ദൈവം മനുഷ്യന് നിത്യമായ ഒരു രക്ഷ ഒരുക്കിയിട്ടുണ്ട് എന്നു നമുക്കറിയാം. യേശുക്രിസ്തു തന്‍റെ ഒന്നാം വരവില്‍ നൽകിയ രക്ഷയെന്താണ്? രക്ഷ പൂര്‍ണ്ണമായോ? എന്താണ് ഈ രക്ഷയുടെ പൂര്‍ണ്ണത? അത് അവന്‍ എപ്പോള്‍ നൽകും?
ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന് അധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെ ആരു മോചിപ്പിക്കും? ... സൃഷ്ടി മാത്രമല്ല, ആത്മാവിന്‍റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു. (റോമാ 7:24, 8:23)
നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ, കര്‍ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു. (ഫിലിപ്പി 3:20)
അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല,
തന്നെ ആകാംക്ഷപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി. (ഹെബ്രാ.9:28)
സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി
അവന്‍ നമ്മുടെ ദുര്‍ബ്ബലശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും. (ഫിലിപ്പി 3:21)
I ആമുഖം
അവസാനകാലമായി എന്നും, യേശുക്രിസ്തുവിന്‍റെ വെളിപ്പെടലിനു സമയമായി എന്നും തിരിച്ചറിഞ്ഞ വിശ്വാസികളുടെ മുന്നില്‍, ഈ അവസാനകാലത്തു നിത്യരക്ഷയ്ക്കായി ദൈവം ഒരുക്കുന്ന പദ്ധതികളിലേക്ക് ഒരു സൂചന നൽകുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം. ഏകസത്യദൈവം ഒരുവനേയുള്ളൂവെന്നും, അവിടുത്തെ പുത്രന്‍, ദൈവംതന്നെയായ ദൈവപുത്രന്‍ യേശുക്രിസ്തുവാണ് ഏകരക്ഷകനെന്നും, അവിടുത്തെ വചനമാണ് സത്യമെന്നും വിശ്വസിക്കുന്നവരുടെ മുമ്പിലാണ് ഈ വസ്തുതകള്‍ സമര്‍പ്പിക്കുന്നത്. എഴുതപ്പെട്ട ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
പ്രധാനമായും മൂന്നു കാര്യങ്ങളിലേക്കാണ് നാം ശ്രദ്ധ തിരിക്കുന്നത്.
ഒന്ന്, ദൈവം മനുഷ്യന് നിത്യമായ ഒരു രക്ഷ ഒരുക്കിയിട്ടുണ്ട് എന്നു നമുക്കറിയാം. യേശുക്രിസ്തു തന്‍റെ ഒന്നാം വരവില്‍ നൽകിയ രക്ഷയെന്താണ്? രക്ഷ പൂര്‍ണ്ണമായോ? എന്താണ് ഈ രക്ഷയുടെ പൂര്‍ണ്ണത? അത് അവന്‍ എപ്പോള്‍ നൽകും?
രണ്ട്, ദൈവം പ്രവര്‍ത്തിക്കുന്നത് മനുഷ്യരിലൂടെയായതിനാലും, വെളിപ്പെടുത്തപ്പെടാതെയും അതിനായി ഒരുക്കപ്പെടാതെയും ഈ രക്ഷ ലഭിക്കില്ലാത്തതിനാലും, ദൈവത്താല്‍ അയയ്ക്കപ്പെടാതെ പ്രസംഗിക്കാന്‍ സാധിക്കാത്തതിനാലും, ഈ രക്ഷ സമയമാകുമ്പോള്‍ വെളിപ്പെടുത്തപ്പെടേണ്ടിയിരിക്കുന്നു. ഇത് ആര് പ്രഘോഷിക്കും? എവിടെ പ്രഘോഷിക്കപ്പെടും?
മൂന്ന്, അവസാനകാലത്തു രക്ഷയും ശിക്ഷയും ദൈവപുത്രന്‍ നൽകുമെന്നതിനാല്‍, ഈ ഭൂമിയില്‍ നിത്യരക്ഷ ആര്‍ക്കാണ് ലഭിക്കുക? അത് എവിടെയാണ് ലഭിക്കുക?
A. രക്ഷിക്കപ്പെട്ട സമൂഹം
ഒരു രക്ഷകനിലും അവന്‍ നൽകുന്ന രക്ഷയിലും അധിഷ്ഠിതമായ വിശ്വാസമാണ് ക്രിസ്തീയ വിശ്വാസം. ദൈവപുത്രന്‍ യേശുക്രിസ്തുവാണ് ഏകരക്ഷകനെന്നും, അവന്‍റെ പീഢാസഹനത്തിലൂടെയും, രക്തം ചിന്തലിലൂടെയും, കുരിശുമരണത്തിലൂടെയും, പുനരുത്ഥാനത്തിലൂടെയും നാം രക്ഷിക്കപ്പെട്ടുവെന്നും വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. ഒരു രക്ഷയുടെ അനുഭവമാണ് ക്രിസ്ത്യാനിയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. അതിനാല്‍, കഴിഞ്ഞ 2000 വര്‍ഷമായി ഈ രക്ഷയെക്കുറിച്ചു ക്രിസ്ത്യാനികള്‍ അഭിമാനം കൊള്ളുകയും അതു പ്രസംഗിക്കുകയും ചെയ്യുന്നു.
