: യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ദൈവകൃപയാല്‍ രക്ഷിക്കപ്പെട്ടുവെന്ന് ബൈബിളില്‍ പലവചനഭാഗങ്ങളിലും നാം കാണുന്നുണ്ട്.
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ദൈവകൃപയാല്‍ രക്ഷിക്കപ്പെട്ടുവെന്ന് ബൈബിളില്‍ പല വചനഭാഗങ്ങളിലും നാം കാണുന്നുണ്ട് (2 തിമോ. 1:9, എഫേ. 2:8, എഫേ. 2:5). അതിനാല്‍ അനേകര്‍ കരുതുന്നതും പഠിപ്പിക്കുന്നതും ദൈവജനം രക്ഷപ്രാപിച്ചുകഴിഞ്ഞുവെന്നാണ്. എന്നാല്‍ മറ്റനേകം വചനങ്ങളില്‍ നാം ഒരു രക്ഷകനെ കാത്തിരിക്കണമെന്നും, രക്ഷ ലഭിക്കാനിരിക്കുന്നുവെന്നും ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നു (ഹെബ്രാ. 9:27-28, റോമാ 9:27, റോമാ 5:10, റോമാ 5:9, മര്‍ക്കോ. 16:16, വെളി. 7:10, 1 പത്രോ. 1:10-13, 1 പത്രോ. 1:5, ഫിലി. 3:20-21). എന്നാല്‍ യേശുക്രിസ്തുമാത്രമാണ് ഏകരക്ഷകനെന്നും പരിശുദ്ധാത്മാവ് പഠിപ്പിക്കുന്നു.
ചിലര്‍ ഇപ്രകാരം കരുതാനുള്ള ഒരു കാരണം രക്ഷയെക്കുറിച്ചുള്ള അവരുടെ വികലമായ കാഴ്ചപ്പാടാണ്. ദൈവത്തിനും അവിടുത്തെ വചനത്തിനും യോജിക്കാത്ത തത്വശാസ്ത്രങ്ങളുടെ സ്വാധീനത്താലാണ് അവര്‍ ഇപ്രകാരം പഠിപ്പിക്കുന്നത്. ആത്മാവ് ശരീരത്തില്‍നിന്നും വേര്‍പെട്ട് ഏതോ ഒരു ആനന്ദദായകമായ അവസ്ഥയില്‍ എത്തുന്നതാണ് രക്ഷ എന്ന് അനേകര്‍ വിശ്വസിക്കുന്നു. എന്നാല്‍ ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്നതും ഏകഗുരുവും കര്‍ത്താവുമായ യേശുക്രിസ്തു തെളിയിച്ചതുമായ രക്ഷ അതല്ല.
ആത്മാവും മനസ്സും ശരീരവും ചേര്‍ന്നതാണ് പൂര്‍ണ്ണമനുഷ്യന്‍. ഇവയില്‍ ഏതെങ്കിലും മാറ്റപ്പെടുകയോ, ഇല്ലാതാകുകയോ ചെയ്താല്‍ മനുഷ്യന്‍ പൂര്‍ണ്ണനായിരിക്കുകയില്ല. യഥാര്‍ത്ഥ രക്ഷയെന്നത് ഇവമൂന്നുംചേര്‍ന്ന പൂര്‍ണ്ണവ്യക്തിയുടെ രക്ഷയാണ്. ഇതാണ് പ്രവാചകരും, യേശുക്രിസ്തുവും, അപ്പസ്തോലന്‍മാരും പഠിപ്പിച്ചതും യേശുക്രിസ്തു കാണിച്ചുതന്നതുമായ രക്ഷ. യഥാര്‍ത്ഥ രക്ഷ നിത്യജീവനാണ്, അതാണ് ദൈവത്തിന്‍റെ വാഗ്ദാനം (1 യോഹ. 2:25). ശരീരത്തിന്‍റെ ജീവന്‍ കുടികൊള്ളുന്നത് രക്തത്തിലാണ് (ലേവ്യ. 17:11). രക്തംകുടികൊള്ളാന്‍ ശരീരം ആവശ്യമാണല്ലോ. അതിനാല്‍ ശരീരമില്ലാതെ നിത്യജീവനില്ല. എന്നാല്‍ പാപംവസിക്കുന്ന ശരീരത്തില്‍ നിത്യജീവന്‍ കുടികൊള്ളുകയില്ല. പാപമില്ലാത്ത, അതിനാല്‍ത്തന്നെ മരണമില്ലാത്ത ശരീരം, അഥവാ സ്വര്‍ഗ്ഗീയ ശരീരം ലഭിച്ചാല്‍ മാത്രമേ നിത്യജീവന്‍ ലഭിക്കുകയുള്ളൂ. അതായത്, യേശുക്രിസ്തുവിന്‍റേതുപോലുള്ള മഹത്വമുള്ള ശരീരംലഭിച്ചാല്‍ മാത്രമേ നിത്യജീവന്‍ (നിത്യരക്ഷ) ലഭിക്കുകയുള്ളൂ.
