ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.
നിരവധി തരത്തിലുള്ള വിശ്വാസങ്ങള്‍ ഏറ്റുപറയുന്നവരുണ്ട്.
യഥാര്‍ത്ഥത്തില്‍ എല്ലാ മനുഷ്യര്‍ക്കും അവരുടേതായ വിശ്വാസം ഉണ്ട്. ഇത്
പ്രപഞ്ചശക്തികളില്‍ വിശ്വസിക്കുന്നവരെയോ ദൈവത്തില്‍ വിശ്വസിക്കുന്നവരെയോ കുറിച്ച്
മാത്രം പറയാവുന്ന കാര്യമല്ല. മറിച്ച്,
ദൈവവിശ്വാസമില്ലാത്തവരെക്കുറിച്ചും ഭൗതികവാദികളെക്കുറിച്ചും സാര്‍ത്ഥകമാണ്.
ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ ശരിയെന്നു സ്ഥാപിച്ചിരിക്കുന്ന
കാര്യങ്ങള്‍ ആത്യന്തിക സത്യങ്ങളാണെന്നും അവ എന്നും ശരിയായിത്തന്നെ
നിലകൊള്ളുമെന്നും ഇങ്ങനെ ശാരീരിക ഇന്ദ്രിയങ്ങള്‍ക്കും യുക്തിക്കും സ്വീകാര്യമായി
തെളിയിക്കപ്പെടുന്ന കാര്യങ്ങള്‍ മാത്രമേ സത്യമായിട്ടുള്ളു എന്നും വിശ്വസിക്കുന്നു.
അത് ഒരു വിശ്വാസം മാത്രം. യുക്തിവാദി അവന്‍റെ യുക്തിശക്തിയിലും ആ യുക്തിക്ക്
തെറ്റു പറ്റില്ല എന്നും വിശ്വസിക്കുന്നു.
ഒരു സാധാരണ വ്യക്തിയുടെ ജീവിതവും ഇത്തരമൊരു വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. താന്‍ നടന്നു പോകുമ്പോള്‍ വഴിയിലുള്ള വൃക്ഷങ്ങളോ മലകളോ ഒന്നും തന്‍റെമേല്‍ വീഴില്ലെന്ന് അവന്‍ വിശ്വസിക്കുന്നു. താന്‍ ഒരു കെട്ടിടത്തിലായിരിക്കുമ്പോള്‍ ആ കെട്ടിടം തന്‍റെമേല്‍ പതിക്കില്ലെന്ന് വിശ്വസിക്കുന്നു. താന്‍ നില്‍ക്കുന്ന സ്ഥലം താണുപോകില്ല എന്ന് അവന്‍ വിശ്വസിക്കുന്നു. താന്‍ നടന്നു നീങ്ങുന്ന സ്ഥലങ്ങളിലെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും (വായു, ചൂട് മുതലായവ) നിറഞ്ഞതായിരിക്കും എന്ന് അവന്‍ വിശ്വസിക്കുന്നു. തന്‍റെ ശരീരത്തിലെ എല്ലാ അവയവങ്ങളും യഥായോഗ്യം പ്രവര്‍ത്തിക്കുന്നു എന്നും വിശ്വസിക്കുന്നു. ഇങ്ങനെ വിശ്വാസങ്ങളുടെ പട്ടിക നീളുന്നു. അതിനാല്‍ വിശ്വാസം എന്നത് ബുദ്ധിജീവികളുടേതല്ല എന്ന ചിന്താഗതി യഥാര്‍ത്ഥ്യവിരുദ്ധമാണ്.
എന്നാല്‍ എന്താണ് യഥാര്‍ത്ഥ വിശ്വാസം? വിശ്വാസം
എന്നതിന് ദൈവവചനം നല്‍കുന്ന അര്‍ത്ഥവ്യാപ്തി എന്ത്? എന്താണ് സീയോന്‍ മക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് ഏറ്റുപറയുന്ന
വിശ്വാസത്തിന്‍റെ പ്രത്യേകതള്‍?
(ഹെബ്രാ. 11/1-3) - വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന
ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. ഇതുമൂലമാണ് പൂര്‍വ്വികന്‍മാര്‍
അംഗീകാരത്തിന് അര്‍ഹരായത്. ദൈവത്തിന്‍റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും
കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.
