മൂന്നാം ദൈവരാജ്യത്തിന്റെ സദ്‌വാര്‍ത്ത

കാലത്തിന്‍റെ സമാപ്തിയില്‍ അഥവാ അന്ത്യകാലത്തു പ്രഘോഷിക്കപ്പെടുന്ന സദ്വാര്‍ത്തയാണ് രാജ്യത്തിന്‍റെ ഈ സുവിശേഷം. ഇത് മൂന്നാം ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്തയാണ്.

മൂന്നാം ദൈവരാജ്യത്തിന്റെ സദ്‌വാര്‍ത്ത

സര്‍വ്വശക്തനും സകലത്തിന്‍റെയും നാഥനുമായ ദൈവപിതാവിന്‍റെ തിരുവിഷ്ടം സന്തോഷത്തോടെ പൂര്‍ണ്ണമായും അനുസരിക്കപ്പെടുന്ന സംവിധാനമാണ് ദൈവരാജ്യം. ദൈവരാജ്യത്തില്‍ മക്കളോടൊത്ത് എന്നേക്കും ജീവിക്കുകയെന്നതാണ് ദൈവപിതാവിന്‍റെ സ്വപ്നം. ദൈവപുത്രന്‍ യേശുക്രിസ്തുവിനെ അവിടുന്ന് ഏല്‍പിച്ച ദൗത്യം ഈ ദൈവരാജ്യസ്ഥാപനമാണ്.


ദൈവപിതാവ് മക്കള്‍ക്കു ജന്‍മം നല്‍കിയപ്പോള്‍മുതല്‍ അവിടുത്തെ അഭിലാഷമാണ് അവിടുത്തെ നീതിയും സ്നേഹവും പുലരുന്ന, അവിടുത്തെ വചനത്താല്‍ ഭരിക്കപ്പെടുന്ന ദൈവരാജ്യം. ഈ ദൈവരാജ്യത്തിലേക്ക് ദൈവമക്കളെ തിരികെയെത്തിക്കുന്ന പദ്ധതിയാണ് ദൈവപിതാവ് ആവിഷ്കരിച്ചത് (ജറെ. 29/11-14). നിയമത്തെയും പ്രവാചകന്‍മാരെയും നല്‍കി അതിനായി അവിടുന്ന് ഒരു ജനത്തെ വേര്‍തിരിക്കുകയും ഒരുക്കുകയും ചെയ്തു.


ദൈവപുത്രനായ യേശുക്രിസ്തുവിനെ അയച്ച് ദൈവപിതാവ് ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുകയും, ദൈവരാജ്യത്തിന്‍റെ പ്രവൃത്തികള്‍ കാണിച്ചുകൊടുക്കുകയും (മത്താ. 11/3-6) ചെയ്തു. എന്നാല്‍, ഈ ദൈവരാജ്യത്തിനു മൂന്നുതലങ്ങളുണ്ട്. അഥവാ, മൂന്നു ദൈവരാജ്യങ്ങളെക്കുറിച്ച് യേശുക്രിസ്തു പഠിപ്പിച്ചു. മൂന്നു ദൈവരാജ്യങ്ങള്‍ യഥാകാലം സ്ഥാപിക്കപ്പെടുന്നു. ഒരു വ്യക്തിയില്‍ അവന്‍റെ ആത്മാവിനെതിരായി പൊരുതിക്കൊണ്ടിരിക്കുന്ന ജഡനിയമങ്ങളെ പരിശുദ്ധാത്മശക്തിയാല്‍ കീഴ്പെടുത്തി ദൈവാത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന അവസ്ഥയാണ് ഒന്നാം ദൈവരാജ്യം. ആദ്യപന്തക്കുസ്തായില്‍ യേശുക്രിസ്തുവിലുള്ള വിശ്വാസംമൂലം പരിശുദ്ധാത്മാവിനെ ലഭിച്ചപ്പോള്‍മുതല്‍ ഈ ദൈവരാജ്യം സ്ഥാപിതമായി.


