രക്ഷയുടെ പൂര്‍ണ്ണത - 2

നമുക്കു ലഭിച്ച രക്ഷ പൂര്‍ണ്ണമായ രക്ഷയാണോ? യേശുക്രിസ്തുവിലൂടെ ലഭിച്ച രക്ഷയും യേശുക്രിസ്തുവിലൂടെത്തന്നെ അവന്‍റെ രണ്ടാംവരവില്‍ ലഭിക്കാനിരിക്കുന്ന രക്ഷയും വേര്‍തിരിച്ച് ദൈവവചനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.

രക്ഷയുടെ പൂര്‍ണ്ണത - 2

II പൂര്‍ത്തിയാക്കപ്പെടാനിരിക്കുന്ന രക്ഷ


നമുക്കു ലഭിച്ച രക്ഷ പൂര്‍ണ്ണമായ രക്ഷയാണോ? തങ്ങള്‍ രക്ഷിക്കപ്പെട്ടവരാണെന്നു സ്വയം പ്രഖ്യാപിച്ചവര്‍, യഥാര്‍ത്ഥത്തില്‍ രക്ഷ പൂര്‍ണ്ണമായോ എന്ന് ഇതുവരെ പരിശോധിച്ചില്ല. ദൈവം വിഭാവനം ചെയ്തതും, നമുക്കു ലഭിക്കണമെന്ന് നിശ്ചയിച്ചതുമായ രക്ഷയെന്തെന്ന് അവര്‍ ദൈവവചനത്തില്‍ തേടിയില്ല. ഒരു രക്ഷകനുവേണ്ടിയും രക്ഷയ്ക്കുവേണ്ടിയും നാം ഇനിയും കാത്തിരിക്കണമോ എന്ന് ആരും അന്വേഷിച്ചില്ല. ഇനിയുമൊരു രക്ഷയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്, രക്ഷകനായ യേശുക്രിസ്തുവിനെ നിരാകരിക്കുന്നതിനു തുല്യമായി ക്രിസ്ത്യാനികള്‍ കരുതി.


നാം ഇനിയും പ്രാപിക്കാനിരിക്കുന്ന രക്ഷയെക്കുറിച്ച് ദൈവവചനം പഠിപ്പിക്കുന്നുണ്ടോ? തീര്‍ച്ചയായും. യേശുക്രിസ്തുവിലൂടെ ലഭിച്ച രക്ഷയും യേശുക്രിസ്തുവിലൂടെത്തന്നെ അവന്‍റെ രണ്ടാംവരവില്‍ ലഭിക്കാനിരിക്കുന്ന രക്ഷയും വേര്‍തിരിച്ച് ദൈവവചനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. എന്നാല്‍, ആരും അതു ഇതുവരെ ജനത്തെ പഠിപ്പിച്ചില്ല. ദൈവമക്കള്‍ക്ക് ചേതോഹരമായ ഒരു രക്ഷ ലഭിക്കാനിരിക്കുന്നുവെന്ന് ദൈവവചനം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടും, അതു തേടാന്‍ ജനത്തെ ആരും ഒരുക്കിയില്ല. കാരണം, ദൈവവചനത്തെ നിരര്‍ത്ഥകമാക്കുന്ന പഠനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും വക്താക്കളും പ്രയോക്താക്കളുമായി അധികാരികളും, പണ്ഡിതരും. വിജ്ഞാനാഭാസത്താല്‍, ഈ ലോകത്തിന്‍റെ ദേവന്‍, ദൈവുത്രന്‍റെ മഹത്വമേറിയ സുവിശേഷത്തിന്‍റെ പ്രകാശം ദൃശ്യമാകാത്തവിധം അവരുടെ ഹൃദയങ്ങളെ അന്ധമാക്കിത്തീര്‍ത്തു. അവര്‍ക്കാര്‍ക്കും സത്യത്തിന്‍റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അവര്‍ ദൈവരാജ്യാന്വേഷണം ഉപേക്ഷിച്ച്, ഈ ലോകരാജ്യത്തിന്‍റെ വക്താക്കളും, ശുശ്രൂഷകരുമായിത്തീര്‍ന്നു. എന്നാല്‍, ഈ രക്ഷയുടെ രഹസ്യങ്ങളിലേയ്ക്കു എത്തിനോക്കാന്‍ ദൈവദൂതന്‍മാര്‍ പോലും കൊതിക്കുന്നു എന്നാണ് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നത് (1 പത്രോ. 1:5-12).


നാം യഥാര്‍ത്ഥത്തില്‍ ആരാണ്? ദൈവം എന്തിനാണ് മക്കളെ സൃഷ്ടിച്ചത്? എങ്ങനെയാണ് ദൈവം സാത്താനെയും പിശാചുക്കളെയും മക്കളെക്കൊണ്ട് തകര്‍ക്കാന്‍ പോകുന്നത്? മക്കള്‍ക്കായി ദൈവം ഒരുക്കിവച്ചിരിക്കുന്നതെന്തെല്ലാം? ദൈവപുത്രനിലൂടെ പൂര്‍ത്തിയാകാനിരിക്കുന്ന രക്ഷാകരപദ്ധതിയുടെ പൂര്‍ണ്ണതയെന്താണ്? മനുഷ്യന്‍ അനുഗ്രഹം പ്രാപിക്കുന്നതെങ്ങനെ? എപ്പോള്‍? ദൈവരാജ്യം മക്കള്‍ എങ്ങനെ സ്വന്തമാക്കും? ദൈവത്തിന്‍റെ ഉന്നതമായ ചിന്തയും ഭാവനയും ലഭിക്കുന്നവര്‍ക്കുമാത്രമാണ് മക്കളെക്കുറിച്ചുള്ള ദൈവപിതാവിന്‍റെ സ്വപ്നവും ആ സ്വപ്നപൂര്‍ത്തീകരണത്തിനായുള്ള ദൈവത്തിന്‍റെ പദ്ധതിയും മനസ്സിലാക്കാന്‍ സാധിക്കൂ (ഏശ. 55:8-9). ഈ ദൈവിക രഹസ്യങ്ങള്‍ ദൈവം വെളിപ്പെടുത്തുമ്പോള്‍ അവ ഗ്രഹിക്കുന്നവര്‍ക്കുമാത്രമേ, യേശുക്രിസ്തു നല്‍കാനിരിക്കുന്ന രക്ഷയ്ക്കുവേണ്ടി കാത്തിരിക്കാനും അതിനായി ഒരുങ്ങാനും സാധിക്കൂ.