എന്താണ് പ്രത്യാശ? ഇന്ന് മനുഷ്യന് പ്രത്യാശയുണ്ടോ? ഇല്ല എന്നുതന്നെ പറയേണ്ടിവരും. എന്നാല്‍ എല്ലാവര്‍ക്കും പ്രതീക്ഷകളുണ്ട്. തനിക്ക് ഭാവിയില്‍ ഉണ്ടായിരിക്കണം എന്ന് മോഹിക്കുന്ന കാര്യങ്ങള്‍ നേടാമെന്നോ ലഭിക്കുമെന്നോ കരുതുന്നതാണ് പ്രതീക്ഷ. എങ്ങനെ നല്ല ജോലിയും പണവും പ്രശസ്തിയും സുഖസൗകര്യങ്ങളും നേടാം, എങ്ങനെ കാറു വാങ്ങാം, വീടുവയ്ക്കാം, എങ്ങനെ മക്കളെ പഠിപ്പിക്കാം, എങ്ങനെ വിദേശത്ത് അവര്‍ക്ക് ജോലി തരപ്പെടുത്താം, എങ്ങനെ ഈ ലോകജീവിതത്തിനാവശ്യമായവ നേടാമെന്ന് ഈ പ്രതീക്ഷയുള്ളവര്‍ ചിന്തിക്കുന്നു.
എന്നാല്‍ ദൈവികപ്രത്യാശ (പ്രഭാ. 24/18) ഇതില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. പരിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന, ദൈവപിതാവ് അവിടുത്തെ മക്കള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന സകലതും (ദൈവത്തിന്‍റെ അവകാശവും യേശുക്രിസ്തുവിന്‍റെ കൂട്ടവകാശവും) (റോമാ 8/19) ലഭിക്കുമെന്ന ഉറപ്പാണ് പ്രത്യാശ. (1 യോഹ. 3/1-3, 1 പത്രോ. 1/4-5, ഏശ. 59/20-21, ജറെ. 31/31-33, റോമാ 8/22-23, 1 കോറി. 15/53-54, ഫിലി. 3/20-21). ഈ പ്രത്യാശിക്കുന്നവയെല്ലാം സ്വര്‍ഗ്ഗീയമാണ് അതിനാല്‍ അവ മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ് (1 കോറി. 2/9). ഇതാണ് വിശുദ്ധമായ പ്രത്യാശ. ഈ പ്രത്യാശയുണ്ടെങ്കില്‍ മാത്രമേ നാം രക്ഷ പ്രാപിക്കൂ (റോമാ 8/24).
ഇനി, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യം ഉണ്ടാകണം. ഈ ബോധ്യം ബൗദ്ധികതലത്തിലെ അറിവോ, മാനസികതലത്തിലെ ഇന്ദ്രിയാനുഭവമോ അല്ല, മറിച്ച് ആത്മാവിലേക്ക് പകര്‍ത്തപ്പെട്ട അറിവാണ്. പ്രത്യാശ ബോധ്യത്തിലാണ് തുടങ്ങുന്നത്. ഇതാണ് വിശ്വാസമായി മാറുന്നത്. അങ്ങനെ വിശ്വാസവും ബോധ്യവും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്. സിമിന്‍റും മണലും കരിങ്കല്‍കഷണങ്ങളും കൂട്ടിയോജിപ്പിച്ച് ഉറച്ചുകഴിഞ്ഞാല്‍ കോണ്‍ക്രീറ്റ് ആകുന്നതുപോലെ വിശ്വാസം ഉറപ്പിക്കപ്പെടണം.
(ഹെബ്രാ. 11/3) - ദൈവത്തിന്‍റെ വചനത്താല്‍ ലോകം
സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍നിന്നുണ്ടായി എന്നും
വിശ്വാസംമൂലം നാം അറിയുന്നു.
എന്താണ് കാണപ്പെടാത്തവ? ദൈവവചനമാണ്
കാണപ്പെടാത്തവ. കാണപ്പെടുന്നതെല്ലാം ഉണ്ടായിരിക്കുന്നത് കാണപ്പെടാത്തവയില്‍നിന്നാണ്
(ഉല്‍പ. 1/3, 6, 14, കൊളോ. 1/16-17, 2 പത്രോ.
3/5). എല്ലാ സൃഷ്ടവസ്തുക്കളും
കാണപ്പെടാത്ത ദൈവവചനങ്ങളായി, കാണപ്പെടുന്ന ദൈവപിതാവില്‍നിന്നു പുറപ്പെട്ടതാണ്.
