വിശ്വാസവും നീതീകരണവും

മോശയുടെ നിയമംവഴി നീതീകരണം ലഭിക്കാത്ത ഒരു പ്രവൃത്തി അന്ത്യനാളുകളില്‍ ദൈവപിതാവ് ചെയ്യുന്നു. മോശയുടെ നിയമത്തില്‍ അതിനു നീതീകരണമില്ലെങ്കില്‍, സഭകളുടെയോ, മറ്റ് സംവിധാനങ്ങളുടെയോ നിയമത്തില്‍ അതിനു നീതീകരണമില്ല

വിശ്വാസവും നീതീകരണവും

സത്യവചനത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ ദൈവപിതാവിന്‍റെ ആധിപത്യവും, അമര്‍ത്യതയും, നിത്യയൗവനവും ഉണ്ടായിരുന്നു (ഉല്‍പ. 1/26-28, പ്രഭാ. 17/3-4). എന്നാല്‍ സാത്താന്‍റെ നുണവചനം സ്വീകരിച്ച് പാപത്തിനടിമയായിത്തീര്‍ന്ന മനുഷ്യന്‍ ദൈവമഹത്വത്തിനു അയോഗ്യരായി (റോമാ 3/23). അങ്ങനെ മനുഷ്യന് നല്‍കപ്പെട്ടതെല്ലാം സാത്താന്‍ കവര്‍ന്നെടുത്തു. സാത്താനെയും അവന്‍റെ നിയമമുള്ള ജഡത്തെയും, ലോകത്തെയും കീഴടക്കി, നഷ്ടപ്പെട്ടതെല്ലാം തിരികെ വാങ്ങിവരാന്‍ മനുഷ്യനെ ദൈവപിതാവ് ഭൂമിയിലേക്ക് ഇറക്കിവിട്ടു. ഇതിനായി ദൈവം രക്ഷാകരപദ്ധതി ആവിഷ്കരിച്ചു (ജറെ. 29/11-14). അങ്ങനെ അവിടുത്തെ ദൈവികതയില്‍ മക്കളെ പങ്കുകാരാക്കുന്നതിന് ശ്രേഷ്ഠവും അമൂല്യവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു (2 പത്രോ. 1/4).

         എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പിതാവ് നമുക്ക് പൂര്‍ത്തീകരിച്ചു നല്‍കുന്നത് നമ്മുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് നമ്മുടെ വിശ്വാസത്തിന്‍റെ അനുസരണത്തിലാണ്.

(റോമാ 4/5) -    പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു.

(എഫേ. 2/8-9) - വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്‍റെ ദാനമാണ്.  അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല.

        എല്ലാവരും പാപികളാണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (റോമാ 3/10-12, ഗലാ. 3/22). എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി എല്ലാവരെയും പിതാവ് അനുസരണമില്ലാത്തവരാക്കി (റോമാ 11/32). അങ്ങനെ ദൈവത്തിന്‍റെ കൃപയാല്‍ ഇമ്മാനുഏലിലൂടെയുള്ള വീണ്ടെടുപ്പിലൂടെ ദൈവപിതാവ് നമ്മെ സൗജന്യമായി നീതീകരിക്കുന്നു.

        റോമാ 3/24    - അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്തുവഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.

        റോമാ 4/13-16 - ലോകത്തിന്‍റെ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്‍റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്‍റെ നീതിയിലൂടെയാണ്. നിയമത്തെ ആശ്രയിക്കുന്നവര്‍ക്കാണ് അവകാശമെങ്കില്‍ വിശ്വാസം നിരര്‍ത്ഥകവും വാഗ്ദാനം നിഷ്ഫലവുമായിത്തീരും. എന്തെന്നാല്‍, നിയമം ക്രോധത്തിനു ഹേതുവാണ്. നിയമമില്ലാത്തിടത്തു ലംഘനമില്ല. അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്‍റെ എല്ലാ സന്തതിക്കും - നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്‍റെ വിശ്വാസത്തില്‍ പങ്കുചേരുന്ന സന്തതിക്കും - ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്.

