കാലത്തിന്റെ അടയാളങ്ങളും മൂന്നാം ദൈവരാജ്യത്തിന്റെ ആഗമനവും

അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍

കാലത്തിന്റെ അടയാളങ്ങളും മൂന്നാം ദൈവരാജ്യത്തിന്റെ ആഗമനവും

: 2000 വര്‍ഷംമുമ്പ് ദൈവപുത്രന്‍ യേശുക്രിസ്തു പ്രവചിച്ചു:


അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍ (ലൂക്കാ 21:31).


ഏതു കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍? യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിന്‍റെ അടയാളങ്ങളും യുഗാന്ത്യത്തിന്‍റെ അടയാളങ്ങളും സംഭവിക്കുന്നതു കാണുമ്പോള്‍ ഒരു ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് ദൈവജനം അറിയണമെന്നാണ് യേശുക്രിസ്തു കൽപിച്ചത്.


ഇതില്‍നിന്നും പലകാര്യങ്ങള്‍ വ്യക്തമാണ്: ഈ ദൈവരാജ്യം ഇറങ്ങി വരുന്ന ഒരു ദൈവരാജ്യമാണ്. ഈ ദൈവരാജ്യം വരുന്ന സമയമാകുമ്പോള്‍ അടയാളങ്ങള്‍ കാണാം. ഈ അടയാളങ്ങള്‍ ദൈവപുത്രന്‍ യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിന്‍റെയും അവന്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന ന്യായവിധിയുടെയും ഈ ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കുന്ന യുഗാന്ത്യത്തിന്‍റെയും അടയാളങ്ങളാണ്. ഇതില്‍നിന്നും, ഈ ദൈവരാജ്യം വരുന്നത് യുഗാന്ത്യത്തില്‍ അഥവാ ദൈവപുത്രന്‍ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തിലാണെന്ന് വ്യക്തം. (മത്താ. 24:33, ലൂക്കാ 21:25-33, മത്താ. 25:31-46). അതിനാല്‍, കാലത്തിന്‍റെ അടയാളങ്ങള്‍ കണ്ട് ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടത് ഈ ഭൂമിയില്‍ ജീവിക്കുന്ന അവസാന തലമുറയാണ്. 

‘’സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല’’ (ലൂക്കാ 21:32).


ഈ ദൈവരാജ്യം രഹസ്യമാണെന്നും അവ അവസാനകാലംവരെ ദൈവവചനത്തില്‍ മുദ്രിതമായിരിക്കുമെന്നും ദൈവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. (മര്‍ക്കോ. 4:10-12, ദാനി. 12:8-10). 

അപ്പോള്‍, കഴിഞ്ഞ 2000 വര്‍ഷമായി ഈ ലോകത്തു പ്രസംഗിക്കപ്പെട്ടത് ഏതു ദൈവരാജ്യത്തെക്കുറിച്ചാണ്?

ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ സ്ഥാപിക്കപ്പെടുന്ന ദൈവരാജ്യത്തെക്കുറിച്ചും, മരണശേഷം ഒരു വിശ്വാസി ചെന്നു പ്രവേശിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുമാണ് ഇതുവരെ പ്രസംഗിക്കപ്പെട്ടത്. പ്രത്യക്ഷമായ അടയാളങ്ങളോടെ ഇറങ്ങിവരുമെന്ന് ദൈവവചനം പ്രവചിച്ചിരിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചല്ല ഇതുവരെ പ്രസംഗിക്കപ്പെട്ടത്.


യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തെക്കുറിച്ചും, യുഗാന്ത്യത്തെക്കുറിച്ചും ഇറങ്ങിവരുന്ന ദൈവരാജ്യത്തെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്ന ദൈവവചനങ്ങളുടെ മുദ്രകള്‍ തുറന്ന് പ്രസംഗിക്കപ്പെടുന്ന ഒരു സുവിശേഷമുണ്ട്. ഈ സുവിശേഷംകേട്ട്, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കണമെന്നതാണ് ദൈവകൽപന (മര്‍ക്കോ. 1:15, മത്താ. 10:7, ലൂക്കാ 10:1012).  ഈ സുവിശേഷംകേട്ട് വിശ്വസിക്കണമെങ്കില്‍, ഇതാരെങ്കിലും പ്രസംഗിക്കണം. പ്രസംഗിക്കണമെങ്കില്‍ ഈ ദൗത്യവുമായി ആരെങ്കിലും അയയ്ക്കപ്പെടണം. കാരണം, കേള്‍വിയില്‍നിന്നാണ് വിശ്വാസമുണ്ടാകുന്നത് (റോമാ 10:14-17). ഇതില്‍നിന്നും, ഈ ദൈവരാജ്യത്തിന്‍റെ സുവിശേഷം അവസാനകാലത്തു മാത്രമേ പ്രസംഗിക്കപ്പെടുകയുള്ളൂവെന്ന് നമുക്കു കാണാം. സകലമനുഷ്യരുടെയും സാക്ഷ്യത്തിനായി ഈ ദൈവരാജ്യത്തിന്‍റെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടുമെന്ന് യേശുക്രിസ്തു പ്രവചിച്ചിട്ടുണ്ട് (മത്താ. 24:14).


എന്നാല്‍, ഈ തലമുറ, അതായത്, അവസാനത്തെ തലമുറ ഈ അടയാളങ്ങള്‍ തിരിച്ചറിയുകയില്ലെന്ന് അഥവാ ഈ സംഭവങ്ങളെ അടയാളങ്ങളായി സ്വീകരിക്കുകയില്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുകൊണ്ട്? (ലൂക്കാ 12:56).


ദൈവരാജ്യത്തിന്‍റെ വരവിനെക്കുറിച്ചുള്ള ഈ ദൈവവചനങ്ങളെ ആരും അവിശ്വസിക്കാതിരിക്കാന്‍ ഇതു പ്രസ്താവിച്ചിടത്തെല്ലാം യേശുക്രിസ്തു ഇപ്രകാരം മുന്നറിയിപ്പു നൽകി:


ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍റെ വാക്കുകള്‍ കടന്നുപോവുകയില്ല (ലൂക്കാ 21:33, മര്‍ക്കോ. 13:31,   മത്താ. 24:35).


ഇതാ ദൈവരാജ്യത്തിന്‍റെ ആഗമനത്തിന്‍റെ അടയാളങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മൂന്നാം ദൈവരാജ്യത്തിന്‍റെ സുവിശേഷം ഇതാ പ്രസംഗിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ദൈവരാജ്യം സമീപിച്ചിരിക്കുന്നു! കേള്‍ക്കാന്‍ ചെവിയുളളവന്‍ കേള്‍ക്കട്ടെ!


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us