ യുഗാന്ത്യം സംഭവിച്ചില്ല. അപ്പോള്‍ ഏതാണ് ഈ സുവിശേഷം? ഇത് മത്തായി 24ല്‍ പ്രതിപാദിച്ചിരിക്കുന്ന സുവിശേഷമാണെന്നു വ്യക്തമാണ്. യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിന്‍റെയും യുഗാന്ത്യത്തിന്‍റെയും ദൈവത്തിന്‍റെ പ്രതികാരദിനത്തിന്‍റെയും ദൈവരാജ്യസ്ഥാപനത്തിന്‍റെയും പ്രഘോഷണമാണ് ഈ സുവിശേഷം. ഏതാണീ രാജ്യം? ശക്തിയോടെ പ്രത്യക്ഷമായ അടയാളങ്ങളോടെ ഇറങ്ങിവരുന്ന ദൈവരാജ്യമാണിത്. യേശുക്രിസ്തു വീണ്ടും വരുന്നത് പാപികളെ ശിക്ഷിക്കാനും, ഭൂമിയെ ശൂന്യമാക്കാനും തന്നെ കാത്തിരിക്കുന്ന നീതിമാന്‍മാരെ രക്ഷിക്കാനുമാണ് (ഹെബ്രാ. 9:28). അവസാനകാലത്തു മാത്രം വെളിപ്പെടുത്താനായി ദൈവം തയ്യാറാക്കിയിരുന്ന ഒരു രക്ഷയുണ്ടെന്നും, യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍മാത്രം ദൈവമക്കള്‍ക്ക് ലഭിക്കുന്ന ഒരു പ്രത്യേക കൃപയുണ്ടെന്നും 2000 വര്‍ഷംമുമ്പ് പരിശുദ്ധാത്മാവ് പത്രോസിലൂടെ പ്രഖ്യാപിച്ചു (1 പത്രോ. 1:5,13). അതിനാല്‍ ദൈവമക്കളെ സംബന്ധിച്ചിടത്തോളം വീണ്ടും വരുന്ന ദൈവപുത്രന്‍ നല്‍കുന്നത് നിത്യരക്ഷയുടെ സദ്വാര്‍ത്തയാണ്.


രാജ്യത്തിന്‍റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടുമെന്നും വചനം വ്യക്തമാക്കുന്നു. തന്‍റെ രണ്ടാം വരവില്‍ തന്നെ സ്വീകരിക്കുന്നവര്‍ക്കെല്ലാം തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ ദൈവപുത്രന്‍ കഴിവു നല്‍കുമെന്നാണ് വചനം പ്രവചിച്ചിരിക്കുന്നത് (യോഹ. 1:12). വീണ്ടും വരുന്ന ദൈവപുത്രനില്‍ വിശ്വസിക്കണമെങ്കില്‍ ആരെങ്കിലും പ്രസംഗിക്കുകയും പ്രസംഗിക്കണമെങ്കില്‍ ആരെങ്കിലും ദൈവത്താല്‍ അയയ്ക്കപ്പെടുകയും വേണം. കാരണം, കേള്‍വിയില്‍ നിന്നാണ് വിശ്വാസം ഉണ്ടാവുക (റോമാ 10:14-17). ദൈവമായ കര്‍ത്താവ് തന്‍റെ ദാസരായ പ്രവാചകര്‍ക്കു തന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ലെന്ന് ദൈവവചനം പ്രഖ്യാപിക്കുന്നു (ആമോ. 3:7). അപ്പോള്‍ ദൈവം അയയ്ക്കുന്ന ഈ ദൂതന്‍ ഈ രക്ഷയെക്കുറിച്ചു നടത്തുന്ന പ്രഘോഷണം ലോകമെങ്ങും എത്തുന്നതാണ് മത്തായി 24:14 ല്‍ പ്രതിപാദിച്ചിരിക്കുന്ന രാജ്യത്തിന്‍റെ ഈ സുവിശേഷം.


സകലജനതകളുടെയും സാക്ഷ്യത്തിനായി ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടണമെന്നത് ദൈവനീതിയാണ്. വ്യക്തവും സമയോചിതവുമായ മുന്നറിയിപ്പ് നല്‍കിയതിനുശേഷംമാത്രമേ ദൈവം ലോകത്തെ ശിക്ഷിക്കുകയുള്ളൂ. കാരണം, ദൈവം നീതിമാനാണ്.  അതിനാല്‍ ഈ സുവിശേഷം ദൈവമക്കള്‍ ദൈവത്തിലേയ്ക്കു തിരിച്ചുവരാനുള്ള കാഹളധ്വനിയാണ്.


ഇതാ അവസാനകാലത്ത് മാത്രം ഈ ലോകത്തുമുഴങ്ങുന്ന ഈ രാജ്യത്തിന്‍റെ സുവിശേഷം ഇതാ പ്രസംഗിക്കപ്പെടുന്നു. ദൈവത്തില്‍നിന്ന് വിവേചനാവരം ലഭിക്കുന്നവര്‍ക്ക് ഈ സുവിശേഷം - ഈ പ്രബോധനം - ദൈവത്തില്‍നിന്നോ അതോ മനുഷ്യരില്‍നിന്നോ എന്നു തിരിച്ചറിയാന്‍ സാധിക്കും. ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുണ്ടെന്ന് ദൈവം അംഗീകരിക്കുന്നവര്‍ക്കുമാത്രമേ ഈ വരം ലഭിക്കുകയുള്ളൂ (യോഹ. 7:16-17). ചെവിയുള്ളവന്‍ കേള്‍ക്കുവാനായി ഈ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.





























Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us