സത്യപ്രബോധനം എങ്ങനെ വിവേചിച്ചറിയാം?

സത്യപ്രബോധനം തേടുന്ന ഒരു വിശ്വാസിക്ക് ഏതാണ് സത്യപ്രബോധനമെന്ന് വിവേചിച്ചറിയാനുള്ള വിവേചനാവരം ദൈവപിതാവ് നല്‍കും.

സത്യപ്രബോധനം എങ്ങനെ വിവേചിച്ചറിയാം?

 സത്യപ്രബോധനം തിരിച്ചറിയാന്‍ ദൈവപിതാവില്‍നിന്നും വിവേചനാവരം ലഭിക്കണം.



ദൈവപിതാവ് വിശ്വസ്തനാണ് (നിയ. 32/4). അവിടുത്തെ ആശ്രയിക്കുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവരെ വഞ്ചിക്കുക ദൈവപിതാവിന് അസാദ്ധ്യമാണ്. മാത്രമല്ല, അവിടുത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, എല്ലാം ആത്യന്തിക നന്‍മയ്ക്കായി ക്രമീകരിക്കുന്നവനാണ് ദൈവപിതാവ് (റോമാ 8/28). ദൈവപിതാവിന്‍റെ കൈകളില്‍നിന്ന്, അവിടുത്തേക്കുള്ളവരെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല (യോഹ. 10/29). ദൈവപുത്രനും തനിക്കു നല്‍കപ്പെട്ടിരിക്കുന്ന ആരെയും നഷ്ടപ്പെടുത്തുകയില്ല. അവിടുത്തെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടിയാണ് ദൈവപിതാവ് ഇപ്പോഴും അദ്ധ്വാനിക്കുന്നത് (ഏശ. 64/4, യോഹ. 5/17). ഇതേ ഉദ്ദേശ്യത്തോടെ ദൈവപുത്രനും (യോഹ. 5/17) പരിശുദ്ധാത്മാവും (1 കോറി. 12/4-7) പരിശുദ്ധ അമ്മയും (ജ്ഞാനം 9/10) അദ്ധ്വാനിക്കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവപിതാവ് നോക്കുന്നത് അവിടുത്തെ തേടുന്ന വിവേകികളും ജ്ഞാനികളുമുണ്ടോയെന്നാണ് (സങ്കീ. 14/2, സങ്കീ. 53/2). അതിനാല്‍, സത്യപ്രബോധനം തേടുന്ന ഒരു വിശ്വാസിക്ക് ഏതാണ് സത്യപ്രബോധനമെന്ന് വിവേചിച്ചറിയാനുള്ള വിവേചനാവരം ദൈവപിതാവ് നല്‍കും. വിശ്വാസവരത്തിനായും വിവേചനാവരത്തിനായുമാണ് ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ ദൈവപിതാവിനോടു പ്രാര്‍ത്ഥിക്കേണ്ടത്.


പിതാവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവര്‍ക്കു മാത്രമാണ് വിവേചനാവരം ലഭിക്കുക.


എപ്പോഴും ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ള ദൈവഭക്തനുമാത്രമേ വിവേചനാവരം ലഭിക്കൂ (യോഹ. 7/16-17). സ്വന്തം ഇഷ്ടവും, തന്‍റെ ജീവിതപങ്കാളിയുടെ ഇഷ്ടവും, നേതാക്കന്‍മാരുടെ ഇഷ്ടവും, പുരോഹിതരുടെ ഇഷ്ടവും, സഭയുടെ ഇഷ്ടവും, തങ്ങളെ സഹായിക്കുന്നവരുടെ ഇഷ്ടവും, ഒക്കെ പൂര്‍ത്തിയാക്കാനാണ് എല്ലാവരുടെയും താല്‍പര്യം. ദൈവപിതാവിന്‍റെ ഇഷ്ടമെന്തെന്ന് അന്വേഷിക്കാനോ അത് നിറവേറ്റാനോ ദൈവജനത്തിന് ഒരു താല്‍പര്യവുമില്ല. തങ്ങള്‍ ദൈവേഷ്ടമാണു നിറവേറ്റുന്നതെന്ന് അവകാശപ്പെടുന്ന അനേകര്‍ ഇന്ന് ലോകത്തിലുണ്ട്. എന്നാല്‍, ദൈവപിതാവില്‍നിന്ന് ഒന്നും മറയ്ക്കുക സാധ്യമല്ല (പ്രഭാ. 23/19-20). ആത്മാവും ചലനാത്മകവുമായ ദൈവവചനം, മനുഷ്യഹൃദയത്തിന്‍റെ വികാരങ്ങളും നിയോഗങ്ങളും വിവേചിച്ചറിയുന്നതാണ് (ഹെബ്രാ. 4/12). കര്‍ത്താവ് കുറ്റം ചുമത്താത്തവനാണ് ഭാഗ്യവാന്‍ (സങ്കീ. 32/2, റോമാ 4/8).


