ദൈവപിതാവിനുവേണ്ടി കാത്തിരിക്കുകയെന്നതാണ് ദൈവമക്കളുടെ ഏറ്റവും വലിയ ചുമതല. ദൈവപിതാവ് പ്രത്യക്ഷനാകാന്‍ പോകുന്നുവെന്ന് സദ്‌വാര്‍ത്ത മുഴങ്ങുന്നു
സ്നേഹമുള്ള ഒരു പിതാവിന്‍റെ ഏറ്റവും വലിയ ആഗ്രഹം നല്ലവരായ തന്‍റെ മക്കളുടെകൂടെ, അവരെ സ്നേഹിച്ചും അവരുടെ സ്നേഹം അനുഭവിച്ചും എക്കാലവും കഴിയുകയെന്നതാണ്. ഇതാണ് ദൈവപിതാവിന്‍റെ ആഗ്രഹം (ജറെ. 3/19). അവിടുന്ന് മക്കള്‍ക്ക് ജന്‍മം നല്‍കിയതും, അവര്‍ക്ക് മനസ്സും ശരീരവും നല്‍കി വ്യക്തിത്വമുള്ളവരാക്കി സൃഷ്ടിച്ചതും ഇതിനുവേണ്ടിയായിരുന്നു.
എന്നാല്‍, പാപംചെയ്ത മനുഷ്യന്‍ ദൈവമഹത്വത്തിന് അയോഗ്യനായിത്തീര്‍ന്നു. പിതാവിന്‍റെ മുഖംകണ്ടാല്‍ മനുഷ്യന്‍ മരിക്കുമെന്ന അവസ്ഥയില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നു. ദൈവമക്കളുടെ അനുസരണക്കേടുമൂലം അവരോടൊത്തുവസിക്കാനുള്ള ദൈവപിതാവിന്‍റെ ഇഷ്ടം അവിടുത്തേക്കു മാറ്റിവയ്ക്കേണ്ടിവന്നു. അവിടുത്തെ കാത്തിരിപ്പ് ഇന്നും തുടരുന്നു.
എങ്കിലും മക്കളെ സന്ദര്‍ശിക്കാന്‍ അവിടുന്നു വരുമെന്ന് അവിടുന്നുതന്നെ പ്രഖ്യാപിച്ചിരിക്കുന്നു (ആമോ. 4/12). ഭൂവാസികളുടെയെല്ലാം കാല്‍മുട്ടുകള്‍ തളരുകയും മനം തകരുകയും ചെയ്യുന്നതാണ് ദൈവത്തിന്‍റെ സന്ദര്‍ശനദിനം. ഭൂമി കത്തിനശിക്കുകയും, ആകാശം വെന്തുരുകുകയും, മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്നതാണ് ദൈവപിതാവിന്‍റെ ആഗമനദിനം (2 പത്രോ. 3/12). അവിടുന്നു സന്ദര്‍ശിക്കുന്ന ദിവസം ഭൂവാസികളെ അവരുടെ പാപങ്ങളെപ്രതി ശിക്ഷിക്കുന്ന ദിവസമാണ് (പുറ. 32/34).
എന്നാല്‍, ദൈവപിതാവിനുവേണ്ടി കാത്തിരിക്കുകയെന്നതാണ് ദൈവമക്കളുടെ ഏറ്റവും വലിയ ചുമതല. അവിടുത്തെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടിയാണ് ദൈവപിതാവ് അദ്ധ്വാനിക്കുന്നത് (ഏശ. 65/4). ദൈവകൃപയുള്ളവരുടെ ഒരു പ്രധാന അടയാളം, അവര്‍ ദൈവപിതാവിനുവേണ്ടി കാത്തിരിക്കുമെന്നതാണ് (തീത്തോ. 2/11-13). എല്ലാ വിഗ്രഹങ്ങളിലും നിന്നകന്ന് എല്ലാ പാപങ്ങളുമുപേക്ഷിച്ച് പരിശുദ്ധരായിവേണം ദൈവപിതാവിനെ കാത്തിരിക്കേണ്ടത്. ദൈവമക്കളെ സ്വന്തമാക്കാന്‍ ദൈവപിതാവ് അവരായിരിക്കുന്ന എല്ലാ ബന്ധനങ്ങളിലും നിന്നു വേര്‍പെടുത്തും.
