അന്ത്യകാലത്തെ ദൈവവചനക്ഷാമം

അവസാനനാളുകളില്‍ ഈ ലോകത്തിലുണ്ടാകുന്ന ദൈവവചനക്ഷാമത്തെക്കുറിച്ചാണ് ഈ പ്രവചനം. ഇത് ദൈവംതന്നെ ചെയ്യുന്ന പ്രവൃത്തിയാണ്. ക്ഷാമകാലത്ത് ദൈവവചനം എവിടെ ലഭിക്കും? സത്യവചനം എങ്ങനെ വിവേചിച്ചറിയാം?

അന്ത്യകാലത്തെ ദൈവവചനക്ഷാമം

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്‍റെ വചനം ലഭിക്കാത്തതു കൊണ്ടുള്ള ക്ഷാമമായിരിക്കും അത്. അന്ന് അവര്‍ കടലല്‍ മുതല്‍ കടല്‍വരെയും വടക്കുമുതല്‍ കിഴക്കുവരെയും അലഞ്ഞുനടക്കും. കര്‍ത്താവിന്‍റെ വചനം തേടി അവര്‍ ഉഴലുമെങ്കിലും കണ്ടെത്തുകയില്ല. (ആമോ. 8:11-12)


അവസാനനാളുകളില്‍ ഈ ലോകത്തിലുണ്ടാകുന്ന ദൈവവചനക്ഷാമത്തെക്കുറിച്ചാണ് ഈ പ്രവചനം. ഇത് ദൈവംതന്നെ ചെയ്യുന്ന പ്രവൃത്തിയാണ്. കാരണം, ദൈവവചനം നല്‍കുന്നത് ദൈവമാണ്; ദൈവവചനത്തിന്‍റെ പൊരുള്‍ വെളിപ്പെടുത്തിത്തരേണ്ടത് ദൈവമാണ് (ലൂക്കാ 10:21, ദാനി. 2:21-22). എന്നാല്‍, ക്ഷാമത്തിന്‍റെ നാളുകളില്‍ ദൈവം അവിടുത്തെ വചനം പിന്‍വലിക്കുന്നു.


ദൈവവചനം സ്വീകരിച്ചിട്ടില്ലാത്തവരുടെയോ, ദൈവപിതാവിലും ദൈവപുത്രനിലും വിശ്വസിക്കാത്തവരുടെയോ ഇടയില്‍ സംഭവിക്കുന്ന ഒരുകാര്യമല്ല ഈ വചനക്ഷാമമെന്ന് വ്യക്തം. കാരണം, ഉണ്ടായിരുന്നത്, അഥവാ ലഭ്യമായിരുന്നത് ഇല്ലാതാകുന്നതിനെയാണല്ലോ ക്ഷാമം എന്നുപറയുന്നത്. അതിനാല്‍, ദൈവവചനം മുമ്പു ലഭിച്ചിരുന്നവര്‍ക്ക് ദൈവം വചനക്ഷാമം അയയ്ക്കുമെന്നാണ് ആമോസ് പ്രവാചകന്‍ പ്രവചിച്ചത്. ദൈവവചനം നല്‍കപ്പെട്ടത് ദൈവജനത്തിനാണ്. യേശുക്രിസ്തു വചനം നല്‍കി  പഠിപ്പിച്ചത് അപ്പസ്തോലന്‍മാരെയാണ്. ദൈവവചനം നല്‍കിയിട്ടാണ്, താന്‍ പഠിപ്പിച്ചത് അനുസരിക്കുവാന്‍ ജനത്തെ പഠിപ്പിക്കുക എന്ന പ്രേഷിതദൗത്യവുമായി യേശുക്രിസ്തു അപ്പസ്തോലന്‍മാരെ അയച്ചത്. (മത്താ. 28:19-20).


ദൈവവചനക്ഷാമം സംഭവിക്കുന്നത് അവസാനകാലത്താണ്. കാലത്തിന്‍റെ അടയാളങ്ങളില്‍നിന്നും ഇപ്പോള്‍ അവസാന നാളുകളാണെന്ന് വ്യക്തമാണ്. എന്നാല്‍ ഈ കാലത്തും നിരവധി ബൈബിള്‍ കോളേജുകളും, ബൈബിളില്‍ ഗവേഷണം നടത്തപ്പെടുന്ന സര്‍വ്വകലാശാലകളും, വിവിധ ബൈബിള്‍ വിഷയങ്ങളില്‍ ഡോക്ടറേറ്റുകള്‍ സ്വന്തമാക്കുന്ന നിരവധിയാളുകളും, അനേകം ബൈബിള്‍ പണ്ഡിതരുമൊക്കെ ലോകത്തിലുണ്ടാകും.