        ദൈവം അബ്രാഹത്തിന് വാഗ്ദാനങ്ങള്‍ നല്‍കിയത് നിയമത്തിന്‍റെ അടിസ്ഥാനത്തിലല്ല. മറിച്ച് വിശ്വാസത്തിലൂടെയുള്ള നീതിയുടെ അടിസ്ഥാനത്തിലാണ് (ഹെബ്രാ. 11/8-10, 11/17-19, ഉല്‍പ. 15/6). വാഗ്ദാനങ്ങള്‍ ലഭിച്ചത് അബ്രാഹത്തിനും അവന്‍റെ സന്തതിക്കുമാണ്. ആ സന്തതി യേശുക്രിസ്തുവാണ് (ഗലാ. 3/16). യേശുക്രിസ്തുവാകുന്ന സന്തതി ലഭിക്കുന്നതുവരെ, പാപം നിമിത്തം ദൈവജനത്തിന് നിയമം നല്‍കപ്പെട്ടു. എല്ലാ നിയമങ്ങളെയും അതിജീവിച്ച യേശുക്രിസ്തു, നിയമത്തിന്‍റെ ശാപത്തില്‍നിന്ന് ദൈവജനത്തെ മോചിപ്പിച്ചു (ഗലാ. 3/13). തന്‍റെ വിശ്വാസത്താലാണ് പിതാവിന്‍റെ എല്ലാ കല്‍പനകള്‍ക്കും യേശുക്രിസ്തു ആമേന്‍ പറയുന്നതും (2 കോറി. 1/19). ദൈവപിതാവിന്‍റെ എല്ലാ വാഗ്ദാനങ്ങളും അവനില്‍ ആമേന്‍ ആകുന്നതും (2 കോറി. 1/20). ഇതേ വിശ്വാസമാണ് പിതാവിന്‍റെ എല്ലാ അവകാശങ്ങള്‍ക്കും യേശുക്രിസ്തുവിനെ യോഗ്യനാക്കിയതും.

        അബ്രാഹത്തിന്‍റെ സന്തതികളെല്ലാം അബ്രാഹത്തിന്‍റെ മക്കളല്ല (റോമാ 9/6). പാരമ്പര്യാവകാശം നിയമത്തില്‍നിന്നാണ് ലഭിക്കുന്നതെങ്കില്‍ വാഗ്ദാനം ഒരിക്കലും വാഗ്ദാനമായിരിക്കുകയില്ല (ഗലാ. 3/8). വംശമുറയ്ക്കനുസരിച്ചുള്ള മക്കളല്ല അബ്രാഹത്തിന്‍റെ മക്കള്‍; വാഗ്ദാനപ്രകാരം ജനിച്ച മക്കളാണ് യഥാര്‍ത്ഥ മക്കളായി കണക്കാക്കപ്പെടുന്നത് (റോമാ 9/8). അതിനാല്‍ വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്‍റെ മക്കള്‍ (ഗലാ. 3/7). അബ്രാഹത്തിന്‍റെ തായ്ത്തടിയില്‍പ്പെടാത്തവരെയും വിജാതീയരെയും ദൈവപിതാവിന്‍റെ വാഗ്ദാനങ്ങള്‍ക്ക് അവകാശികളാക്കുന്നത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. അബ്രാഹത്തിനു ലഭിച്ച അവകാശം ഇസഹാക്കും യാക്കോബും എങ്ങനെ കൈവശമാക്കിയോ അതേ അഭിമാനത്തോടെ അവര്‍ക്കും അതു സ്വന്തമാക്കാം. ദൈവപുത്രന്‍റെ കൂട്ടവകാശികളാകാം.

        ഗലാ. 3/7-9  - അതിനാല്‍, വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്‍റെ മക്കള്‍ എന്നു നിങ്ങള്‍ മനസ്സിലാക്കണം. വിജാതീയരെ വിശ്വാസംവഴി ദൈവം നീതീകരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടുകൊണ്ട് വിശുദ്ധഗ്രന്ഥം, നിന്നില്‍ ജനതകളെല്ലാം അനുഗ്രഹീതരാകും എന്ന സദ്വാര്‍ത്ത നേരത്തെതന്നെ അബ്രാഹത്തെ അറിയിച്ചിട്ടുണ്ട്. ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു.

        റോമാ 4/22-23 - അതുകൊണ്ടാണ് അവന്‍റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്. അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടിയാണ്. 

        നിയമം ലഭിച്ച സന്തതിയായ യേശുക്രിസ്തുമുതല്‍ അവസാന മനുഷ്യന്‍വരെയുള്ളവര്‍ക്ക് വിശ്വാസം നീതിയായി പരിഗണിക്കുമെന്ന് ഉറപ്പിക്കാനാണ് അബ്രാഹത്തിന് അവന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടത്.എല്ലാ പൂര്‍വ്വപിതാക്കന്‍മാരും നീതീകരിക്കപ്പെട്ടത് അവരുടെ വിശ്വാസംമൂലമായിരുന്നു (ഹെബ്രാ. 11/39).         