ഒരുവ്യക്തി വീണുപോയ അവസ്ഥയില്‍നിന്നു കരകയറുകയും വീണ്ടും വീഴാതിരിക്കാനുള്ള കഴിവു നേടുകയുമാണ് രക്ഷയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏതവസ്ഥയില്‍നിന്നാണ് ദൈവമക്കള്‍ വീണുപോയത്? ദൈവം മനുഷ്യനെ നിത്യയുവത്വമുള്ളവരും, മരണമില്ലാത്തവരും, അനശ്വരരും, ദൈവികമഹത്വമുള്ളവരും അവിടുത്തെ ശക്തിക്കു സദൃശമായ ശക്തിയുള്ളവരും, സകലസൃഷ്ടികളുടെയുംമേല്‍ ആധിപത്യമുള്ളവരുമായിട്ടാണ് (ഉല്‍പ. 1:26-28, ജ്ഞാനം 2:23, പ്രഭാ. 17:3-4) സൃഷ്ടിച്ചത്. പാപമോ, രോഗമോ, വാര്‍ദ്ധക്യമോ, മരണമോ അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ സാത്താന്‍ മനുഷ്യനെ വഞ്ചിച്ച് പാപം ചെയ്യിക്കുകയും, മനുഷ്യര്‍ക്കു ദൈവം നല്‍കിയ സമ്പത്തെല്ലാം കവര്‍ന്നെടുക്കുകയുംചയ്തു. നഷ്ടമായ ഇവയെല്ലാം ദൈവമക്കള്‍ക്കു തിരികെ ലഭിക്കുകയും പാപംചെയ്യാതിരിക്കാനുള്ള കഴിവു (കൃപ) ലഭിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ രക്ഷ സംജാതമാകുന്നത്.
ഈ രക്ഷ അഥവാ നിത്യജീവന്‍ ഇതുവരെ മനുഷ്യര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല. ദൈവപുത്രനായ യേശുക്രിസ്തുതന്നെയാണ് നിത്യരക്ഷ നല്‍കുന്ന ഏകരക്ഷകന്‍. മറ്റാര്‍ക്കും ഈ രക്ഷ നല്‍കാന്‍ സാധിക്കുകയില്ല. എന്നാല്‍, തന്‍റെ ഒന്നാംവരവില്‍ യേശുക്രിസ്തു ഈ രക്ഷ നല്‍കിയില്ല. പാപമോചനത്തിനുള്ള കൃപമാത്രമേ അവിടുന്ന് നമുക്കു നല്‍കിയുള്ളൂ. അവിടുന്ന് പോലും മരണത്തിനു വിധേയനായാണ് 2000 വര്‍ഷംമുമ്പു വന്നത്. എന്നാല്‍, തന്‍റെ രണ്ടാം വരവില്‍ അവന്‍ നിത്യജീവനുമായാണ് വന്നിരിക്കുന്നത് (1 യോഹ. 5:10-12).