പറുദീസയാണ് രണ്ടാം ദൈവരാജ്യം. പിതാവും പുത്രനും പരിശുദ്ധാത്മാവും പരിശുദ്ധജ്ഞാനവും വസിക്കുന്നിടമല്ല പറുദീസ. മറിച്ച്, വിശ്വാസത്തിലും വിശുദ്ധിയിലും മരിച്ചവര്‍ ആയിരിക്കുന്നിടമാണത്. യേശുക്രിസ്തുവിന്‍റെ കുരിശുമരണയുത്ഥാനത്തിനുശേഷമാണ് ഈ ദൈവരാജ്യത്തില്‍ പ്രവേശനം സാധ്യമായത് (ഹെബ്രാ. 10/19-20). യേശുക്രിസ്തുവിന്‍റെ പാതാളസന്ദര്‍ശനത്തില്‍, സാത്താന്‍റെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചവരും ഈ ഗണത്തിലുണ്ട് (എഫേ. 4/8-9). ഇതുവരെ ഒന്നാം ദൈവരാജ്യത്തിലായിരിക്കുമ്പോള്‍, അതായത് വിശുദ്ധിയോടെ മരിച്ചവര്‍ ചെന്നുപ്രവേശിച്ചതാണ് രണ്ടാം ദൈവരാജ്യം (മര്‍ക്കോ. 9/47-48).


എന്നാല്‍, ശക്തിയോടെ സമാഗതമാകുന്ന, പ്രത്യക്ഷമായ അടയാളങ്ങളോടെ വരുന്ന ഒരു ദൈവരാജ്യത്തെക്കുറിച്ച് യേശുക്രിസ്തു പഠിപ്പിച്ചു (മര്‍ക്കോ. 9/1). ഇതാണ് മൂന്നാം ദൈവരാജ്യം. അത് ഈ ഭൂമിയിലേക്ക് ഇറങ്ങിവരികയും ഇവിടെ സ്ഥാപിക്കപ്പെടുകയും ചെയ്യും (വെളി. 21/1-2). ഈ ദൈവരാജ്യം വരണമേയെന്ന് പ്രാര്‍ത്ഥിക്കാനാണ് യേശുക്രിസ്തു ശിഷ്യന്‍മാരെ ആഹ്വാനം ചെയ്തത്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ദൈവജനം കഴിഞ്ഞ 20 നൂറ്റാണ്ടുകളായി ഈ ദൈവരാജ്യം വരണമേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍, അവന്‍ ദൈവമക്കളെ ഭരിക്കുമ്പോള്‍ ഈ ഭൂമിയില്‍ സംജതമാകുന്നതാണ് ഈ ദൈവരാജ്യം. ഈ രാജ്യം പുതിയ ഭൂമിയില്‍ സര്‍വ്വമഹത്വത്തോടുംകൂടെ എന്നേക്കും നിലനില്‍ക്കും.


സര്‍വ്വമനുഷ്യരും സകലസൃഷ്ടികളും ദൈവവചനത്താല്‍ ഭരിക്കപ്പെടുന്ന അവസ്ഥയാണ് ഈ ദൈവരാജ്യം. പറുദീസയില്‍ പാപം ചെയ്യുന്നതിനുമുമ്പ് ദൈവവചനമായിരുന്നു മനുഷ്യനെയും അവരിലൂടെ സകലസൃഷ്ടികളെയും ഭിരച്ചിരുന്നത്. ഈ ദൈവവചനഭരണം പുനഃസ്ഥാപിക്കാനായി ദൈവപുത്രന്‍ യേശുക്രിസ്തു (ഇമ്മാനുഏല്‍) മഹത്വത്തോടെ പ്രത്യാഗമനം ചെയ്യുവാന്‍പോകുന്നു. ഇതാ, സകലജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ടു ഭരിക്കാന്‍ ദൈവപുത്രന്‍ വരുന്നുവെന്ന സദ്വാര്‍ത്ത ഇപ്പോള്‍ പ്രസംഗിക്കപ്പെടുന്നു (ഏശ. 40/9-10, വെളി. 12/1, 5). ദൈവവചനത്താലും ജ്ഞാനത്താലും നിറഞ്ഞ് വചനത്താല്‍ ഭരിക്കപ്പെടുന്നവരുടെ ദുര്‍ബ്ബലശരീരങ്ങളെ തന്‍റെ മഹത്വമുള്ള ശരീരംപോലെ യേശുക്രിസ്തു (ഇമ്മാനുഏല്‍) രൂപാന്തരപ്പെടുത്തും (ഫിലി. 3/20-21). പാപികളെയും സാത്താനു സ്വന്തമായുള്ളവരെയും അവന്‍ ശിക്ഷിക്കും (ഏശ. 63/1-6). അങ്ങനെ ദൈവനീതി അവിടുന്ന് വിശ്വസ്തതയോടെ പൂര്‍ത്തിയാക്കും (ഏശ. 42/2-4, 2 കോറി. 5/10).