നാം രക്ഷിക്കപ്പെട്ടു എന്നു പ്രഖ്യാപിക്കുന്ന അനേകം ദൈവവചനങ്ങള്‍ ബൈബിളില്‍ നാം വായിക്കുന്നു. ഉദാഹരണത്തിന്, ദൈവവചനം ഇപ്രകാരം പഠിപ്പിക്കുന്നു: വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്‍റെ ദാനമാണ് (എഫേ. 2:8). ഇതുപോലെ മറ്റു നിരവധി ദൈവവചനങ്ങള്‍ നാം രക്ഷിക്കപ്പെട്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു (റോമാ 10:10, 1 കോറി. 1:21, എഫേ. 2:5).
തങ്ങള്‍ രക്ഷിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നവര്‍ ഉദ്ധരിക്കുന്ന ദൈവവചനഭാഗങ്ങളില്‍ ഒന്നാണ് മര്‍ക്കോസ് 16:16-17. വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കയ്യിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
എന്നാല്‍, വിശ്വസിക്കുന്നവരോടുകൂടെ ഉണ്ടായിരിക്കുമെന്നു ഈ ദൈവവചനഭാഗം പരാമര്‍ശിക്കുന്ന അടയാളങ്ങള്‍ ഇവരില്‍ ഇല്ലായെന്നുള്ളത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഈ ദൈവചനവും സത്യമാണ്. അതു പൂര്‍ത്തിയാകുകതന്നെ ചെയ്യും. അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്: ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സുവിശേഷം ഇതുവരെ പ്രസംഗിക്കപ്പെട്ടിട്ടില്ല; ഈ വിശ്വാസം ഇതുവരെ സമാഗതമായില്ല (കാരണം, കേള്‍വിയില്‍നിന്നാണ് വിശ്വാസം ഉണ്ടാകുക); ഇവിടെ ദൈവവചനം സാക്ഷ്യപ്പെടുത്തുന്ന രക്ഷ ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല.
മറ്റൊരു ദൈവവചനം നമുക്കു പരിശോധിക്കാം. താന്‍ നല്കാനിരിക്കുന്ന നിത്യജീവനെക്കുറിച്ച് യേശുക്രിസ്തു ഒരിക്കല്‍ ഇപ്രകാരം പ്രസ്താവിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാന്‍ ജീവന്‍റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു: എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നൽകുന്ന അപ്പം എന്‍റെ ശരീരമാണ്(യോഹ. 6:47-51).
മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാന്‍ ആഹ്വാനംചെയ്ത യേശുക്രിസ്തു (യോഹ. 6:27), താന്‍ നൽകുന്ന ഈ ജീവന്‍റെ അപ്പം ഭക്ഷിക്കുന്നവര്‍ ഒരിക്കലും മരിക്കില്ലെന്നും, മറിച്ച്, അവര്‍ എന്നേയ്ക്കും ജീവിക്കുമെന്നും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. മനുഷ്യന്‍ രോഗത്താല്‍ മരിക്കാം, വാര്‍ദ്ധക്യസഹജമായ അവസ്ഥകളാല്‍ മരിക്കാം, അപകടങ്ങളില്‍പ്പെട്ടു മരിക്കാം. അപ്പോള്‍, മനുഷ്യന്‍ മരിക്കാതിരിക്കണമെങ്കില്‍, രോഗവും, വാര്‍ദ്ധക്യവും മരണവും (ഒറ്റവാക്കില്‍, ജീര്‍ണ്ണത) അവന്‍റെ ശരീരത്തില്‍നിന്നും എന്നേയ്ക്കുമായി നീക്കപ്പെടണം. താന്‍ നൽകുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പം ഭക്ഷിച്ചാല്‍, ഇതു സംഭവിക്കും എന്നാണ് യേശുക്രിസ്തു പറഞ്ഞത്. ഇതാണ് ദൈവം വാഗ്ദാനം ചെയ്ത നിത്യജീവന്‍ അഥവാ രക്ഷ (1 യോഹ. 2:25).