കാണപ്പെടുന്ന ദൈവപിതാവില്‍ കാണപ്പെടാത്ത വചനം ഉണ്ടായിരുന്നു (യോഹ. 1/1-3).
ദൈവത്തില്‍നിന്നു പുറപ്പെട്ട സര്‍വ്വശക്തമായ വചനം അവിടുത്തെ പുത്രനായ ഇമ്മാനുഏലിലൂടെ
(കൊളോ. 1/15-16) വെള്ളത്തില്‍ നിവേശിപ്പിക്കപ്പെട്ട് ജീവനുണ്ടായി (ഉല്‍പ. 1/2).
ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവമായിരുന്നു. വചനം
ഇമ്മാനുഏലായിരുന്നു (യോഹ. 1/1-5). വചനം ജീവന്‍റെ ബീജമായിരുന്നു. വചനം
കോശമായിരുന്നു. അത് വെള്ളത്തില്‍ നിവേശിപ്പിക്കപ്പെട്ടതുവഴി ഈ ഭൂമിയിലെ ജീവന്‍
മുഴുവന്‍ ഉണ്ടായതുപോലെ വചനം ആദത്തില്‍ നിക്ഷേപിക്കപ്പെട്ടപ്പോള്‍ നാം ഉണ്ടായി.
എല്ലാറ്റിന്‍റെയും ഉറവിടം വചനമാണ് (കൊളോ. 1/15-16, യോഹ. 1/1-3,
ഹെബ്രാ. 1/3). ദൈവം വചനമാണെങ്കില്‍ നാമും വചനമാണ്, വചനമായി മാറണം.
വചനമാണ് എല്ലാറ്റിനെയും താങ്ങിനിറുത്തുന്നത് (കൊളോ. 1/17). ഈ വചനങ്ങളെല്ലാം സ്വര്‍ഗ്ഗത്തില്‍
സുസ്ഥാപിതമാണ് (സങ്കീ. 119/89).
സകല സൃഷ്ടികളും ദൈവവചനത്താല്‍ ഉണ്ടായി എന്നും അവയെല്ലാം
ദൈവവചനത്താല്‍ നിലനിര്‍ത്തപ്പെടുന്നു എന്നും ആ വചനങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍
സൃഷ്ടികളെല്ലാം നശിച്ചുപോകുന്നു എന്നും പരിശുദ്ധ ഗ്രന്ഥത്തില്‍
എഴുതപ്പെട്ടിരിക്കുന്ന ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. ഒരു പൂവില്‍ നാം കാണുന്നത്
ആ പൂവിന്‍റെ സൃഷ്ടിക്ക് കാരണമായ വചനത്തിന്‍റെ മഹത്ത്വവും സൗന്ദര്യവുമാണ്. ആ വചനം
പിന്‍വലിക്കപ്പെടുമ്പോള്‍ പൂവ് കൊഴിഞ്ഞുപോകൂന്നു. സൃഷ്ടപ്രപഞ്ചം
നശിപ്പിക്കപ്പെടുമ്പോള്‍ അവയെ നിലനിര്‍ത്തിയിരുന്ന വചനങ്ങള്‍ തിരികെ ഇമ്മാനുഏലിലേക്കും
അവന്‍റെ സഹോദരങ്ങളിലേക്കും പ്രവേശിക്കും.
ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും (ഗലാ. 3/11) എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക. ദൈവവചനത്തില്‍ വിശ്വാസമില്ലാത്തവര്‍ വരാനിരിക്കുന്ന ഭൂമിയെയും നഗരത്തെയും കാത്തിരിക്കുകയില്ല (ഹെബ്രാ. 13/14).
