മരണം സാത്താനില്‍ നിന്നുവന്ന നുണയാണെന്നും, ജീവനാണ് സത്യമെന്നും ദൈവം ഈ ലോകത്തിനു കാണിച്ചുകൊടുക്കും. അപ്പോള്‍ അവിടുന്നാണ് യഥാര്‍ത്ഥ സത്യദൈവമെന്ന് എല്ലാവരും അറിയും.
മനുഷ്യനെ സാത്താന്‍ ധരിപ്പിച്ചുവച്ചിരിക്കുന്ന ഏറ്റവും വലിയ നുണയാണ് മരണം സത്യമാണെന്നും ജനിച്ചാല്‍ മരിക്കണമെന്നും. എന്നാല്‍, സത്യസ്വരൂപനായ ദൈവം, നിത്യസത്യമായ അവിടുത്തെ വചനത്തിലൂടെ ദൈവമക്കളെ പഠിപ്പിക്കുന്നത് ജീവനാണ് സത്യമെന്നും മരണം നുണയെന്നുമാണ്. ദൈവമാണ് ജീവന്‍റെ ഉറവിടം, അവിടുന്നില്‍നിന്ന് സത്യംമാത്രമേ പുറപ്പെടൂ. ദൈവം മരണത്തെ സൃഷ്ടിച്ചില്ല, ജീവിച്ചിരിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് സന്തോഷിക്കുന്നുമില്ല. സാത്താന്‍റെ അസൂയ നിമിത്തമാണ് മരണം ലോകത്തില്‍ പ്രവേശിച്ചത് (ജ്ഞാനം 2/23-24).
ദൈവം അവിടുത്തെ മക്കളെ സൃഷ്ടിച്ചത് അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണ് (ഉല്‍പ. 1/26-28). അവിടുത്തെ ഛായ, രോഗവും വാര്‍ദ്ധക്യവും മരണവുമില്ലാത്ത, സൗന്ദര്യത്തികവാര്‍ന്ന നിത്യയുവത്വമാണ്. അവിടുത്തെ സാദൃശ്യം അനന്തതയാണ് (പ്രഭാ. 17/3-4). തങ്ങളുടെ മക്കള്‍ എന്നും ജീവിക്കണമെന്നാണ് തിന്‍മയുള്ളിലുള്ള മനുഷ്യന്‍ ആഗ്രഹിക്കുന്നതെങ്കില്‍, സത്യവും സ്നേഹവും മാത്രമുള്ള ദൈവപിതാവ് അവിടുത്തെ മക്കള്‍ മരിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല (ജ്ഞാനം 1/13-14).
ഒരു വ്യക്തിയുണ്ടാക്കുന്ന ഒരു വസ്തു അഥവാ ഉപകരണം എന്നും പ്രവര്‍ത്തിക്കണമെന്നാണ് ആ വ്യക്തി ആഗ്രഹിക്കുക. അതിനായി ആ വ്യക്തി തന്‍റെ കഴിവ് പരമാവധി ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ അയാളുണ്ടാക്കിയ ഉപകരണങ്ങളെല്ലാം പെട്ടെന്നുതന്നെ പ്രവര്‍ത്തനക്ഷമമല്ലാതാകുകയും, നശിക്കുകയും ചെയ്താല്‍, ആ എഞ്ചിനീയറെ നാം കഴിവില്ലാത്തവനെന്നും, അശക്തനെന്നും, ഒരു വന്‍പരാജയമെന്നും വിളിക്കും.
