യേശുക്രിസ്തുവിന്റെ ദ്വിതീയ ആഗമനം

ലോകചരിത്രത്തെയും മനുഷ്യജീവിതത്തെയും ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ചരിത്രപുരുഷനാണ് 2000 വര്‍ഷംമുമ്പ് ഈ ഭൂമിയില്‍ജീവിച്ച യേശുക്രിസ്തു. ഇതാ ഇപ്പോള്‍ യേശുക്രിസ്തു ശരീരംധരിച്ച് ഈ ഭൂമിയിലേയ്ക്ക് തിരിച്ചുവന്നിരിക്കുന്നു. ഇതാ ഇമ്മാനുഏല്‍ മരണത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് നിത്യരക്ഷ നല്‍കാന്‍ പോകുന്നു!

യേശുക്രിസ്തുവിന്റെ ദ്വിതീയ ആഗമനം

ലോകചരിത്രത്തെയും മനുഷ്യജീവിതത്തെയും ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ചരിത്രപുരുഷനാണ് 2000 വര്‍ഷംമുമ്പ് ഈ ഭൂമിയില്‍ജീവിച്ച യേശുക്രിസ്തു. ആരാണ് യേശുക്രിസ്തു? എന്തായിരുന്നു അവിടുത്തെ ആഗമനോദ്ദേശ്യം? യേശുക്രിസ്തുവിനെക്കുറിച്ച് അറിയുന്നതുകൊണ്ട് ഒരു വ്യക്തിക്ക് എന്താണ് പ്രയോജനം? ആ അറിവ് ആ വ്യക്തിയില്‍ എന്തുമാറ്റമാണ് വരുത്തേണ്ടത്? ഇവയെല്ലാം സത്യംതേടുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തങ്ങളായ ചോദ്യങ്ങളാണ്.   


യേശുക്രിസ്തുവിനെക്കുറിച്ച് അനേകം അഭിപ്രായങ്ങളും പഠനങ്ങളും ലോകത്തുണ്ടായിട്ടുണ്ട്. എന്നാല്‍, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, പരിശുദ്ധ ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന സത്യവചനത്തിലൂടെ ദൈവം വെളിപ്പെടുത്തിത്തരുമ്പോഴാണ് ഒരു വ്യക്തിക്കു ദൈവപുത്രനെ അറിയാന്‍ കഴിയുന്നത്. കാരണം, സകലത്തിന്‍റെയും സ്രഷ്ടാവും, നിയന്താവും, സര്‍വ്വശക്തനും, അത്യന്തം മഹത്വപൂര്‍ണ്ണനുമായ ഏകസത്യദൈവത്തിന്‍റെ വചനമാണ് ഏകസത്യം (യോഹ. 17:17).


യേശുക്രിസ്തുവിനെ അറിയുന്നതിനെക്കുറിച്ച് ബൈബിള്‍ ചില കാര്യങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്. ദൈവപുത്രന്‍ ആരെന്ന് ദൈവപിതാവുമാത്രമേ ഗ്രഹിക്കുന്നുള്ളൂ; ദൈവം അവിടുത്തെ പുത്രനെ വെളിപ്പെടുത്തിത്തരുമ്പോള്‍ മാത്രമാണ് ഒരു വ്യക്തി ദൈവപുത്രനെ അറിയുന്നുള്ളൂ. അവിടുന്ന് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണെന്ന് ശിഷ്യനായ ശിമയോന്‍ പത്രോസ് ഏറ്റുപറഞ്ഞപ്പോള്‍ യേശുക്രിസ്തു ഇതു വ്യക്തമാക്കുന്നുണ്ട് (മത്താ. 16:15-17). മാത്രമല്ല, ദൈവത്താല്‍ ആകര്‍ഷിക്കപ്പെടുന്നവനുമാത്രമേ തന്‍റെയടുക്കല്‍ എത്താന്‍ സാധിക്കുകയുള്ളൂ എന്ന് യേശുക്രിസ്തുതന്നെ വ്യക്തമാക്കിയിരിക്കുന്നു (ലൂക്കാ 10:21, യോഹ. 6:44). യേശുക്രിസ്തുവിനെ യഥാര്‍ത്ഥത്തില്‍ അറിയുന്നത് നിത്യജീവന്‍ നേടാന്‍ അനിവാര്യമായതിനാല്‍, നിത്യജീവന് നിയോഗം ലഭിച്ചവര്‍ക്കുമാത്രമേ ഇപ്രകാരമുള്ള ഒരറിവിലേയ്ക്ക് എത്തിച്ചേരാന്‍ സാധിക്കൂ എന്നും ദൈവവചനം അനുസ്മരിപ്പിക്കുന്നു (യോഹ. 17:3).


73 പുസ്തകങ്ങളുള്ള ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍മാത്രമാണ് ഈ ലേഖനത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചു പ്രതിപാദിക്കുന്നത്. ഇതു ലൗകികവിജ്ഞാനത്തിലോ, മാനുഷികതത്വശാസ്ത്രങ്ങളിലോ, മാനുഷികചിന്തകളിലോ അടിസ്ഥാനമിട്ടുള്ള ഒരു ലേഖനമല്ല. മറിച്ച്, വിശ്വാസത്തില്‍നിന്നും ദൈവികജ്ഞാനത്തില്‍നിന്നും ലഭിക്കുന്ന അറിവിനെ അടിസ്ഥാനമാക്കിയുള്ളതാണ്.


