യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.
പാപത്തിന്‍റെ
അടിമയായിത്തീര്‍ന്ന മനുഷ്യനെ ദൈവരാജ്യത്തിലേക്ക് തിരികെ കൊണ്ടുവരാനും, അവരെ ദൈവികസ്വഭാവത്തില്‍ പങ്കുകാരാക്കുന്നതിനും
ദൈവപിതാവ് മനുഷ്യന് ഉന്നതവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു (2
പത്രോ. 1/4). ഈ വാഗ്ദാനങ്ങള്‍ പ്രാപിക്കാന്‍ ദൈവപിതാവ് മനുഷ്യനെ നീതീകരിക്കുന്നത്
അവരുടെ വിശ്വാസത്താലാണ്. പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍
വിശ്വസിക്കുന്നവന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു (റോമാ 4/5).
അവിടുത്തെ നീതിമാന്‍ വിശ്വാസംമൂലമാണ് ജീവിക്കുക (ഗലാ. 3/11). ദൈവപിതാവ് ഒരു ഗണത്തെ
തിരഞ്ഞെടുത്തത് അവിടുത്തെ മുമ്പില്‍ സ്നേഹത്തില്‍ പരിശുദ്ധരും
നിഷ്കളങ്കരുമായിരിക്കാനാണ് (എഫേ. 1/4). തിരഞ്ഞെടുപ്പിന്‍റെ ഈ ലക്ഷ്യം പ്രവൃത്തികള്‍മൂലമല്ല
അവിടുത്തെ വിളിമൂലമാണ് തുടര്‍ന്നുപോകേണ്ടത് എന്നാണ് ദൈവഹിതം (റോമാ 9/11-12).
നിയമത്തിലധിഷ്ഠിതമായ പ്രവൃത്തിയിലൂടെയാണ് യഹൂദരും ഇന്നത്തെ സഭകളും ദൈവനീതി അന്വേഷിച്ചത്. അതിനാല്‍ അവര്‍ ഇമ്മാനുഏലാകുന്ന പാറമേല്‍ തട്ടിവീണ് നശിക്കുന്നു (റോമാ 9/31-33). നല്ലത്, ശ്രേഷ്ഠം, എന്ന് ലോകം കരുതുന്ന പ്രവൃത്തികള്‍ ചെയ്താല്‍, നന്നായി ജീവിച്ചാല്‍, കുറെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ രക്ഷ കിട്ടും എന്നൊക്കെയാണ് ഒരു സാധാരണ ക്രിസ്ത്യാനി വിശ്വസിക്കുന്നത്. താന്‍ പാപിയാണ് എന്ന വസ്തുത വിസ്മരിച്ച് രക്ഷ തനിക്ക് സ്വയം നേടിയെടുക്കാം എന്ന് മനുഷ്യന്‍ വൃഥാ കരുതുന്നു. അവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന് ഒരു പ്രസക്തിയുമില്ലാതായിരിക്കുന്നു. ദൈവത്തെ തിരസ്കരിച്ച് മനുഷ്യന്‍ ഇന്ന് മാനവികതയെ എല്ലാത്തിനും മുകളില്‍, ദൈവത്തിന്‍റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. എന്നാല്‍ ദൈവസ്നേഹത്തില്‍ നിന്നുളവാകുന്ന പ്രവൃത്ത്യാധിഷ്ഠിത വിശ്വാസം മാത്രമേ ദൈവപിതാവ് നല്‍കുന്ന രക്ഷയ്ക്ക് അവിടുന്ന് യോഗ്യതയായി പരിഗണിക്കുകയുള്ളു.
(ഹെബ്രാ. 11/1-3) -
വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന
ബോധ്യവുമാണ്. ഇതുമൂലമാണ് പൂര്‍വ്വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്. ദൈവത്തിന്‍റെ
വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍നിന്നുണ്ടായി
എന്നും വിശ്വാസംമൂലം നാം അറിയുന്നു.
പരിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന, ദൈവപിതാവ് അവിടുത്തെ മക്കള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന സകലതും (ദൈവത്തിന്‍റെ അവകാശവും യേശുക്രിസ്തുവിന്‍റെ കൂട്ടവകാശവും) (റോമാ 8/19) ലഭിക്കുമെന്ന ഉറപ്പാണ് പ്രത്യാശ. (1 യോഹ. 3/1-3, 1 പത്രോ. 1/4-5, ഏശ. 59/20-21, ജറെ. 31/31-33, റോമാ 8/22-23, 1 കോറി. 15/53-54, ഫിലി. 3/20-21). എല്ലാ സൃഷ്ടവസ്തുക്കളും കാണപ്പെടാത്ത ദൈവവചനങ്ങളായി കാണപ്പെടുന്ന ദൈവപിതാവില്‍നിന്നു പുറപ്പെട്ടതാണ്. കാണപ്പെടുന്ന ദൈവപിതാവില്‍ കാണപ്പെടാത്ത വചനം ഉണ്ടായിരുന്നു (യോഹ. 1/1-3).
പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണ് (യാക്കോ. 2/17). വെറും അധരവ്യായമം മാത്രമായ വിശ്വാസമോ (മത്താ. 7/21) ഈ ലോകജീവിതത്തിനുവേണ്ടി മാത്രമുള്ള വിശ്വാസമോ (1 കോറി. 15/19) ദൈവസ്നേഹത്തിലധിഷ്ഠിതമല്ലാത്ത വിശ്വാസമോ (1 കോറി. 13/2) ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല. യഥാര്‍ത്ഥ വിശ്വാസത്തില്‍നിന്നും അതിനു യോജിച്ചതായ പ്രവൃത്തികള്‍ ഉണ്ടാകണം. അവിടുത്തെ കാത്തിരിക്കുന്ന മക്കള്‍ക്കുവേണ്ടി ദൈവപിതാവ് അദ്ധ്വാനിക്കുന്നു (ഏശ. 64/4). ദൈവപിതാവിനാല്‍ അയയ്ക്കപ്പെട്ട പുത്രന്‍ - യേശുക്രിസ്തു - ഇപ്പോഴും പ്രവര്‍ത്തിക്കുന്നു (യോഹ. 5/17). ദൈവമക്കള്‍ക്കുവേണ്ടി പരിശുദ്ധ അമ്മ പ്രവര്‍ത്തിക്കുന്നു (ജ്ഞാനം 9/10). നിത്യതയില്‍ എത്തുന്നതുവരെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചുകൊണ്ടും യേശുക്രിസ്തു പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിച്ചുകൊണ്ടും (യോഹ. 14/26) ദൈവചിന്തകള്‍ വെളിപ്പെടുത്തിത്തന്നുകൊണ്ടും (1 കോറി. 2/11) പൊതു നന്‍മയ്ക്കുവേണ്ടി ഓരോരുത്തര്‍ക്കും വ്യത്യസ്ഥ ദാനങ്ങള്‍ നല്‍കിയും (1 കോറി. 12/11) പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു. യഥാര്‍ത്ഥ വിശ്വാസികള്‍ ഇവരുടെ പ്രവൃത്തികളില്‍ പങ്കാളികളാവണം. യേശുക്രിസ്തുവിന്‍റെ കൂട്ടവകാശികളാകേണ്ടവര്‍ യേശുക്രിസ്തു ചെയ്ത അതേ പ്രവൃത്തികള്‍ അവനുവേണ്ടി ചെയ്യണം (റോമാ 8/17). 