ഈ ലോകജീവിതത്തിനുവേണ്ടിയാണ് ഒരുവന്‍ പള്ളിയില്‍ പോകുന്നതെങ്കില്‍ അവന്‍ പൂര്‍ണ്ണമായും ഒരു ലൗകികമനുഷ്യനാണ്. ഒരേസമയം ആത്മീയമനുഷ്യനും ലൗകികമനുഷ്യനുമായി വര്‍ത്തിക്കുന്ന അവസ്ഥ ദൈവപിതാവിന്‍റെ മുമ്പില്‍ നീതീകരിക്കപ്പെടില്ല.
താന്‍ ആത്മീയനാണോ ലൗകികനാണോ എന്നു തിരിച്ചറിയാന്‍ കഴിയാതെ ആത്മീയമനുഷ്യനാണെന്ന വ്യര്‍ത്ഥചിന്തയില്‍ തങ്ങള്‍ക്കറിയാവുന്ന ആത്മീയാഭ്യാസങ്ങളുമായി മുന്നോട്ടുപോകുന്ന അനേകരുണ്ട്. തങ്ങള്‍ ആത്മീയമനുഷ്യരാണെന്നും, സഭയുടെ അനുഷ്ഠാനങ്ങളില്‍ കൃത്യമായി സംബന്ധിക്കാറുണ്ടെന്നും അവര്‍ അവകാശപ്പെടാറുണ്ട്. മാതാപിതാക്കന്‍മാരിലൂടെ കൈമാറിവന്ന പാരമ്പര്യവും മതാനുഷ്ഠാനങ്ങളും പിന്തുടരുകവഴി, രക്ഷപ്രാപിക്കാമെന്ന മൂഢചിന്തയില്‍ അവര്‍ കഴിയുന്നു. (എന്നാല്‍ തങ്ങള്‍ക്ക് കൈമാറിക്കിട്ടിയത് എന്താണെന്ന് ദൈവവചനത്തിന്‍റെയും അപ്പസ്തോലപാരമ്പര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ അവര്‍ തയ്യാറല്ല.)
എല്ലാം ഈ ലോകത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവനാണ് ലൗകികമനുഷ്യന്‍. അവനുള്ളത് പ്രതീക്ഷകളാണ്. എല്ലാം ദൈവരാജ്യത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവനാണ് ആത്മീയമനുഷ്യന്‍. അവനുള്ളത് പ്രത്യാശയാണ്. ഈ ലോകജീവിതത്തിനുവേണ്ടിയാണ് ഒരുവന്‍ പള്ളിയില്‍ പോകുന്നതെങ്കില്‍ അവന്‍ പൂര്‍ണ്ണമായും ഒരു ലൗകികമനുഷ്യനാണ്. ഒരേസമയം ആത്മീയമനുഷ്യനും ലൗകികമനുഷ്യനുമായി വര്‍ത്തിക്കുന്ന അവസ്ഥ ദൈവപിതാവിന്‍റെ മുമ്പില്‍ നീതീകരിക്കപ്പെടില്ല. രണ്ടു വള്ളത്തില്‍ കാലുവയ്ക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരേസമയം രണ്ടു യജമാനന്‍മാരെ സേവിക്കാന്‍ ആര്‍ക്കും കഴിയില്ല (ലൂക്കാ 16/13). എന്നാല്‍ രണ്ടു വള്ളത്തില്‍ കാലുവയ്ക്കണമെന്നതാണ് സാത്താന്‍റെ നിര്‍ബ്ബന്ധം.
ഒരുവന്‍ ലൗകികമനുഷ്യനായി ജീവിക്കണം. അതോടൊപ്പംതന്നെ പള്ളിയില്‍ പോയി അനുഷ്ഠാനങ്ങളില്‍ പങ്കുകൊണ്ട് ആത്മീയമനുഷ്യനാണെന്നു വരുത്തിത്തീര്‍ക്കുകയും വേണം. ഇന്നത്തെ സമൂഹത്തില്‍ ഭൂരിപക്ഷം പേരുടെയും ആത്മീയത ഇത്തരത്തിലുള്ളതാണ്. ലൗകികമനുഷ്യനെ പള്ളിയില്‍ പോകാന്‍ പ്രചോദിപ്പിക്കുന്നത് ദൈവമല്ല, സാത്താനാണ്. കാരണം, ലൗകികനായ ഒരുവന്‍ ആത്മീയനാണെന്നു ജനത്തിനു ബോധ്യം നല്‍കിയാലേ ഈ ലൗകികമനുഷ്യനിലൂടെ സാത്താന്‍റെ പ്രവൃത്തികള്‍ പൂര്‍ത്തിയാവുകയുള്ളു. അതുകൊണ്ട് ലൗകികന്‍ ആത്മീയപരിവേഷത്തില്‍ നടക്കേണ്ടത് സാത്താന്‍റെ ആവശ്യമാണ്. കര്‍ത്താവിന്‍റെ മേശയില്‍നിന്നും സാത്താന്‍റെ മേശയില്‍നിന്നും ഭക്ഷിക്കണമെന്നതാണു സാത്താന്‍റെ ആവശ്യം. എന്നാല്‍ ദൈവത്തിന്‍റെ മേശയില്‍നിന്നു മാത്രമേ ഭക്ഷിക്കാവൂ എന്ന് ദൈവം നിര്‍ബ്ബന്ധിക്കുന്നു (1 കോറി. 10/21). ദൈവികമായതു മാത്രമേ സ്വീകരിക്കാന്‍ പാടുള്ളു എന്ന് ദൈവത്തിനു നിര്‍ബ്ബന്ധം (യാക്കോ. 4/5, ലേവ്യര്‍ 20/26, 2 കോറി. 6/14-16). ദൈവികമായതും ലൗകികമായതും ഒരുമിച്ചു സ്വീകരിക്കണമെന്നു സാത്താനു നിര്‍ബ്ബന്ധം. രണ്ടു വള്ളത്തില്‍ കാലുവയ്ക്കുന്നവനാണ് ലൗകികന്‍. അവന്‍ ഒരിക്കലും നിത്യജീവന്‍ അവകാശമാക്കുകയില്ല. ഇങ്ങനെയുള്ളവരില്‍ പരിശുദ്ധാത്മാവ് വസിക്കുകയില്ല.
© 2024. Church of Light Emperor Emmanuel Zion. All rights reserved.