ഈ ഭൂമിയോ അതിലെ ആദ്യത്തെ പൂഴിത്തരിയോ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പുതന്നെ പിതാവില്‍നിന്നു ജനിച്ചവളാണ് പരിശുദ്ധ കന്യകാമറിയം.
പരിശുദ്ധ കന്യകാമറിയം ആദത്തിന്‍റെ സന്തതിയാണെന്നും യേശുക്രിസ്തുവിലൂടെയാണ് രക്ഷിക്കപ്പെട്ടതെന്നുമാണ് ലോകത്തിലെ മിക്ക സഭകളും ക്രിസ്തീയ വിശ്വാസികളും കരുതുന്നതും പഠിപ്പിക്കുന്നതും. എന്നാല്‍ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതു സത്യമല്ല.
വചനമായ ദൈവപുത്രന്‍ (യോഹ. 1/1-5) ഈ ഭൂമിയിലേക്ക് പരിശുദ്ധ അമ്മയുടെ ഉദരത്തിലേക്ക് വന്നത് വചനമായിട്ടുതന്നെയാണ്, ശരീരം ധരിച്ചല്ല. അതായത്, 2000 വര്‍ഷംമുമ്പ് ഈ ഭൂമിയില്‍ മനുഷ്യപുത്രനായി പിറക്കുന്നതുവരെ ദൈവപുത്രന് ശരീരമുണ്ടായിരുന്നില്ല. ആത്മാവായിട്ടുതന്നെയാണ് അവന്‍ ഈ ഭൂമിയിലേയ്ക്കു വന്നത്.
ദൂതനിലൂടെ ദൈവപിതാവ് പറഞ്ഞ വചനം (ലൂക്കാ 1/28) തന്‍റെ ഉള്ളില്‍ മാംസം ധരിക്കും എന്ന് പരിശുദ്ധ അമ്മ വിശ്വസിച്ചതിനാലാണ് വചനം മാംസം ധരിച്ച് നമ്മുടെയിടയില്‍ വസിച്ചത് (യോഹ. 1/14). പരിശുദ്ധ അമ്മയുടെ ഉദരത്തിലാണ് ദൈവപുത്രന്‍ മാംസം - ശരീരം - ധരിച്ചത്. അങ്ങനെ പരിശുദ്ധ അമ്മയുടെ വിശ്വാസംവഴിയായി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമാണ് പിതാവ് നമുക്ക് നല്‍കിയത് (റോമാ 3/25-26). പരിശുദ്ധ അമ്മയുടെ ശരീരരക്തങ്ങളില്‍ ഭാഗഭാക്കായിക്കൊണ്ടാണ് ദൈവവചനമായ ദൈവപുത്രന്‍ ദൈവപിതാവിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാക്കായത്. ദൈവമക്കള്‍ ആദത്തിലൂടെ ദൈവപിതാവിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാക്കായപ്പോള്‍ (അപ്പ. 17/26), യേശുക്രിസ്തു പരിശുദ്ധ അമ്മയിലൂടെ ദൈവപിതാവിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാക്കായി (ഹെബ്രാ. 2/14).
ആദത്തിന്‍റെ പാപംമൂലം മനുഷ്യരുടെ ശരീരരക്തങ്ങള്‍ മലിനമായി, മരണത്തിനടിമയായി. എന്നാല്‍ യേശുക്രിസ്തുവിന് പരിശുദ്ധമായ ശരീരം വേണ്ടിയിരുന്നു. അതിനാല്‍ പരിശുദ്ധമായ ശരീരരക്തങ്ങളില്‍ - പരിശുദ്ധ അമ്മയുടെ ശരീരരക്തങ്ങളില്‍ - ഭാഗഭാഗിത്വം വേണ്ടിവന്നു. യേശുക്രിസ്തുവിന്‍റെ ശരീരരക്തങ്ങളുടെ ബലിയര്‍പ്പണത്തിലൂടെയാണ് നാം നമ്മുടെ പാപങ്ങളില്‍നിന്ന് മോചിക്കപ്പെട്ടത് (1 യോഹ. 1/8, ഏശ. 53/4-5). തന്‍റെ ശരീരമാകുന്ന വിരിയിലൂടെയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ളവഴി യേശുക്രിസ്തു തുറന്നത് (ഹെബ്രാ. 10/19-20). യേശുക്രിസ്തുവിന്‍റെ രക്തവും മാംസവും പരിശുദ്ധമല്ലായിരുന്നെങ്കില്‍, അവ ദൈവപിതാവിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം ഇല്ലാത്തതായിരുന്നെങ്കില്‍, നാം ആരും പാപത്തില്‍നിന്ന് രക്ഷിക്കപ്പെടുമായിരുന്നില്ല. കാരണം, പാപത്തിനടിമയായ ഒരു ശരീരത്തിനും, മരണത്തിന്‍റെ നിയമമുള്ള - നുണവചനമുള്ള - രക്തത്തിനും പാപപരിഹാരം ചെയ്യാന്‍ കഴിയില്ല. ബലിവസ്തു ദൈവസന്നിധിയില്‍ ഊനമറ്റതായിരിക്കണം. പരിശുദ്ധ അമ്മ ആദത്തിന്‍റെ സന്തതി ആയിരുന്നെങ്കില്‍ അമ്മയുടെ ശരീരവും രക്തവും പാപ പങ്കിലമാകുമായിരുന്നു. അങ്ങനെയെങ്കില്‍ അമ്മ അമലോത്ഭവയാകുമായിരുന്നില്ല.