ദൈവപുത്രനും ഏകരക്ഷകനുമായ യേശുക്രിസ്തു ശരീരം ധരിച്ചു വന്നുവെന്നും (1 യോഹ. 4/2, ജറെ. 14/8-9) അവന്‍റെ നാമം ഇമ്മാനുഏല്‍ ആണെന്നും (ഏശ. 7/14) അവന്‍ ലോകത്തെ വിധിച്ച് ദൈവനീതി വിശ്വസ്തതയോടെ പൂര്‍ത്തിയാക്കുമെന്നും (ഏശ. 42/2-4) ഉള്ള സദ്വാര്‍ത്ത സീയോന്‍ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു ശരീരം ധരിച്ച് (ശരീരത്തോടുകൂടി) ഭൂമിയില്‍ വന്നു എന്ന് ദൈവത്തില്‍നിന്നുള്ള ആത്മാവ് മാത്രമേ ഏറ്റുപറയൂ (1 യോഹ. 4/2). രക്ഷകനായി, രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനുമായി അവന്‍ സീയോനില്‍ പ്രത്യാഗമനം ചെയ്യുമെന്ന് (വെളിപ്പെടുമെന്ന്) സീയോന്‍ വിശ്വസിക്കുന്നു (ഏശ. 59/20-21, ഹെബ്രാ. 9/28). ലോകസൃഷ്ടിക്ക് മുമ്പുതന്നെ തനിക്കായി നല്‍കപ്പെട്ട ദൈവമക്കളെ അവന്‍ സീയോന്‍ മലയില്‍ ഒരുമിച്ചുചേര്‍ത്ത് തന്‍റെ പ്രകാശത്തിന്‍റെ സഭ സ്ഥാപിക്കുമെന്ന് എന്ന് വിശ്വസിക്കുന്നു (സഖ. 10/8-10). ഇമ്മാനുഏല്‍ എല്ലാ ഭരണവും ശക്തിയും അധികാരവും നിര്‍മ്മാര്‍ജ്ജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമെന്ന് സീയോന്‍ വിശ്വസിക്കുന്നു (1 കോറി. 15/24).
ഈ വിശ്വാസം ഉണ്ടാകാന്‍ നമ്മില്‍ ദൈവവചനം വസിക്കണം. വചനം വസിക്കുന്നത് രക്തത്തിലാണ്. രക്തത്തിലാണ് ജീവന്‍ കുടികൊള്ളുന്നത് (ലേവ്യ. 17/11). ജീവനില്ലാത്തവയ്ക്ക് രക്തത്തില്‍ വസിക്കാന്‍ കഴിയുകയില്ല. ജീവനില്ലാത്തവ രക്തത്തില്‍ വസിച്ചാല്‍ രക്തത്തിന്‍റെ ജീവന്‍ നഷ്ടപ്പെടും. ഈ തത്ത്വമറിയാവുന്നതിനാലായിരുന്നു സാത്താന്‍ പഴത്തില്‍ നുണവചനം നിവേശിപ്പിച്ച് ഹവ്വായ്ക്ക് നല്‍കി അവളെ വഞ്ചിച്ചത് (ഉല്‍പ. 3/13).
ഒരുവന്‍ കേള്‍ക്കുന്ന വചനം അവനില്‍ വസിക്കണമെങ്കില്‍ വചനം
വിശ്വസിക്കണം. അതിന് ആ വ്യക്തി കേള്‍ക്കുന്നത് സത്യവചനമാണോ, നുണയാണോ എന്ന്
തിരിച്ചറിയണം. അതായത് വചനം പറയുന്ന വ്യക്തി ദൈവത്താല്‍ അയയ്ക്കപ്പട്ടവനോ അതോ
പിശാചിനാല്‍ അയയ്ക്കപ്പെട്ടവനോ എന്ന് തിരിച്ചറിയണം. കാരണം നല്ല വൃക്ഷത്തില്‍നിന്നേ
നല്ല ഫലങ്ങള്‍ ഉണ്ടാകൂ (മത്താ. 12/34-35). മനുഷ്യര്‍ അശുദ്ധമായ അധരങ്ങളുള്ളവരും
അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവരുമാണ് (ഏശ. 6/5). അതിനാല്‍
അവിടുന്ന് അയയ്ക്കുന്നവരുടെ അധരം ശുദ്ധീകരിച്ച് വചനം നിക്ഷേപിച്ച് അയയ്ക്കുന്നു
(ഏശ. 6/7). അങ്ങനെ തിരിച്ചറിഞ്ഞ് ദൈവത്താല്‍ അയയ്ക്കപ്പെട്ടവനില്‍
വിശ്വസിക്കണമെന്നതാണ് ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി (യോഹ. 6/29).