1. വിശ്വാസത്തിന്‍റെ പ്രവൃത്തി വിശ്വാസം ഏറ്റുപറയലാണ് വിശ്വാസത്തിന്‍റെ ഏറ്റവും വലിയ ഒരു പ്രവൃത്തി അത് ഏറ്റുപറയുകയാണ്. എന്നാല്‍ ഇത് വെറും അധരംകൊണ്ട് മാത്രമുള്ള ഒരു ഏറ്റുപറച്ചിലല്ല. വിശ്വാസം ഏറ്റുപറയിച്ചതിനുശേഷവും ഏറ്റുപറച്ചിലിന്‍റെ പ്രവൃത്തികള്‍ കണ്ടതിനുശേഷവുമാണ് യേശുക്രിസ്തു സൗഖ്യവും വിടുതലും നല്‍കിയത് (മത്താ.9/28). യേശുക്രിസ്തുവിന്‍റെ ഒന്നാം ആഗമനത്തില്‍ അവന്‍ ദൈവപുത്രനാണെന്നറിഞ്ഞിട്ടും, നിരവധി അടയാളങ്ങളിലൂടെ അതു സാക്ഷ്യപ്പെടുത്തപ്പെട്ടിട്ടും യൂദാസഭയില്‍ ഉണ്ടായിരുന്നവര്‍ അതേറ്റുപറഞ്ഞില്ല. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് ഏറ്റുപറഞ്ഞാല്‍ സഭയില്‍നിന്ന് പുറത്താക്കുമെന്ന ഭീഷണി സഭാധികാരികള്‍ പുറപ്പെടുവിച്ചിരുന്നു. ദൈവമഹത്ത്വത്തെക്കാളധികം മനുഷ്യരില്‍നിന്നുള്ള മഹത്ത്വം ആഗ്രഹിച്ച അവര്‍ വിശ്വാസം ഏറ്റുപറഞ്ഞില്ല (യോഹ. 12/42-43, 5/44). എന്നാല്‍ അവന്‍ ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണെന്ന് ദൈവപിതാവ് വെളിപ്പെടുത്തിക്കൊടുത്തപ്പോള്‍ പത്രോസ് സസന്തോഷം അതേറ്റുപറഞ്ഞു (മത്താ. 16/15-16). ആ പ്രവൃത്തിമൂലം കര്‍ത്താവ് അവനെ ഭാഗ്യവാന്‍ എന്നു വിളിച്ചു (മത്താ. 16/17).
യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്. മറിച്ച് അത് ആത്മാവില്‍ ഒരു ബോദ്ധ്യമായിരിക്കണം. ഈ സത്യം ഹൃദയത്തില്‍ ഉറച്ച് വിശ്വസിക്കുകയും അത് അധരം കൊണ്ട് ഏറ്റുപറയുകയും വേണം.
(റോമാ 10/9 -10) - ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.
എന്നാല്‍ വിശ്വാസം ഏറ്റുപറയുന്നത്
ഹൃദയപരമാര്‍ത്ഥതയോടെയും ശരിയായ മനോഭാവത്തോടെയുമായിരിക്കണം. പത്രോസ്
യേശുക്രിസ്തുവിനെ ഏറ്റുപറഞ്ഞു. യൂദാസും ഏറ്റുപറഞ്ഞിട്ടുണ്ട്. ഗത്സെമന്‍
തോട്ടത്തില്‍വച്ച് ചുംബിച്ചുകൊണ്ട് യൂദാസ് പരസ്യമായി തന്‍റെ ഗുരുവിനെ ഏറ്റുപറഞ്ഞു.
എന്നാല്‍ അത് കപടവും പൈശാചികവുമായ പ്രവൃത്തിയായിരുന്നു. അവന്‍ മരക്കൊമ്പില്‍
തൂങ്ങിമരിച്ച് എന്നേക്കുമായി സാത്താന്‍റേതായിത്തീര്‍ന്നു. വിശ്വാസം ഏറ്റുപറയുന്നത്
ദൈവമഹത്ത്വത്തിനുവേണ്ടി മാത്രമായിരിക്കണം. മറ്റാരുടെയും മഹത്ത്വത്തിനായിരിക്കരുത്.
