അന്തിക്രിസ്തുവിന്റെ ആത്മാവിനെ എങ്ങനെ തിരിച്ചറിയാം?

അന്ത്യനാളുകളില്‍ സത്യത്തെ (ദൈവവചനത്തെ) സ്നേഹിക്കാന്‍ വിമുഖത കാണിക്കുന്നവരെ വഴിതെറ്റിക്കാനായി സാത്താന്‍ ഉപയോഗിക്കുന്നത് അന്തിക്രിസ്തുവിന്‍റെ ആത്മാവിനെയാണ്.

അന്തിക്രിസ്തുവിന്റെ ആത്മാവിനെ എങ്ങനെ തിരിച്ചറിയാം?

അന്തിക്രിസ്തു സാത്താന്‍റെ സന്തതിയാണെന്നു ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു  (2 തെസ. 2/3). ഏതാണീ ഉറവിടം? സാത്താന്‍റെ സന്താനമായ കായേനാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവിന്‍റെ ഉറവിടം (1 യോഹ. 3/12). ഇതേ ആത്മാവാണ് യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസില്‍ പ്രവര്‍ത്തിച്ചത്. യൂദാസ് നാശത്തിന്‍റെ സന്താനമാണെന്നും അവന്‍ ശാപവും നാശവുമായിരിക്കുമെന്നും ദൈവപുത്രന്‍ പ്രഖ്യാപിച്ചു (യോഹ. 6/70, യോഹ. 17/12). ഈ മൂന്നുപേരിലുമുള്ള ആത്മാവിനെമാത്രമാണ് നാശത്തിന്‍റെ (സാത്താന്‍റെ) സന്താനമായി ദൈവവചനം പ്രഖ്യാപിക്കുന്നത്. ദൈവപുത്രന്‍ യേശുക്രിസ്തു ദൈവഹിതപ്രകാരം ദൈവജനത്തിനു ജീവന്‍ പ്രദാനം ചെയ്തുകൊണ്ട് കുരിശില്‍ സ്വയം ബലിയര്‍പ്പിച്ചു (മത്താ. 20/28, ഏശ. 53/10), തന്‍റെ ആത്മാവിനെ ദൈവപിതാവിന്‍റെ കരങ്ങളില്‍ ഏല്‍പിച്ചെങ്കില്‍ (ലൂക്കാ 23/44-46), യൂദാസ് ശപിക്കപ്പെട്ടവനായി, ജനത്തെ നാശത്തിലേയ്ക്കു നയിക്കുന്നവനായി, ആത്മഹത്യചെയ്തുകൊണ്ട് തന്‍റെ ആത്മാവിനെ സാത്താനു ഭരമേല്‍പ്പിച്ചു (മത്താ. 27/3-5).


എവിടെനിന്നാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവിനു ശക്തി ലഭിച്ചത്?  യേശുക്രിസ്തു അപ്പസ്തോലന്‍മാര്‍ക്കു നല്‍കിയ എല്ലാ അധികാരങ്ങളും ശക്തിയും വരങ്ങളും യൂദാസിനും നല്‍കിയിരുന്നു (മത്താ. 10/1-4). അവന്‍ പിശാചാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് യേശുക്രിസ്തു യൂദാസിനെ തിരഞ്ഞടുത്തതും, അവനു വരങ്ങള്‍ നല്‍കിയതും. അതുകൊണ്ട് ഈ ആത്മാവിനു സുവിശേഷമറിയാം, ഒന്നും രണ്ടും ദൈവരാജ്യങ്ങളുടെ രഹസ്യങ്ങളറിയാം, രോഗശാന്തിവരവും, അത്ഭുതപ്രവര്‍ത്തനവരവുമൊക്കെ അതിനുണ്ട്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളാണെന്ന പ്രതീതിജനിപ്പിക്കുന്ന രീതിയിലാണ് ഈ ആത്മാവു പ്രവര്‍ത്തിക്കുന്നത്. പന്തക്കുസ്തായ്ക്കുശേഷം അപ്പസ്തോലന്‍മാരില്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നതുകണ്ടാണ് സാത്താന്‍ ഈ ആത്മാവിനെ ലോകത്തിലേയ്ക്കിറക്കിവിട്ടത്. പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്നുപഠിപ്പിച്ച, ഡീക്കന്‍മാരില്‍ ഒരാളായിരുന്ന നിക്കോളാവൂസിലൂടെ ഈ ആത്മാവു തന്‍റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. അതിനുശേഷം, യേശുക്രിസ്തുവിനെ നിരാകരിക്കുന്ന തത്വശാസ്ത്രങ്ങളുടെയും മതചിന്തകളുടെയും പ്രയോക്താവായും, പ്രചാരകനായും അന്തിക്രിസ്തുവിന്‍റെ ആത്മാവു ചരിത്രത്തില്‍ മുന്നേറി. ആധുനിക കാലഘട്ടത്തില്‍, ഭൗതികവാദത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങളിലൂടെയും, ഒരു സാര്‍വ്വലൗകിക മതസൃഷ്ടിയിലൂടെയും, ഒരു ജഡിക-ഉപഭോക്തൃ സംസ്കാരത്തിലൂടെയും ഈ ആത്മാവു ലോകത്തിന്‍റെമേല്‍ തന്‍റെ പിടിമുറുക്കിക്കഴിഞ്ഞു. മാത്രമല്ല, മനുഷ്യരെ സുഖിപ്പിക്കുന്ന നിരവധി വരങ്ങളും (ആകാശത്തുനിന്നു തീയിറക്കുക, പാറയില്‍നിന്നു ജലം നല്‍കുക തുടങ്ങിയവ) ഈ അവസാനകാലത്ത് അന്തിക്രിസ്തുവിന്‍റെ ആത്മാവിനാണ് നല്‍കപ്പെട്ടിരിക്കുന്നത് (വെളി. 13/12-15).  അന്ത്യനാളുകളില്‍ സത്യത്തെ (ദൈവവചനത്തെ) സ്നേഹിക്കാന്‍ വിമുഖത കാണിക്കുന്നവരെ വഴിതെറ്റിക്കാനായി സാത്താന്‍ ഉപയോഗിക്കുന്നത് അന്തിക്രിസ്തുവിന്‍റെ ഈ ആത്മാവിനെയാണ് (2 തെസ. 2/9-12). സമയമാകുമ്പോള്‍മാത്രം അരാജകത്വത്തിന്‍റെ മനുഷ്യനില്‍ പ്രവേശിക്കേണ്ടതിനു ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ഇപ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്.