എല്ലാ ദിവസവും സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ അങ്ങയുടെ രാജ്യം വരണമേ എന്നു ജനം പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും, ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്ന ഒരു ദൈവരാജ്യത്തെക്കുറിച്ച് ആരും ദൈവജനത്തെ പഠിപ്പിച്ചിട്ടില്ല. ദൈവപിതാവിന്‍റെ സന്ദര്‍ശനത്തില്‍ സമാഗതമാകുന്ന ഒരു ദൈവരാജ്യമാണ് ശക്തിയോടെ സമാഗതമാകുന്ന ദൈവരാജ്യം. അവിടുത്തെ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ എന്ന പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എന്താണ്? എന്തിനാണ് യേശുക്രിസ്തു ഈ പ്രാര്‍ത്ഥന പഠിപ്പിച്ചത്? യേശുക്രിസ്തു (ഇമ്മാനുഏല്‍) ഈ ഭൂമിയില്‍ വീണ്ടും വരുമ്പോള്‍ സ്വര്‍ഗ്ഗത്തിലെപ്പോലെ ഈ ഭൂമിയും ആയിരിക്കണം എന്നതാണ് അവിടുത്തെ ആഗ്രഹം. സ്വര്‍ഗ്ഗത്തിലെപ്പോലെ ഈ ഭൂമിയിലും ദൈവപിതാവിന്‍റെ ഹിതം പൂര്‍ണ്ണമായി അനുവര്‍ത്തിക്കപ്പെടുന്ന ഒരു സംവിധാനം ഒരുക്കപ്പെടാതെ പരിശുദ്ധനായ ദൈവപിതാവ് ഇവിടെ വരികയില്ല. നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍ എന്ന് യേശുക്രിസ്തു ആവശ്യപ്പെട്ടത് അതുകൊണ്ടാണ് (മത്താ. 5/48). ദൈവപിതാവും പരിശുദ്ധാത്മാവും ഇമ്മാനുഏലും ഈ ഭൂമിയിലേക്കു വരും. ദൈവമക്കള്‍ ദൈവദൂതന്‍മാരേക്കാള്‍ ശ്രേഷ്ഠരും പരിശുദ്ധരും ആകേണ്ടിയിരിക്കുന്നു.
ദൈവപിതാവിന്‍റെ സന്ദര്‍ശനത്തെക്കുറിച്ച് അനേകം ദൈവവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
1) ആമോ. 4/12 - അതുകൊണ്ട്, ഇസ്രായേല്‍ജനമേ, ഞാന്‍ നിങ്ങളോട് ഇതുചെയ്യും. ഇസ്രായേല്‍ജനമേ, നിങ്ങളുടെ ദൈവത്തിന്‍റെ സന്ദര്‍ശനദിനത്തിന് ഒരുങ്ങിക്കൊാള്ളുവിന്‍.
അപ്രാപ്യമായ പ്രകാശത്തിലും, അനന്തമായ മഹത്വത്തിലും പരിശുദ്ധിയിലും വസിക്കുന്ന ദൈവപിതാവിന്‍റെ സന്ദര്‍ശനം പാപിയും കൃമിയുമായ മനുഷ്യന് താങ്ങാവുന്നതല്ല (1 തിമോ. 6/16) . ഹോറെബ് മലയില്‍ ദൈവതേജസ്സ് പ്രത്യക്ഷമായപ്പോള്‍ ജനം ഭയന്നു വിറച്ചു.
പുറ. 19/16-19 - മൂന്നാം ദിവസം പ്രഭാതത്തില്‍ ഇടിമുഴക്കവും മിന്നല്‍പ്പിണരുകളും ഉണ്ടായി. മലമുകളില്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളധ്വനി അത്യുച്ചത്തില്‍ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം ഭയന്നു വിറച്ചു. ദൈവത്തെ കാണുന്നതിനുവേണ്ടി മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്നു; അവര്‍ മലയുടെ അടിവാരത്തില്‍ നിലയുറപ്പിച്ചു. കര്‍ത്താവ് അഗ്നിയില്‍ ഇറങ്ങിവന്നതിനാല്‍ സീനായ് മല മുഴുവന്‍ ധൂമാവൃതമായി. ചൂളയില്‍നിന്നെന്നപോലെ അവിടെനിന്നു പുക ഉയര്‍ന്നുകൊണ്ടിരുന്നു. മല ശക്തമായി ഇളകിവിറച്ചു. കാഹള ശബ്ദം ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താല്‍ ഉത്തരം നല്‍കുകയും ചെയ്തു.
