കാനായിലെ കാര്യസ്ഥത

തന്‍റെ സമയമായില്ല എന്നുപറഞ്ഞ് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറിയ യേശുക്രിസ്തു എന്തുകൊണ്ടാണ് അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍ എന്ന് അവന്‍റെ അമ്മ പ്രഖ്യാപിച്ചപ്പോള്‍ വെള്ളം വീഞ്ഞാക്കിയത്? വെള്ളത്തെ വീഞ്ഞാക്കാന്‍ യേശുക്രിസ്തുവിനെ പ്രേരിപ്പിക്കാന്‍മാത്രം എന്താണ് കാനായിലെ കല്യാണവീട്ടില്‍ സംഭവിച്ചത്?

കാനായിലെ കാര്യസ്ഥത

കാനായിലെ വിവാഹവീട്ടില്‍ എന്താണ് സംഭവിച്ചത്?


      ദൈവത്തിന്‍റെ എല്ലാ പ്രവൃത്തികള്‍ക്കും അവിടുത്തെ അനന്തജ്ഞാനത്താല്‍ നിശ്ചയിക്കപ്പെട്ട സമയമുണ്ട്. അവിടുത്തെ പ്രവൃത്തികള്‍ ഈ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പും പിമ്പും സംഭവിക്കാന്‍ പാടില്ല (സഭാ. 3:1, 17, പ്രഭാ. 35:15-17). സുവിശേഷഭാഗങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവിന്‍റെ വാക്കുകളും പ്രവൃത്തികളും പരിശോധിച്ചാല്‍, ദൈവപിതാവ് കല്‍പിച്ച വാക്കുകളും ചെയ്തികളും അവിടുന്നു നിശ്ചയിച്ച സമയത്തും രീതിയിലും മാത്രമാണ് യേശുക്രിസ്തു ചെയ്തത് എന്നു വ്യക്തമാകും.

         ദൈവം നിശ്ചയിച്ചിരിക്കുന്ന സമയത്തിനു മുമ്പും പിമ്പും ദൈവം കല്‍പിച്ചിരിക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് സാത്താനാണ്. എന്നാല്‍ ജ്ഞാനി തക്കസമയവും വഴിയും അറിയുകയും, അതനുസരിച്ചു ദൈവഹിതപ്രകാരം എല്ലാം ചെയ്യുകയും ചെയ്യുന്നു (സഭാ. 8:5, ജ്ഞാനം 9:17-18). സമയമാകുന്നതിനുമുമ്പ് അത്ഭുതം പ്രവര്‍ത്തിക്കാന്‍ മാദ്ധ്യസ്ഥം വഹിക്കുകയായിരുന്നില്ല പരിശുദ്ധ കന്യകാമറിയം ചെയത പ്രവൃത്തി.

  യേശുക്രിസ്തു തന്‍റെ പരസ്യജീവിതം ചെലവഴിച്ചത് ദൈവപിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനാകാനായിരുന്നു. 12-ാം വയസ്സില്‍ യേശുക്രിസ്തു ദൈവാലയത്തില്‍ത്തങ്ങി, ഉപാദ്ധ്യായന്‍മാരുടെ ഇടയിലിരുന്ന് അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഇതു താന്‍ തന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനാകുകയായിരുന്നുവെന്ന് അവന്‍ പ്രസ്താവിച്ചു. എന്നാല്‍, യേശുക്രിസ്തു തന്‍റെ മാതാവിന്‍റെ വാക്കനുസരിച്ച് വീട്ടിലേയ്ക്കുപോയി. അതിനുശേഷം നീണ്ട 18 വര്‍ഷത്തേയ്ക്ക് അവന്‍ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായി കണ്ടില്ല. അതായത്, ദൈവപിതാവിന്‍റെ വാക്കുകള്‍ പറയാനും ദൈവരാജ്യത്തിന്‍റെ പ്രവൃത്തികള്‍ ചെയ്യാനും യേശുക്രിസ്തു പുറത്തിറങ്ങിയതായി നാം കാണുന്നില്ല. കാരണം, അതിനുള്ള സമയമായില്ല എന്ന് യേശുക്രിസ്തുവിനു ബോധ്യമായിരുന്നു.

    ഇതേ വാക്കുകള്‍തന്നെയാണ് കാനായിലെ കല്യാണവീട്ടില്‍ യേശുക്രിസ്തു അരുളിച്ചെയ്തത്. വെള്ളം വീഞ്ഞാക്കുന്നതും പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനാകുന്നതും തമ്മില്‍ എന്തുബന്ധം? യേശുക്രിസ്തു അതുവരെയും അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ലായിരുന്നു. അതിനാല്‍ 'അവര്‍ക്കു വീഞ്ഞില്ല' എന്ന് അവന്‍റെ അമ്മ പറയാന്‍ കാരണമെന്ത്? വീഞ്ഞ് ഉടന്‍ ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയുന്ന വസ്തുവല്ലല്ലോ?