മനുഷ്യരുടെ മുമ്പില്‍ യേശുക്രിസ്തുവിനെ ഏറ്റുപറയുന്ന ഏതൊരുവനെയും പിതാവിന്‍റെയും ദൂതരുടെയും മുമ്പില്‍ യേശുക്രിസ്തുവും ഏറ്റുപറയും എന്ന് അവന്‍ ഉറപ്പു നല്‍കിയിരിക്കുന്നു. എന്നാല്‍ ഇമ്മാനുഏലിനെക്കുറിച്ചോ ദൈവവചനത്തെക്കുറിച്ചോ ആരെങ്കിലും ലജ്ജിച്ചാല്‍ അവനെക്കുറിച്ച് പിതാവിന്‍റെ തിരുസന്നിധിയില്‍ ഇമ്മാനുഏലും ലജ്ജിക്കും (ലൂക്കാ 9/26). യേശുക്രിസ്തു കര്‍ത്താവാണെന്നും അവന്‍ ഏകരക്ഷകനാണെന്നും വേറെ രക്ഷകനില്ലെന്നും ആണ് ഒരു ക്രിസ്ത്യാനിക്ക് ഉണ്ടായിരിക്കേണ്ട വിശ്വാസം. ഈ വിശ്വാസം ഏറ്റുപറയേണ്ടവരല്ലേ ഇന്നത്തെ സഭകള്‍? എന്നാല്‍ എല്ലാ മതങ്ങളിലും രക്ഷയുണ്ട്, യേശുക്രിസ്തുമാത്രമല്ല രക്ഷകനെന്നും ഇന്ന് ക്രിസ്തീയസഭകള്‍ പഠിപ്പിച്ചുകൊണ്ട് യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞിരിക്കുന്നു. നീതിവിധിയാളനായ ഇമ്മാനുഏല്‍ തന്‍റെ പിതാവിന്‍റെ മുമ്പില്‍ ഈ സഭാധികാരികളെയും സഭാവിശ്വാസികളെയും തള്ളിക്കളയും. സത്യം അറിയാമായിരുന്നിട്ടും അത് ഏറ്റുപറയാത്തതിനെയാണ് കാപട്യമെന്നും ഭീരുത്വമെന്നും ദൈവപിതാവ് വിളിക്കുന്നത്.
യേശുക്രിസ്തു
ശരീരംധരിച്ച് ഈ ഭൂമിയിലേക്ക് വന്നെന്നും അവന്‍ സീയോനില്‍ മഹത്ത്വത്തോടെ
പ്രത്യാഗമനം ചെയ്യുമെന്നും, അവന്‍ ദൈവമക്കളെ രൂപാന്തരപ്പടുത്തി പുതിയ ഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നും, നീതിയോടെ ലോകത്തെ വിധിക്കുന്ന അവന്‍റെ എന്നേക്കുമുള്ള
നാമം ഇമ്മാനുഏല്‍ ആണെന്നും സീയോന്‍ഗണം ഹൃദയത്തില്‍ വിശ്വസിക്കുകയും അധരംകൊണ്ട്
ഏറ്റുപറയുകയും ചെയ്യുന്നു. (സീയോന്‍റെ വിശ്വാസത്തെക്കുറിച്ച് വിശ്വാസവും സീയോനും
എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.)
കാണപ്പെടുന്നതെല്ലാം കാണപ്പെടാത്ത ദൈവവചനത്തില്‍നിന്നുണ്ടായെന്ന് വിശ്വാസത്താല്‍ അറിയുകയും, അതിലെല്ലാം ദൈവപിതാവിന്‍റെ ശക്തിയും നന്‍മയും സ്നേഹവും കരുതലും നിറഞ്ഞിരിക്കുന്നുവെന്ന് അനുഭവിച്ചറിയുകയും ചെയ്യുന്നവര്‍, ആ നന്‍മയുടെ ഉറവിടമായ ദൈവപിതാവിനെ സ്നേഹിക്കുന്നു. അപ്പോള്‍ സ്നേഹത്തിന്‍റെ പ്രവൃത്തികള്‍ അവനില്‍നിന്നുണ്ടാകും. വിശ്വാസത്തില്‍ നിന്നുളവാകേണ്ട പ്രവൃത്തി ഒന്നാം പ്രമാണത്തിന്‍റെ അനുസരണമാണ്. നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കണം എന്ന ദൈവികനിയമവും; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്ന എന്ന രാജകീയ (ഇമ്മാനുഏലിന്‍റെ) നിയമവും (ലൂക്കാ 10/27) വിശ്വാസത്താല്‍ അനുസരിക്കുന്നവനാണ് ഉത്തമമായി പ്രവര്‍ത്തിക്കുന്നത് (യാക്കോ. 2/8). നമ്മുടെ സഹോദരര്‍ക്ക് ഭൗതികവും ആത്മീയവുമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവരെ സഹായിക്കുന്ന യഥാര്‍ത്ഥ സ്നേഹമാണ് വിശ്വാസത്തിന്‍റെ പ്രവൃത്തി. വാക്കിലും സംസാരത്തിലുമല്ല സത്യത്തിലും പ്രവൃത്തിയിലും ആണ് നാം സ്നേഹിക്കേണ്ടത് (1 യോഹ. 3/17-18).