ദൈവത്തിന്‍റെ സമയവും മനുഷ്യന്‍റെ സമയവും തമ്മില്‍ വേര്‍തിരിച്ചു കാണാത്തതുകൊണ്ടാണ്, മനുഷ്യന്‍ ഇന്നായിരിക്കുന്ന അവസ്ഥ ഒരു വലിയ കാലഘട്ടമായി കാണപ്പെടുന്നത്. ദൈവം നിത്യതയില്‍ വസിക്കുന്നവനാണ്. രക്ഷിക്കപ്പെടുന്ന ദൈവമക്കള്‍ ഇനി വസിക്കാനിരിക്കുന്നതും നിത്യതയിലാണ്. നിത്യതയോടു തുലനംചെയ്യുമ്പോള്‍, മനുഷ്യന്‍റെ ആകെ സംവത്സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളി വെള്ളംപോലെയും ഒരു മണല്‍ത്തരിപോലെയും മാത്രമാണ് (പ്രഭാ. 18:10).


നമുക്കു ഇനിയും ഒരു രക്ഷ ലഭിക്കാനുണ്ടെന്നു കര്‍ത്താവിന്‍റെ ഗ്രന്ഥത്തിലുടനീളം നമുക്കു കാണാം.


A.  ശിക്ഷയില്‍നിന്നുളള മോചനം മനുഷ്യന് ഇനിയും ലഭിക്കാനിരിക്കുന്നു.


ശിക്ഷയില്‍നിന്നുളള മോചനമല്ലേ രക്ഷ? പാപംചെയ്യുകവഴി മനുഷ്യനു നഷ്ടമായതെന്താണെന്നു മനസ്സിലാക്കിയാലേ, ഒരു രക്ഷയുടെ ആവശ്യകത നമുക്കു വ്യക്തമാകൂ. തങ്ങള്‍ വീണുപോയ അടിമത്തത്തില്‍നിന്നും മനുഷ്യര്‍ പൂര്‍ണ്ണമായി വീണ്ടെടുക്കപ്പെടുമ്പോഴാണ് രക്ഷ പൂര്‍ത്തിയാകുന്നത്.


ആത്മാവും മനസ്സും ശരീരവും ചേര്‍ന്നതാണ് ഒരു മനുഷ്യവ്യക്തി.  ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് (ഉല്‍പ. 1:26-28). അവിടുത്തെ ഛായ അവിടുത്തെ മഹത്വമാണ്; അവിടുത്തെ സാദൃശ്യം അവിടുത്തെ അനന്തതയാണ്. അതായത്, അമര്‍ത്യരും അനശ്വരരുമായി നിത്യയുവത്വത്തിലാണ് ദൈവം മക്കളെ സൃഷ്ടിച്ചത്. ദൈവത്തിന്‍റെ ശക്തിയും സകലസൃഷ്ടികളുടെയുംമേല്‍ ആധിപത്യവും ദൈവം മനുഷ്യനു നല്‍കിയിരുന്നു (പ്രഭാ. 17:3-4, ജ്ഞാനം 2:23).


എന്നാല്‍, സാത്താന്‍റെ നുണ സ്വീകരിച്ച്, ദൈവകല്‍പന ലംഘിച്ച്, പാപംചെയ്യുകവഴി മനുഷ്യന് ഇവയെല്ലാം നഷ്ടമായി. പാപംമൂലം മനുഷ്യന്‍റെ ആത്മാവു മാത്രമല്ല, മനസ്സും ശരീരവും ശാപത്തിനു വിധേയമായി. മനുഷ്യന് ദൈവിക ജീവന്‍ നഷ്ടപ്പെട്ടു. ജീവന്‍ കുടികൊള്ളുന്നത് രക്തത്തിലാണല്ലോ? അങ്ങനെ, മനുഷ്യന്‍ രോഗത്തിനും, വാര്‍ദ്ധക്യത്തിനും മരണത്തിനും (ഒറ്റവാക്കില്‍ പറഞ്ഞാല്‍, ജീര്‍ണ്ണതയ്ക്ക്) അടിമയായിത്തീര്‍ന്നു.