3500 വര്‍ഷംമുമ്പു ഈ ഭൂമിയില്‍ ജീവിച്ച ആദ്യത്തെ പ്രവാചകനായ മോശമുതല്‍ എല്ലാ സത്യപ്രവാചകന്‍മാരിലൂടെയും ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തി. എന്നാല്‍ ഈ പ്രവചനങ്ങളില്‍ 15% മാത്രമാണ് 2000 വര്‍ഷംമുമ്പ് യേശുക്രിസ്തുവില്‍ പൂര്‍ത്തിയായത്. എന്നാല്‍ മോശയുടെ ഗ്രന്ഥങ്ങളിലും പ്രവാചകഗ്രന്ഥങ്ങളിലും സങ്കീര്‍ത്തനങ്ങളിലും തന്നെക്കുറിച്ച് എഴുതപ്പെട്ട എല്ലാവചനങ്ങളും പൂര്‍ത്തിയാകേണ്ടിയിരിക്കുന്നുവെന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചു (ലൂക്കാ 24:44). പുറകോട്ടുമാത്രം നോക്കിയാല്‍ ഈ 15% പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട്, കുരിശില്‍മരിച്ച് സ്വര്‍ഗ്ഗത്തിലേയ്ക്കു കടന്നുപോയ യേശുക്രിസ്തുവിനെ കാണാം. എന്നാല്‍ പൂര്‍ത്തിയാകാനിരിക്കുന്ന 85% പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുനോക്കിയാല്‍ മഹത്വത്തോടെ വെളിപ്പെടാനിരിക്കുന്ന യേശുക്രിസ്തുവിനെകാണാം. മുമ്പു പൂര്‍ത്തിയായ ദൈവവചനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ, ഇനിയും പൂര്‍ത്തിയാകേണ്ട ദൈവവചനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വരുന്ന ഇമ്മാനുഏലിലേയ്ക്കു നോക്കുന്ന ഒരു ലേഖനമാണിത്. ഇമ്മാനുഏലിന്‍റെ പ്രത്യാഗമനത്തില്‍ 100% ദൈവചനങ്ങളും അവിടുന്നില്‍ പൂര്‍ത്തിയാകും.


ആരാണ് യേശുക്രിസ്തു?


2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഭൂമിയില്‍ ഒരു മനുഷ്യവ്യക്തിയായി ജീവിച്ച യേശുക്രിസ്തു അതിനുമുമ്പും അതിനുശേഷവും ആരാണെന്ന ചോദ്യത്തിന് ബൈബിള്‍ ഉത്തരം നല്‍കുന്നു. യേശുക്രിസ്തു ഏകസത്യദൈവത്തില്‍നിന്നും ആദ്യം ജനിച്ച ദൈവപുത്രനാണ്; അവിടുന്ന് ദൈവത്തിന്‍റെ സത്തയുടെ മുദ്രയാണ്;. അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപമാണ്; യേശുക്രിസ്തുവിലും യേശുക്രിസ്തുവിലൂടെയുമാണ് ദൈവം സകലതും സൃഷ്ടിച്ചത് (ഹെബ്രാ. 1:2-3, കൊളോ. 1:15-16).  സകലസൃഷ്ടിയെയും ഇപ്പോള്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന, ദൈവംതന്നെയായ ദൈവവചനമാണ് ദൈവപുത്രനെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു (യോഹ. 1:1-5, 2 പത്രോ. 3:7). അവിടുന്ന് സകലത്തിന്‍റെയും സകലരുടെയുംമേല്‍ അധികാരമുള്ളവനും, സ്വര്‍ഗ്ഗത്തിന്‍റെ രാജാവുമാണ്.


എന്തിനാണ് യേശുക്രിസ്തു 2000 വര്‍ഷംമുമ്പ് ഈ ഭൂമിയില്‍വന്നത്?