ആരാണ് നമ്മുടെ സഹോദരര്‍? വിശ്വാസത്തില്‍ ഒരേ കുടുബത്തില്‍ അംഗങ്ങളായിരിക്കുന്നവരാണ് സഹോദരര്‍. ഇന്ന് ലോകത്ത് അനേകം പ്രസ്ഥാനങ്ങളുണ്ട്. അതാതു പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്കാണ് ആ പ്രസ്ഥാനങ്ങളെക്കൊണ്ട് നേട്ടങ്ങള്‍ ഉള്ളത്. ആ പ്രസ്ഥാനത്തെ സ്നേഹിക്കുകയും ആ പ്രസ്ഥാനത്തിന്‍റെ നിയമാവലിയും പ്രമാണങ്ങളും അംഗീകരിക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നവരാണ് ആ പ്രസ്ഥാനത്തിലെ അംഗങ്ങള്‍. യേശുക്രിസ്തുവിന്‍റെ സഭയിലെ അംഗങ്ങള്‍ ആരാണ്? ദൈവപിതാവിന്‍റെ വചനങ്ങളെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് ഇമ്മാനുഏലിന്‍റെ സഹോദരര്‍ (ലൂക്കാ 8/21). ഇവരാണ് ഇമ്മാനുഏലിന്‍റെ ചെറിയ അജഗണം (ലൂക്കാ 12/32). ഇവരാണ് അന്ത്യവിധിയില്‍ തനിക്ക് തുല്യരായി അവന്‍ പ്രഖ്യാപിക്കുന്ന അവന്‍റെ ഏറ്റവും എളിയ ഈ സഹോദരര്‍ (മത്താ. 25/40, 45). ഈ സഹോദരരെയാണ് ഒരു യഥാര്‍ത്ഥ വിശ്വാസി സ്നേഹിക്കേണ്ടത്.
വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട എല്ലാ പൂര്‍വ്വപിതാക്കന്‍മാരും ദൈവവചനത്തെ - ദൈവത്തിന്‍റെ വാക്കിനെ - അനുസരിച്ചു. തന്‍റെ ദേശത്തെയും പിതൃഭവനത്തെയും ഉപേക്ഷിച്ച് എങ്ങോട്ടെന്നുപോലും അറിയാതെ ഇറങ്ങിത്തിരിക്കാന്‍ ദൈവം കല്‍പിച്ചപ്പോള്‍ വിശ്വാസത്താല്‍ അബ്രാഹം അനുസരിച്ചു (ഹെബ്രാ. 11/8). തന്‍റെ ഏകമകനെ ബലിയര്‍പ്പിക്കാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ വിശ്വാസത്തോടെ അത് അനുസരിച്ചു (ഹെബ്രാ. 11/17-18).
ഭര്‍ത്താവില്‍നിന്നല്ലാതെ
ഒരുവള്‍ ഗര്‍ഭംധരിച്ചാല്‍ കല്ലെറിഞ്ഞുകൊല്ലണമെന്ന സാമൂഹ്യനിയമം നിലവിലിരുന്ന
കാലത്ത് ദൈവവചനം സ്വീകരിച്ച്, പരിശുദ്ധ അമ്മ ഗര്‍ഭംധരിച്ചത് വിശ്വാസത്തിന്‍റെ പ്രവൃത്തിയായിരുന്നു.