ഈ രക്ഷയാണ് അവസാനകാലത്തുമാത്രം വെളിപ്പെടുത്താന്‍ ദൈവം തയ്യാറാക്കിവച്ചിട്ടുള്ള രക്ഷയെന്ന് യേശുക്രിസ്തുവിന്‍റെ പ്രഥമശിഷ്യനായ പത്രോസിലൂടെ പരിശുദ്ധാത്മാവ് പ്രഖ്യാപിച്ചത് (1 പത്രോ. 1:5). ഈ രക്ഷ നല്‍കുന്നത് ശരീരംധരിച്ച് വീണ്ടുംവന്നിരിക്കുന്ന യേശുക്രിസ്തുവാണ് (ഹെബ്രാ. 9:27-28). അവിടുന്ന് നല്‍കുന്ന പുനരുത്ഥാനവും രൂപാന്തരീകരണവുമാണ് രക്ഷ (ഫിലി. 3:20-21). ഇതാണ് നമ്മുടെ ബലഹീനമായ ശരീരത്തിന്‍റെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി. ഈ പ്രത്യാശയിലാണ് നാം രക്ഷപ്രാപിക്കുന്നതെന്നാണ് പൗലോസിലൂടെ പരിശുദ്ധാത്മാവ് പ്രഖ്യാപിക്കുന്നത് (റോമാ 8:23-25). ഇത് ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും പ്രത്യാശയായി തുടരുന്നു. നാം രക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പ്രത്യാശ പൂര്‍ത്തിയാകേണ്ടത് ഈ ഭൂമയില്‍ത്തന്നെയാണ്.
അതിനാല്‍ ദൈവമക്കള്‍ക്ക് ഒരു രക്ഷ ലഭിക്കാനിരിക്കുന്നു. അത് ദൈവമക്കളുടെ ശരീരം ദൈവപുത്രന്‍റെ ശരീരംപോലെയായി, അവര്‍ പരിശുദ്ധരും അമര്‍ത്യരും അനശ്വരരുമായിത്തീര്‍ന്ന് എന്നും ദൈവപിതാവിനോടൊത്ത് പുതിയഭൂമിയില്‍ വസിക്കുന്നതാണ്. നാം രക്ഷപ്രാപിച്ചുകഴിഞ്ഞാല്‍പിന്നെ പാപമോ, രോഗമോ, വാര്‍ദ്ധക്യമോ, മരണമോ ഈ ലോകത്തില്‍വച്ചുതന്നെ ഉണ്ടാവുകയില്ല. ഈ രക്ഷയിലൂടെ മര്‍ത്യനായിരിക്കുന്നവന്‍ അമര്‍ത്യനായിത്തീരുന്നു (1 കോറി. 15:51-56). ഇങ്ങനെ ദൈവമക്കള്‍ ദൈവത്തെപ്പോലെയാകുന്നതാണ് ദൈവനീതി.
ഈ രക്ഷ നല്‍കുന്നവന്‍, രാജാക്കന്‍മാരുടെ രാജാവായവന്‍, ഇമ്മാനുഏല്‍ എന്നനാമമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഇതാ ഈ ഭൂമിയില്‍ വന്നുകഴിഞ്ഞു. ദൈവം നമ്മോടുകൂടെ!
സൃഷ്ടിമാത്രമല്ല, ആത്മാവിന്‍റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു. ഈ പ്രത്യാശയിലാണ് നാം രക്ഷ പ്രാപിക്കുന്നത്. കണ്ടുകഴിഞ്ഞാല്‍ പിന്നെ പ്രത്യാശ പ്രത്യാശയല്ല. താന്‍ കാണുന്നതിനെ ഒരുവന്‍ എന്തിനു പ്രത്യാശിക്കണം? (റോമാ 8:23-24)
© 2024. Church of Light Emperor Emmanuel Zion. All rights reserved.