ദൈവം അവിടുത്തെ മക്കളെ സൃഷ്ടിച്ചത് മരണമില്ലാത്തവരും അനശ്വരരും ദൈവികമഹത്വും ശക്തിയുമുള്ളവരും സകലസൃഷ്ടികളുടെയുംമേല്‍ ആധിപത്യമുള്ളവരുമായിട്ടാണെന്ന് ദൈവവചനം പഠിപ്പിക്കുന്നു (ഉല്‍പ. 1:26-28, ജ്ഞാനം 2:23, ജ്ഞാനം 1:13-14, പ്രഭാ. 17:3-4). സത്യവചനത്താല്‍ ദൈവം സൃഷ്ടിച്ച ആദിമാതാപിതാക്കള്‍ സാത്താന്‍റെ നുണ (ജീര്‍ണ്ണത) സ്വീകരിച്ച് പാപംചെയ്ത് രോഗത്തിനും വാര്‍ദ്ധക്യത്തിനും മരണത്തിനും അടിമകളായി. ദൈവത്തില്‍നിന്നു ജനിക്കേണ്ട എല്ലാവരെയും ദൈവം ആദത്തിലാണ് നിക്ഷേപിച്ചത് (അപ്പ. 17:26). അതിനാല്‍ ആദം പാപംചെയ്തപ്പോള്‍ ആദത്തില്‍നിന്നു പുറപ്പെടാനിരുന്ന എല്ലാവരും ആ പാപത്തില്‍ ഭാഗഭാക്കുകളായി. എല്ലാവരും പാപികളാണെന്ന് വിശുദ്ധഗ്രന്ഥം പ്രഖ്യാപിച്ചു (ഗലാ. 3:22, 1 യോഹ. 1:8). അതിനാല്‍ പാപത്തിന്‍റെ ശിക്ഷയായ മരണം എല്ലാവരിലും ഇന്നും നിലനില്‍ക്കുന്നു (റോമാ 5:12, ഹെബ്രാ. 7:9-10). ഇതാണ് സകല മനുഷ്യരും സകലസൃഷ്ടികളും അടിമയായിത്തീര്‍ന്നിരിക്കുന്ന ജീര്‍ണ്ണത (റോമാ 8:19-20).


പാപത്തിന് പരിഹാരംചെയ്യാതെ ദൈവമക്കള്‍ക്കു രക്ഷ നല്‍കുക അഥവാ ജീര്‍ണ്ണതയില്‍നിന്ന് അവരെ മോചിപ്പിക്കുക ദൈവനീതിക്കു ചേര്‍ന്നതല്ല. എന്നാല്‍ ആദത്തില്‍നിന്നും പുറപ്പെട്ട എല്ലാ ദൈവമക്കളുടെയും രക്തം പാപത്താല്‍ അശുദ്ധവും ജീര്‍ണ്ണതയുള്ളതുമായതിനാല്‍ ആ ശരീരരക്തങ്ങള്‍കൊണ്ട് പാപപരിഹാരംചെയ്യുക അസാദ്ധ്യമാണ് (റോമാ 5:12). ബലിവസ്തു ഊനമറ്റതായിരിക്കണമെന്നതാണ് നിയമം. ഇപ്പോള്‍ പരിശുദ്ധനായി ദൈവംമാത്രമേയുള്ളൂ. അതിനാല്‍ ദൈവം അവിടുത്തെ പുത്രനെതന്നെ അയച്ച് പാപപരിഹാരം ചെയ്യാന്‍ തീരുമാനിച്ചു.


മക്കളോടുള്ള സ്നേഹത്താല്‍ നിറഞ്ഞ ദൈവം ആദംമുതലുള്ള അവിടുത്തെ എല്ലാമക്കളുടെയും പാപം, പാപമില്ലാത്ത അവിടുത്തെ പുത്രന്‍ യേശുക്രിസ്തുവില്‍ ചുമത്തി. തന്‍റെ സഹോദരങ്ങളോടുള്ള അദമ്യമായ സ്നേഹത്താല്‍നിറഞ്ഞ്, യേശുക്രിസ്തു ആ പാപങ്ങള്‍ക്ക് തന്‍റെ ശരീരത്തില്‍ ശിക്ഷഏറ്റുവാങ്ങി, അവയ്ക്കു പരിഹാരബലിയായി തന്‍റെ ശരീരം സന്തോഷത്തോടെ അര്‍പ്പിച്ചു (ഏശ. 53:4-12, റോമാ 8:3, ഹെബ്രാ. 9:27-28). അങ്ങനെ യേശുക്രിസ്തുവിന്‍റെ രക്തം തന്‍റെ ജനത്തെ അവരുടെ എല്ലാ പാപങ്ങളില്‍നിന്നും ശുദ്ധീകരിച്ചു (1 യോഹ. 1:7, മത്താ. 1:20-21). ഇപ്രകാരം ആദംമുതലുള്ള എല്ലാ ദൈവമക്കള്‍ക്കും പാപമോചനത്തിന്‍റെ രക്ഷ അഥവാ ആത്മാവിന്‍റെ രക്ഷ നല്‍കാനാണ് യേശുക്രിസ്തു 2000 വര്‍ഷംമുമ്പ് ഈ ഭൂമിയില്‍ ആഗതനായത്.  


2000 വര്‍ഷംമുമ്പ് എങ്ങനെ യേശുക്രിസ്തു ഈ ഭൂമിയില്‍ ജനിച്ചു?