ദൈവപിതാവിന്‍റെ ഇഷ്ടം എങ്ങനെയറിയും? ദൈവശുശ്രൂഷകരായും മനുഷ്യസേവകരായും ചമഞ്ഞ് തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവേഷ്ടം നിറവേറ്റുന്നവരാണെന്ന് ഇന്ന് അനേകര്‍ അവകാശപ്പെടാറുണ്ട്. ദൈവപിതാവിനെ അറിയുന്നത് ദൈവവചനത്തിലൂടെയാണ്. അതായത്, പ്രവാചകന്‍മാരിലൂടെ സംസാരിച്ച ദൈവജ്ഞാനത്തിന്‍റെ വാക്കുകളിലൂടെയും, ദൈവപുത്രന്‍റെ വാക്കുകളിലൂടെയും, അപ്പസ്തോലന്‍മാരിലൂടെ സംസാരിച്ച പരിശുദ്ധാത്മാവിന്‍റെ വാക്കുകളിലൂടെയുമാണ് ദൈവപിതാവിനെ അറിയുക. ജ്ഞാനത്തിനും, ദൈവപുത്രനും, പരിശുദ്ധാത്മാവിനും സ്വന്തമായ വാക്കുകളോ, പ്രബോധനമോ ഇല്ലാത്തതിനാല്‍, ഇവര്‍ മൂന്നുപേരും സംസാരിച്ചത് ദൈവപിതാവിന്‍റെ വാക്കുകള്‍ മാത്രമാണ്. ഇതാണ് കര്‍ത്താവിന്‍റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ദൈവവചനം. എന്നാല്‍, ജ്ഞാനത്താല്‍ നിറഞ്ഞ് ദൈവവചനം ശ്രവിക്കുന്നവനു മാത്രമാണ് ദൈവവചനത്തിന്‍റെ ചുരുള്‍ നിവര്‍ത്തപ്പെട്ടുകിട്ടുന്നത്. അവനുമാത്രമാണ് ദൈവേഷ്ടം വെളിപ്പെടുന്നതും. ദൈവവചനം എഴുതപ്പെട്ടിരിക്കുന്നതുപോലെ വിശ്വസിക്കുകയും എപ്പോഴും അതനുസരിക്കുകയും ചെയ്യാന്‍ മനസ്സുള്ളവനാണ് ദൈവേഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍.


ദൈവപിതാവിന്‍റെ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നവര്‍ മാത്രമാണ് എപ്പോഴും ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുന്നവര്‍.


ദൈവപിതാവിന്‍റെ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നവനാണ് എപ്പോഴും അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുണ്ടായിരിക്കുക. ദൈവത്തെ സ്നേഹിക്കുക എന്നാല്‍ അവിടുത്തെ കല്‍പന അനുസരിക്കുക എന്നാണര്‍ത്ഥം (1 യോഹ. 5/3). ദൈവപുത്രനായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നവന്‍ അവന്‍റെ വചനം പാലിക്കും (യോഹ. 14/23-24). ഒരു വ്യക്തി ആരുടെ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നവോ അവന്‍റെ ഇഷ്ടം എപ്പോഴും നിറവേറ്റാന്‍ ആ വ്യക്തിക്ക് മനസ്സുണ്ടായിരിക്കും.