        നിയമം നല്‍കിയിട്ടും ഇസ്രായേല്‍ജനം തിന്‍മ ചെയ്തപ്പോള്‍, ദൈവപിതാവ് ആഗ്നേയസര്‍പ്പങ്ങളെ അയച്ച് അവരെ ശിക്ഷിച്ചു. ജനം അനുതപിച്ച് കരുണയ്ക്കായി യാചിച്ചപ്പോള്‍, ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കാനും, സര്‍പ്പദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കാനും ദൈവപിതാവ് ആവശ്യപ്പെട്ടു (സംഖ്യ 21/4-9). പിച്ചളസര്‍പ്പത്തെ ഉണ്ടാക്കിയതും, അതിനെ നോക്കിയാല്‍ രക്ഷപെടും എന്ന വിശ്വാസത്തോടെ അതിനെ നോക്കിയതും നിയമലംഘനമല്ലേ? കാരണം, മുകളില്‍ ആകാശത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കടിയിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കരുതെന്നും അവയെ ആരാധിക്കരുതെന്നും ദൈവം തന്നെ കല്‍പിച്ചിട്ടുണ്ട് (പുറ. 20/4-5). എന്നാല്‍ മോശയിലൂടെ അരുളിച്ചെയ്യപ്പെട്ട ദൈവപിതാവിന്‍റെ വചനം വിശ്വസിച്ചവര്‍ നീതീകരിക്കപ്പെട്ടു. ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന പരിശുദ്ധ അമ്മ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്താ. 1/18). ജോസഫില്‍നിന്നല്ലാതെ ഗര്‍ഭിണിയായ പരിശുദ്ധ അമ്മയുടെ അവസ്ഥയും അന്ന് നിലവിലിരുന്ന നിയമത്താല്‍ നീതീകരിക്കപ്പെടാനാവാത്തതായിരുന്നു. 400 വര്‍ഷങ്ങള്‍ക്കുശേഷം നല്‍കിയ നിയമത്തില്‍ നീതീകരിക്കപ്പെടാനാവാത്ത ഒരു പ്രവൃത്തിയാണ് ദൈവപിതാവ് അബ്രാഹത്തോട് ആവശ്യപ്പെട്ടത്, അതായത് മകനെ ബലിയര്‍പ്പിക്കുക (ഉല്‍പ. 22/2)

ദൈവത്തിന്‍റെ പ്രവൃത്തികള്‍ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ് (പ്രഭാ. 3/21-23, 16/21, 39/16-17). അന്ത്യകാലത്ത് ദൈവപിതാവ് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ മാനുഷികചിന്തയുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതാണ്. എന്നാല്‍ പിതാവിന്‍റെ ചിന്തയില്‍, ജ്ഞാനത്തില്‍ അവ നീതീകരിക്കപ്പെടുന്നു (മത്താ. 11/19). മോശയുടെ നിയമംവഴി നീതീകരണം ലഭിക്കാത്ത ഒരു പ്രവൃത്തി അന്ത്യനാളുകളില്‍ ദൈവപിതാവ് ചെയ്യുന്നു (ഹബ. 1/5, അപ്പ. പ്രവ. 13/38-41). മോശയുടെ നിയമത്തില്‍ അതിനു നീതീകരണമില്ലെങ്കില്‍, സഭകളുടെയോ, മറ്റ് സംവിധാനങ്ങളുടെയോ നിയമത്തില്‍ അതിനു നീതീകരണമില്ല. മരുഭൂമിയില്‍ പിച്ചളസര്‍പ്പത്തെ നോക്കിയവര്‍ രക്ഷപെട്ടതുപോലെ ദൈവത്തിന്‍റെ ആ പ്രവൃത്തിയെ വിശ്വാസത്തോടെ നോക്കുന്നവര്‍ ജീവിക്കും.

മോശക്കു മുമ്പായിരുന്നു നീതിമാന്‍മാരുടെ കാലഘട്ടം. മോശമുതല്‍ സ്നാപകയോഹന്നാന്‍വരെ നിയമത്തിന്‍റെയും പ്രവാചകന്‍മാരുടെയും കാലഘട്ടമായിരുന്നു (ലൂക്കാ 16/16). യേശുക്രിസ്തുവിനുശേഷം അപ്പസ്തോലന്‍മാരുടെ കാലഘട്ടമായിരുന്നു. എന്നാല്‍യേശുക്രിസ്തു ശരീരം ധരിച്ച് വീണ്ടും വന്നിരിക്കുന്ന ഇപ്പോള്‍, അവന് വഴിയൊരുക്കാനായി പ്രവാചകന്‍മാര്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ വീണ്ടും പ്രവാചകന്‍മാരുടെ കാലഘട്ടമാണ് (റോമാ 3/21). ഉടന്‍തന്നെ നാം നീതിമാന്‍മാരുടെ കാലത്തേക്ക് പ്രവേശിക്കും. അപ്പോഴാണ് നാം വിശ്വാസത്താല്‍ പൂര്‍ണ്ണമായി നീതീകരിക്കപ്പെടുന്നത്. വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നവനെയാണ് പിതാവ് നീതിമാന്‍ എന്നു വിളിക്കുക (ഗലാ. 3/11).

ഗലാ. 3/11 -    ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്തമാണ്. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക.

Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us