എന്നാല്‍, അവസാനകാലത്ത് ജനം ഉത്തമമായ പ്രബോധനത്തോടു സഹിഷ്ണുതകാണിക്കുകയില്ലെന്നും, അവര്‍ സത്യത്തിനുനേരെ (ദൈവവചനത്തിനുനേരെ) ചെവിയടച്ച് കെട്ടുകഥകളിലേയ്ക്കു ശ്രദ്ധതിരിക്കുമെന്നും ദൈവം പ്രവചിച്ചിരിക്കുന്നു (2 തിമോ. 4:3). ഉത്തമമായ പ്രബോധനവും യഥാര്‍ത്ഥ സത്യവും ദൈവത്തില്‍നിന്ന് യഥാകാലം ലഭിക്കുന്ന ദൈവവചനമാണല്ലോ (യാക്കോ. 1:17, യോഹ. 17:17). ദൈവവചനമാണ് നമ്മെ രക്ഷിക്കാന്‍ പര്യാപ്തമായതും നമ്മെ പൂര്‍ണ്ണതയിലെത്തിക്കുന്നതും (2 തിമോ. 3:16-17). ജീവജലത്തിന്‍റെ ഉറവയായ ദൈവവചനംതന്നെയായ ദൈവത്തെ ഉപേക്ഷിക്കുകയും, ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു എന്നതാണ് ദൈവജനം അവസാനകാലത്തു പ്രവര്‍ത്തിച്ച ഭയാനകമായ രണ്ടുതിന്‍മകളെന്ന് ദൈവം വിലപിക്കുന്നു (ജറെ. 3:12-13). ഈ കാലത്തു, ദൈവവചനത്തെ തിരസ്കരിച്ച് മാനുഷികവിജ്ഞാനവും തത്വശാസ്ത്രങ്ങളും ദൈവികപ്രമാണങ്ങളെന്ന വ്യാജേന പഠിപ്പിക്കപ്പെടുകയും, അങ്ങനെ സത്യത്തിനുപകരം നുണയെയും ജീവന്‍റെ വചനത്തിനുപകരം മരണത്തിന്‍റെ വാക്കുകളെയും ദൈവജനം ആശ്ലേഷിക്കുകയും ചെയ്യുന്നു (മര്‍ക്കോ. 7:6-13).


ദഹിപ്പിക്കുന്ന അഗ്നിയായ ദൈവപിതാവ് (ഹെബ്രാ. 12:29) പാപകരമായ സകലത്തെയും നശിപ്പിക്കാന്‍, സാത്താനോടും അവനുള്ളവരോടും പ്രതികാരംചെയ്യാന്‍, അവിടുത്തെ ക്രോധത്തിന്‍റെ ദിനത്തില്‍ എഴുന്നള്ളാന്‍ പോകുന്നു (നിയ. 32:22, ഏശ. 29:6, ഏശ. 33:14, 2 പത്രോ. 3:10-12). അപ്പോള്‍ നിലനില്‍ക്കുന്നത് ദൈവവചനം ഉള്ളില്‍ വസിച്ചു ഫലം പുറപ്പെടുവിക്കുന്നവര്‍ മാത്രമായിരിക്കും. തങ്ങളുടെയുള്ളില്‍ ആത്മാവും ജീവനുമായി ദൈവവചനം വസിക്കാത്തവര്‍ പുല്ലുപോലെ നശിക്കുമെന്നും ദൈവം അസന്നിഗ്ദ്ധമായി മുന്നറിയിപ്പു നല്‍കിയിരിക്കുന്നു (1 പത്രോ. 1:24-25). എന്നാല്‍, സത്യവചനമുള്ളവരെ നശിപ്പിക്കുവാന്‍ ദൈവത്തിനാകില്ല. ഇതു രണ്ടും ദൈവത്തിന്‍റെ നീതിയാണ്.


അതിനാല്‍, രക്ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്ക്, ദൈവം ഈ അവസാനകാലത്ത് വചനം നല്‍കുകതന്നെചെയ്യും. മറ്റുള്ളവര്‍ക്ക് വചനം ലഭിക്കുകയില്ലെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍നിന്നും അവസാനകാലത്ത് ആവശ്യമായിരിക്കുന്നതും, ദൈവം ഇതുവരെ കാത്തുസൂക്ഷിച്ചതുമായ അവിടുത്തെ സുവിശേഷമാണിതെന്നു വ്യക്തം. അഥവാ അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യറാക്കിയിരിക്കുന്ന രക്ഷയുടെ സദ്വാര്‍ത്തയാണിത് (1 പത്രോ. 1:5).

ക്ഷാമകാലത്ത് ദൈവവചനം എവിടെ ലഭിക്കും? സത്യവചനം എങ്ങനെ വിവേചിച്ചറിയാം?

Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us