യേശുക്രിസ്തുവിലൂടെ രക്ഷ കിട്ടിയെന്നു പ്രഖ്യാപിക്കുന്ന പൗലോസ് തന്നെ ഇപ്രകാരം വിലപിക്കുന്നു: ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍. മരണത്തിന് അധീനമായ ശരീരത്തില്‍നിന്ന് ആരെന്നെ മോചിപ്പിക്കും (റോമാ 7:15-24). ഇവിടെ ശരീരത്തില്‍നിന്നുള്ള ആത്മാവിന്‍റെ മോചനത്തിനുവേണ്ടിയല്ല പൗലോസ് പ്രാര്‍ത്ഥിക്കുന്നത്. അതായിരുന്നു രക്ഷയെങ്കില്‍, മനുഷ്യന്‍റെ ശാരീരികസൃഷ്ടി നടത്തി അതിലേയ്ക്കു ദൈവികജീവന്‍ ദൈവം നിവേശിപ്പിക്കേണ്ടിയിരുന്നില്ല (ഉല്‍പ. 2:7), അതിലേയ്ക്ക് ആത്മാവിനെ നിവേശിപ്പിക്കേണ്ടിയിരുന്നില്ല (സഭാ. 11:5, യാക്കോ. 4:5). മനുഷ്യനെ ശരീരമുള്ളവനായി സൃഷ്ടിക്കുകയേ വേണ്ടിയിരുന്നില്ല. ഇവിടെ പരാമര്‍ശിക്കുന്നത് ശരീരത്തിന്‍റെ വീണ്ടെടുപ്പിനുവേണ്ടിയാണ്. സൃഷ്ടി മാത്രമല്ല, ആത്മാവിന്‍റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു. ഈ പ്രത്യാശയിലാണ് നാം രക്ഷ പ്രാപിക്കുന്നത്... (റോമാ 8:23-24). വിലാപത്തോടെയുള്ള ഈ പ്രാര്‍ത്ഥനക്ക് ഇതുവരെ ഫലപ്രാപ്തി ലഭിച്ചിട്ടില്ല.


സകല സൃഷ്ടികളും ഇന്നും ജീര്‍ണ്ണതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു (റോമാ. 8:19-20, 22). ദൈവമക്കള്‍ക്കുവേണ്ടി ഫലം പുറപ്പെടുവിക്കാനും, അവരെ സേവിക്കാനും ശുശ്രൂഷിക്കാനുമാണ് സൃഷ്ടികളെ ദൈവം ഒരുക്കിയത്. എന്നാല്‍ അടിമത്തിലായിത്തീര്‍ന്ന സൃഷ്ടിക്ക് ദൈവമക്കളെ ശുശ്രൂഷിക്കാന്‍ കഴിയുന്നില്ല. മനുഷ്യന്‍ ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കാതെ, ജീര്‍ണ്ണതയുടെ അടിമത്തത്തിലായ സൃഷ്ടി സ്വാതന്ത്ര്യം പ്രാപിക്കുകയില്ല. അതിനായി, സ്വാതന്ത്ര്യം പ്രാപിക്കുന്ന ദൈവമക്കളെ  സൃഷ്ടി ഇപ്പോഴും കാത്തിരിക്കുന്നു. സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതു വ്യര്‍ത്ഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു; സ്വന്തം ഇഷ്ടത്താലല്ല, പ്രത്യാശകൊടുത്ത് അതിനെ അധീനമാക്കിയവന്‍റെ അഭീഷ്ടപ്രകാരം. സൃഷ്ടി ജീര്‍ണ്ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും. സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം (റോമാ 8:19-22).


മനുഷ്യന്‍റെ ആത്മാവും, മനസ്സും, ജീവനും ശരീരവും അവികലവും പൂര്‍ണ്ണവുമായിരിക്കുന്നതാണ് (അമര്‍ത്യവും പരിശുദ്ധവും അനശ്വരവും മഹത്വപൂര്‍ണ്ണവും ആയിരിക്കുന്നതാണ്) പരിപൂര്‍ണ്ണത (1 തെസ. 5:28). ദൈവത്തിന് ഈ പരിപൂര്‍ണ്ണതയുണ്ട്. അതിനാല്‍ യേശുക്രിസ്തു ആഹ്വാനംചെയ്തു: നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍ (മത്താ. 5:48). മനുഷ്യന്‍ ഇതുവരെയും ഈ മൂന്നിലും പൂര്‍ണ്ണത കൈവരിച്ചിട്ടില്ല. ഇതില്‍നിന്നെല്ലാം മനുഷ്യന് ഇനിയും ഒരു രക്ഷ ലഭിക്കേണ്ടിയിരിക്കുന്നുവെന്നു വ്യക്തം.


B.  സൃഷ്ടിയുടെ ഉദ്ദശ്യത്തിനു മനുഷ്യന്‍ യോഗ്യരാക്കപ്പെടേണ്ടിയിരിക്കുന്നു.


തന്‍റെ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായി എന്നേയ്ക്കും വസിക്കുവാനാണ് ദൈവം മക്കളെ സൃഷ്ടിച്ചത് (എഫേ. 1:3). സ്നേഹിക്കണമെങ്കില്‍ ശരീരവും മനസ്സും വേണം. സ്നേഹം നിഷ്കളങ്കമാകണമെങ്കില്‍ ശരീരത്തില്‍നിന്നും പാപം നീക്കപ്പെടണം. അതിനു പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമം ശരീരത്തില്‍നിന്നും നീക്കപ്പെടണം, കാരണം, നിയമമാണ് പാപത്തിന്‍റെ ശക്തി (1 കോറി. 15:56, റോമാ 7:8). മനുഷ്യന്‍റെ ശരീരം ജീര്‍ണ്ണതയുടെ നിയമത്തിന്‍റെ അടിമത്തത്തില്‍നിന്നും വീണ്ടെടുക്കപ്പെടണം (റോമാ 8:23). എന്നേയ്ക്കും സ്നേഹിക്കണമെങ്കില്‍ എന്നേയ്ക്കും നിലനില്‍ക്കുന്ന അഥവാ അമര്‍ത്യവും അനശ്വരവുമായ ശരീരംവേണം. അതിന് മരണം നീക്കപ്പെടണം, അഥവാ ശരീരം അമര്‍ത്യവും അനശ്വരവുമാകണം. ഇത് ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു.