ജീവിതത്തിലുണ്ടായ എല്ലാ കുരിശുകളും സഹനങ്ങളും വേദനകളും സന്തോഷത്തോടെ പരിശുദ്ധ അമ്മ
സ്വീകരിച്ചത് ഈ വിശ്വാസത്തിന്‍റെ പ്രവൃത്തിയായിരുന്നു. അങ്ങനെ വിശ്വാസത്താല്‍
ദൈവപിതാവിനെ പൂര്‍ണ്ണമായും അനുസരിക്കാന്‍ പരിശുദ്ധ അമ്മയ്ക്കു കഴിഞ്ഞു. ഇതാ കര്‍ത്താവിന്‍റെ
ദാസി ... (ലൂക്കാ 1/38) എന്ന് ഏറ്റുപറഞ്ഞുകൊണ്ടുള്ള പരിശുദ്ധ അമ്മയുടെ ഈ അനുസരണം
നമുക്ക് രക്ഷാകരമായി (റോമാ 3/26). കാരണം, അമ്മയുടെ വിശ്വാസം മൂലമാണ് ദൈവവചനത്തിന് അമ്മയില്‍ നിന്നും ശരീരം
സ്വീകരിച്ച് മനുഷ്യനായിപ്പിറക്കാന്‍
കഴിഞ്ഞത് (യോഹ. 1/14). ആ രക്തമാണ്
ദൈവമക്കള്‍ക്ക് പാപമോചനവും രക്ഷയും നേടിത്തന്നത് (എഫേ. 1/7).
ദൈവപിതാവിന്‍റെ കല്‍പന നിത്യജീവനാണ് എന്ന് അറിയാമായിരുന്ന (യോഹ. 12/50) യേശുക്രിസ്തു പൂര്‍ണ്ണമായും ദൈവഹിതത്തിന് കുരിശുമരണത്തോളം വിശ്വാസത്താല്‍ അനുസരണമുള്ളവനായി (ഫിലി. 2/7-8). വിശ്വാസത്തിന്‍റെ ഈ അനുസരണമായിരുന്നു അവന്‍റെ ഭക്ഷണം (യോഹ. 4/34). വിശ്വാസത്തിന്‍റെ അനുസരണം പൂര്‍ത്തിയാക്കിയാണ് യേശുക്രിസ്തു പിതാവിനെ ഈ ഭൂമിയില്‍ മഹത്ത്വപ്പെടുത്തിയത് (യോഹ. 17/4). ദൈവവചനം മുഴുവന്‍ പിതാവില്‍നിന്നു പുറപ്പെട്ട കല്‍പനകളായതിനാല്‍ വിശ്വാസത്താല്‍ അത് അനുസരിക്കുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക (മത്താ. 7/21). യേശുക്രിസ്തു അബ്രാഹത്തിന്‍റെ സന്തതിയായതും, വാഗ്ദാനത്തിനും പുത്രത്വത്തിനും അവകാശിയായതും വിശ്വാസത്തിന്‍റെ പ്രവൃത്തിയിലൂടെയായിരുന്നു.
ഇമ്മാനുഏലിനു നല്‍കപ്പെട്ടവരാണ് സീയോന്‍ഗണം. സീയോന് നിത്യജീവന്‍ (1 യോഹ. 5/11-12) നല്‍കാന്‍ സീയോന്‍ ഗണത്തിന്‍റെമേല്‍ ഇമ്മാനുഏലിന് - ദൈവവചനത്തിന് - പിതാവ് അധികാരം നല്‍കിയിരിക്കുന്നു (യോഹ. 17/2). ദൈവവചനത്തില്‍ വിശ്വസിച്ച് , വചനത്തെ സ്നേഹിച്ച്, ആദരിച്ച്, ആരാധിച്ച്, അനുസരിച്ച് സീയോന്‍ഗണം ദൈവവചനത്താല്‍ പൂര്‍ണ്ണമായും ഭരിക്കപ്പെടും. അവരുടെ ശരീരങ്ങളില്‍ ദൈവവചനത്തിന്‍റെ ആത്മാവ് ഭരണം നടത്തും. അപ്പോള്‍ വിശ്വാസത്തിന്‍റെ അനുസരണം പൂര്‍ത്തിയാകും.