ദൈവപുത്രന്‍ ദൈവംതന്നെയാണ് (യോഹ. 1:18); ദൈവത്തോടു സമാനതയുള്ളവനാണ്. എങ്കിലും ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കേണ്ട ഒരു കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കി ദാസന്‍റെ രൂപം സ്വീകരിച്ച്, മനുഷ്യന്‍റെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നു (ഫിലി. 2:6-8). ദൈവത്തോടുകൂടെയായിരുന്ന ദൈവപുത്രന്‍ പരിപൂര്‍ണ്ണ ദൈവികവ്യക്തിത്വമുള്ള ആത്മാവായിരുന്നു. ഈ ആത്മാവ് പരിശുദ്ധാത്മാവിനാല്‍ സംവഹിക്കപ്പെട്ട് 2000 വര്‍ഷംമുമ്പ് ഈ ഭൂമിയില്‍ വന്നു. വചനമായ ഈ ആത്മാവിനെ പരിശുദ്ധ കന്യകാമറിയം സ്വീകരിക്കുകയും അമ്മയുടെ വിശ്വാസത്താല്‍ വചനം അമ്മയുടെ ഉദരത്തില്‍ ശരീരമാകുകയും ചെയ്തു. അതായത്, പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിശ്വാസത്താലാണ് ദൈവമക്കള്‍ക്കു പാപമോചനംനേടിത്തരേണ്ട ദൈവത്തിന്‍റെ ശരീരരക്തങ്ങള്‍ അമ്മയുടെ ഉദരത്തില്‍ രൂപപ്പെട്ടത് (റോമാ 3:21-26). വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചുവെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നത് ഈ ജനനത്തെയാണ് (യോഹ. 1:14). രക്തത്തില്‍നിന്നോ, ശാരീരികാഭിലാഷത്തില്‍നിന്നോ, പുരുഷന്‍റെ ഇച്ഛയില്‍നിന്നോ അല്ല ദൈവത്തില്‍നിന്നു ശരീരരക്തങ്ങളോടെ പൂര്‍ണ്ണമായി ജനിച്ചവര്‍ ഉണ്ടെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു (യോഹ. 1:13). ഇതില്‍നിന്നും, ദൈവത്തില്‍നിന്നുള്ള ജനനത്തിലൂടെയാണ് യേശുക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഭൂമിയില്‍ വന്നതെന്ന് വ്യക്തം.


യേശുക്രിസ്തു വീണ്ടും തിരിച്ചുവരുമോ?


ബൈബിളില്‍ എഴുതപ്പെട്ട ദൈവവചനങ്ങള്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തു വീണ്ടും ഈ ഭൂമിയില്‍ വരുമെന്നത് ഒരു വിശ്വാസസത്യമാണ്. അത് എങ്ങനെ, എപ്പോള്‍, എവിടെ എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ചുമാത്രമേ വിശ്വാസികളുടെയിടയില്‍ വിവിധ ചിന്തകളുളളൂ. താന്‍ വീണ്ടും ഈ ഭൂമിയിലേയ്ക്കു തിരിച്ചുവരുമെന്നും തനിക്കു സ്വന്തമായുള്ളവരെ കൂട്ടിക്കൊണ്ടുപോകുമെന്നും യേശുക്രിസ്തു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.


നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. (യോഹ. 14 : 3)


ദൈവപുത്രന്‍റെ ഈ വാഗ്ദാനം രണ്ടു ദൈവദൂതരെ അയച്ച് ദൈവപിതാവും സ്ഥിരപ്പെടുത്തി (അപ്പ. 1:11). യേശുക്രിസ്തുവിന്‍റെ ഈ ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവും അവിടുന്ന് ഈ ഭൂമിയില്‍ ചെയ്യുന്ന പ്രവൃത്തികളും അവസാനകാലത്തുമാത്രം വെളിപ്പെടുത്തപ്പെടുന്ന ദൈവികരഹസ്യങ്ങളാണ്. യേശുക്രിസ്തു എവിടെ തിരിച്ചുവരണം? ഈ ഭൂമിയില്‍ തിരിച്ചുവരണം. എങ്ങനെ വരണം? മനുഷ്യശരീരംധരിച്ച് വീണ്ടും വരണം (ഗലാ. 4:4, 1 യോഹ. 4:2, ലൂക്കാ 18:8).


കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ ആത്മശരീരങ്ങളോടെ പ്രത്യക്ഷപ്പെട്ട് പരിശുദ്ധ കന്യകാമറിയം ദൈവജനത്തെ ആഹ്വാനം ചെയ്തത് ദൈവപുത്രന്‍ ഇമ്മാനുഏലിന്‍റെ രണ്ടാംവരവിനുവേണ്ടി ഒരുങ്ങുവാനാണ്.


തിരിച്ചുവരുന്നതുവരെ അവന്‍ ചെയ്ത ക്രമീകരണമെന്ത്?