ദൈവപിതാവ് ഒരുവനെ അയച്ചാല്‍ സാത്താന്‍ അനേകംപേരെ അയയ്ക്കും. കാരണം സാത്താന്‍ നുണയനും നുണയരുടെ പിതാവുമാണ് (യോഹ. 8/45). ദൈവപിതാവ് ഒരുവനെ അയച്ചാല്‍ അവന്‍ സത്യമേ പറയാവു. പ്രസംഗകന്‍ ഉദ്ദേശിക്കുന്നതു പറയാനല്ല ദൈവവചനം നല്‍കപ്പെട്ടത് (എഴുതപ്പെട്ടത്) പിതാവു പറയുന്നതുപോലെ പറയണം. അധികാരത്തോടെ പറയണം (മര്‍ക്കോ. 1/22). ദൈവപിതാവിന്‍റെ വാക്കുകളില്‍ മായം ചേര്‍ക്കുകയോ അവിശ്വസിക്കുകയോ ചെയ്താല്‍ എന്താണ് അതിന്‍റെ ശിക്ഷയെന്ന് സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്കും പ്രവാചകന്‍മാര്‍ക്കും വ്യക്തമായി അറിയാം. ഒന്നും കൂട്ടിച്ചേര്‍ക്കുകയോ എടുത്തുകളയുകയോ ചെയ്യരുത് (വെളി. 22/18-19, സുഭാ. 30/6). എഴുതിയിരിക്കുന്നത് എഴുതിയതുപോലെ വായിക്കണം (ലൂക്കാ 10/26). ദൈവപിതാവ് ആരെ അയയ്ക്കുന്നുവോ അവനെക്കുറിച്ച് എഴുതപ്പെട്ട ദൈവവചനത്തില്‍ സാക്ഷ്യം ഉണ്ടായിരിക്കും. പരിശുദ്ധ ഗ്രന്ഥത്തില്‍ സാക്ഷ്യം ഇല്ലാത്ത ആരെയും ദൈവപിതാവ് അയയ്ക്കുകയില്ല.
ദൈവവചനം എഴുതപ്പെട്ടത് പരിശുദ്ധാത്മാവിനാലാണ്. അത് വ്യാഖ്യാനിക്കാനുള്ളതല്ല (2 പത്രോ. 1/20-21). പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ വചനം വായിക്കണം (ഏശ. 34/16). അവിടുത്തെ വചനം നിസ്സീമമാണ് (സങ്കീ. 119/96). ദൈവപിതാവ് മാത്രമാണ് വചനത്തെ പൂര്‍ണ്ണമായി അറിയുന്നത് (ലൂക്കാ 10/22). പിതാവായ ദൈവത്തിന്‍റെ ആത്മാവും നമ്മുടെ സഹായകനുമായ പരിശുദ്ധാത്മാവ് ഇല്ലാതെ വചനം പ്രഘോഷിച്ചാല്‍ അത് ജീവനില്ലാത്ത വചനമായി മാറും. പരിശുദ്ധാത്മാവ് സംസാരിക്കുമ്പോഴാണ് ദൈവവചനം ഫലം പുറപ്പെടുവിക്കുന്നത് (ഏശ. 55/11). ദൈവവചനം ഉദ്ധരിച്ചുതന്നെയാണ് സാത്താന്‍ യേശുക്രിസ്തുവിനെ മരുഭൂമിയില്‍വച്ച് പരീക്ഷിച്ചത് (ലൂക്കാ 4/6, 10-11). നീ കാണുന്ന ദേശമെല്ലാം നിന്‍റേതായിത്തീരുമെന്ന് (ഉല്‍പ. 13/15) ദൈവം അബ്രാഹത്തോടു നടത്തിയ വാഗ്ദാനമാണ് സാത്താന്‍ ഉപയോഗിച്ചത്. യേശുക്രിസ്തുവിനെ ജറുസലെം ദൈവാലയത്തിന്‍റെ മുകളില്‍ കയറ്റി നിര്‍ത്തിയിട്ട് ചാടിക്കൊള്ളുക എന്നും ദൈവദൂതന്‍മാര്‍ താങ്ങിക്കൊള്ളുമെന്നും സാത്താന്‍ ഉരുവിടുന്നു. എല്ലാ മാനുഷിക പരിമിതികളോടുംകൂടെ വന്ന ദൈവപുത്രന്‍ യേശുക്രിസ്തു (ഫിലി. 2/6-8) അന്ന് താഴേക്ക് ചാടിയിരുന്നെങ്കില്‍ തീര്‍ച്ചയായും കൈകാലുകള്‍ ഒടിയുമായിരുന്നു. 91-ാം സങ്കീര്‍ത്തനത്തിലെ പ്രസ്തുത വചനങ്ങള്‍, അതായത് (സങ്കീ. 