ദൈവം നടത്തിയ സൃഷ്ടിയുടെ മകുടമാണ് മനുഷ്യന്‍. മനുഷ്യനെ വചനത്താല്‍ സൃഷ്ടിക്കുകമാത്രമല്ല ദൈവം ചെയ്ത്, അവനെ അവിടുത്തെ കരങ്ങളാല്‍ മെനയുകയും ചെയ്തു (ഉല്‍പ. 2/7, ജ്ഞാനം 9/1-2). ദൈവത്തിന്‍റെ സൃഷ്ടികളെല്ലാം വചനത്താല്‍ സൃഷ്ടിക്കപ്പെട്ടതായതിനാല്‍, ആ വചനങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ നശിപ്പിക്കപ്പെടും അഥവാ ഇല്ലാതാകും (2 പത്രോ. 3/5-7). എന്നാല്‍ ദൈവത്തിന്‍റെ കരവേല നശിക്കുകയില്ല. സൂപ്പര്‍ എഞ്ചിനീയറായ ദൈവം മെനഞ്ഞെടുത്ത മനുഷ്യരെല്ലാം മരിക്കുന്നു. ദൈവം പരാജയപ്പെട്ടോ?
ഏറിയാല്‍ 120 വര്‍ഷം മാത്രം ആയുസ്സുള്ള മനുഷ്യന് ഇതുവരെയുള്ള എല്ലാ മനുഷ്യരുടെയും മരണം ദൈവത്തിന്‍റെ പരാജയമായിത്തോന്നാം. ആത്മാവും ജീവനുമായ ദൈവവചനം (യോഹ. 6/63) തിരസ്കരിച്ച്, പറുദീസയില്‍ ദൈവമക്കള്‍ സാത്താന്‍റെ നുണ സ്വീകരിച്ചപ്പോള്‍ അവരില്‍നിന്നും ദൈവികജീവന്‍ നഷ്ടമായി, അവര്‍ പാപത്തിനും അതിനാല്‍ മരണത്തിനും അടിമയായി. പാപത്തിനടിമയായതിനാല്‍, സാത്താന് അധീശത്വമുള്ള മനുഷ്യന്‍ മരിക്കാതിരുന്നാല്‍ അവന്‍ എന്നേയ്ക്കും പാപത്തിനും തിന്‍മയുടെ ഉറവിടമായ സാത്താനും അടിമകളായിരിക്കുമെന്ന് നല്ലവനായ ദൈവത്തിനറിയാം. അതിനാല്‍ ജീവന്‍റെ വൃക്ഷത്തില്‍നിന്നു ഭക്ഷിച്ച് അമര്‍ത്യരായിത്തീരാതെ മനുഷ്യനെ മരണത്തിനു ദൈവം വിട്ടുകൊടുത്തു. മരണത്തിലൂടെ സാത്താന് അവകാശമായ മണ്ണിനാല്‍ മെനയപ്പെട്ട ശരീരം സാത്താന് ദൈവം വിട്ടുകൊടുക്കുന്നു. എന്നാല്‍ പുനരുത്ഥാനത്തിലൂടെ സ്വര്‍ഗ്ഗീയശരീരം നല്‍കി ദൈവം അവിടുത്തെ മക്കളെ സ്വന്തമാക്കുന്നു. ശരീരത്തിന്‍റെ പുനരുത്ഥാനമായിരുന്നു ദൈവജനത്തിന് ദൈവം നല്‍കിയ ഏറ്റവും വലിയ ഒരു പ്രത്യാശ. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ദൈവവും മനുഷ്യനും ഒരുമിച്ചു പുനരുത്ഥാനം ചെയ്തുകൊണ്ട് ദൈവം ശരീരത്തിന്‍റെ പുനരുത്ഥാനത്തിന് അനിഷേധ്യമായ തെളിവുനല്‍കി (മത്താ. 27/50-53).
