വാഗ്ദാനമായ പുതിയ ഭൂമി നിത്യനഗരം

ഈ ഭൂമിയും അതിലുള്ള സമസ്തവും - നീക്കം ചെയ്യപ്പെടാനിരിക്കുന്നു. ഈ ഭൂമിയില്‍ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല. സാത്താന്‍റെ സ്പര്‍ശമേല്‍ക്കാത്തതും തിന്‍മയുടെ ഗന്ധമില്ലാത്തതുമായ, പരിശുദ്ധിയുടെ കൂടാരമാണ് സ്വര്‍ഗ്ഗസീയോന്‍.

വാഗ്ദാനമായ പുതിയ ഭൂമി നിത്യനഗരം

ഇപ്പോഴുള്ള ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ടതും, നിലനിര്‍ത്തിയിരിക്കുന്നതും ദൈവവചനത്താലാണ്. അതേവചനങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ അവയെല്ലാം നശിച്ചുപോകും (2 പത്രോ. 3/5-7). ആകാശവും ഭൂമിയും കടന്നുപോകുമ്പോഴാണ് സമസ്തവും നിറവേറുന്നത് (മത്താ. 5/18). സാത്താന്‍റെ അധീശത്വത്തിലായിത്തീര്‍ന്ന ഈ ഭൂമി നശിപ്പിക്കപ്പെടുകതന്നെ ചെയ്യും (2 പത്രോ. 3/10). ഇളക്കപ്പെടാന്‍ പാടില്ലാത്തവ നിലനില്ക്കാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ടവയെല്ലാം - ഈ ഭൂമിയും അതിലുള്ള സമസ്തവും - നീക്കം ചെയ്യപ്പെടാനിരിക്കുന്നു (ഹെബ്രാ. 12/26-28). ഈ ഭൂമിയില്‍ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല (ഹെബ്രാ. 13/14).


പറുദീസായില്‍നിന്നു പുറത്താക്കപ്പെട്ട ദൈവമക്കള്‍, ലോകത്തില്‍ സാത്താനെ കീഴ്പെടുത്തി, സാത്താന്‍ തട്ടിയെടുത്തത് തിരികെവാങ്ങി, തിരിച്ചെത്താനാണ് ദൈവപിതാവ് രക്ഷാകരപദ്ധതി ആവിഷ്കരിച്ചത് (ജറെ. 29/11-14). എന്നാല്‍, തിരികെ തോട്ടത്തിലേക്കല്ല ദൈവപിതാവ് അവിടുത്തെ മക്കളെ കൂട്ടിക്കൊണ്ടുപോകുന്നത്. മറിച്ച്, ശ്രേഷ്ഠമായ ഒരു നഗരത്തിലേക്കാണ്. മഹത്തായകാര്യങ്ങള്‍ പറയപ്പെടുന്ന ഈ സ്വര്‍ഗ്ഗസീയോന്‍ നിര്‍മ്മിച്ചതും അടിസ്ഥാനമിട്ടതും സംവിധാനം ചെയ്തതുമെല്ലാം ദൈവപിതാവുതന്നെയാണ് (സങ്കീ. 82/1-3, 5, ഹെബ്രാ. 11/10). സാത്താന്‍റെ സ്പര്‍ശമേല്‍ക്കാത്തതും തിന്‍മയുടെ ഗന്ധമില്ലാത്തതും, പരിശുദ്ധിയുടെ കൂടാരവുമാണ് ഈ നഗരം. ഇവിടെ ദൈവമക്കള്‍ക്ക് ദൈവത്തിന്‍റെ അവകാശവും യേശുക്രിസ്തുവിന്‍റെ (ഇമ്മാനുഏലിന്‍റെ) കൂട്ടവകാശവും ലഭിക്കും. കണ്ണുകണ്ടിട്ടില്ലാത്തതും കാതുകേട്ടിട്ടില്ലാത്തതുമായ അനശ്വരസമ്പത്ത് മക്കള്‍ക്കായി ഇവിടെ ദൈവപിതാവൊരുക്കിയിരിക്കുന്നു (1 കോറി. 2/9, വെളി. 21/10-27). സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയവരദാനങ്ങളുംനിറഞ്ഞ ദൈവമക്കള്‍ അവിടെ സര്‍വ്വാധിപത്യത്തോടും സര്‍വ്വമഹത്വത്തോടുംകൂടെ ദൈവപിതാവിനോടൊത്തു വസിക്കും (വെളി. 21/1-3). പറുദീസയിലുണ്ടായിരുന്ന ദൈവാധിപത്യം അവിടെ പുനഃസ്ഥാപിക്കപ്പെടും (ജെറെ. 29/11-14).


അവിടുന്ന് നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ഭൂമിയിലാണ് ഈ നഗരം സ്ഥാപിച്ചിരിക്കുന്നത് (2 പത്രോ. 3/13, വെളി. 21/1). പ്രപഞ്ചത്തിന്‍റെ അനന്തതയോളം മനുഷ്യന്‍ എത്തിച്ചേര്‍ന്നെങ്കിലും, നക്ഷത്രങ്ങളുടെ രഹസ്യങ്ങള്‍ കണ്ടെത്തിയെങ്കിലും മനുഷ്യദൃഷ്ടിയില്‍നിന്നു പുതിയ ഭൂമി മറയ്ക്കപ്പെട്ടിരിക്കുന്നു. സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇലക്ട്രോണിക് ജാമര്‍പോലുള്ള ഒരു സംരക്ഷണകവചത്തിനുള്ളില്‍, ദൈവദൂതരായ കെരൂബുകളാല്‍ അതു കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു.