താന്‍ ഈലോകത്തിന്‍റേതല്ല എന്നു യേശുക്രിസ്തു പ്രഖ്യാപിച്ചു (യോഹ. 8/24). അവിടുന്ന് ലോകത്തില്‍നിന്നു തിരഞ്ഞെടുത്ത അവിടുത്തെ ഗണവും ഈ ലോകത്തിന്‍റേതല്ല (യോഹ. 15/18-19). ഈ ലോകത്തിന് ഉത്കൃഷ്ടമായത് ദൈവത്തിനു നികൃഷ്ടമാണെന്നും (ലൂക്കാ 16/15), ലോകത്തിന്‍റെ മിത്രമാകാന്‍ ഇച്ഛിക്കുന്നവന്‍ തന്നത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നവെന്നും (യാക്കോ. 4/4) ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. ഈ ലോകത്തെയോ, ലോകവസ്തുക്കളെയോ സ്നേഹിക്കുന്നവനില്‍ ദൈവസ്നേഹം കുടികൊള്ളുന്നില്ല എന്ന് പരിശുദ്ധാത്മാവ് നമുക്കു മുന്നറിയിപ്പു തരുന്നു (1 യോഹ. 2/15-17). മനുഷ്യജീവിതം ഈ ലോകത്തിലെ സമ്പത്തുകൊണ്ടല്ല ധന്യമാകുന്നതെന്നും (ലൂക്കാ 12/14-15) ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്ത് ശേഖരിച്ചുവയ്ക്കുന്നവന്‍ ഏറ്റവും വലിയ ഭോഷനാണെന്നും (ലൂക്കാ 12/20-21) അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ യഥാര്‍ത്ഥ നിക്ഷേപം സൂക്ഷിക്കാനും (മത്താ. 6/19-20) യേശുക്രിസ്തു പഠിപ്പിച്ചു. മത്രമല്ല, തന്‍റെ ജനനത്തിലൂടെയും, ജീവിതത്തിലൂടെയും, മരണത്തിലൂടെയും അവിടുന്ന് ഈ ലോകരാജ്യത്തെ വെല്ലുവിളിച്ച് അതിനെ ജയിച്ചു (യോഹ. 16/33). പറുദീസയില്‍ ആദത്തിനും മനുഷ്യകുലത്തിനു മുഴുവനും ദൈവപിതാവ് നല്‍കിയ കല്‍പനയും അനുഗ്രഹവുമായിരുന്നു ഭൂമിയെയും ലോകത്തെയും കീഴടക്കുകയെന്നത് (ഉല്‍പ. 1/28).