യഥാര്‍ത്ഥ വിശ്വാസി ദൈവപിതാവിനെ എപ്പോഴും മഹത്ത്വപ്പെടുത്തും. യേശുക്രിസ്തുവും പരിശുദ്ധ അമ്മയും വിശ്വാസത്താല്‍ ദൈവപിതാവിനെ മഹത്ത്വപ്പെടുത്തി. പൂര്‍വ്വികര്‍ വിശ്വാസത്തില്‍ ഉറച്ചുനിന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തി. ദൈവപിതാവ് അനുവദിച്ച സഹനത്തിന്‍റെ മൂര്‍ദ്ധന്യത്തിലും അത് സ്വീകരിച്ചുകൊണ്ട് ജോബ് ദൈവപിതാവിനെ മഹത്ത്വപ്പെടുത്തി (ജോബ് 1/21). ദൈവപിതാവ് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാകാനുള്ള സാധ്യതകള്‍ ഒന്നൊന്നായി ഇല്ലാതായപ്പോഴും, വാഗ്ദാനത്തനെതിരായി ചിന്തിക്കാതെ, വിശ്വാസത്തില്‍ ശക്തി പ്രാപിച്ച് അബ്രാഹം ദൈവപിതാവിനെ മഹത്ത്വപ്പെടുത്തി (റോമാ 4/20).
സീയോന്‍ ഗണത്തിനാണ്
ഏറ്റവും വലിയ വിശ്വാസം ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ വിശ്വാസം
പരീക്ഷിക്കപ്പെടുമ്പോള്‍, വലിയ സഹനങ്ങളും പീഡനങ്ങളും ഉണ്ടാകുമ്പോള്‍ ദൈവമക്കള്‍ ദൈവപിതാവിന്‍റെ
വാഗ്ദാനങ്ങളിലുള്ള വിശ്വാസത്തില്‍ ശക്തി പ്രാപിച്ച് അവിടുത്തെ മഹത്ത്വപ്പെടുത്തണം.
അപ്പോഴാണ് വിശ്വാസം അവരുടെ നീതീകരണത്തിന് കാരണമാകുന്നത്.
ദൈവപിതാവ് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തപ്പോലെ ആകുകയും അവിടുത്തെ കാണുകയും ചെയ്യുമെന്ന പ്രത്യാശയുള്ളവന്‍ തന്നെത്തന്നെ പരിശുദ്ധനാക്കണം (1 യോഹ. 3/1-3). ഈ വിശ്വാസമുള്ളവര്‍ വിശ്വാസത്തിന്‍റെ പ്രവൃത്തിയായ വിശുദ്ധീകരണം പൂര്‍ത്തിയാക്കണം. ഒരു യഥാര്‍ത്ഥ വിശ്വാസി താന്‍ പാപിയാണെന്ന് തിരിച്ചറിഞ്ഞ് ഹൃദയപരമാര്‍ത്ഥതയോടെ അനുതപിക്കും. യേശുക്രിസ്തുവില്‍ വിശ്വസിച്ച ചുങ്കക്കാരനായ സക്കേവൂസും കുടുംബവും രക്ഷിക്കപ്പെട്ടത് വിശ്വാസത്തിന്‍റെ പ്രവൃത്തിയാലാണ്. അന്യായമായി സമ്പാദിച്ചവ നാലിരട്ടിയായി തിരികെ കൊടുത്താല്‍ പിന്നെ അവന് ബാക്കി എന്തെങ്കിലും ശേഷിക്കുമോ? എങ്കിലും വിശ്വാസത്തില്‍നിന്നുളവായ മാനസാന്തരത്തിന്‍റെ ആ പ്രവൃത്തി നഷ്ടം സഹിച്ചും സക്കേവൂസ് സന്തോഷത്തോടെ നടത്തി രക്ഷനേടി (ലൂക്കാ 19/8-9). വേശ്യാവൃത്തി ദൈവം ഏറ്റവും വെറുക്കുന്ന പ്രവൃത്തിയാണ്. എന്നാല്‍ ദൈവത്തിന്‍റെ ദാസനായ ജോഷ്വ അയച്ച ദൗത്യവാഹകര്‍ക്ക് വിശ്വാസത്താല്‍ അഭയം നല്‍കുകയും രക്ഷപെടാന്‍ സഹായിക്കുകയും ചെയ്തതുവഴി റാഹാബ് എന്ന വേശ്യ നീതീകരിക്കപ്പെട്ടു. അവള്‍ തന്‍റെ അശുദ്ധിമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു (യാക്കോ. 2/25).