താന്‍ തിരിച്ചുവരുന്നതുവരെ മൂന്നു ജോലികള്‍ ചെയ്യുവാന്‍ യേശുക്രിസ്തു തന്‍റെ അപ്പസ്തോലന്‍മാരെ ചുമതലപ്പെടുത്തി. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും തനിക്കു നല്‍കപ്പെട്ടിരിക്കുന്നതിനാല്‍, എല്ലാ ജനതകളെയും തനിക്കു ശിഷ്യപ്പെടുത്തുവാനും, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവാനും യേശുക്രിസ്തു കല്‍പിച്ചു. മാത്രമല്ല, യേശുക്രിസ്തു അപ്പസ്തോലന്‍മാരെ പഠിപ്പിച്ചതു മാത്രം അനുസരിക്കാന്‍ തന്‍റെ ശിഷ്യരാകുന്നവരെ പഠിപ്പിക്കുവാനും യേശുക്രിസ്തു കല്‍പിച്ചു. അങ്ങനെ ചെയ്താല്‍ യുഗാന്തംവരെ എന്നും അവിടുന്ന് വിശ്വാസികളുടെ സമൂഹത്തോടൊത്തുണ്ടായിരിക്കുമെന്ന് യേശുക്രിസ്തു വാഗ്ദാനം നല്‍കി (മത്താ. 28 : 18-20). ഇപ്രകാരം യേശുക്രിസ്തുവിന്‍റെ ശിഷ്യരായിത്തീരുന്നവരാണ് അവിടുത്തെ ആടുകള്‍. ഈ ശിഷ്യരെ മേയ്ക്കുവാനും പരിപാലിക്കുവാനും യേശുക്രിസ്തു പത്രോസിനെ ചുമതലയേല്‍പിച്ചു (യോഹ. 21:15-17). ദൈവത്തെപ്രതി സന്‍മനസ്സോടെയും, തീക്ഷ്ണതയോടെയും, ലാഭേച്ഛയില്ലാതെയും, ആടുകളുടെമേല്‍ ആധിപത്യം പുലര്‍ത്താതെയുംവേണം അപ്പസ്തോലന്‍മാര്‍ ചെയ്യേണ്ടത് (1 പത്രോ. 5:1-4).


യേശുക്രിസ്തു തിരിച്ചുവരുമെന്ന് വാക്കുപറഞ്ഞിട്ടാണ് സ്വര്‍ഗ്ഗാരോഹണംചെയ്തത്. യേശുക്രിസ്തു തിരിച്ചുവരുമ്പോള്‍ അവിടുത്തെ ശിഷ്യരായിത്തീര്‍ന്നവരും അവിടുത്തെ കാത്തിരിക്കുന്നവരുമായ ഒരു ഗണത്തെ - അവിടുത്തെ ആട്ടിന്‍കൂട്ടത്തെ -  അവിടുത്തെ ഏല്‍പിക്കുവാന്‍ വേണ്ടിയാണ് യേശുക്രിസ്തു സഭ സ്ഥാപിച്ചതും അപ്പസ്തോലന്‍മാരെയും അവരുടെ പിന്‍ഗാമികളെയും പണിക്കാരായി ചുമതലയേല്‍പ്പിച്ചതും. മാത്രമല്ല, അവസാനനാളുകളില്‍ സാത്താനുമായി ഒരു അന്തിമയുദ്ധം നടക്കാനിരിക്കുന്നു. ഈ യുദ്ധത്തില്‍ സാത്താന്‍ കോട്ടയാകുന്ന സഭയുടെ ഉള്ളില്‍ കടന്ന് യേശുക്രിസ്തുവിന്‍റെ ആടുകളെ നശിപ്പിക്കാതിരിക്കാന്‍ ഈ ഇടയന്‍മാര്‍ കോട്ട (സഭ) യഥാസമയം പുതുക്കിപ്പണിയുകയും വിള്ളലുകള്‍ അടയ്ക്കുകയും വേണം (എസെ. 13:1-5). ആടുകളുടെ ഉടമയും ഇടയന്‍മാരുടെ തലവനുമായ യേശുക്രിസ്തു തിരികെ വരുന്നതുവരെ അവര്‍ ഈ ജോലി ചെയ്യണം (1 പത്രോ. 5:1-4, അപ്പ. 20:28-31).


എന്തുകൊണ്ടാണ് യേശുക്രിസ്തു ഇങ്ങനെയൊരു കല്‍പന അപ്പസ്തോലന്‍മാര്‍ക്ക് നല്‍കിയത്? ദൈവമക്കളെ സന്ദര്‍ശിക്കാന്‍ ഈ പ്രപഞ്ചത്തിന്‍റെമുഴുവന്‍ സ്രഷ്ടാവായ ദൈവം വരുന്നു! അപ്പോള്‍ ഒരു ഗണത്തെ പരിശുദ്ധരും കുറ്റമറ്റവരും നിര്‍മ്മലരും അമര്‍ത്യരും അനശ്വരരുമായി ദൈവപിതാവിനു സമര്‍പ്പിക്കുകയാണ് യേശുക്രിസ്തുവില്‍ നിക്ഷിപ്തമായ രക്ഷാകരപദ്ധതിയുടെ പൂര്‍ണ്ണത (കൊളോ. 1:22). അതിനുവേണ്ടി യേശുക്രിസ്തുവിന്‍റെ ശിഷ്യരായിത്തീര്‍ന്ന് ഒരേ വിശ്വാസത്തില്‍ അംഗങ്ങളാകുന്ന ദൈവജനം, അപ്പസ്തോലന്‍മാരും പ്രവാചകന്‍മാരുമാകുന്ന അടിത്തറയില്‍ ഇമ്മാനുഏലാകുന്ന മൂലക്കല്ലില്‍ സ്ഥാപിക്കപ്പെടുന്ന ദൈവഭവനമാകുന്ന സഭയായിത്തീരണമെന്നാണ് ദൈവഹിതം (എഫേ. 2:20-22). അതു രൂപപ്പെടുന്നതുവരെ പത്രോസാകുന്ന പാറയില്‍ ഒരു സഭ യേശുക്രിസ്തു സ്ഥാപിച്ചു.


