യുഗാന്ത്യപ്രഘോഷണം ആരെ ഭയപ്പെടുത്തും?

അവസാനകാലത്ത് ഈ ലോകത്തു ജീവിച്ചിരിക്കുന്ന പാപികള്‍ക്കും, ഈ ലോകത്തില്‍മാത്രം നിക്ഷേപമുള്ളവര്‍ക്കും, ദൈവത്തെ എതിര്‍ക്കുന്നവര്‍ക്കുമാണ് യുഗാന്ത്യത്തെക്കുറിച്ചുള്ള പ്രഘോഷണം പരിഭ്രാന്തി പരത്തുന്നതെന്ന് ദൈവവചനം പരിശോധിച്ചാല്‍ മനസ്സിലാകും.

യുഗാന്ത്യപ്രഘോഷണം ആരെ ഭയപ്പെടുത്തും?

കര്‍ത്താവിന്‍റെ ദിനം എന്നു ദൈവവചനം വിവക്ഷിക്കുന്നത് പാപികളെ നശിപ്പിക്കുകയും, ഭൂമിയെ ശൂന്യമാക്കുകയുംചെയ്ത് ദൈവനീതി പൂര്‍ത്തിയാക്കപ്പെടുന്ന ദിനമാണ് (ഏശ. 13:9). അന്ന് ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകുമെന്നും മൂലപദാര്‍ത്ഥങ്ങള്‍പോലും വെന്തെരിയുമെന്നും ദൈവം പ്രഖ്യാപിച്ചിരിക്കുന്നു (2 പത്രോ. 3:10). ഈ ദിനത്തെക്കുറിച്ചു പ്രഘോഷിക്കാന്‍ ദൈവംതന്നെയാണ് കല്‍പ്പിച്ചിരിക്കുന്നത്.


ഈ പ്രഘോഷണം മനുഷ്യനെ ഭീതിപ്പെടുത്തുന്നതാണെന്നും പരിഭ്രാന്തരാക്കുന്നതാണെന്നും പലരും കരുതുന്നു. എന്നാല്‍, അവസാനകാലത്ത് ഈ ലോകത്തു ജീവിച്ചിരിക്കുന്ന പാപികള്‍ക്കും, ഈ ലോകത്തില്‍മാത്രം നിക്ഷേപമുള്ളവര്‍ക്കും, ദൈവത്തെ എതിര്‍ക്കുന്നവര്‍ക്കുമാണ് ഇതു പരിഭ്രാന്തി പരത്തുന്നതെന്ന് ദൈവവചനം പരിശോധിച്ചാല്‍ മനസ്സിലാകും. യേശുക്രിസ്തു മഹത്വത്തോടെ പ്രത്യാഗമനം ചെയ്യുമ്പോള്‍ അതിനു സാക്ഷ്യംവഹിക്കുന്നവര്‍ രണ്ടു ഗണത്തില്‍പ്പെട്ടവരായിരിക്കുമെന്ന് ദൈവവചനം പ്രവചിച്ചിരിക്കുന്നു (ലൂക്കാ 21:25-28, ഏശ. 2:19). സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയുംകൊണ്ട് അസ്തപ്രജ്ഞരാകുന്ന ഒരു ഗണം; തങ്ങളുടെ വിമോചനം ആസന്നമായതിനാല്‍ അഭിമാനത്തോടും സന്തോഷത്തോടുംകൂടെ തലയുയര്‍ത്തിനില്‍ക്കുന്ന രണ്ടാമത്തെ ഗണം. ആദ്യത്തെ ഗണത്തിലുള്ളവരുടെയും രണ്ടാമത്തെ ഗണത്തിലുള്ളവരുടെയും സ്വഭാവവും പ്രവൃത്തികളും എന്തായിരിക്കുമെന്ന് പരിശുദ്ധബൈബിളില്‍ വ്യക്തമായി എഴുതപ്പെട്ടിട്ടുണ്ട്.


രക്ഷപ്രാപിക്കുന്ന ഗണത്തിന് യുഗാന്ത്യം സന്തോഷത്തിന്‍റെ ദിനമാണ്. അവരുടെ തലമുടിയിഴപോലും നശിക്കുകയില്ലെന്നാണല്ലോ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് (ലൂക്കാ 21:17-19, ഏശ. 43:1-3). നീതിമാന്‍മാരെ പോറ്റിരക്ഷിക്കാന്‍ അഗ്നി സ്വഗുണം മറക്കുമെന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു (ജ്ഞാനം 16:23). എന്നാല്‍ നീചന്‍മാര്‍ക്കെതിരെ യുദ്ധംചെയ്യാന്‍ സൃഷ്ടി മുഴുവന്‍ കര്‍ത്താവിന്‍റെ പക്ഷത്ത് അണിനിരക്കുമെന്നും ദൈവം മുന്നറിയിപ്പുതരുന്നു (ജ്ഞാനം 5:17-20, പ്രഭാ. 39:28-31).


ഇതു രണ്ടും സംഭവിക്കുന്നത് ദൈവനീതിയുടെ പൂര്‍ത്തീകരണമായാണ് (1 തെസ. 1:6-8). ദൈവത്തിന്‍റെ പക്ഷത്തുനില്‍ക്കുന്നവര്‍ക്കുമാത്രമേ ഇതു ഗ്രഹിക്കാനും ഈ ദൈവനീതി സ്വീകരിക്കാനും സാധിക്കൂ.


അതിനാല്‍ യുഗാന്ത്യത്തെക്കുറിച്ചു പ്രഘോഷിക്കപ്പെടുന്നത് ആരെയും ഭയപ്പെടുത്താനല്ല, മറിച്ച്, ദൈവഭയത്തോടെ പാപം വര്‍ജ്ജിക്കാനും ദൈവസന്നിധിയിലേയ്ക്കു തിരിച്ചുവരാനുമാണ്.


സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയുംമൂലം ഭൂവാസികള്‍ അസ്തപ്രജ്ഞരാകും. ആകാശ ശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന്‍ ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.  (ലൂക്കാ 21 : 26-28)


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us