91/11-12), തെറ്റായതുകൊണ്ടല്ല, മറിച്ച് ആ വചനങ്ങള്‍ യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവില്‍ പൂര്‍ത്തിയാകേണ്ടവ ആയിരുന്നതിനാലാണ് യേശുക്രിസ്തു അന്ന് ചാടാതിരുന്നത്. സാത്താന് ദൈവവചനം പൂര്‍ത്തിയാകേണ്ട സമയമേതെന്നറിയില്ല. സത്യവചനം സാത്താന്‍റെ അധരത്തിലൂടെ പുറത്തുവന്നപ്പോള്‍ അത് നുണവചനമായിത്തീര്‍ന്നു. പരിശുദ്ധ ഗ്രന്ഥത്തല്‍ എഴുതപ്പെട്ടിരിക്കുന്ന വാക്കുകള്‍ക്ക് ജീവനുണ്ടാകണമെങ്കില്‍ (അവ ആത്മാവും ജീവനുമായി പുറപ്പെടണമെങ്കില്‍) (യോഹ. 6/63, ഏശ. 55/11) അത് പറയുന്നവനിലും സത്യം ഉണ്ടാകണം. ദൈവപിതാവിനാല്‍ അയയ്ക്കപ്പെടുന്നവനു മാത്രമേ ഫലം പുറപ്പടുവിക്കാന്‍ സാധിക്കു. കാരണം അവനില്‍ സത്യമുണ്ട്, അനീതിയില്ല. പിശാചിനാല്‍ അയയ്ക്കപ്പെടുന്നവനോട് പോ പിശാചേ എന്നു പറയാന്‍ കഴിയണം. അല്ലെങ്കില്‍ അവന്‍ പറയുന്ന നുണവചനം കേള്‍ക്കുന്നവരില്‍ വസിക്കും.
എന്നാല്‍ ദൈവപിതാവിനാല്‍ അയയ്ക്കപ്പെട്ടവനെയും പിശാചിനാല്‍ അയയ്ക്കപ്പെട്ടവനെയും തിരിച്ചറിയാന്‍ ദൈവപിതാവിന്‍റെ വരം ലഭിക്കണം. ഈ വിവേചനാവരം ദൈവപിതാവ് നല്‍കുന്നതാകട്ടെ അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവനുമാത്രമാണ് (യോഹ. 7/17-18). ദൈവഹിതം തിരിച്ചറിയണമെങ്കില്‍ നമുക്ക് പരിശുദ്ധാത്മാവും പരിശുദ്ധജ്ഞാനവും ഉണ്ടായിരിക്കണം (ജ്ഞാനം 9/17). ദൈവഹിതം നിറവേറ്റാന്‍ മനസ്സുണ്ടാകണമെങ്കില്‍ നമ്മില്‍ ദൈവസ്നേഹം നിറയണം (യോഹ. 5/41-42). ഒരു വ്യക്തി ആരുടെ സ്നേഹത്തിലാണോ നിറഞ്ഞിരിക്കുന്നത് ആ വ്യക്തിയുടെ ഇഷ്ടമായിരിക്കും എപ്പോഴും അനുവര്‍ത്തിക്കാന്‍ ആഗ്രഹിക്കുക. ദൈവസ്നേഹം നമ്മില്‍ നിറയാന്‍ നാം എപ്പോഴും ദൈവമഹത്ത്വം അന്വേഷിക്കണം. ദൈവപിതാവിന് മഹത്ത്വം നല്‍കാന്‍ നാം സ്വയം മഹത്ത്വവും പരസ്പരമഹത്ത്വവും ഉപേക്ഷിക്കണം (യോഹ. 5/44). ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ രക്ഷാകരമായ വിശ്വാസം അഥവാ സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസം നമുക്കുണ്ടാകൂ (ഗലാ. 5/6). ഇവിടെയാണ് ഒരു വ്യക്തി തിരിയേണ്ടത്. അങ്ങനെ ദൈവത്തിങ്കലേക്ക് ഈ ലോകത്തില്‍നിന്നും, ദൃശ്യവസ്തുക്കളോടുള്ള സ്നേഹത്തില്‍നിന്നും, ജഡമോഹങ്ങളില്‍നിന്നും, നുണവചനങ്ങളില്‍നിന്നും തിരിച്ചുവരാന്‍ നമ്മെ ദൈവത്തിങ്കലേക്ക് ദൈവപിതാവ് തിരിക്കണം (വിലാ. 5/21). അതിനാല്‍ ദൈവസ്വരത്തിനുമുമ്പില്‍ ആരും തങ്ങളുടെ ഹൃദയം കഠിനമാക്കാതിരിക്കട്ടെ (ഹെബ്രാ. 3/15-19).
© 2024. Church of Light Emperor Emmanuel Zion. All rights reserved.