എന്നാല്‍ ദൈവം വിഭാവനംചെയ്ത സഭ എന്നേയ്ക്കും നിലനില്‍ക്കേണ്ടതായതിനാല്‍ ജീവനുള്ള ശിലയായ ദൈവപുത്രന്‍ ഇമ്മാനുഏല്‍ തന്നെയായിരിക്കണം ഈ സഭയുടെ മൂലക്കല്ല് എന്നതും ദൈവനിശ്ചയമാണ്. വീണ്ടും ഈ ഭൂമിയില്‍വരുന്ന ദൈവപുത്രന്‍ ഇമ്മാനുഏലിനെ ദൈവത്തിന്‍റെ സഭയുടെ മൂലക്കല്ലായി ദൈവം സ്ഥാപിക്കുന്നത് അവസാനകാലത്താണ്. ദൈവം ഏശയ്യാപ്രവാചകനിലൂടെയും ദാവീദിലൂടെയും സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് നല്‍കിയ ഈ പ്രവചനം യേശുക്രിസ്തുവിന്‍റെ പ്രേഷ്ഠശിഷ്യനായ പത്രോസിലൂടെയും ദൈവം പ്രസ്താവിച്ചിട്ടുണ്ട് (ഏശ. 28:16, സങ്കീ. 118:22-23).


സഭയുടെ മൂലക്കല്ലായ ഈ ജീവനുള്ള പാറ - ഇമ്മാനുഏല്‍ - സ്ഥാപിക്കപ്പെടുന്നത് സീയോനിലാണ്. ആ സജീവശിലയായ ഇമ്മാനുഏലിനെ ദൈവജനം സ്വീകരിക്കണമെന്നാണ് ദൈവം ആഹ്വാനം ചെയ്യുന്നത് (1 പത്രോ. 2:4-8, യോഹ. 1:12). എന്നാല്‍ ഇപ്രകാരം ഇമ്മാനുഏലാകുന്ന മൂലക്കല്ല് ദൈവം സ്ഥാപിക്കുമ്പോള്‍ അതുവരെ ദൈവഭവനത്തിന്‍റെ പണിക്കാരായിരുന്നവര്‍ ദൈവവചനത്തെ ധിക്കരിക്കുന്നവരാകയാല്‍ ഈ മൂലക്കല്ലില്‍ത്തട്ടിവീണുനശിക്കുമെന്നും ദൈവം മുന്നറിയിപ്പു നല്‍കി (ഏശ. 8:13-15).


യേശുക്രിസ്തു വീണ്ടുംവന്ന്, അതുവരെയുള്ള എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മ്മാര്‍ജ്ജനംചെയ്യും. തുടര്‍ന്ന് താനാകുന്ന മൂലക്കല്ലില്‍ സ്ഥാപിക്കപ്പെട്ട ഈ ഗണത്തെ (സഭയെ) ഇമ്മാനുഏല്‍ അനശ്വരരും അമര്‍ത്യരുമാക്കി ദൈവപിതാവിനു സമര്‍പ്പിക്കും. അപ്പോള്‍ സകലത്തിന്‍റെയും അവസാനമാകുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (1 കോറി. 15:24).


യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനം


ഇതാ ഇപ്പോള്‍ യേശുക്രിസ്തു ശരീരംധരിച്ച് ഈ ഭൂമിയിലേയ്ക്ക് തിരിച്ചുവന്നിരിക്കുന്നു. 2700 ലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് ഏശയ്യാപ്രവാചകന് ദൈവം വെളിപ്പെടുത്തിക്കൊടുത്ത ദൈവപുത്രന്‍റെ ഏകനാമമായ ഇമ്മാനുഏല്‍ നാമത്തില്‍ ഇന്ന് ദൈവപുത്രന്‍ വിളിക്കപ്പെടുന്നു.


ദൈവപുത്രന്‍ ഇമ്മാനുഏലിന്‍റെ ദ്വിതീയാഗമനവും പ്രത്യാഗമനവും ഒരു സംഭവമല്ല. ഇതുരണ്ടും സംഭവിക്കുന്നത് അവസാനകാലത്താണെങ്കിലും, ഒരു കാലഘട്ടത്തിന്‍റെ വ്യത്യാസത്തിലാണ് ഇവ സംഭവിക്കുന്നത്. ദ്വീതീയാഗമനം സ്വര്‍ഗ്ഗത്തില്‍നിന്നും ഈ ഭൂമിയിലേയ്ക്കുള്ള ദൈവപുത്രന്‍റെ രണ്ടാമത്തെ ആഗമനമാണ്. പ്രത്യാഗമനമാകട്ടെ അവിടുന്ന് ഈ ഭൂമിയില്‍ വീണ്ടുംവന്ന് ഒരു കാലഘട്ടത്തിനുശേഷം മഹത്വത്തോടെ വെളിപ്പെടുന്ന സംഭവമാണ്.


യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിനും അവിടുത്തെ പ്രത്യാഗമനത്തിനും ഇടയിലുള്ള സമയത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്.