C.   മനുഷ്യന്‍ ഇനിയും നിത്യജീവന്‍ പ്രാപിക്കേണ്ടിയിരിക്കുന്നു.


പാപംചെയ്തു മരണത്തിനും ജീര്‍ണ്ണതയ്ക്കും അടിമയായ മനുഷ്യനില്‍, കുടുകൊള്ളുന്ന ഏറ്റവുംവലിയ അഭിലാഷമാണ് നിത്യജീവന്‍ പ്രാപിക്കണം എന്നുള്ളത്. ശരീരത്തിന്‍റെ ജീവന്‍ കുടികൊള്ളുന്നത് രക്തത്തിലാണ് (ലേവ്യ. 17:11). അപ്പോള്‍, അമര്‍ത്യവും അനശ്വവുമായ ശരീരത്തോടെ ദൈവത്തോടൊത്തു എന്നേയ്ക്കും വസിക്കുന്നതാണ് നിത്യജീവന്‍. അതുതന്നെയാണ് ജീര്‍ണ്ണതയ്ക്കടിമയായ മനുഷ്യനു ദൈവം നല്‍കിയ വാഗ്ദാനവും (1 യോഹ. 2:25). നിത്യജീവനാണ് രക്ഷയുടെ പൂര്‍ണ്ണത.


ശരീരം വീണ്ടടുക്കപ്പെടുന്നത് പുനരുത്ഥാനത്തിലൂടെയും രൂപാന്തരീകരണത്തിലൂടെയുമാണ്. ഇതു രണ്ടും സംഭവിക്കാനിരിക്കുന്നതേയുള്ളൂ (1 കോറി. 15:51-55). ഇതുവരെ ആരും നിത്യജീവന്‍ പ്രാപിച്ചിട്ടില്ലെന്നും പരിപൂര്‍ണ്ണരായിട്ടില്ലെന്നും ദൈവവചനം അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു (ഹെബ്രാ. 11:39-40). ദൈവവചനം പറയുന്നു: എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും (കൊളോ. 3:3-4). യേശുക്രിസ്തു മഹത്വത്തില്‍ എവിടെ പ്രത്യക്ഷപ്പെടുമോ അവിടെയാണ് നമുക്കു ജീവന്‍ ലഭിക്കുക. ദൈവവചനം പ്രഖ്യാപിക്കുന്നു: കര്‍ത്താവ് സീയോനെ പണിതുയര്‍ത്തും; അവിടുന്ന് തന്‍റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും (സങ്കീ. 102:16). അവിടെ യേശുക്രിസ്തു നമ്മുടെ ബലഹീനമായ ശരീരത്തെ അവന്‍റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും (ഫില. 3:20-21). നശിക്കാത്ത ജീവന്‍, ഒരിക്കലും വാര്‍ദ്ധക്യമോ, രോഗമോ, മരണമോ ഇല്ലാത്ത ജീവന്‍ നമുക്കു ലഭിക്കാനിരിക്കുന്നു. അതിനാല്‍, മനുഷ്യന് ഇനിയും ഒരു രക്ഷ ലഭിക്കേണ്ടിയിരിക്കുന്നു.


D.  ദൈവത്തെ മുഖാഭിമുഖം കാണുവാനും ദൈവത്തോടുത്തു വസിക്കാനും നാം രക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.


ദൈവപിതാവിനോടൊത്തു വസിക്കാനാണ് ദൈവം മക്കളെ സൃഷ്ടിച്ചത്. മക്കളോടൊത്തു വസിക്കാനും, അവര്‍ക്കു സ്നേഹം പകരാനും അവരെ തന്‍റെ വിശ്രമത്തിലേയ്ക്കു ചേര്‍ക്കാനും ആഗ്രഹിക്കുന്ന ഒരു സ്നേഹപിതാവാണ് ദൈവം. എന്നാല്‍, ദൈവം മോശയോട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: നീ എന്‍റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല (പുറ. 33:20). അതായത്, ദൈവത്തെ മുഖാഭിമുഖം കാണാനുള്ള കഴിവ് ഇന്നും മനുഷ്യനു ലഭിച്ചിട്ടില്ല. എന്നാല്‍ അതു ലഭിക്കും എന്നു പ്രവചിക്കപ്പെട്ടിരിക്കുന്നു (സങ്കീ. 84:7). ദൈവവചനം ദൈവമക്കള്‍ക്ക് ഈ വാഗ്ദാനം നല്‍കുന്നുണ്ട്. കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും... എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും. ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു (1 യോഹ. 3:1-3). ദൈവത്തെ അവിടുന്നായിരിക്കുന്നതുപോലെ കാണാന്‍, അറിയാന്‍ നാം ഇനിയും യോഗ്യരാക്കപ്പെടേണ്ടിയിരിക്കുന്നു (1 കോറി. 13:12). അതായത്, നാം രക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.


