ദൈവത്തിന്റെ പ്രതികാരത്തിന്റെ ദിനം!

: ദൈവപിതാവിന്‍റെ ആഗമനദിനമാണ് അവിടുത്തെ പ്രതികാരത്തിന്‍റെ ദിനം. ഇതാ ഭീതിതനും സകലത്തിന്‍റെയും സ്രഷ്ടാവും ഉടയവനുമായ ദൈവപിതാവ് ശക്തിയോടും മഹത്വത്തോടുംകൂടെ എഴുന്നള്ളാന്‍ പോകുന്നുവെന്ന് സദ്വാര്‍ത്തയുടെ പ്രഘോഷണത്തിലൂടെ ദൈവം ഇപ്പോള്‍ നമ്മെ അറിയിക്കുന്നു!

ദൈവത്തിന്റെ പ്രതികാരത്തിന്റെ ദിനം!

ദൈവം സ്നേഹമാണ് എന്നു പ്രഖ്യാപിക്കുന്ന ദൈവവചനംതന്നെ, അവിടുന്ന് പാപത്തോടും അതു ലോകത്തില്‍ നിറച്ച സാത്താനോടും അവന്‍റെ ദൂതരോടും ആജ്ഞാനുവര്‍ത്തികളോടും വിട്ടുവീഴ്ചകാണിക്കാത്ത നീതിമാനാണെന്നും പ്രഖ്യാപിക്കുന്നു. ദൈവപിതാവ് പരിശുദ്ധനും പരിപൂര്‍ണ്ണനുമാണ്. അതിനാല്‍ത്തന്നെ, അവിടുത്തെ സ്നേഹം എത്രമാത്രം ആര്‍ദ്രമായിരിക്കുന്നുവോ അത്രമാത്രം കര്‍ക്കശമാണ് അവിടുത്തെ നീതി. ദൈവത്തെക്കുറിച്ചു പഠിപ്പിച്ച പ്രവാചകന്‍മാരും, ദൈവപിതാവിനെ വെളിപ്പെടുത്തിയ അവിടുത്തെ ഏകജാതന്‍ യേശുക്രിസ്തുവും, യേശുക്രിസ്തു പഠിപ്പിച്ചത് പ്രഘോഷിക്കുകയും എഴുതുകയുംചെയ്ത അപ്പസ്തോലന്‍മാരും ഇതു നമ്മുടെ മുമ്പില്‍ വ്യക്തമാക്കുന്നു.


ദൈവം ഒരു ന്യായവിധി തയ്യാറാക്കിയിരിക്കുന്നു. പ്രത്യാഗമനം ചെയ്യാന്‍ പോകുന്ന ദൈവപുത്രന്‍ ഒരോരുത്തര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കാനാണ് വരുന്നത് (വെളി. 22:12). അവിടുത്തെ വചനവും പ്രവൃത്തികളും അവിടുന്നയക്കുന്നവരെയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് രക്ഷയും സമാശ്വാസവും സമ്മാനവും നല്‍കുമ്പോള്‍, അതു ചെയ്യാത്തവര്‍ക്കു നിത്യശിക്ഷയും, പീഡനവും നല്‍കാന്‍ ഇതാ അവിടുന്നു വരുന്നു.


ദൈവപിതാവിന്‍റെ ആഗമനദിനമാണ് അവിടുത്തെ പ്രതികാരത്തിന്‍റെ ദിനം. 3500 വര്‍ഷങ്ങള്‍ക്കുമുമ്പ് സീനായ് മലമുകളില്‍ ദൈവജനത്തെ സന്ദര്‍ശിക്കാനാണ് ദൈവം ആദ്യമായി എഴുന്നള്ളിയത് (പുറ. 19:16-20). അതിനുശേഷം അവിടുന്ന് അരുളിച്ചെയ്തു:


... എങ്കിലും ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്ഷിക്കും (പുറ. 32:34).


ദൈവമക്കളെ പീഡിപ്പിക്കുന്നവര്‍ക്കും ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും യേശുക്രിസ്തുവിന്‍റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരെ ദൈവം അവിടുത്തെ പ്രതികാരത്തിന്‍റെ ദിനത്തില്‍ പ്രതികാരം ചെയ്യുമെന്ന് വ്യക്തമായി ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (2 തെസ. 1:6-9). അതിനാല്‍ അവിടുത്തെ സന്ദര്‍ശനദിനത്തിനായി ഒരുങ്ങിയിരിക്കാന്‍ അവിടുന്ന് അവിടുത്തെ ജനത്തിന് മുന്നറിയിപ്പു തന്നിരിക്കുന്നു (ആമോ. 4:12).


ദൈവപിതാവ് വരുമെന്നും അവിടുന്ന് അവിടുത്തെ വചനം അനുസരിക്കാത്തവരെയും അവിടുന്ന് ഏല്‍പിച്ച ജോലി ചെയ്യാത്തവരെയും ശിക്ഷിക്കുമെന്നും യേശുക്രിസ്തുവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് (മത്താ. 21:40-41). പൗലോസിലൂടെയും (1 കോറി. 13:12), യോഹന്നാനിലൂടെയും (1 യോഹ. 3:1-3), പത്രോസിലൂടെയും (2 പത്രോ. 3:10) പരിശുദ്ധാത്മാവും ദൈവപിതാവിന്‍റെ ആഗമനത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു.  യേശുക്രിസ്തു മാത്രമല്ല, വീണ്ടും വരുന്നത് യേശുക്രിസ്തുവിന്‍റെ പിതാവും ഏകസത്യദൈവവുമായ ദൈവവും വരാനിരിക്കുന്നു.


അങ്ങയുടെ കൈ സകല ശത്രുക്കളെയും തിരഞ്ഞുപിടിക്കും; അങ്ങയുടെ വലത്തുകരം അങ്ങയെ വെറുക്കുന്നവരെ പിടികൂടും. അങ്ങയുടെ സന്ദര്‍ശന ദിനത്തില്‍ അവരെ എരിയുന്ന ചൂളപോലെ യാക്കും; കര്‍ത്താവ് തന്‍റെ ക്രോധത്തില്‍ അവരെ വിഴുങ്ങും; അഗ്നി അവരെ ദഹിപ്പിച്ചുകളയും. (സങ്കീ. 21:8-9)


ഇതാ ഭീതിതനും സകലത്തിന്‍റെയും സ്രഷ്ടാവും ഉടയവനുമായ ദൈവപിതാവ് ശക്തിയോടും മഹത്വത്തോടുംകൂടെ എഴുന്നള്ളാന്‍ പോകുന്നുവെന്ന് സദ്വാര്‍ത്തയുടെ പ്രഘോഷണത്തിലൂടെ ദൈവം ഇപ്പോള്‍ നമ്മെ അറിയിക്കുന്നു!


എന്നാല്‍, അവിടുത്തെ വരവിന്‍റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെ മുമ്പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്നിപോലെയും അലക്കുകാരന്‍റെ കാരം പോലെയുമാണ് അവിടുന്ന് (മലാ. 3:2).


കര്‍ത്താവിന്‍റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും. ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്കാന്തിയുള്ളവരായിരിക്കണം! (2 പത്രോ. 3:10-11).


ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകയും ചെയ്യുന്ന, ദൈവത്തിന്‍റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. (2 പത്രോ. 3:12)


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us