ഒരോരുത്തര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കാനാണ് അവിടുന്ന് വെളിപ്പെടുന്നത് (വെളി. 22:12-13, മത്താ. 16:27). തന്നെ രക്ഷകനായും നാഥനായും രാജാവായും കാത്തിരിക്കുന്നവര്‍ക്ക് അവിടുന്ന് നിത്യരക്ഷ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു (ഹെബ്രാ. 9:28, ഫിലി. 3:20-21). പക്ഷെ എങ്ങനെ അവിടുത്തെ കാത്തിരിക്കണമെന്നും ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ആകാംക്ഷയോടെ, സ്നേഹത്തോടെ, ഹൃദയത്തില്‍ വിഗ്രഹങ്ങളില്ലാതെ, ക്ഷമയോടെ, വിശുദ്ധിയോടെ, പ്രാര്‍ത്ഥനയോടെ, സമചിത്തതയോടെയാണ് നാം ഇമ്മാനുഏലിനുവേണ്ടി കാത്തിരിക്കേണ്ടത്. 


എന്നാല്‍, പാപികളെ ശിക്ഷിക്കാനുമാണ് ഇമ്മാനുഏല്‍ പ്രത്യാഗമനം ചെയ്യുന്നത് (ഏശ. 13:9). ഇമ്മാനുഏല്‍ ശക്തിയോടെ വെളിപ്പെടുമ്പോള്‍ അനുതപിക്കാനും വിശ്വസിക്കാനും ജനത്തിന് അവസരമുണ്ടാകുമോ? ഇല്ല (വെളി. 9:20-21). വിശ്വസിക്കണമെങ്കില്‍ അനുതപിക്കണം. അനുതപിക്കണമെങ്കില്‍ അനുതപിക്കാന്‍ ദൈവം അവസരവും കൃപയും തരണം. ഇമ്മാനുഏല്‍ മഹത്വത്തോടെ ന്യായാധിപനായി വെളിപ്പെടുമ്പോള്‍ ആര്‍ക്കും അനുതപിക്കാന്‍ അവസരം ലഭിക്കുകയില്ലെന്ന് ബൈബിള്‍ മുന്നറിയിപ്പു നല്‍കുന്നു. മനുഷ്യപുത്രന്‍ (ഇമ്മാനുഏല്‍) ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് ജനപദങ്ങള്‍ കാണുമ്പോള്‍ സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അസ്തപ്രജ്ഞരാകുമെന്ന് ദൈവവചനം മുന്നറിയിപ്പുതരുന്നു (ലൂക്കാ 21 : 25-27). മാത്രമല്ല, മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതുകാണുമ്പോള്‍ ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും വിലപിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. (മത്താ. 24 : 30)


ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ ദൈവത്തിന്‍റെ ശിക്ഷ നിപതിക്കുമെന്നതിനാല്‍ സുഖലോലുപത, ആസക്തികള്‍, ജീവിതവ്യഗ്രത എന്നിവ മനസ്സിനെ ദുര്‍ബ്ബലമാക്കാതിരിക്കാനും ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു മനുഷ്യരുടെമേല്‍ വന്നുവീഴുകയും ചെയ്യാതിരിക്കാനും ശ്രദ്ധിക്കുവിനെന്ന് തന്‍റെ ഒന്നാംവരവില്‍ത്തന്നെ യേശുക്രിസ്തു മനുഷ്യര്‍ക്ക് മുന്നറിയിപ്പു നല്‍കി. സംഭവിക്കാനിരിക്കുന്ന ഇവയില്‍നിന്നെല്ലാം രക്ഷപ്പെട്ട് ഇമ്മാനുഏലിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരുങ്ങി ജാഗരൂകരായിരിക്കുവാനാണ് യേശുക്രിസ്തു ഉദ്ബോധിപ്പിച്ചത് (ലൂക്കാ 21 : 34-36).


 


ഇത് അനുതപിക്കാനും ദൈവപിതാവിലേയ്ക്കു തിരിച്ചുവരാനും ദൈവപുത്രന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടുവാനുമായി ഒരുങ്ങാനുള്ള സമയം!


 


യേശുക്രിസ്തു നല്‍കാനിരിക്കുന്ന യഥാര്‍ത്ഥ രക്ഷ


ദൈവം അവിടുത്തെ മക്കളെ സൃഷ്ടിച്ചത് അമര്‍ത്യരും അനശ്വരരും ദൈവികമഹത്വമുള്ളവരും ദൈവികശക്തിയുള്ളവരും നിത്യയുവത്വമുള്ളവരുമായിട്ടാണ് (ഉല്‍പ. 1:26-27, പ്രഭാ. 17:3-4, ജ്ഞാനം 2:23-24). എന്നാല്‍ പാപം ചെയ്ത മനുഷ്യന്‍ മരണത്തിനും ജീര്‍ണ്ണതയ്ക്കും അടിമയായി. ഇന്നും മനുഷ്യനു രോഗമുണ്ട്, വാര്‍ദ്ധക്യമുണ്ട്, മരണമുണ്ട്. മനുഷ്യനിലും സമസ്തസൃഷ്ടികളിലും ജീര്‍ണ്ണത കുടികൊള്ളുന്നു. ഈ അവസ്ഥയില്‍നിന്നുള്ള ശരീരത്തിന്‍റെ വീണ്ടെടുപ്പാണ് നിത്യജീവന്‍ അഥവാ യഥാര്‍ത്ഥ രക്ഷ. പാപംമൂലം വന്നുചേര്‍ന്ന ഈ അടിമത്വം ഇല്ലാതായി നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തുകഴിയുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ രക്ഷ പ്രാപിക്കുന്നത്. ഇപ്രകാരം ശരീരംവീണ്ടെടുക്കപ്പെടുമ്പോഴാണ് ഈ ഗണം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ പുത്രനും പുത്രിയുമാകുന്നത്. ഇതാണ് ദൈവമക്കള്‍ കാത്തിരിക്കുന്ന ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി (റോമാ 8:18-24).