ദൈവം തങ്ങളോടു സംസാരിച്ചാല്‍ തങ്ങള്‍ മരിച്ചുപോകുമെന്നും മോശ തങ്ങളോടു സംസാരിച്ചാല്‍ മതിയെന്നും ജനം വിലപിച്ചു (പുറ. 20/19). എന്നാല്‍ അവിടുത്തെ സന്ദര്‍ശനദിനത്തിന് ഒരുങ്ങിക്കൊള്ളാന്‍ ദൈവപിതാവ് കല്‍പിക്കുന്നു.
2) പുറ. 32/34 - നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. എന്‍റെ ദൂതന്‍ നിന്‍റെ മുമ്പേ പോകും. എങ്കിലും ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്ഷിക്കും.
ദൈവപിതാവ് അവിടുത്തെ ജനത്തെ അവരുടെ പാപങ്ങളെപ്രതി ശിക്ഷിക്കാന്‍ ഇതുവരെയും വന്നിട്ടില്ല. അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ അയച്ച് ജനത്തെ സന്ദര്‍ശിച്ചു എന്ന് പല സഭകളും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ യേശുക്രിസ്തു വന്നത് ശിക്ഷിക്കാനായിരുന്നില്ല മറിച്ച്, തന്‍റെ സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനായിരുന്നു (മത്താ. 20/28). നഷ്ടപ്പെട്ടുപോയ അബ്രാഹത്തിന്‍റെ പുത്രരെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് (ലൂക്കാ 19/10). അവന്‍ സ്വജീവന്‍ അനേകരുടെ മോചനദ്രവ്യമായി സമര്‍പ്പിച്ചു (മര്‍ക്കോ. 10/45).
എന്നാല്‍ ദൈവപിതാവ് വരുമ്പോള്‍ - കര്‍ത്താവിന്‍റെ ദിനം വരുമ്പോള്‍ - പാപികളെ ശിക്ഷിക്കുകയും, സാത്താന്‍റെ പൂര്‍ണ്ണ അധീശത്വത്തിലായിത്തീര്‍ന്ന ഭൂമിയെയും ഭൂവാസികളെയും നശിപ്പിക്കുകയും ചെയ്യും (ഏശ. 13/9, 2 പത്രോ. 3/10-12).
3) സങ്കീ. 21/9 - അങ്ങയുടെ സന്ദര്‍ശന ദിനത്തില്‍ അവരെ എരിയുന്ന ചൂളപോലെയാക്കും; കര്‍ത്താവ് തന്‍റെ ക്രോധത്തില്‍ അവരെ വിഴുങ്ങും; അഗ്നി അവരെ ദഹിപ്പിച്ചുകളയും.
ഭൂമിയെ മുഴുവന്‍ വിധിക്കാന്‍ ദൈവപിതാവ് എഴുന്നള്ളുമ്പോള്‍ അവിടുന്ന് പാപികളെ നശിപ്പിക്കും.
4) പ്രഭാ. 16/18 - സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗവും ആഴവും ഭൂമിയും അവിടുത്തെ സന്ദര്‍ശനത്തില്‍ വിറകൊള്ളും.
ദൈവപിതാവിന്‍റെ സന്ദര്‍ശനം താങ്ങാന്‍ കഴിയാതെ ഭൂമി കുടില്‍പോലെ ഇളകിയാടും (ഏശ. 24/20). ഈ ദിനം ആസന്നമായിരിക്കുന്നു.
5) ജറെ. 27/21- 22 - ഇസ്രായേലിന്‍റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അവിടുത്തെ ആലയത്തിലും യൂദാരാജാവിന്‍റെ കൊട്ടാരത്തിലും ജറുസലെമിലും ശേഷിച്ചിട്ടുള്ള ഉപകരണങ്ങളെക്കുറിച്ച് അരുളിച്ചെയ്യുന്നു: അവയെ ബാബിലോണിലേക്കു കൊണ്ടുപോകും. എന്‍റെ സന്ദര്‍ശന ദിവസംവരെ അവ അവിടെ ആയിരിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ അവ തിരികെ കൊണ്ടുവന്ന് ഈ സ്ഥലത്തു പുനസ്ഥാപിക്കും.
ഇവയെല്ലാം ദൈവഭവനത്തില്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. അവിടുത്തെ സന്ദര്‍ശനദിനത്തില്‍ ഈ ദൈവവചനം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു.