ഈ നിത്യനഗരത്തില്‍ വാസസ്ഥലങ്ങളൊരുക്കിയതിനുശേഷം, തിരികെവന്ന് അവിടേയ്ക്കു കൂട്ടിക്കൊണ്ടുപോകുമെന്നായിരുന്നു യേശുക്രിസ്തുവിന്‍റെ വാഗ്ദാനം. അതുകൊണ്ടാണ്, ഈ ലോകത്തില്‍ സമ്പത്തുശേഖരിക്കരുതെന്നും സ്വര്‍ഗ്ഗത്തില്‍ സമ്പത്തുശേഖരിക്കാനും യേശുക്രിസ്തു ഉദ്ബോധിപ്പിച്ചത് (മത്താ. 6/19-20). ഈ ലോകജീവിതത്തിനുവേണ്ടി മാത്രം യേശുക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ സകല ജനതകളിലുംവച്ച് നിര്‍ഭാഗ്യവാന്‍മാരാണെന്നു പരിശുദ്ധാത്മാവ് മുന്നറിയിപ്പുതരുന്നത് അതുകൊണ്ടാണ് (1 കോറി. 15/19). ഈ ലോകത്തിന്‍റെ മിത്രമാകരുതെന്നും, ഈ ലോകത്തെ സ്നേഹിക്കരുതെന്നും ദൈവം കല്‍പിച്ചത് അതുകൊണ്ടാണ് (യാക്കോ. 4/4, 1 യോഹ. 2/15-17). തനിക്കു സ്വന്തമായുള്ളവരെ ലോകം വെറുക്കുമെന്ന് യേശുക്രിസ്തു മുന്നറിയിപ്പു തന്നിട്ടുണ്ട് (യോഹ. 15/18-19).


അബ്രാഹത്തെയും ഇസഹാക്കിനെയും യാക്കോബിനെയും മറ്റ് നീതിമാന്‍മാരെയുമൊക്കെ ഈ സ്വര്‍ഗ്ഗീയനഗരത്തിന്‍റെ മാതൃക ദൈവപിതാവ് കാണിച്ചിരുന്നതുകൊണ്ടാണ്, അവര്‍ ഈ ലോകത്തില്‍ പരദേശികളായി പാര്‍ത്തത് (ഹെബ്രാ. 11/13). നിത്യജീവനും സ്വര്‍ഗ്ഗീയ നഗരിയും നല്‍കുമെന്ന് ദൈവപിതാവു നല്‍കിയ വാഗ്ദാനങ്ങള്‍ ഇതാ പൂര്‍ത്തീകരിക്കപ്പെടാന്‍ പോകുന്നു. ഇതു മക്കള്‍ക്കു നല്‍കുമെന്നത് ദൈവപിതാവിന്‍റെ ശപഥമാണ്. ഇത് ദൈവമക്കളുടെ അവകാശവുമാണ് (ഹെബ്രാ. 6/16-19, റോമാ. 8/15-17).


വെളി. 22/1-5 -    ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്ഫടികംപോലെ തെളിഞ്ഞതുമായ ജീവജലത്തിന്‍റെ നദി അവന്‍ എനിക്കു കാണിച്ചുതന്നു. നഗരവീഥിയുടെ മധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന ജീവന്‍റെ വൃക്ഷം നില്‍ക്കുന്നു. അതു മാസംതോറും ഫലം തരുന്നു. ആ വൃക്ഷത്തിന്‍റെ ഇലകള്‍ ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്. ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം അതില്‍ ഉണ്ടായിരിക്കും. അവിടുത്തെ ദാസര്‍ അവിടുത്തെ ആരാധിക്കും. അവര്‍ അവിടുത്തെ മുഖം ദര്‍ശിക്കും. അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തില്‍ ഉണ്ടായിരിക്കും. ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്‍റെ വെളിച്ചമോ സൂര്യന്‍റെ പ്രകാശമോ അവര്‍ക്ക് ആവശ്യമില്ല. ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും.


എന്നാല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ പരിശുദ്ധര്‍മാത്രമേ ദൈവത്തിന്‍റെ ഈ നഗരത്തില്‍ പ്രവേശിക്കുകയുള്ളൂ. ദൈവവചനത്തില്‍നിന്ന് എന്തെങ്കിലും എടുത്തുമാറ്റുന്നവനും ദൈവവചനത്തോടു കൂട്ടിച്ചേര്‍ക്കുന്നവനും പുതിയ ഭൂമിയിലെ നിത്യനഗരത്തില്‍ ഇടം ലഭിക്കുകയില്ലെന്നുമാത്രമല്ല, കര്‍ത്താവിന്‍റെ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്ന ശിക്ഷകള്‍ ദൈവം അവന്‍റെമേല്‍ വരുത്തുകയും ചെയ്യും (വെളി. 22/18-19).


വെളി. 22/14-15 - ജീവന്‍റെ വൃക്ഷത്തിന്‍മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്.









Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us