നിത്യതയോടു തുലനം ചെയ്യുമ്പോള്‍ ഭൂമിയിലെ ഏതാനും വര്‍ഷങ്ങള്‍ സമുദ്രത്തില്‍ ഒരുതുള്ളി വെള്ളംപോലെയും, ഒരു മണല്‍ത്തരിപോലെയുമാണ് (പ്രഭാ. 18/10). നിത്യജീവിതത്തിനുവേണ്ടിയാണ് പുനരുത്ഥാനം നല്‍കുന്നത്. ശരീരമില്ലാതെ നിത്യജീവനില്ല. എന്നാല്‍ പാപത്തിനടിമയായ, ജഡനിയമങ്ങള്‍ കുടികൊള്ളുന്ന ശരീരത്തില്‍ നിത്യജീവന്‍ വസിക്കില്ല, ആ ശരീരവുമായി ദൈവരാജ്യത്തില്‍ വസിക്കുക സാധ്യവുമല്ല. അതിന് രുപാന്തരപ്പെട്ട സ്വര്‍ഗ്ഗീയശരീരം ലഭിക്കണം.
അവസാനകാലത്ത് ഒരു ഗണം മരിക്കുകയില്ലെന്നും ഈ ഭൂമിയില്‍ വച്ചുതന്നെ അവര്‍ അമര്‍ത്യരായിത്തീരുമെന്നും പരിശുദ്ധ ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതാ, ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല. അവസാന കാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും. നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു. അങ്ങനെ, നശ്വരമായത് അനശ്വരതയും മര്‍ത്യമായത് അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ത്ഥ്യമാകും. മരണമേ, നിന്‍റെ വിജയം എവിടെ? മരണമേ, നിന്‍റെ ദംശനം എവിടെ? (1 കോറി. 15/51-55)
ഈ ഭൂമിയില്‍വച്ചുതന്നെ ദൈവം ഒരുക്കുന്ന ദൈവരാജ്യത്തിലെ വിരുന്നില്‍വച്ച് ദൈവപുത്രന്‍ ഇമ്മാനുഏല്‍ സകല ജഡ-പ്രാപഞ്ചിക-ഭൗതിക നിയമങ്ങളില്‍നിന്നും ദൈവമക്കളെ സ്വതന്ത്രരാക്കുകയും, മരണത്തെ എന്നേയ്ക്കുമായി ഇല്ലാതാക്കുകയും ചെയ്യുമെന്ന് ദൈവവചനം പ്രഖ്യാപിക്കുന്നു (ഏശ. 25/6-9). ഈ ദൈവമക്കളുടെ നിത്യജീവന്‍ ഇമ്മാനുഏലിനോടൊപ്പം (യേശുക്രിസ്തുവിനോടൊപ്പം) ദൈവപിതാവില്‍ നിഗൂഢമായി സ്ഥിതിചെയ്യുകയായിരുന്നു. ഇതാ ദൈവപുത്രന്‍ വീണ്ടും അയയ്ക്കപ്പെടുമ്പോള്‍ ദൈവമക്കളുടെ ഈ നിത്യജീവനുമായി അവന്‍ വരുന്നു (1 യോഹ. 5/10-12). ഈ ഗണത്തിന്‍റെ ദുര്‍ബ്ബലശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരംപോലെ ഇമ്മാനുഏല്‍ രുപാന്തരപ്പെടുത്തും (ഹെബ്രാ. 9/27-28, ഫിലി. 3/20-21). ഈ ഗണം ദൈവത്തിന്‍റെ ഛായയും സാദൃശ്യവും വീണ്ടെടുക്കുകയും എന്നേയ്ക്കും ദൈവത്തോടൊത്തു വസിക്കുകയും ചെയ്യും. ഇപ്രകാരം, മരണം സാത്താനില്‍ നിന്നുവന്ന നുണയാണെന്നും, ജീവനാണ് സത്യമെന്നും ദൈവം ഈ ലോകത്തിനു കാണിച്ചുകൊടുക്കും. അപ്പോള്‍ അവിടുന്നാണ് യഥാര്‍ത്ഥ സത്യദൈവമെന്ന് എല്ലാവരും അറിയും.
സൃഷ്ടി - സംഹാരം - സ്ഥിതി എന്ന് ദൈവപുത്രന്‍ ഇമ്മാനുഏല്‍ പ്രഖ്യാപിച്ചിരിക്കുന്നു!
© 2024. Church of Light Emperor Emmanuel Zion. All rights reserved.