6) 2 പത്രോ. 3/12 - ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്‍റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍.
ദൈവപിതാവ് ആഗതനാകുന്ന കര്‍ത്താവിന്‍റെ പ്രതികാരദിനത്തെക്കുറിച്ച് അനേക ദൈവവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.(ഏശ. 13/6-9; എസെ. 30/3; ജോയേ. 2/2; ആമോ. 5/18; പ്രഭാ. 1/14; സെഫാ. 1/14; സഖ. 14/1; 1 തെസ. 5/2)
ദൈവപിതാവ് അവിടുത്തെ പുത്രനിലൂടെ നീതി പൂര്‍ത്തിയാക്കുന്ന ദിവസമാണ് കര്‍ത്താവിന്‍റെ ദിനം. അന്ന് സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അസ്തപ്രജ്ഞരാകും. എന്നാല്‍, ദൈവമക്കള്‍ക്ക് അത് വിമോചനത്തിന്‍റെ ദിവസമായതിനാല്‍ അവര്‍ ശിരസ്സുയര്‍ത്തി നില്‍ക്കും (ലൂക്കാ 21/26-28). യുഗാന്തം ജനത്തെ ഭയപ്പെടുത്തുന്ന വാര്‍ത്തയാണെന്ന് കരുതുന്ന ദൈവജനം ലൂക്കാ 21/26-28 ലെ ഭൂവാസികളും നിങ്ങളും തമ്മിലുള്ള വ്യത്യാസം ഗ്രഹിച്ചിട്ടില്ല. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കുന്ന ദൈവത്തിന്‍റെ ആഗമനദിനത്തെ ത്വരിതപ്പെടുത്താന്‍, 2 പത്രോ. 3/12 ല്‍ പരിശുദ്ധാത്മാവ് ആഹ്വാനം ചെയ്യുന്നത് സഭകളില്‍ പടര്‍ന്നിരിക്കുന്ന ജ്ഞാനമില്ലായ്മമുലം അവര്‍ക്കു കേള്‍ക്കാന്‍ സാധിക്കുന്നില്ല.
7) 1 കോറി. 13/12 - ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണ്ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണ്ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.
ദൈവപിതാവ് വരുമ്പോള്‍ നാം അവിടുത്തെ മുഖാഭിമുഖം കാണുമെന്നും അവിടുത്തെ അറിയുമെന്നും അവിടുന്നു വാഗ്ദാനം ചെയ്യുന്നു.
8) 1 യോഹ. 3/2 - പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്‍റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരുകാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും.
ദൈവപിതാവ് പ്രത്യക്ഷനാകുമെന്നും അവിടുന്ന് വരുമ്പോള്‍ ദൈവമക്കള്‍ അവിടുത്തെപ്പോലെയാകുമെന്നും അവിടുന്ന് ഉറപ്പ് നല്‍കിയിരിക്കുന്നു.
9) തീത്തോ. 2/13 - അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്‍റെയും രക്ഷകനായ യേശുക്രിസ്തുവിന്‍റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍ പോകുന്ന അനുഗ്രഹപൂര്‍ണ്ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.
ദൈവപിതാവും ദൈവപുത്രനും മഹത്വത്തോടെ പ്രത്യക്ഷപ്പെടുമ്പോഴാണ് ദൈവമക്കള്‍ക്ക് അവിടുന്ന് നല്‍കിയ പ്രത്യാശ സഫലീകൃതമാകുന്നത്.
10) മത്താ. 21/40-41 - അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട് എന്തുചെയ്യും? അവര്‍ പറഞ്ഞു: അവന്‍ ആ ദുഷ്ടരെ നിഷ്ഠൂരമായി നശിപ്പിക്കുകയും യഥാകാലം ഫലം കൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്‍പിക്കുകയും ചെയ്യും.
ദൈവരാജ്യം പണിയാന്‍ ഏല്‍പിച്ചത് സഭയെയാണ് (1 പത്രോ. 2/5, 9). അവര്‍ ഫലം പുറപ്പെടുവിക്കാഞ്ഞതിനാല്‍ ദൈവരാജ്യം അവരില്‍ നിന്നെടുത്ത് ഫലം പുറപ്പെടുവിക്കുന്ന - വിശ്വാസത്തിന്‍റെ ഫലം പുറപ്പെടുവിക്കുന്ന - ഒരു ജനതക്കു നല്‍കാന്‍ ദൈവപിതാവ് വരുന്നു. സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ മുന്തരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ് (ഏശ. 5/7). യേശുക്രിസ്തുവാണ് സാക്ഷാല്‍ മുന്തിരിച്ചെടി, ദൈവപിതാവാണ് കൃഷിക്കാരന്‍, അഥവാ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ (യോഹ. 15/1).