            തന്‍റെ സമയമായില്ല എന്നു വ്യക്തമായി യേശുക്രിസ്തു പറഞ്ഞു. അതായത്, താന്‍ ഒന്നും പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യില്ല എന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് പരിശുദ്ധ അമ്മ 'അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍' എന്ന് പ്രഖ്യാപിച്ചത്? സമയത്തിനുമുമ്പ് ദൈവപുത്രനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നത് സാത്താനാണ്. 40 ദിവസത്തെ ഉപവാസമവസാനിപ്പിച്ച് പുറത്തിറങ്ങിയ യേശുക്രിസ്തുവിനോട് കല്ല് അപ്പമാക്കാന്‍ പറഞ്ഞതും ദൈവാലയഗോപുരത്തില്‍നിന്നു ചാടാന്‍ പറഞ്ഞതും സാത്താനാണ്. രാജാവാകാനാണ് ദൈവപുത്രന്‍ ജനിച്ചതെങ്കിലും, സമയത്തിനുമുമ്പ് (തന്‍റെ ഒന്നാം വരവില്‍) തന്നെ രാജാവാക്കാന്‍ ശ്രമിച്ച ജനങ്ങളില്‍ പ്രവര്‍ത്തിച്ചത് സാത്താനാണെന്നു തിരിച്ചറിഞ്ഞതിനാലാണ് യേശുക്രിസ്തു അവരില്‍നിന്നും തനിയെ മലമുകളിലേയ്ക്കു ഒഴിഞ്ഞുമാറിയത് (യോഹ. 6:14-15). ഒന്നാം വരവില്‍ തന്‍റെ പുനരുത്ഥാനംവരെ താന്‍ ദൈവപുത്രനായ ക്രിസ്തുവാണെന്ന് ജനം അറിയരുതെന്ന് യേശുക്രിസ്തു ആഗ്രഹിച്ചു (മത്താ. 16:20, 17:9). ദൈവപിതാവ് അവനെ ഈ ലോകത്തില്‍ മറയ്ക്കുകയും ചെയ്തു. എന്നാല്‍ ദൈവം വെളിപ്പെടുത്തുന്നതിനുമുമ്പു, അവനെ മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ എന്നുപരസ്യമായി വിളിച്ച് അവനെ വെളിപ്പെടുത്താന്‍ ശ്രമിച്ചത് അശുദ്ധാത്മാക്കളും പിശാചുമൊക്കെയായിരുന്നു (മര്‍ക്കോ. 5:1-7, 1:34). 

           ദൈവം നിശ്ചയിച്ച സമയമാകാതെ ദൈവപുത്രന്‍ ഒന്നും ചെയ്യില്ല, ചെയ്യാന്‍ പാടില്ല. ഇന്നു നിരവധി ക്രിസ്തീയപണ്ഡിതന്‍മാര്‍ പറയുന്നതുപോലെ യേശുക്രിസ്തുവിനു സമയമാകാതിരുന്നിട്ടും അവനെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നോ പരിശുദ്ധ കന്യകാമറിയം ചെയ്തത്? അങ്ങനെയായിരുന്നെങ്കില്‍ അതു സാത്താന്‍റെ പ്രവര്‍ത്തിയായിരുന്നുവെന്നു പറയേണ്ടിവരും. എന്നാല്‍, ദൈവപിതാവ് തന്‍റെ ഏകജാതനെ അനേകവര്‍ഷങ്ങളിലെ ജനത്തിന്‍റെ കാത്തിരുപ്പിനുശേഷം ഈ ലോകത്തിലേയ്ക്കയച്ചപ്പോള്‍ അവനെ സാത്താന്‍റെ സ്വാധീനമുള്ള ഒരു വ്യക്തിയുടെ കൈയ്യില്‍ കൊടുത്തയയ്ക്കാന്‍മാത്രം വിഡ്ഢിയല്ല, അശക്തനുമല്ല. മാത്രമല്ല, 18 വര്‍ഷങ്ങള്‍ക്കുമുമ്പ് ദൈവപിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായ തന്നെ പിടിച്ചിറക്കി വീട്ടില്‍കൊണ്ടുപോയ തന്‍റെ അമ്മയെ ദൈവപുത്രന്‍ അനുസരിച്ചു. ആ അനുസരണത്താല്‍തന്നെയാണ് കാനായിലും തന്‍റെ സമയമായില്ല എന്ന് യേശുക്രിസ്തു പ്രസ്താവിച്ചത്. പിശാചിനെ അനുസരിക്കാന്‍ മാത്രം ദൈവപുത്രന്‍ അശക്തനല്ല, അവന്‍റെ പിതാവും അശക്തനല്ല.

        യേശുക്രിസ്തുവിനു സമയമാകാതിരുന്നിട്ടും അത്ഭുതം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നില്ല പരിശുദ്ധ അമ്മ ചെയ്തത്. നിസ്സഹായരായ വീട്ടുകാരുടെ പക്ഷത്തുനിന്ന് അവര്‍ക്കു വീഞ്ഞുണ്ടാക്കിക്കിട്ടുവാന്‍ മാദ്ധ്യസ്ഥം വഹിക്കുകയായിരുന്നില്ല പരിശുദ്ധ അമ്മ ചെയ്തത്.

            തന്‍റെ സമയമായില്ല എന്നുപറഞ്ഞ് പൂര്‍ണ്ണമായും ഒഴിഞ്ഞുമാറിയ യേശുക്രിസ്തു എന്തുകൊണ്ടാണ് അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍ എന്ന് അവന്‍റെ അമ്മ പ്രഖ്യാപിച്ചപ്പോള്‍ അതു ചെയ്തത്? ഒരു നിമിഷം മുമ്പ് ആകാതിരുന്ന സമയം ഒരു നിമിഷത്തിനുശേഷം എങ്ങനെയായി? എന്താണവിടെ സംഭവിച്ചത്? വെള്ളത്തെ വീഞ്ഞാക്കാന്‍ യേശുക്രിസ്തുവിനെ പ്രേരിപ്പിക്കാന്‍മാത്രം എന്താണ് കാനായിലെ കല്യാണവീട്ടില്‍ സംഭവിച്ചത്?


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us