ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍, അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.
ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍, അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും (2 തിമോ : 4 : 3-4).
അവസാനകാലത്ത് ദൈവജനത്തിനിടയിലേയ്ക്കു വരുന്ന വ്യാജപ്രബോധകരെക്കുറിച്ച് പരിശുദ്ധാത്മാവ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പാണിത്.
അവസാനകാലത്ത് ഈ ലോകം സാത്താന്‍റെ കരവലയത്തിലായിരിക്കുമെന്ന് ദൈവവചനം പ്രഖ്യാപിച്ചിണ്ട് (1യോഹ. 5:19-20). ക്ലേശപൂര്‍ണ്ണമായ ഈ നാളുകളില്‍ സുഖലോലുപതയിലും ആസക്തികളിലും ജീവിതവ്യഗ്രതിയിലും തിന്‍മകളിലും മുഴുകുന്ന മനുഷ്യര്‍ ഈ ഭൂമിയില്‍ നിറയുന്നു. (2 തിമോ. 3:1-5). അവര്‍ ദൈവവചനത്തെ തിരസ്കരിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരാകയാല്‍, ദൈവം നന്‍മയെന്നു പറയുന്നതിനെ തിന്‍മയായും, ദൈവം തിന്‍മയെന്നു പറയുന്നതിനെ നന്‍മയായും വിളിക്കും (ഏശ. 5:20-24). സ്വവര്‍ഗ്ഗവിവാഹം നിയമാനുസൃതമാക്കാന്‍ ലോകത്തിലുയരുന്ന മുറവിളി ഇതിനൊരുദാഹരണമാണ്. തങ്ങളുടെ അഭിരുചിക്കുചേര്‍ന്നതും തങ്ങള്‍ക്കു പ്രീതികരവുമായ പ്രബോധനം മാത്രമേ ഈ ലോകത്തിനു സ്വീകാര്യമാകുകയുള്ളൂ. അവര്‍ ദൈവവചനമാകുന്ന സത്യത്തിനുനേരേ ചെവിയടക്കുന്നു. എന്നാല്‍ സ്വയംമഹത്വവും പരസ്പരമഹത്വവും തേടുന്നതിനാല്‍, വ്യാജപ്രബോധകരും പണ്ഡിതരും ഈ ലോകം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രബോധനം നല്‍കുമെന്നാണ് ദൈവം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
അവര്‍ പറയുന്നതു ലൗകികമായതിനാല്‍ ലോകം അവരെ ശ്രവിക്കുന്നു, സ്നേഹിക്കുന്നു (1 യോഹ. 4:1-6, യോഹ. 15:18-19). അവര്‍ ഈ ലോകത്തിന് അനുരൂപരാകാന്‍ അദ്ധ്വാനിക്കുന്നതിനാല്‍, ദൈവഹിതമെന്തെന്നും നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അവര്‍ക്കു സാധിക്കുകയില്ലെന്ന് ദൈവവചനം അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു (റോമാ 12:2). ഈ ലോകത്തിന് ഉത്കൃഷ്ടമെന്നതിനാല്‍, അവര്‍ പറയുന്ന വാക്കുകളും പ്രവൃത്തികളും ദൈവത്തിന് നികൃഷ്ടമാണെന്ന് അവര്‍ മനസ്സിലാക്കുന്നുമില്ല (ലൂക്കാ 16:15). തങ്ങളെത്തന്നെ ലോകത്തിന്‍റെ മിത്രമാക്കിക്കൊണ്ട് അവര്‍ സ്വയം ദൈവത്തിന്‍റെ ശത്രുക്കളായിത്തീര്‍ന്നിരിക്കുന്നു (യാക്കോ. 4:4). കാരണം, യേശുക്രിസ്തുവിനു യോജിക്കാത്ത തത്വചിന്തകളുടെ വക്താക്കളായി അവര്‍ മാറിയിരിക്കുന്നു (കൊളോ. 2:8). അവര്‍ തന്നെയാണ് പരിശുദ്ധാത്മാവ് മുന്നറിയിപ്പു നല്‍കുന്ന, ദൈവവചനം വളച്ചൊടിക്കുന്ന, ദൈവത്തിന്‍റെ ആടുകളെ കടിച്ചുകീറുന്ന ക്രൂരരായ ചെന്നായ്ക്കള്‍ (അപ്പ. 20:28-30, എസെ. 22:27).
യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഈ ലോകത്താല്‍ പീഡിപ്പിക്കപ്പെടുമെന്നും (2 തിമോ. 3:12), ദൈവത്തിന്‍റെ സത്യവചനം സ്വീകരിക്കുന്നവരെയും ദൈവപുത്രനില്‍ വിശ്വസിക്കുന്നവരെയും ഈ ലോകം വെറുക്കുമെന്നും ദൈവം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് (യോഹ. 17:14, ലൂക്കാ 6:22-23). ദൈവപുത്രന്‍റെ യഥാര്‍ത്ഥ ശുശ്രൂഷകര്‍ക്കു ഈ ലോകത്തിലെ മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരാകാന്‍ കഴിയില്ല (ഗലാ. 1:10). മോശമുതലുള്ള സത്യപ്രവാചകരെ ഈ ലോകം വെറുത്തു. യേശുക്രിസ്തുവിനെ ലോകം വെറുത്തു, പീഡിപ്പിച്ചു,വധിച്ചു. അപ്പസ്തോലന്‍മാരെ ഈ ലോകം വെറുത്തു, പീഡിപ്പിച്ചു, വധിച്ചു.
കാതുകള്‍ക്കിമ്പമുള്ള പ്രബോധനം നല്‍കുന്നവരെ കണ്ടെത്താന്‍ വളരെ എളുപ്പമാണ്. ഇന്ന് ലോകം ആരാധനയോടെ പുറകെപോകുന്ന ക്രിസ്തീയ പ്രബോധകര്‍ ആരെല്ലാമാണെന്ന് പരിശോധിച്ചാല്‍ മതി (1 തെസ. 5:19-21). വിശാലചിന്തകരെന്നും, ആധുനികരെന്നും, സമൂഹത്തിന്‍റെ തുടിപ്പറിയുന്നവരെന്നും, എളിമയുള്ളവരെന്നും, ശ്രേഷ്ഠരെന്നും വിളിച്ച് ജനം പ്രശംസിക്കുന്നതാരെയാണെന്നു തിരിച്ചറിഞ്ഞാല്‍ മതി.
കുഞ്ഞാടിനെപ്പോലെയിരിക്കുകയും, എന്നാല്‍ സര്‍പ്പത്തെപ്പോലെ സംസാരിക്കുകയും ചെയ്യുന്നവരെ വിവേചിച്ചറിയാനുള്ള വരം ദൈവം നമുക്കു നല്‍കട്ടെ!
© 2024. Church of Light Emperor Emmanuel Zion. All rights reserved.