സ്നാപകയോഹന്നാന്‍ മുതല്‍ മാത്രമാണ് ദൈവരാജ്യം പ്രസംഗിക്കപ്പെടുന്നത് (ലൂക്കാ 16/16). അതിനുമുമ്പ് ദൈവരാജ്യം പണിയാന്‍ ദൈവപിതാവ് ആരെയും ചുമതലപ്പെടുത്തിയില്ല. അതിനാല്‍ യഹൂദപുരോഹിതരല്ല മൂലക്കല്ലായ യേശുക്രിസ്തുവിനെ (എഫേ. 2/20-22) ഉപേക്ഷിച്ചുകളഞ്ഞ പണിക്കാര്‍, മറിച്ച്, അത് ഇന്നത്തെ സഭാധികാരികളാണ്. സഭാധികാരികള്‍ ദൈവഭവനം പണിയാഞ്ഞതിനാല്‍, മൂലക്കല്ലായി ദൈവപിതാവ് സ്ഥാപിച്ച യേശുക്രിസ്തുവിനെ അവര്‍ തള്ളിക്കളഞ്ഞതിനാല്‍, ആ കല്ലില്‍ അവര്‍ തട്ടിവീണ് തകര്‍ന്നുപോകുന്നു (മത്താ. 21/44, റോമാ 9/33).
ദൈവരാജ്യം ഫലം പുറപ്പെടുവിക്കുന്നവര്‍ക്ക് നല്‍കാന്‍ ദൈവപിതാവ് വരുന്നു (മത്താ. 21/43).
11) ദാനി. 7/21-22 - പുരാതനനായവന്‍ വന്ന് അത്യുന്നതന്‍റെ പരിശുദ്ധര്‍ക്കുവേണ്ടി ന്യായവിധി നടത്തുന്നതുവരെ, പരിശുദ്ധര്‍ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ, ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാന്‍ കണ്ടു.
പുരാതനനായവന്‍ എന്ന് ദൈവവചനം വിവക്ഷിക്കുന്നത് ദൈവപിതാവിനെയാണ്. ദൈവപിതാവ് ആദിക്കുമുമ്പുള്ളവനും അനന്തവുമാണ്. ദൈവപിതാവ് ഒരു ചെറിയ ഗണത്തിന് രാജ്യം നല്‍കാന്‍ തിരുമനസ്സായി (ലൂക്കാ 12/32). ഈ രാജ്യം ദൈവപിതാവ് അവിടുത്തെ പുത്രന്‍ യേശുക്രിസ്തുവിനു (ഇമ്മാനുഏലിനു) നല്‍കിയതാണ് (ലൂക്കാ 22/29, ദാനി. 7/13-14, കൊളോ. 1/15-16). ഈ രാജ്യം പുത്രനായ യേശുക്രിസ്തു (ഇമ്മാനുഏല്‍) തന്‍റെ സഹോദരങ്ങള്‍ക്കു നല്‍കി.
ലൂക്കാ 22/29-30 - എന്‍റെ പിതാവ് എനിക്കു രാജ്യം കല്‍പിച്ചു തന്നിരിക്കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു. അത് നിങ്ങള്‍ എന്‍റെ രാജ്യത്തില്‍ എന്‍റെ മേശയില്‍ നിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനു വേണ്ടിയത്രേ.
എന്നാല്‍ രാജാധിരാജനെതിരെപോലും പോരാടുന്ന (ദാനി. 8/25) നാശത്തിന്‍റെ സന്താനമായ അന്തിക്രിസ്തു ദൈവത്തിന്‍റെ പരിശുദ്ധരായ (ലൂക്കാ 2/23) ഈ ഗണത്തിനെതിരെനിന്നു പോരാടും. എന്നാല്‍, ഇമ്മാനുഏലിന്‍റെ പ്രത്യാഗമനത്തിന്‍റെ പ്രഭാപൂരത്താല്‍ അരാജകത്വത്തിന്‍റെ മനുഷ്യന്‍ നാമാവശേഷമാകും (2 തെസ. 2/7-8).