മറ്റൊരുരീതിയില്‍ പറഞ്ഞാല്‍, ഒന്നാംപ്രമാണം (ലൂക്കാ 10/27) പാലിക്കുന്നവനുമാത്രമാണ് എപ്പോഴും ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുണ്ടാകുക. എല്ലാവരെക്കാളും, എല്ലാറ്റിലുമുപരിയും ദൈവപിതാവിനെയും യേശുക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും പരിശുദ്ധജ്ഞാനത്തെയും സ്നേഹിക്കാത്തവര്‍ക്ക് ദൈവതിരുവിഷ്ടം അരോചകമായിരിക്കും. എല്ലാറ്റിലുമുപരി യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു എന്ന് ശിമയോന്‍ പത്രോസ് സത്യമായി ഏറ്റുപറഞ്ഞപ്പോഴാണ് അവനെ തന്‍റെ ആടുകളെ മേയ്ക്കാന്‍ യേശുക്രിസ്തു ചുമതലപ്പെടുത്തിയത് (യോഹ. 21/15-17). അതിനാല്‍ തന്‍റെ ജീവിതാന്ത്യംവരെ, രക്തസാക്ഷിത്വംവരെ, യേശുക്രിസ്തുവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ ശിമയോനു കഴിഞ്ഞു.


ഏകസത്യദൈവത്തില്‍നിന്നുള്ള മഹത്വം മാത്രം അന്വേഷിക്കുന്നവരാണ് ദൈവസ്നേഹത്താല്‍ നിറയുന്നത്.


ഒരു വ്യക്തി ദൈവസ്നേഹത്താല്‍ നിറയാന്‍ അവന്‍ ഏകസത്യദൈവത്തില്‍നിന്നുള്ള മഹത്വം മാത്രം അന്വേഷിക്കുന്നവനായിരിക്കണം (യോഹ. 5/41-44). ഏതാണീ മഹത്വം? ദൈവപിതാവ് അവിടുത്തെ മഹത്വവും, ശക്തിയും, ആധിപത്യവും, ഛായയും സാദൃശ്യവും നല്‍കിയാണ് മക്കളെ സൃഷ്ടിച്ചത്. എന്നാല്‍ പാപംവഴി മനുഷ്യന്‍ അവയെല്ലാം നഷ്ടപ്പെടുത്തി, ദൈവമഹത്വത്തിന് അയോഗ്യരായി (റോമാ. 3/23). എന്നാല്‍, ദൈവപിതാവ് അവിടുത്തെ മക്കളെ വിളിച്ചിരിക്കുന്നത് ദൈവത്തിന്‍റെ മഹത്വത്തിലേയ്ക്കും ഔന്നത്യത്തിലേയ്ക്കുമാണ് (2 പത്രോ. 1/3). ഇതുതന്നെയാണ് ദൈവമക്കളുടെ പുത്രത്വലബ്ധി (റോമാ. 8/23). ഇതിനുവേണ്ടി ദാഹിക്കുന്നവനുമാത്രമാണ് ദൈവസ്നേഹത്താന്‍ നിറയാന്‍ കഴിയുന്നത്. ദൈവപിതാവ് അവിടുത്തെ ആത്മാവിലൂടെയാണ് ദൈവസ്നേഹം നമ്മില്‍ നിറയ്ക്കുന്നത്.


സ്വയം മഹത്വവും പരസ്പരമഹത്വവും ഉപേക്ഷിക്കുന്നവര്‍ക്കു മാത്രമാണ് ഏകസത്യദൈവത്തില്‍നിന്നുള്ള മഹത്വം അന്വേഷിക്കാന്‍ കഴിയുക.