E.  മൂന്നാം ദൈവരാജ്യം സ്വന്തമാക്കാന്‍ നാം ഇനിയും രക്ഷിക്കപ്പെടണം


എന്നേയ്ക്കും നിലനില്‍ക്കുന്ന ദൈവരാജ്യത്തിനു ദൈവമക്കള്‍ അവകാശികളാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവരാജ്യം നല്‍കാന്‍ ദൈവപിതാവ് പ്രസാദിച്ചിരിക്കുന്ന ഒരു ഗണമുണ്ട് (ലൂക്കാ 12:32). അതുപോലെ, ഈ ഗണത്തിനു താന്‍ തന്‍റെ രാജ്യം നല്‍കുമെന്നു യേശുക്രിസ്തു വാഗ്ദാനം ചെയ്തിരിക്കുന്നു (ലൂക്കാ 22:28-30). ഇത് അനശ്വരമായ ദൈവരാജ്യമാണ്. ഇതാണ് യേശുക്രിസ്തു പഠിപ്പിച്ച മൂന്നാം ദൈവരാജ്യം. ദൈവവചനം പരിശോധിച്ചാല്‍, ഈ ദൈവരാജ്യത്തിലേയ്ക്കുള്ള ചുവടുവയ്പുകള്‍മാത്രമായിരുന്നു ഇതുവരെ മനുഷ്യനു ലഭിച്ച ദൈവരാജ്യങ്ങള്‍ എന്നു മനസ്സിലാക്കാം.


ശക്തിയോടും മഹത്വത്തോടും കൂടെ ഇറങ്ങിവരുന്ന അനശ്വരമായ ദൈവരാജ്യമാണിത് (മര്‍ക്കോ. 9:1). കണ്ണുകള്‍കൊണ്ടു കാണാന്‍ കഴിയുന്ന ദൈവരാജ്യമാണിത് (യോഹ. 3:3). ഈ ദൈവരാജ്യം വരണേ എന്നു പ്രാര്‍ത്ഥിക്കാനാണ് യേശുക്രിസ്തു ഇതിന്‍റെ അവകാശികളോടു ആഹ്വാനം ചെയ്തത് (മത്താ. 6:9-10).


സകല പൂര്‍വ്വപിതാക്കന്‍മാരോടും, നീതിമാന്‍മാരോടും അപ്പസ്തോലന്‍മാരോടും, പ്രവാചകരോടുമൊപ്പം നാം വിരുന്നിരിക്കുന്ന ദൈവരാജ്യമാണിത് (മത്താ. 8:11). ഒരു ഗണം ദൈവപുത്രന്‍റെ സിംഹാസനങ്ങളിലിരിക്കുകയും ഇസ്രായേലിലെ ഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്ന ദൈവരാജ്യമാണിത് (ലൂക്കാ 22:28-30). വിരുന്നിരിക്കണമെങ്കിലും, ഭക്ഷിക്കണമെങ്കിലും, സിംഹാസനങ്ങളിലിരുന്നു വിധിക്കണമെങ്കിലും നാം ശരീരമുള്ളവരായിരിക്കണം.


എന്നാല്‍, ദൈവവചനം ഇപ്രകാരം മുന്നറിയിപ്പുതരുന്നു: സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു (1 കോറി. 15:50). അതായത്, ദൈവരാജ്യം സ്വന്തമാക്കാന്‍ നമ്മുടെ ശരീരം അമര്‍ത്യവും അനശ്വരവും ആകേണ്ടിയിരിക്കുന്നു. ആരുടെയും ശരീരം ഇതുവരെ അമര്‍ത്യവും അനശ്വരവും ആയിട്ടില്ല. യേശുക്രിസ്തു വീണ്ടും വന്നു പുനരുത്ഥാനവും രൂപാന്തരീകരണവും നല്‍കുമ്പോള്‍ മാത്രമേ നാം അമര്‍ത്യവും അനശ്വരവുമാകുകയുള്ളൂ (ഫിലി. 3:20-21, 1 കോറി. 15:51-56).


ഈ അനശ്വരരാജ്യം ദൈവത്തിന്‍റെ പരിശുദ്ധര്‍ അവകാശമാക്കുമെന്നു വചനം വ്യക്തമാക്കുന്നു: ആകാശത്തിന്‍കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്വവും അത്യുന്നതന്‍റെ പരിശുദ്ധന്‍മാര്‍ക്കു നല്‍കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്. എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും (ദാനി. 7:27).


ആരാണ് അത്യുന്നതന്‍റെ പരിശുദ്ധര്‍? ദൈവത്തിന്‍റെ ആദ്യജാതര്‍ അവിടുത്തെ പരിശുദ്ധര്‍ എന്നു വിളിക്കപ്പെടുമെന്ന് എഴുതപ്പെട്ടിരിക്കുന്നു (ലൂക്കാ 2:23). ദൈവത്തിന്‍റെ ആദ്യജാതര്‍ എന്നൊരു ഗണമുണ്ടെന്നു ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (ഹെബ്രാ. 12:22-24). ദൈവപിതാവില്‍ നിന്നും ദൈവപുത്രന്‍ യേശുക്രിസ്തു ജനിച്ചപ്പോള്‍, അവനോടൊപ്പം ജനിച്ച ദൈവമക്കളുടെ ഗണമാണ് ആദ്യജാതര്‍. ഇവര്‍ ആദത്തില്‍ ആദ്യം നിക്ഷേപിക്കപ്പെട്ടെങ്കിലും, അവസാന കാലത്താണ് ഈ ഗണം ഭൂമിയില്‍ ജനിക്കുന്നത്.