12) മത്താ. 10/32-33 - മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
മനുഷ്യപുത്രനായ ഇമ്മാനുഏല്‍ തന്‍റെ പിതാവിന്‍റെ മഹത്വത്തില്‍ ദൂതരോടൊത്ത് വരാനിരിക്കുന്നു (മത്താ. 16/27). അന്ന് യേശുക്രിസ്തു ഏറ്റുപറയുന്നതും തള്ളിപ്പറയുന്നതുമെല്ലാം ദൈവപിതാവിന്‍റെ മുമ്പിലാണ്. അതിനായി ദൈവപിതാവും വരേണ്ടിയിരിക്കുന്നു. അന്ത്യവിധി നടത്തപ്പെടുന്നത് ഇവിടെയാണ്.
വെളി. 3/5 - വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്‍റെ പുസ്കത്തില്‍നിന്ന് അവന്‍റെ നാമം ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്‍റെ പിതാവിന്‍റെയും അവിടുത്തെ ദൂതന്‍മാരുടെയും സന്നിധിയില്‍ അവന്‍റെ നാമം ഞാന്‍ ഏറ്റുപറയും.
ദൈവപിതാവ് ആഗതനാകുമ്പോള്‍ ഒരുഗണത്തെ കുറ്റമറ്റവരും നിര്‍മ്മലരും പരിശുദ്ധരുമായി അവിടുത്തേക്കു സമര്‍പ്പിക്കുകയാണ് യേശുക്രിസ്തുവില്‍ നിഷിപ്തമായിരിക്കുന്ന ദൗത്യം. അതിനായി പിതാവിന്‍റേതായിരുന്നതും, പിതാവ് പുത്രനു നല്‍കിയതുമായ ഈ ഗണത്തെ യേശുക്രിസ്തു (ഇമ്മാനുഏല്‍) അവസാനകാലത്ത് ഒരുമിച്ചുച്ചേര്‍ത്ത് തന്‍റെ ആത്മാവിനാല്‍ വിശുദ്ധീകരിക്കുന്നു. ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഈ ഗണത്തെ തങ്ങളുടെ വിശ്വാസംമൂലം യേശുക്രിസ്തുവിന്‍റെ ഭൗതികശരീരത്തില്‍ അവന്‍ അനുരഞ്ജിപ്പിച്ചിരിക്കുന്നു (കോളോ. 1/22).
ദൈവപിതാവ് ആഗതനാകുമ്പോള്‍ ദൈവമക്കള്‍ അവിടുത്തെ മുഖാഭിമുഖം കാണുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു (1 യോഹ. 3/1-3, 1 കോറി. 13/12). മക്കള്‍ അവിടുത്തെപ്പോലെയാകുമെന്നും നമുക്ക് ഉറപ്പുനല്‍കിയിരിക്കുന്നു. എന്നാല്‍, ഒരുവശത്ത് അവിടുത്തെ സ്നേഹം അണപൊട്ടിയൊഴുകുമെങ്കില്‍, മറുവശത്ത്, പാപികളോട് അവിടുന്നു കര്‍ശനമായ നീതിപുലര്‍ത്തി അവരെ ശിക്ഷിക്കും.
ഇതാ, സര്‍വ്വശക്തനും ഭീതിദനുമായ ദൈവപിതാവ് ആഗതനാകുന്നു.