എന്നാല്‍, ദൈവപിതാവ് മക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതും മനുഷ്യമനസ്സ് ഗ്രഹിച്ചിട്ടില്ലാത്തതുമായവയിലേക്ക് (1 കോറി. 2/9) ലക്ഷ്യം വയ്ക്കാതെ നശ്വരവും ക്ഷണികവുമായ ഈ ലോകത്തില്‍ സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ ദൈവമക്കള്‍ എപ്പോഴൊക്കെ ശ്രമിച്ചുവോ, അപ്പോഴൊക്കെ ദൈവപിതാവ് അതു തകര്‍ത്തുകളഞ്ഞു. ഇങ്ങനെ ദൈവത്തോടു മറുതലിച്ച് മനുഷ്യര്‍ തീര്‍ത്തവയാണ് ഷീനാര്‍സമതലത്തില്‍ ഉയര്‍ത്തിയ ബാബേല്‍സംസ്കാരംമുതല്‍ ഇന്ന് മനുഷ്യര്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ഏകലോക ഉപഭോക്തൃ-ഭൗതിക-ജഡിക സാമ്രാജ്യംവരെ. ഇവയ്ക്കെല്ലാം നാശമാണ് അന്ത്യം.


ദൈവം സഭ സ്ഥാപിച്ചത് ഈ ദൈവരാജ്യം സ്ഥാപിക്കാനുള്ള ഒരുക്കമായാണ്. ദൈവപിതാവ് യേശുക്രിസ്തുവിനെ (ഇമ്മാനുഏലിനെ) അയച്ചതുപോലെതന്നെയാണ് യേശുക്രിസ്തു തന്‍റെ ശിഷ്യരെയും അയച്ചത് (യോഹ. 20/21). അതായത് സ്വന്തം കുരിശെടുത്ത് ലോകത്തെ കീഴടക്കിക്കൊണ്ട് ദൈവരാജ്യത്തിനു സാക്ഷികളാകാനും ദൈവരാജ്യത്തിനുവേണ്ടി ജനത്തെ ഒരുക്കാനും അപ്പസ്തോലന്‍മാര്‍ അദ്ധ്വാനിക്കണം. കാരണം, അതിനുവേണ്ടിയാണ് ദൈവപിതാവ് അദ്ധ്വാനിക്കുന്നതും (ഏശ. 64/4) പുത്രന്‍ അദ്ധ്വാനിക്കുന്നതും (യോഹ. 5/17) പരിശുദ്ധ അമ്മ അദ്ധ്വാനിക്കുന്നതും (ജ്ഞാനം 9/10) പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നതും (1 കോറി. 12/4-7). ദൈവപിതാവിന്‍റെ ഹിതം പൂര്‍ത്തിയാക്കാന്‍, ദൈവവചനത്തിന്‍റെ അനുസരണത്തിനായി ഈ ലോകത്തില്‍നിന്ന് വേര്‍തിരിക്കപ്പെടുന്ന സമൂഹമാണ് സഭ.


എന്നാല്‍ സഭകള്‍ കാലക്രമേണ ഈ ലോകത്തില്‍ ഒരു സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ അദ്ധ്വാനിക്കാന്‍ തുടങ്ങി. ദൈവരാജ്യത്തെക്കുറിച്ചോ, നിത്യജീവനെക്കുറിച്ചോ ഇന്ന് സഭാപണ്ഡിതര്‍ പഠിപ്പിക്കുന്നില്ല. അത് ലഭിക്കാന്‍ ജനത്തെ അവര്‍ ഒരുക്കുന്നില്ലെന്നു മാത്രമല്ല, ജനം ഒരിക്കലും അത് നേടാതിരിക്കാനുള്ള എല്ലാ പദ്ധതികളും അവര്‍ നടപ്പിലാക്കുന്നു. ഈ ലോകരാജ്യത്തില്‍ ദൈവജനത്തെ തളച്ചിടുന്ന പരിപാടികളും സ്ഥാപനങ്ങളുമാണ് സഭകള്‍ ഇന്നു നടത്തുന്നത്. ഇവ ചെയ്യാന്‍ കര്‍ത്താവ് അവരോട് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ അത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതുകൊണ്ട് ദൈവത്തിനോ ദൈവരാജ്യത്തിനോ ഒരു നേട്ടവുമില്ല ഏന്നു മാത്രമല്ല, അത് ദൈവത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവുമായിത്തീരുന്നു. ഇത്തരം പ്രവൃത്തികളും യേശുക്രിസ്തു അവര്‍ക്കു നല്‍കിയ ഉത്തരവാദിത്വങ്ങളും (മത്താ. 28/19-20) തമ്മില്‍ ഒരു പൊരുത്തവുമില്ല. ഈ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളാരും വരാനിരിക്കുന്ന ലോകത്തിലെ നിത്യജീവനെക്കുറിച്ചോ, അവിടേക്കു കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന യേശുക്രിസ്തുവിനെക്കുറിച്ചോ, ദൈവരാജ്യത്തെക്കുറിച്ചോ കേട്ടിട്ടില്ല, കേള്‍ക്കില്ല.