തങ്ങളെ അടിമപ്പെടുത്തുന്ന എല്ലാ നിയമങ്ങളിലും നിന്നും സ്വതന്ത്രരായി, ദൈവത്തിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം ഈ ഭൂമിയില്‍വച്ചു തന്നെ നേടി, യഥാര്‍ത്ഥ ദൈവപുത്രത്വം സ്വന്തമാക്കുന്ന ഗണമാണ് ഇവര്‍ (റോമാ. 8:19-24, എഫേ. 1:5). യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍ തങ്ങളുടെ ആത്മാവും ശരീരവും ജീവനും അവികലവും പൂര്‍ണ്ണവുമായിത്തീരുന്ന ഈ ഗണം ദൈവരാജ്യം അവകാശമാക്കും (1 തെസ. 5:23). ദൈവത്തിന്‍റെ വത്സലമക്കളോടൊത്തു വസിക്കാന്‍ ദൈവം വിളിക്കുന്ന ഗണമാണിത് (ജറെ. 3:19). ദൈവനിശ്ചയപ്രകാരം, ആദ്യമായി പരിപൂര്‍ണ്ണരാക്കപ്പെടുന്ന ഗണമാണിത് (ഹെബ്രാ. 11:39-40).


തന്‍റെ പ്രത്യാഗമനത്തിന്‍റെയും യുഗാന്ത്യത്തിന്‍റെയും അടയാളങ്ങള്‍ സംക്ഷിപ്തമായി പരാമര്‍ശിച്ചിട്ട്, യേശുക്രിസ്തു മുന്നറിയിപ്പു നല്‍കി: അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍ (ലൂക്കാ 21:31). യുഗാന്ത്യത്തില്‍, യേശുക്രിസ്തുവിന്‍റെ മഹത്വമേറിയ പ്രത്യാഗമനത്തില്‍ ഇറങ്ങിവരുന്ന ദൈവരാജ്യമാണിത്. ഈ രാജ്യം നമുക്ക് ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു.


F.   അനുഗ്രഹം പ്രാപിക്കാന്‍ രക്ഷിക്കപ്പെടണം


മനുഷ്യന്‍ ഇന്ന് അനുഗ്രഹമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതല്ല, ദൈവത്തിന്‍റെ കാഴ്ചപ്പാടിലെ യഥാര്‍ത്ഥ അനുഗ്രഹം. അനുഗ്രഹമെന്നാല്‍ ശാപത്തിന്‍റെ വിപരീതമാണ്. മനുഷ്യനു ദൈവം നല്‍കിയ അനുഗ്രഹം മനുഷ്യന്‍ അനുസരണക്കേടുമൂലം  നഷ്ടപ്പെടുത്തി. അതിനാല്‍, മക്കളെ സ്നേഹിക്കുന്ന ദൈവം ആദ്യം അവര്‍ക്കു നല്‍കിയത് അനുഗ്രഹത്തിന്‍റെ വാഗ്ദാനമാണ്. പാപം ചെയ്ത മനുഷ്യനുമേല്‍ വന്ന ശാപത്തിനു കാരണക്കാരനായ സാത്താനെ തകര്‍ത്ത് (ഉല്‍പ. 3:15), ശാപം മാറ്റപ്പെട്ട്, ദൈവം മനുഷ്യനു നല്‍കിയ സകലതും അതിന്‍റെ പൂര്‍ണ്ണതയില്‍ മക്കളില്‍ പുനഃസ്ഥാപിക്കുന്നതാണ് അനുഗ്രഹം. ദൈവം മക്കള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നതു മുഴുവന്‍ അവര്‍ക്കു ലഭിക്കുന്നതാണ് അനുഗ്രഹം (1 കോറി. 2:9). ദൈവമക്കള്‍ ദൈവത്തെപ്പോലെ പരിപൂര്‍ണ്ണരായി ദൈവങ്ങളായിത്തീരുമ്പോഴാണ് അവര്‍ അനുഗ്രഹീതരാകുന്നത് (മത്താ. 5:8, യോഹ. 10:35).


ഇതാണ് ഹവ്വായ്ക്കു നല്‍കിയ വാഗ്ദാനം (ഉല്‍പ. 3:15). ഈ അനുഗ്രഹം അബ്രാഹത്തിന്‍റെ ഒരു സന്തതിവഴി ഭൂമിയിലെ ദൈവത്തിന്‍റെ എല്ലാ കുടുംബങ്ങള്‍ക്കും ലഭിക്കുമെന്നതായിരുന്നു അബ്രാഹത്തിനു ദൈവം നല്‍കിയ വാഗ്ദാനം (ഉല്‍പ. 22:18, അപ്പ. 3:25). അബ്രാഹമോ, മറ്റേതെങ്കിലും നീതിമാന്‍മാരോ, പ്രവാചകന്‍മാരോ, അപ്പസ്തോലന്‍മാരോ ആരും ഇതുവരെ ഈ അനുഗ്രഹം പ്രാപിച്ചിട്ടില്ല (ഹെബ്രാ. 11:39-40, 2 തിമോ. 4:7-8, ഫിലി. 3:11-14).


മനുഷ്യന്‍ അനുഗ്രഹം പ്രാപിക്കണമെങ്കില്‍, ശാപത്തിനും ജീര്‍ണ്ണതയ്ക്കും കാരണമായ സാത്താനെ തകര്‍ക്കണം. അതു സാത്താനോടുള്ള ദൈവത്തിന്‍റെ വെല്ലുവിളിയുമാണ് (ഉല്‍പ. 3:15). സാത്താന്‍ ഏതു സ്ത്രീയെ വഞ്ചിച്ചുവോ (ഉല്‍പ. 3:13), ആ സ്ത്രീയുടെ സന്തതിതന്നെ സാത്താനെ തകര്‍ക്കുമെന്നായിരുന്നു സാത്താനോടുള്ള ദൈവത്തിന്‍റെ വെല്ലുവിളി.