3. ശരീരരക്തങ്ങളുള്ള പരിപൂര്‍ണ്ണ വ്യക്തിയാണ് ദൈവപിതാവ്
Description: പരിശുദ്ധ ബൈബിളിലെ ഉല്‍പത്തി മുതല്‍ വെളിപാടുവരെയുള്ള പുസ്തകങ്ങളിലെ അനേകം ദൈവവചനങ്ങള്‍ ദൈവപിതാവിന് ശരീരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
Content: ശരീരവും രക്തവുമുള്ള പരിപൂര്‍ണ്ണ വ്യക്തിയാണ് ദൈവപിതാവ്. പരിശുദ്ധ ബൈബിളിലെ ഉല്‍പത്തിമുതല്‍ വെളിപാടുവരെയുള്ള പുസ്തകങ്ങളിലെ അനേകം ദൈവവചനങ്ങള്‍ ദൈവപിതാവിന് ശരീരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. ദൈവപിതാവ് അശരീരിയല്ല. അവിടുത്തെ ശരീരത്തില്‍ ഭാഗഭാഗിത്വം നല്‍കിയാണ് ദൈവം മക്കളെ സൃഷ്ടിച്ചത് (ഉല്‍പ. 1/26-28). എന്നാല്‍, പാപംചെയ്ത് ഈ ഭാഗഭാഗിത്വം മനുഷ്യന്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. ആദത്തിനും ആദത്തില്‍ നിക്ഷേപിച്ചിരുന്ന എല്ലാ മനുഷ്യര്‍ക്കും ദൈവത്തിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം ലഭിച്ചതുപോലെ, ദൈവവചനമായ യേശുക്രിസ്തുവിനും അവയില്‍ ഭാഗഭാഗിത്വം ലഭിച്ചു (ഹെബ്രാ. 2/14). യേശുക്രിസ്തുവിന് ഇതു ലഭിച്ചത് പരിശുദ്ധ അമ്മയില്‍നിന്നാണ്. ഈ ഭൂമിയോ അതിലെ ആദ്യത്തെ പൂഴിത്തരിയോ ലഭിക്കുന്നതിനുമുമ്പ് ദൈവപിതാവില്‍നിന്നും ജനിക്കുകയും ദൈവത്തിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തവളാണ് പരിശുദ്ധ ജ്ഞാനം (സുഭാ. 8/23-30, ജ്ഞാനം 8/3-4).
ഭക്ഷണത്തില്‍ (പഴത്തില്‍) നുണവചനം നിവേശിപ്പിച്ച് മനുഷ്യന് ദൈവത്തിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വം ഇല്ലാതാക്കുകയാണ് സാത്താന്‍ പറുദീസയില്‍ ചെയ്തത്. അതിനു പകരമായി ആത്മാവും ജീവനുമായ സത്യവചനം നിവേശിപ്പിച്ച അപ്പം നല്‍കി യേശുക്രിസ്തു കുര്‍ബ്ബാന സ്ഥാപിച്ചു. കുര്‍ബ്ബാന സ്ഥപിക്കപ്പെട്ടത് ദൈവപിതാവിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം ദൈവമക്കള്‍ക്കു നല്‍കാനായിരുന്നു. എന്നാല്‍ ഇത് ശക്തിയോടെ വരുന്ന ദൈവരാജ്യത്തില്‍ മാത്രമാണ് പൂര്‍ത്തിയാക്കപ്പെടുക. അതായത്, ദൈവപിതാവ് അവിടുത്തെ മലയിലൊരുക്കുന്ന വിരുന്നില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന കുര്‍ബ്ബാനയില്‍ ദൈവമക്കള്‍ ദൈവപിതാവിന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാഗിത്വം നേടും.
ദൈവജനത്തിലെ നീതിമാന്‍മാരും പ്രവാചകരും ദൈവത്തെ കാണാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവര്‍ കണ്ടില്ല. അവിടുത്തെ കാണുന്ന ആരും ജീവിനോടിരിക്കില്ലെന്ന് ദൈവം മുന്നറിയിപ്പുനല്‍കി. കാരണം, പാപം കുടികൊള്ളുന്ന, മരണത്തിനടിമയായ ശരീരവുമായി ദൈവത്തെക്കാണുക സാധ്യമല്ല. മോശയുടെ മുന്നിലൂടെ കടന്നുപോയ ദൈവം അവിടുത്തെ കരംകൊണ്ട് മോശയുടെ മുഖം മറച്ചു. എന്നാല്‍ തനിക്ക് ഇഷ്ടമുള്ളവരില്‍ അവിടുന്ന് പ്രസാദിക്കുമെന്ന് അവിടുന്ന് പ്രഖ്യാപിച്ചു. ദൈവമായ കര്‍ത്താവ് അവിടുത്തെ മക്കളെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ (ആമോ. 4/12) അവിടുന്ന് പ്രസാദിച്ച അവിടുത്തെ മക്കള്‍ - അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയുടെ അവകാശികളായ ദൈവത്തിന്‍റെ ആദ്യജാതര്‍ (1 പത്രോ. 1/5) - അവിടുത്തെ മുഖാഭിമുഖം കാണുമെന്ന് വിശ്വസ്തനായ അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു (1 യോഹ. 3/1-3).
© 2024. Church of Light Emperor Emmanuel Zion. All rights reserved.