എന്നാല്‍, വിശ്വസിച്ചവരും, അവന്‍ നൽകിയ അപ്പം ഭക്ഷിച്ചവരുമായ സകലരും ഇതുവരെ ജീര്‍ണ്ണതയെ കീഴ്പ്പെടുത്തിയില്ല. എല്ലാവരും മരിച്ചു, ജീര്‍ണ്ണിച്ചു. മനുഷ്യരായ ആരും ഇതുവരെ നിത്യജീവന്‍ പ്രാപിച്ചിട്ടില്ല, അഥവാ രക്ഷ പ്രാപിച്ചിട്ടില്ലെന്നു വ്യക്തം. യേശുക്രിസ്തു സത്യംമാത്രം പറയുന്നവനായതിനാലും, തന്നെത്തന്നെ നിഷേധിക്കാന്‍ അവനു സാധിക്കാത്തതിനാലും, അവന്‍റെ വചനം പൂര്‍ത്തിയായേ മതിയാകൂ. ഒരുകാര്യം വ്യക്തം: യോഹ. 6:47-51 ല്‍ വാഗ്ദാനംചെയ്യപ്പെട്ടിരിക്കുന്ന നിത്യജീവന്‍ (രക്ഷ) ഇതുവരെയും ആരും പ്രാപിച്ചിട്ടില്ല.
അപ്പോള്‍, രക്ഷിക്കപ്പെട്ടു എന്നവകാശപ്പെടുന്നവര്‍ക്കു ലഭിച്ച രക്ഷയെന്താണ്? അഥവാ യേശുക്രിസ്തു തന്‍റെ ഒന്നാംവരവില്‍ നൽകിയ രക്ഷ എന്താണ്?
B. യേശുക്രിസ്തു നൽകിയ രക്ഷ
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന രക്ഷയെന്താണെന്നു, പന്തക്കുസ്തായ്ക്കുശേഷം പത്രോസ് നടത്തിയ പ്രസംഗത്തില്‍നിന്നും വ്യക്തമാണ് (അപ്പ. 2:37-38). സുവിശേഷം കേട്ട് അനുതപിച്ച് യേശുക്രിസ്തുവില്‍ വിശ്വസിച്ച്, അവന്‍റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ക്കു പാപമോചനം ലഭിക്കും; പരിശുദ്ധാത്മാവിന്‍റെ ദാനവും ലഭിക്കും.
രക്ഷകനെക്കുറിച്ച് എഴുതപ്പെട്ട വചനങ്ങള്‍ യേശുക്രിസ്തുവില്‍ പൂര്‍ത്തിയായി എന്ന് അനേകര്‍ വിശ്വസിച്ചു. അവര്‍ യേശുക്രിസ്തുവിനെ തങ്ങളുടെ കര്‍ത്താവായും രക്ഷകനായും സ്വീകരിച്ചു. വിശ്വസിച്ച സകലര്‍ക്കും പാപമോചനത്തിന്‍റെ കൃപ ലഭിച്ചു. അതാണ് അവര്‍ക്കു ലഭിച്ച രക്ഷ - പാപമോചനം. തങ്ങളുടെ പാപങ്ങള്‍ മോചിക്കപ്പെട്ടുവെന്ന വലിയ സത്യം അവരില്‍ വലിയ സമാധാനവും സന്തോഷവും നിറച്ചു. പരിശുദ്ധാത്മശക്തിയാല്‍ അവരുടെ ഉള്ളിലുണ്ടായിരുന്ന സകല പിശാചുക്കളെയും തിന്‍മയുടെ ശക്തികളെയും ദൈവം അവരില്‍നിന്നും നീക്കംചെയ്തു. അവരുടെ ഹൃദയങ്ങളില്‍ ദൈവികഭരണം ആരംഭിച്ചു. ഇതാണ് വിശ്വാസിയുടെ ഹൃദയത്തില്‍ സ്ഥാപിതമാകുന്ന ദൈവരാജ്യം. (ഇതാണ് യേശുക്രിസ്തു പ്രസംഗിച്ച ഒന്നാം ദൈവരാജ്യം.) ഈ പാപമോചനത്തിന്‍റെ കൃപയും ഈ ദൈവരാജ്യാനുഭവുമല്ലേ യേശുക്രിസ്തുവില്‍ വിശ്വസിച്ചവര്‍ക്ക് ഈ ഭൂമിയില്‍ ഇതുവരെ ലഭിച്ചത്?
ഈ കൃപ നഷ്ടപ്പെടാതെ, ദൈവവചനത്തിനു സാക്ഷിയായി ജീവിച്ചാല്‍, ആ വ്യക്തി മരിക്കുന്നത് ഈ ദൈവരാജ്യാനുഭവത്തിലായിരിക്കും. ഇപ്രകാരം ഒരു വ്യക്തി മരിക്കുമ്പോള്‍ ആ വ്യക്തി ചെന്നു പ്രവേശിക്കുന്ന ദൈവരാജ്യത്തിന്‍റെ ഉന്നതമായ വേറൊരു തലമുണ്ട്. അതാണ് പറുദീസാ (മര്‍ക്കോ. 9:47-48). ഇതാണ് യേശുക്രിസ്തു പ്രസംഗിച്ച രണ്ടാം ദൈവരാജ്യം. ഈ ദൈവരാജ്യമാണ് യേശുക്രിസ്തുവില്‍ വിശ്വസിച്ചു, വിശുദ്ധിയോടെ മരിച്ച സകലര്‍ക്കും ഇതുവരെ ലഭിച്ചത്.
തുടരും....
© 2024. Church of Light Emperor Emmanuel Zion. All rights reserved.