വിശ്വാസത്താല്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവര്‍ അവന്‍റെ സ്നേഹത്താല്‍ നിറഞ്ഞ് സകല പാപമാര്‍ഗ്ഗങ്ങളും ഉപേക്ഷിച്ച് യേശുക്രിസ്തുവിന്‍റെ ശുശ്രൂഷകരാകണം. ലോകത്തെയും ലോകരാജ്യത്തെയും, പാപത്തെയും പാപസാഹചര്യങ്ങളെയും, എല്ലാത്തരം അശുദ്ധികളെയും നുണവചനങ്ങളെയും ഉപേക്ഷിക്കുകയും അവയില്‍നിന്ന് വേര്‍പിരിയുകയുമാണ് വിശ്വാസത്തിന്‍റെ പ്രവൃത്തി. താന്‍ അതുവരെ ശ്രേഷ്ഠമായി കരുതിയിരുന്നതെല്ലാം വെറുക്കാനും ഉച്ഛിഷ്ടംപോലെ ഉപേക്ഷിക്കാനും, അതുവരെ വെറുത്തിരുന്ന യേശുക്രിസ്തുവിനെയും അവന്‍റെ സുവിശേഷത്തെയും സ്വീകരിക്കാന്‍ തക്ക വലിയ മാനസാന്തരം പൗലോസില്‍ ഉണ്ടായി (ഫിലി. 3/7-8). ദൈവം നമുക്ക് പിതാവും നാം അവിടുത്തെ മക്കളുമായിത്തീരാന്‍ അന്ധകാരത്തില്‍നിന്നും അനീതിയില്‍നിന്നും അവിശ്വാസത്തില്‍നിന്നും വേര്‍പിരിയുന്ന വിശ്വാസത്തിന്‍റെ പ്രവൃത്തി ഉണ്ടാകണം (2 കോറി. 6/14-18). സാത്താന് ഭാഗഭാഗിത്വമുള്ളതും അവകാശമുള്ളതും സ്വാധീനമുള്ളതുമായ യാതൊന്നിനെയും സ്പര്‍ശിക്കുകയോ അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ അവയെവിട്ട് ഇറങ്ങുമ്പോഴാണ് വിശ്വാസത്തിന്‍റെ പ്രവൃത്തി നടക്കുന്നത്. ഇപ്രകാരം, വിശ്വാസമുള്ളവരെ സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവപിതാവ് വേര്‍പെടുത്തി സ്വന്തമാക്കുന്നതായി പരിശുദ്ധഗ്രന്ഥത്തില്‍ കാണാം.
ഹെനോക്ക്, നോഹ, അബ്രാഹം, ലോത്ത്, യാക്കോബ്, ജോസഫ്, മോശ, ഇസ്രായേല്‍ജനം, യേശുക്രിസ്തു, യേശുക്രിസ്തുവിന്‍റെ ശിഷ്യര്‍ എന്നിവരെ ദൈവപിതാവ് വേര്‍പെടുത്തി അവിടുത്തെ സ്വന്തമാക്കി. അവസാനം ഇമ്മാനുഏലിന്‍റെ ആഗമനത്തില്‍ അവനുള്ള അവന്‍റെ സഹോദരരെ, പിതാവിന്‍റെ ആദ്യജാതരെ ദൈവപിതാവ് വേര്‍പെടുത്തും.
ഇപ്രകാരം വിശ്വാസം ഏറ്റുപറയുകയും, സ്നേഹത്തിന്‍റെയും അനുസരണത്തിന്‍റെയും സ്വയംവിശുദ്ധീകരണത്തിന്‍റെയും പ്രവൃത്തികളിലൂടെ ദൈവപിതാവിനെ മഹത്ത്വപ്പെടുത്തുകയും ചെയ്യുമ്പോഴാണ് വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നത്. അപ്പോഴാണ് അബ്രാഹത്തിന് അവന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത്, അവനെ സംബന്ധിച്ചുമാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടിയാണ് (റോമാ 4/23) എന്നെഴുതപ്പെട്ടിരിക്കുന്നത് പൂര്‍ത്തിയാകുന്നത്.
റോമാ 4/23 അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു
എന്നെഴുതിയിരിക്കുന്നത് അവനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചുകൂടിയാണ്.
© 2024. Church of Light Emperor Emmanuel Zion. All rights reserved.