ശരീരം മണ്ണിനോടുചേരുകയും ആത്മാവ് സ്വതന്ത്രമാകുകയുംചെയ്യുന്ന അവസ്ഥയല്ല (ആത്മാവിന്‍റെ മോക്ഷമല്ല) ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന സമ്പൂര്‍ണ്ണരക്ഷ. മരണമടഞ്ഞ ശരീരത്തിന്‍റെ പുനരുത്ഥാനത്തിലൂടെയും, ജീവിച്ചിരിക്കുന്ന ശരീരത്തിന്‍റെ രൂപാന്തരീകരണത്തിലൂടെയും ഇമ്മാനുഏല്‍ ദൈവമക്കള്‍ക്കു രക്ഷ നല്‍കും. ശരീരത്തിന്‍റെ ഈ വീണ്ടെടുപ്പിനുവേണ്ടിയാണ് ദൈവജനം എക്കാലവും കാത്തിരിക്കുന്നതും ആന്തരികമായി വിലപിക്കുന്നതും. മനുഷ്യനും, ഈ പ്രപഞ്ചത്തിലെ സമസ്തസൃഷ്ടികളും ജീര്‍ണ്ണതയില്‍നിന്നു മോചിപ്പിക്കപ്പെടാന്‍വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു (റോമാ 8:19-23).


ഈ രക്ഷ നല്‍കുന്ന ഏകരക്ഷകന്‍ യേശുക്രിസ്തുവാണെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. 2000 വര്‍ഷംമുമ്പ് യേശുക്രിസ്തു ഈ രക്ഷ നല്‍കാനല്ല ഭൂമിയില്‍ വന്നത്. ഈ രക്ഷ സ്വീകരിക്കുവാന്‍ ദൈവജനത്തെ ഒരുക്കുവാനും, അവരുടെ ജീര്‍ണ്ണതയ്ക്ക് കാരണമായ പാപത്തിനു പരിഹാരംചെയ്ത് അവരെ ദൈവപിതാവുമായി അനുരഞ്ജിപ്പിക്കാനും തന്‍റെ ജീവന്‍ സമര്‍പ്പിക്കാനാണ് അവിടുന്ന് വന്നത്. അതായത്, തന്നില്‍ വിശ്വസിച്ചവര്‍ക്കു രക്ഷയുടെ ആദ്യഫലം ദൈവപുത്രന്‍ 2000 വര്‍ഷംമുമ്പു നല്‍കി.


ഈ ഭൂമിയില്‍ വീണ്ടുംവരുമ്പോഴാണ് ദൈവപുത്രന്‍ നിത്യരക്ഷ അഥവാ പൂര്‍ണ്ണമായ രക്ഷ ദൈവമക്കള്‍ക്കു നല്‍കുന്നത്. ഈ രക്ഷ അവസാനകാലത്തുമാത്രമേ ദൈവം വെളിപ്പെടുത്തപ്പെടുകയുള്ളൂ എന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു (1 പത്രോ. 1:5). ഈ രക്ഷയിലൂടെ മരണത്തെ ഇമ്മാനുഏല്‍ നിര്‍മ്മാര്‍ജ്ജനംചെയ്യുമെന്നും അങ്ങനെ ദൈവമക്കള്‍ ഈ ഭൂമിയില്‍വച്ചുതന്നെ മരണത്തെ ജയിച്ച് അമര്‍ത്യമായ ശരീരമുള്ളവരാകുമെന്നും ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു (1 കോറി. 15:48-55). 


നമ്മള്‍ ഭൗമികന്‍റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗ്ഗീയന്‍റെ സാദൃശ്യവും ധരിക്കും. സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു. ഇതാ, ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല. അവസാന കാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും. നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു. അങ്ങനെ, നശ്വരമായത് അനശ്വരതയും മര്‍ത്യമായത് അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ത്ഥ്യമാകും. മരണമേ, നിന്‍റെ വിജയം എവിടെ? മരണമേ, നിന്‍റെ ദംശനം എവിടെ? (1 കോറി. 15 : 49-55).


ഇതാ ഈ പ്രവചനം പൂര്‍ത്തിയാക്കാന്‍ ദൈവപുത്രന്‍ ഇമ്മാനുഏല്‍ ഈ ഭൂമിയില്‍ വന്നുകഴിഞ്ഞു!


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us