ഏകസത്യദൈവത്തില്‍ നിന്നുള്ള മഹത്വം അന്വേഷിക്കാന്‍ സ്വയം മഹത്വവും പരസ്പരമഹത്വവും ഉപേക്ഷിക്കണം (യോഹ. 5/41-44). ഇന്നു മനുഷ്യരെല്ലാം വിശ്വാസികളാണെങ്കിലും അല്ലെങ്കിലും ഈ ലോകത്തില്‍ മഹത്വപ്പെടാന്‍ ആഗ്രഹിക്കുന്നു. ഈ ലോകത്തില്‍ മാന്യമായി ജീവിക്കണം, നല്ല പേരുവേണം എന്നൊക്കെ അവര്‍ ആഗ്രഹിക്കുന്നു. മനുഷ്യരുടെ മുമ്പില്‍ പേരുകളയുന്ന ഒന്നും ചെയ്യാന്‍ ഇന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ക്ക് ദൈവവചനം വിശ്വസിക്കാനും ഏകസത്യദൈവത്തില്‍ നിന്നു വരുന്ന മഹത്വം അന്വേഷിക്കാനും കഴിയാത്തത്. ദൈവപിതാവ് അവിടുത്തെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കുമാണ് ദൈവമക്കളെ വിളിച്ചിരിക്കുന്നത് (2 പത്രോ. 1/4). ഈ മഹത്വം ലഭിക്കാനാണ് ഒരു യഥാര്‍ത്ഥവിശ്വാസി അഭിലഷിക്കേണ്ടത്. ദൈവപിതാവിന്‍റെ അവകാശവും ദൈവപുത്രന്‍റെ കൂട്ടവകാശവുമാണ് ഈ മഹത്വം.


ഒരു വിശ്വാസി ഈദൃശമായ യോഗ്യതകള്‍ നേടിയെടുക്കുകയും അതിനായി ഒരുങ്ങുകയും ചെയ്താല്‍മാത്രമേ ആ വ്യക്തിക്ക് സത്യപ്രബോധനം തിരിച്ചറിയാന്‍ കഴിയൂ. ഈ യോഗ്യതകളില്ലാതിരുന്നതിനാല്‍ 2000 വര്‍ഷംമുമ്പ് ദൈവപുത്രന്‍ ഈ ഭൂമിയില്‍ വന്നപ്പോള്‍ നിലവിലിരുന്ന പുരോഹിതര്‍ക്കും സഭാനേതാക്കള്‍ക്കും പണ്ഡിതര്‍ക്കും അവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല; രക്ഷകനു വഴിയൊരുക്കാന്‍ മുഴങ്ങിയ ദൈവസ്വരം തിരിച്ചറിയാനും സ്വീകരിക്കാനും കഴിഞ്ഞില്ല. അന്ധരായിത്തീര്‍ന്ന പുരോഹിതര്‍ ദൈവപുത്രന്‍ യേശുക്രിസ്തുവിനെ ജനം സ്വീകരിക്കാതിരിക്കാന്‍ സകലകുതന്ത്രങ്ങളും പ്രയോഗിച്ചു, ജനത്തെ സഭയില്‍നിന്നു പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. യേശുക്രിസ്തുവിനെതിരെ എല്ലാവിധ വ്യാജആരോപണങ്ങളും നിരത്തി.


ഇതേ കാരണങ്ങളാല്‍ ദൈവപുത്രന്‍റെ ദ്വിതീയാഗമനത്തിലും ക്രിസ്തീയ പുരോഹിതര്‍ക്കും സഭാധികാരികള്‍ക്കും അവനെ തിരിച്ചറിയാന്‍ കഴിയില്ല, അവന്‍റെ പ്രത്യാഗമനവും ഭരണവും പ്രഘോഷിക്കുന്ന സദ്വാര്‍ത്ത തിരിച്ചറിയാനും സ്വീകരിക്കാനും കഴിയുന്നില്ല (യോഹ. 1/12, 3/18, 1 യോഹ. 5/10-12). അവര്‍ ഇമ്മാനുഏലിനെ തിരസ്കരിച്ചിരിക്കുന്നു, ഇമ്മാനുഏലില്‍ വിശ്വസിക്കുന്നവരെ സഭകളില്‍നിന്നും പുറത്താക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു.


ഇതില്‍നിന്നും ദൈവജനം പാഠംപഠിച്ച്, അന്ധരാല്‍ നയിക്കപ്പെട്ട് കുഴിയില്‍ വീഴാതെ, ദൈവസ്വരത്തിനുമുമ്പില്‍ തങ്ങളുടെ ഹൃദയം തുറക്കണം. ഇന്നെങ്കിലും അവിടുത്തെ സ്വരം കേള്‍ക്കുമ്പോള്‍ പാപത്തിന്‍റെ വഞ്ചനയില്‍പ്പെട്ട് ദൈവജനം ഹൃദയം കഠിനമാക്കാതിരിക്കട്ടെ!












Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us