2 തെസ.2/9-12 - സാത്താന്‍റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ളാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും.


അന്തിക്രിസ്തുവിന്‍റെ ആത്മാവിന്‍റെ അടയാളങ്ങള്‍:


1.  ദൈവപിതാവാണ് ഏകസത്യദൈവമെന്നും, ഇമ്മാനുഏലാണ് ഏകരക്ഷകനെന്നുമുള്ള സത്യം നിഷേധിക്കുന്നവനാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് (1 യോഹ. 2/22-23).

2. യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിനുശേഷം യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്നു ഏറ്റുപറയാത്തവനാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് (1 യോഹ. 4/2-3, 2 യോഹ. 1/7).

3.  രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനുമായ ഇമ്മാനുഏലിന്‍റെ രാജത്വം അംഗീകരിക്കാത്തവനും എതിര്‍ക്കുന്നവനുമാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് (വെളി. 19/11-16, ദാനി. 8/23-25).

4. അത്യുന്നതനെതിരെ ദൂഷണം പറയുന്നവനും (ദാനി. 7/24-25), ദൈവപിതാവിന്‍റെ നാമത്തെയും, അവിടുത്തെ വാസസ്ഥലത്തെയും, സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും ദുഷിച്ചുപറയുന്നവനുമാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് (വെളി. 13/4-6).

6.  ആരാധനാവിഷയമായിരിക്കുന്നതും ദൈവമെന്നു വിളിക്കപ്പെടുന്നതുമായ ദൈവവചനത്തെ മുഴുവന്‍ നിഷേധിക്കുന്നവനാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് (2 തെസ. 2/3-4).

7. താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ദൈവത്തിന്‍റെ ആലയത്തില്‍ സ്ഥാനം പിടിക്കുന്നവന്‍റെ ആത്മാവാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് (2 തെസ. 2/3-4).

8. നിയമനിഷേധിയാണ് അന്തിക്രിസ്തു (2 തെസ. 2/9-10). അതായത്, ദൈവസ്നേഹമാകുന്ന ദൈവികനിയമം (ഒന്നാം പ്രമാണം) (മര്‍ക്കോ. 12/29-31) നിഷേധിക്കുന്നവനാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ്.

9.  ഈ ലോകത്തിന്‍റെ അധികാരിയായി വരുന്നവന്‍റെ ആത്മാവാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് (യോഹ. 12/31, വെളി. 13/7, ദാനി. 8/23-25).

10.  പന്തക്കുസ്തായുടെ കാര്യസ്ഥയായ പരിശുദ്ധ അമ്മയെ തിരസ്ക്കരിക്കുകയും, നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്ന ആത്മാവാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ്.

11.  ലൗകികമായതുമാത്രം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍, ലോകം ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആത്മാവാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ്  (1 യോഹ. 4/2-6, യോഹ. 15/18-19).

12.  പുനരുത്ഥാനവും രൂപാന്തരീകരണവും നിഷേധിക്കുന്ന ആത്മാവാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് .

13. ദൈവപിതാവിന്‍റെ ആദ്യജാതര്‍ക്കെതിരെ യുദ്ധംചെയ്യുന്ന ആത്മാവാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് (ദാനി. 7/21-22).


എന്നാല്‍, ഇമ്മാനുഏലിന്‍റെ മഹത്വപൂര്‍ണ്ണമായ പ്രത്യാഗമനത്തിന്‍റെ പ്രഭാപൂരത്താല്‍ (മത്താ. 17/1-2, 2 കോറി. 4/6) അന്തിക്രിസ്തു നാമാവശേഷമാവും (ദാനി. 8/25, 2 തെസ. 2/6-8, വെളി. 19/20-21).


അതിനാല്‍, ഈ അവസാന നാളുകളില്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ വിവേചിച്ചറിയേണ്ടത് അത്യാവശ്യമായിരിക്കുന്നു.


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us