ഈ ലോക ജീവിതത്തിനുവേണ്ടിമാത്രമാണ് ഇന്ന് സഭകള്‍ യേശുക്രിസ്തുവില്‍ പ്രത്യാശവച്ചിരിക്കുന്നത്. എന്നാല്‍ ഈ ലോകജീവിതത്തിനുവേണ്ടിമാത്രം യേശുക്രിസ്തുവില്‍ പ്രത്യാശവച്ചിട്ടുള്ളവര്‍ മറ്റെല്ലാ ജനതകളെക്കാളും നിര്‍ഭാഗ്യവാന്‍മാരാണെന്ന് ദൈവവചനം വ്യക്തമാക്കുന്നു (1 കോറി. 15/19). ദൈവവചനം നിര്‍ഭാഗ്യം എന്നുവിളിക്കുന്നത് നിത്യമായ നിര്‍ഭാഗ്യമാണ്. ദൈവം സംവിധാനം ചെയ്തതും, അടിസ്ഥാനമുറപ്പിച്ചതും, നിര്‍മ്മിച്ചതുമായ സ്വര്‍ഗ്ഗീയനഗരത്തെക്കുറിച്ചോ (ഹെബ്രാ. 11/10) അവിടെയെത്താന്‍വേണ്ട ഒരുക്കങ്ങളെക്കുറിച്ചോ സഭകള്‍ ഇന്ന് പഠിപ്പിക്കുന്നില്ല. അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ കൂട്ടുന്നതിനുപകരം ഈ ലോകത്തില്‍ നിക്ഷേപങ്ങള്‍ കൂട്ടുന്ന ഒരു ജനത്തെ അവര്‍ വാര്‍ത്തെടുത്തു (മത്താ. 6/19-21). ഇന്ന് ജനത്തിന്‍റെ ഹൃദയം ഈ ഭൂമിയിലുള്ളവയിലാണ്. ഉന്നതത്തിലുള്ളവയെ അന്വേഷിക്കാതെ അവര്‍ ഭൂമിയിലുള്ള വസ്തുക്കളില്‍ ശ്രദ്ധിക്കുന്നു (കൊളോ. 3/1-2).


അപ്പസ്തോലന്‍മാര്‍ പുനരുത്ഥാനത്തെക്കുറിച്ച് നിരന്തരമായി സംസാരിച്ചു. അവരുടെ ജ്വലനം എന്തായിരുന്നുവെന്ന് പരിശുദ്ധ ബൈബിളിലെ ലേഖനങ്ങളില്‍ വ്യക്തമാകുന്നു. യേശുക്രിസ്തുവിന്‍റെ ആഗമനത്തിനു മുമ്പുള്ളവര്‍ മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കാന്‍വേണ്ടി പീഡകളില്‍നിന്ന് പിന്‍മാറിയില്ല. മക്കബായരുടെ പുസ്തകത്തിലെ ഒരമ്മയും ഏഴുമക്കളും വീരമൃത്യു ഏറ്റുവാങ്ങുന്നത് പുനരുത്ഥാനത്തിന്‍റെ പ്രത്യാശയിലാണ്. ലാസറിനെ ഉയിര്‍പ്പിച്ച അവസരത്തില്‍ അന്ത്യനാളുകളില്‍ സംഭവിക്കാനിരിക്കുന്ന പുനരുത്ഥാനത്തെ മര്‍ത്താ ഏറ്റുപറയുന്നു. ദൈവം ഒരു കാലഘട്ടത്തിലൂടെ പുനരുത്ഥാനത്തെക്കുറിച്ച് പഠിപ്പിച്ചു എന്നതിന്‍റെ തെളിവാണിതെല്ലാം. രൂപാന്തരീകരണത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് യേശുക്രിസ്തുവിലൂടെ മാത്രമാണ് ദൈവജനത്തിനു കിട്ടിയത്. താബോറിലെ രൂപാന്തരീകരണം (മത്താ. 17/1-2) ദൈവമക്കള്‍ അന്ത്യനാളുകളില്‍ സ്വീകരിക്കാനിരിക്കുന്ന രൂപാന്തരീകരണത്തിന്‍റെ ദൃശ്യാവിഷ്കാരമായിരുന്നു. എന്നാല്‍ ലൗകികവിജ്ഞാനത്താല്‍ മത്തുപിടിച്ച അനേകം സഭാപണ്ഡിതര്‍ക്ക് ഇതെല്ലാം പുസ്തകത്താളിലെ പഴങ്കഥകള്‍മാത്രം.