എന്നാല്‍, ക്രിസ്ത്യാനികള്‍ കരുതുന്നതുപോലെ, സാത്താന്‍റെ തല തകര്‍ക്കുന്ന ഹവ്വായുടെ ഈ സന്തതി യേശുക്രിസ്തുവല്ല. യേശുക്രിസ്തു ദൈവത്തില്‍നിന്നു ജനിച്ചവനാണ് (യോഹ. 1:13); ദൈവത്തിന്‍റെ സത്തയുടെ മുദ്രയാണ് (ഹെബ്രാ. 1:3); അവന്‍ വചനം മാംസമായവനാണ് (യോഹ. 1:14); അവന്‍ മണ്ണില്‍നിന്നുള്ള ആദത്തിന്‍റെ സന്തതിയല്ല. ഒരു മനുഷ്യന്‍ മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചുവെന്നും, അപ്രകാരം എല്ലാവരും പാപംചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചുവെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (റോമാ 5:12). എല്ലാ മനുഷ്യനിലും പാപം വസിക്കുന്നു (റോമാ 7:19-24, 1 യോഹ. 1:8). എന്നാല്‍ യേശുക്രിസ്തുവില്‍ പാപമില്ലെന്നും അവന്‍ നമ്മുടെ പാപങ്ങള്‍ ഏറ്റെടുക്കാനാണ് വന്നതെന്നുമാണ് വചനം പഠിപ്പിക്കുന്നത് (1 യോഹ. 3:5). യേശുക്രിസ്തു ഹവ്വായുടെ സന്തതിയല്ല.


യേശുക്രിസ്തു സാത്താനെ തകര്‍ത്തിട്ടില്ല. സാത്താന്‍ തകര്‍ക്കപ്പെട്ടിരുന്നെങ്കില്‍ അവന്‍റെ പ്രവൃത്തിയായ പാപം ഉണ്ടാകുമായിരുന്നില്ല; പാപത്തിന്‍റെ വേതനമായ മരണം ഉണ്ടാകുമായിരുന്നില്ല; മനുഷ്യനെ പാപത്തിനും മരണത്തിനും, പ്രകൃതിക്കും അടിമപ്പെടുത്തുന്ന നിയമമുണ്ടാകുമായിരുന്നില്ല; സൃഷ്ടി ജീര്‍ണ്ണതയുടെ അടിമത്തത്തില്‍ തുടരുമായിരുന്നില്ല; ദൈവമക്കള്‍ അനശ്വരരും അമര്‍ത്യരുമായിത്തീര്‍ന്ന് അനുഗ്രഹം പ്രാപിക്കുമായിരുന്നു. 


ദൈവപുത്രനായ യേശുക്രിസ്തുവല്ല സാത്താനെ തകര്‍ക്കേണ്ടത് മറിച്ച്, ഹവ്വായുടെ സന്തതി തന്നെയായിരിക്കണമെന്ന് ദൈവം മുന്‍കൂട്ടി നിശ്ചയിച്ചു. പിശാചുക്കളെ തകര്‍ക്കേണ്ടതും ദൈവമക്കള്‍തന്നെ (റോമാ 16:20). ഇതു ദൈവമക്കളെ മഹത്വപ്പെടുത്താനാണ്. എന്നാല്‍ ഇതുചെയ്യാന്‍ ദൈവവപുത്രനിലൂടെ അവര്‍ പ്രാപ്തരാക്കപ്പെടണം; സകല അടിമത്ത്വങ്ങളില്‍നിന്നും വീണ്ടെടുക്കപ്പെടണം. അവര്‍ വീണ്ടെടുക്കപ്പെടേണ്ടത് യേശുക്രിസ്തുവഴി തന്നെയായിരിക്കണമെന്നു ദൈവം തന്‍റെ ഹിതവും ലക്ഷ്യവുമനുസരിച്ചു മുന്‍കൂട്ടി നിശ്ചയിച്ചു (എഫേ. 1:5). ഇത് ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു.


G.  എടുക്കപ്പെടുന്നവര്‍ ഇനിയും രക്ഷ പ്രാപിക്കുന്നവര്‍ മാത്രം.


അവസാനകാഹളം മുഴങ്ങുമ്പോള്‍ യേശുക്രിസ്തുവില്‍ മരണമടഞ്ഞവര്‍ പുനരുത്ഥാനംചെയ്തു പുറത്തുവരുമെന്നും, ജീവിച്ചിരിക്കുന്ന ഒരു ഗണം രൂപാന്തരപ്പെടുമെന്നും ദൈവവചനം പഠിപ്പിക്കുന്നു. അപ്പോള്‍ ജീവിച്ചിരിക്കുന്നവരും പുനരുത്ഥാനം ചെയ്യുന്നവരും വാനമേഘങ്ങളില്‍ സംവഹിക്കപ്പെടുമെന്നും ദൈവവചനം വ്യക്തമാക്കുന്നു (1 തെസ. 5:16-17).


മനുഷ്യര്‍ വളരെയധികം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാര്യമാണ് എടുക്കപ്പെടല്‍ (RAPTURE). ആരാണ് എടുക്കപ്പെടുന്നത്? എവിടെനിന്നാണ് എടുക്കപ്പെടുന്നത്? എപ്പോള്‍, എന്തെല്ലാം സംഭവിച്ചതിനുശേഷമാണ് എടുക്കപ്പെടുന്നത്? എടുക്കപ്പെടുന്നവര്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതയെന്താണ്? എടുക്കപ്പെടലും അന്ത്യകാലത്തു ലഭിക്കാനിരിക്കുന്ന രക്ഷയും തമ്മിലുള്ള ബന്ധമെന്താണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എവിടെനിന്നു കിട്ടും? അന്ത്യകാലത്തുമാത്രം ദൈവം വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയുടെ രഹസ്യങ്ങള്‍ ദൈവം വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് ഇവയ്ക്ക് ഉത്തരം ലഭിക്കുക. ദൈവം ഇതു ചെയ്യുന്നതിനുമുമ്പു മനുഷ്യന്‍ അവന്‍റെ ബുദ്ധിയില്‍ വിരിഞ്ഞ കാര്യങ്ങള്‍ വിളിച്ചു പറയുന്നത് ദൈവിക സത്യങ്ങളല്ല.