ആദത്തില്‍ ദൈവപിതാവിന്‍റെ എല്ലാ മക്കളും സൃഷ്ടിക്കപ്പെട്ടു (അപ്പ. 17/26). ആദത്തിന്‍റെ പാപത്താല്‍ എല്ലാമനുഷ്യരും അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനുമുമ്പേ പാപികളാണ് (സങ്കീ. 51/5, റോമാ 5/12). പരിശുദ്ധ അമ്മ ആദത്തിന്‍റെ സന്തതി ആയിരുന്നെങ്കില്‍ യേശുക്രിസ്തുവിന്‍റെ ശരീരവും പാപത്തിനടിമയായ ശരീരമാകുമായിരുന്നു. യേശുക്രിസ്തു പാപിയല്ല, പാപത്തിനടിമയായ ശരീരംകൊണ്ട് പാപപരിഹാരബലി അര്‍പ്പിക്കാന്‍ സാധിക്കില്ല. ചുരുക്കത്തില്‍ പരിശുദ്ധ അമ്മ ആദത്തിന്‍റെ സന്തതിയായിരുന്നെങ്കില്‍ പരിശുദ്ധ അമ്മയിലൂടെ യേശുക്രിസ്തുവിനു ലഭിച്ച ശരീരം പാപത്തിനടിമയായ ശരീരമാകുമായിരുന്നു.
അമലോത്ഭവമെന്നാല്‍ പുരുഷന്‍റെ ഇച്ഛയില്‍നിന്നോ, രക്തത്തില്‍നിന്നോ, ശാരീരികാഭിലാഷത്തില്‍നിന്നോ ജനിക്കാതെ, ദൈവത്തില്‍നിന്നു നേരിട്ടു ജനിക്കുകയെന്നാണ്. ഇതാണ് കുലീനജന്‍മം. ഈ കുലീനജന്‍മം ലഭിച്ചവളാണ് പരിശുദ്ധഅമ്മ (ജ്ഞാനം 8/3-4). യേശുക്രിസ്തുവിനു ജന്‍മം നല്‍കാന്‍, യേശുക്രിസ്തുവിന്‍റെ യോഗ്യതമൂലം പരിശുദ്ധ അമ്മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചനടത്തി എന്നാണ് സഭാപണ്ഡിതരുടെ മതം. എന്നാല്‍, ആദത്തിന്‍റെ സന്തതികളുടെ കാര്യത്തില്‍ ദൈവത്തിന് അതു സാധ്യമല്ല. കാരണം, ദൈവത്തില്‍നിന്നു ജനിക്കേണ്ട എല്ലാമനുഷ്യരെയും ദൈവം ആദത്തില്‍ പറുദീസയില്‍ സൃഷ്ടിച്ചിരുന്നു. തന്നെത്തന്നെ നിഷേധിക്കാന്‍ ദൈവത്തിനു സാധിക്കില്ല.
ആദം സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍നിന്നാണ്. അതായത്, എല്ലാമനുഷ്യരും മണ്ണില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍, പരിശുദ്ധ അമ്മ ഈ ഭൂമിയോ അതിലെ ആദ്യത്തെ പൂഴിത്തരിയോ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പുതന്നെ പിതാവില്‍നിന്നു ജനിച്ചവളാണ് (സുഭാ. 8/22-30). അതിനാല്‍ത്തന്നെ മണ്ണിന്‍റെ നിയമം, ജഡത്തിന്‍റെ നിയമം അമ്മയിലില്ല. പരിശുദ്ധ അമ്മയുടെ ആത്മാവ് ജ്ഞാനത്തിന്‍റെ ആത്മാവാണ്. ജ്ഞാനത്തിന്‍റെ ആത്മാവിന്‍റെ സവിശേഷതകള്‍ ദൈവവചനം വര്‍ണ്ണിക്കുന്നു (ജ്ഞാനം 7/23-30). ഈ സവിശേഷതകളൊന്നും ഈ ഭൂമിയില്‍ ജീവിച്ചിരുന്നതോ ജീവിക്കുന്നതോ ആയ ആദത്തിന്‍റെ സന്തതികളായ മനുഷ്യര്‍ക്കു യോജിക്കുന്നവയല്ല. ഈ സവിശേഷതകളെല്ലാം ദൈവികമാണ്.
ഇപ്രകാരം, പരിശുദ്ധ ബൈബിളുടനീളം പരിശുദ്ധ അമ്മ അമലോത്ഭവയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
പരിശുദ്ധ കന്യകാമറിയം ആദത്തിന്‍റെ സന്തതിയാണെന്ന പ്രബോധനം പരിശുദ്ധ അമ്മയെ നിഷേധിക്കലാണ്; ദൈവത്തില്‍നിന്നു ജനിച്ച ജ്ഞാനത്തിന്‍റെ ആത്മാവിനെ തള്ളിപ്പറയുന്നതാണ്; യേശുക്രിസ്തുവിലൂടെ പൂര്‍ത്തിയായ ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയെ നിഷേധിക്കുന്നതുമായ പ്രബോധനമാണ്.
© 2024. Church of Light Emperor Emmanuel Zion. All rights reserved.