ഒന്നും രണ്ടും ദൈവരാജ്യങ്ങളുടെ സുവിശേഷം ലോകംമുഴുവന്‍, അതായത് അത് എത്തേണ്ടയിടത്തെല്ലാം എത്തിക്കഴിഞ്ഞു (കൊളോ. 1/23). എന്നാല്‍ മത്തായി 24/14 ല്‍ എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്‍റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പടും, അതിനുശേഷം അന്ത്യം ആഗതമാകും എന്ന് എഴുതപ്പെട്ടിരിക്കുന്നു. മത്തായി 24 -ാം അദ്ധ്യായം മുഴുവന്‍ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തെക്കുറിച്ചും യുഗാന്ത്യത്തെക്കുറിച്ചുമാണ്. അതായത്, കാലത്തിന്‍റെ സമാപ്തിയില്‍ അഥവാ അന്ത്യകാലത്തു പ്രഘോഷിക്കപ്പെടുന്ന സദ്വാര്‍ത്തയാണ് രാജ്യത്തിന്‍റെ ഈ സുവിശേഷം. ഇത് മൂന്നാം ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്തയാണ്. ഇത് യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തിന്‍റെയും, അവിടുത്തെ ഭരണത്തിന്‍റെയും, അവിടുന്ന് നല്‍കാനിരിക്കുന്ന രക്ഷയുടെയും, അവിടുന്ന് നടത്തുന്ന ന്യായവിധിയുടെയും പ്രഘോഷണമായ സദ്വാര്‍ത്തയാണ്.  ഇതാ ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടുത്ത മുമ്പിലുണ്ട്; അവിടുത്തെ നാം നേരിട്ടുകാണും എന്നതാണ് മൂന്നാം ദൈവരാജ്യത്തിന്‍റെ ഈ സദ്വാര്‍ത്ത (ഏശ. 40/9-10, ഏശ. 52/7-8). രക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് രക്ഷയും മറ്റുള്ളവര്‍ക്കു ശിക്ഷയും പ്രദാനംചെയ്യുന്ന സുവിശേഷമാണ് മൂന്നാം ദൈവരാജ്യത്തിന്‍റെ സുവിശേഷം.


ഇതാ, മൂന്നാം ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത പ്രസംഗിക്കപ്പെടുന്നു. ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങളറിയാന്‍ വരംലഭിച്ചിട്ടുള്ളവര്‍മാത്രമേ ഇതു ഗ്രഹിക്കൂ (മര്‍ക്കോ. 4/10-12). ജനങ്ങള്‍ അങ്ങുമിങ്ങും ഓടിനടക്കുമെങ്കിലും അറിവു വര്‍ദ്ധിക്കുമെങ്കിലും, ജ്ഞാനമുണ്ടെങ്കില്‍ മാത്രമേ ഈ സദ്വാര്‍ത്ത ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. തെരഞ്ഞെടുപ്പുണ്ടെങ്കില്‍ മാത്രമേ ഇതു സ്വീകരിക്കാന്‍ കഴിയുകയുള്ളൂ (ദാനി. 12/4, 8-10).


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us