വാനമേഘങ്ങളില്‍ വരുന്ന ദൈവപുത്രനെ എല്ലാവരും കാണും, പക്ഷെ അങ്ങനെ അവനെ കാണുന്ന ഭൂവാസികളെല്ലാം വിലപിക്കുമെന്നും ഭീതിയാല്‍ അസ്തപ്രജ്ഞരാകുമെന്നുമാണ് വചനം പഠിപ്പിക്കുന്നത് (വെളി. 1:7, മത്താ. 24:30, ലൂക്കാ 21:26-28). അതിനാല്‍, എല്ലാവരും എടുക്കപ്പെടുകയില്ല എന്നു വ്യക്തം.


യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍ അവനുള്ളവരാണ് ആദ്യം പുനരുത്ഥാനംചെയ്യുന്നതും രൂപാന്തരപ്പെടുന്നതും (1 കോറി. 15:23). ആരാണ് യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍ അവനുള്ളവര്‍ എന്ന് വചനം വ്യക്തമാക്കുന്നുണ്ട്. ഇതു രണ്ടും സംഭവിക്കുന്നത് എവിടെയാണെന്ന് ദൈവവചനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ആ സ്ഥലത്തുനിന്നും മാത്രമാണ് ദൈവത്തെ സ്വീകരിക്കാന്‍ രക്ഷ പ്രാപിക്കുന്ന ഒരു ഗണം എടുക്കപ്പെടുന്നത്.


മാത്രമല്ല, മനുഷ്യന്‍ ഇന്നായിരിക്കുന്ന അവസ്ഥയില്‍ അവന് എടുക്കപ്പെടാനുള്ള കഴിവില്ല. വിവിധ പ്രകാരത്തിലുള്ള നിയമങ്ങള്‍ക്കടിമപ്പെട്ടതാണ് നമ്മുടെ ശരീരമെന്നു ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. ഈ ഭൂമിയുടെയും പ്രകൃതിയുടെയും നിയമത്തിന്‍റെ കീഴില്‍നിന്നും സ്വതന്ത്രമായാല്‍ മാത്രമേ, മനുഷ്യന് ഈ ഭൂമിയില്‍നിന്നും ഉയരാന്‍ സാധിക്കൂ. നമുക്ക് ഇപ്പോഴുള്ള ശരീരത്തിനും രക്തത്തിനും ദൈവം വസിക്കുന്ന സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനോ, അനശ്വരമായതു അവകാശപ്പെടുത്താനോ സാധിക്കില്ല (1 കോറി. 15:50).


ദൈവമക്കള്‍ക്ക് ഒരു രക്ഷ ലഭിക്കാനുണ്ട്, പക്ഷെ അതു വാനമേഘങ്ങളില്‍ എടുക്കപ്പെട്ടതിനുശേഷമല്ല ലഭിക്കുന്നത്. നമ്മുടെ ദുര്‍ബ്ബല ശരീരങ്ങളെ രൂപാന്തരപ്പെടുത്താന്‍ യേശുക്രിസ്തു വീണ്ടും ഈ ഭൂമിയിലേയ്ക്കു വരേണ്ടിയിരിക്കുന്നു (ഹെബ്രാ. 9:28, ഫിലി. 3:20-21). പുനരുത്ഥാനവും രൂപാന്തരീകരണവും സംഭവിക്കേണ്ടത് ഈ ഭൂമിയിലാണെന്നു വളരെ വ്യക്തം. ഈ ഭൂമിയില്‍വച്ചുതന്നെ വീണ്ടും വരുന്ന രക്ഷകനില്‍നിന്നും രക്ഷ സ്വീകരിക്കുന്നവരാണ് ഈ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുന്നത്.


അവസാനകാലത്തു വെളിപ്പെടുത്തപ്പെടുന്ന രക്ഷ വാഗ്ദാനംചെയ്യുന്ന ദൈവവചനങ്ങളെല്ലാം ഈ ഭൂമിയില്‍ പൂര്‍ത്തിയാകേണ്ടവയാണ്. രക്ഷ സ്വര്‍ഗ്ഗത്തില്‍ ചെന്നതിനുശേഷം ലഭിക്കുന്നതല്ല. രക്ഷ ഈ ഭൂമിയിലല്ല ലഭിക്കുന്നതെങ്കില്‍, രക്ഷകന്‍ വരേണ്ടിയിരുന്നില്ല; രക്ഷകനെ കാത്തിരിക്കണമെന്നു ദൈവവചനം പഠിപ്പിക്കുമായിരുന്നില്ല (ഹെബ്രാ. 9:27-28). സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോയിട്ടു രക്ഷിച്ചാല്‍ മതിയായിരുന്നല്ലോ. എന്നാല്‍ അതല്ല ദൈവിക പദ്ധതിയെന്നു നമുക്കറിയാം. ഇതില്‍നിന്നും വചനത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള രക്ഷ ദൈവമക്കള്‍ക്കു ഈ ഭൂമിയില്‍ത്തന്നെ ലഭിക്കാനിരിക്കുന്നുവെന്നു വ്യക്തം.


തുടരും...


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us